ദൈവവും മനുഷ്യനും തമ്മിലുള്ള ഒളിച്ചുകളി

”എനിക്ക് സ്വതന്ത്രനാകണം” അയാള്‍ ഗുരുവിനോട് പറഞ്ഞു.

”നീ സ്വതന്ത്രനാണല്ലോ. ഇവിടെ ആരും നിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. സ്വാതന്ത്ര്യം സ്വയം അനുഭവിക്കേണ്ടതാണ്. അത് മറ്റാര്‍ക്കും നല്കുവാനാകില്ല” ഗുരു പറഞ്ഞു.

”അതല്ല. എനിക്ക് എല്ലാ കാര്യങ്ങളില്‍ നിന്നും മുക്തി ലഭിക്കേണ്ടതുണ്ട്. എന്റെ മനസ്സ് അസ്വസ്ഥമാണ്. കുടുംബവും, രാഷ്ട്രീയവും, മതവും, ആത്മീയതയും എല്ലാം എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇവയില്‍ നിന്നൊക്കെ സ്വതന്ത്രനാകേണ്ടതുണ്ട്. ദൈവം പോലും എന്റെ സ്വാതന്ത്ര്യത്തെ തടുക്കുന്നു.”

”ദൈവം എങ്ങിനെയാണ് നിന്റെ സ്വസ്ഥതയെ നശിപ്പിക്കുന്നത്. നിന്റെ ചിന്തകളില്‍ എവിടെയോ അപഭ്രംശം സംഭവിച്ചു എന്ന് എനിക്കു തോന്നുന്നു.”

”ദൈവം ഉണ്ട് എന്ന വിശ്വാസത്തിലാണ് ഞാനിപ്പോള്‍ ദൈവത്തെ തേടുന്നത്. അങ്ങും ദൈവത്തെ കണ്ടിട്ടില്ല. ദൈവം ഇല്ല എന്ന വിശ്വാസത്തില്‍ ദൈവത്തെ തേടിയാല്‍ അത് ശരിയാകുമോ? കാണാതെ തന്നെ ദൈവം ഉണ്ട് എന്ന് ഞാനും അങ്ങും വിശ്വസിക്കുകയും എന്നാല്‍ അതില്‍ അവിശ്വസിച്ചു കൊണ്ടുതന്നെ ദൈവത്തെ തേടുകയും ചെയ്യുന്നു. ഇത് ഒരു അസ്വസ്ഥതയാണ്. കാണാത്ത ഒന്നില്‍ വിശ്വസിക്കുകയും അതിനെ തേടി നടക്കുകയും ചെയ്യുക. വല്ലാത്തൊരു പ്രതിസന്ധി തന്നെയാണ് ഇത് എന്നെനിക്കു തോന്നുന്നു.”

”ഇല്ലാത്ത ഒന്നിനെ തേടി നമുക്ക് നടക്കുവാന്‍ സാധിക്കുകയില്ലല്ലോ? അപ്പോള്‍ ദൈവം ഉണ്ട് എന്ന വിശ്വാസത്തില്‍ തന്നെ തേടുകയല്ലേ നല്ലത്. ഇല്ല എന്ന് നിശ്ചയിച്ചാല്‍ പിന്നെ തേടേണ്ട ആവശ്യം വരികയില്ലല്ലോ? ‘

‘ശരിയാണ്. പക്ഷേ അത് നമ്മില്‍ സൃഷ്ട്ടിക്കുന്ന അസ്വസ്ഥതയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുമ്പോള്‍ ഞാന്‍ ഒരു കെണിയില്‍ വീഴുന്നു. ഓരോ നിമിഷത്തിലും വീണ കെണി ശരിയാണ് എന്ന് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഞാന്‍. അത് മനസ്സില്‍ സംഘര്‍ഷം നിറക്കുന്നു. അപ്പോള്‍ ദൈവത്തെ തേടിയുള്ള ഈ യാത്രയും അസ്വസ്ഥഭരിതമാകുന്നു.”

”അതിനാണ് നാം ഈ പിന്തുടരുന്ന ചിട്ടകള്‍. അത് മനസ്സിലേക്ക് സമാധാനം കൊണ്ടുവരും. സ്വസ്ഥതയാര്‍ന്ന മനസ്സ് തെളിമയാര്‍ന്ന ജലം പോലെയാണ്. ദൈവത്തെ കണ്ടെത്തണമെങ്കില്‍ മനസ്സ് നിര്‍മ്മലമാകണം, ചുഴികളില്ലാത്ത നദിപോലെ ശാന്തമാകണം. അപ്പോള്‍ ദൈവത്തെ നമുക്ക് കണ്ടെത്താന്‍ കഴിയും.”

”ജലത്തിന് നടുവില്‍ കിടന്ന് ജലത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നത് പോലെയല്ലേ ദൈവം ഉണ്ട് എന്ന വിശ്വാസത്തിന് നടുവില്‍ കിടന്ന് ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഒന്നിനുള്ളില്‍ കുടുങ്ങിയിരിക്കുമ്പോള്‍ നമുക്കെങ്ങിനെ അതിനെ കണ്ടെത്താന്‍ കഴിയും. പുറത്തു നിന്നും നോക്കുമ്പോഴല്ലേ അതിനെ കണ്ടെത്താന്‍ കൂടുതല്‍ എളുപ്പം.”

”ഗൗതമ ബുദ്ധന്‍ ബോധോദയം പ്രാപിച്ചത് ഈ കെട്ടുപാടുകളില്‍ നിന്ന് മോചിതനായി നിന്നുകൊണ്ടും കഠിനമായ ചിട്ടകള്‍ അനുഷ്ട്ടിച്ചു കൊണ്ടുമാണ്. ദൈവത്തെ കണ്ടെത്തുക എളുപ്പമുള്ള ജോലിയല്ല.”

”ബുദ്ധന്‍ ദൈവത്തെ കണ്ടെത്തിയോ? സ്വയം ബോധോദയം പ്രാപിക്കലും ദൈവത്തെ കണ്ടെത്തുകയും ഒന്നായി എനിക്ക് തോന്നുന്നില്ല. ബുദ്ധന്‍ ദൈവത്തെയാണ് തേടി നടന്നിരുന്നതെങ്കില്‍ അദ്ദേഹത്തിന് ഒരിക്കലും ബോധോദയം ഉണ്ടാകുമായിരുന്നില്ല. ദൈവത്തെ തേടി നടക്കുന്ന മനസ്സ് എന്നും അസ്വസ്ഥമായിരിക്കും. കളഞ്ഞുപോയ എന്തോ തേടി നടക്കുന്ന കുട്ടിയുടെ മനസ്സു പോലെയാകും അത്. അന്വേഷകന്‍ ഭക്തനാകേണ്ട ആവശ്യമുണ്ടോ? ഭക്തനാകുന്നതോടെ അന്വേഷണം അവസാനിക്കുകയല്ലേ ചെയ്യുന്നത്. ദൈവം ഉണ്ട് എന്ന് വിശ്വസിച്ച് ഭക്തനാകുകയും ദൈവത്തെ അന്വേഷിച്ച് നടക്കുകയും ചെയ്യുക. ഈ പ്രപഞ്ചത്തില്‍ മനുഷ്യന് മാത്രം സാദ്ധ്യമാകുന്ന ഒരു വിഡ്ഢിത്തം.”

ഗുരു ചിന്താമഗ്‌നനായി.

അയാള്‍ തുടര്‍ന്നു ”പകലുണ്ട് എന്ന് വിശ്വസിച്ച് പകലിനെ തേടി നടക്കേണ്ട ആവശ്യമുണ്ടോ? ദൈവം ഉണ്ട് എന്ന് വിശ്വസിച്ചാല്‍ പിന്നെ അന്വേഷണം അവിടെ അവസാനിക്കേണ്ടതല്ലേ? വിശ്വാസമാണ് ആത്മീയതയുടെ പരമകാഷ്ഠ. വിശ്വാസം ലഭിച്ചാല്‍ അവിടെ ആത്മീയത അവസാനിക്കുകയും മനസ്സ് അനന്തമായ ശാന്തതയിലേക്ക് പിന്‍വാങ്ങുകയും വേണം. പക്ഷെ ഇവിടെ ആത്മീയത അന്വേഷണമാകുന്നു. ദൈവത്തെ തേടിയുള്ള ഒരന്വേഷണം. ദൈവത്തില്‍ മുഴുകിയുള്ള ജീവിതം എന്ന് നാം പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ദൈവത്തെത്തേടി നാം നടക്കുകയാണ്. ഒന്നില്‍ വിശ്വസിക്കുകയും എന്നാല്‍ അതിനെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക. അവിശ്വസിച്ചാല്‍ മാത്രമല്ലേ കണ്ടെത്തേണ്ടതുള്ളു? വിശ്വസിക്കുന്ന ഒന്നിനെ എന്തിന് കണ്ടെത്തണം.”

ഗുരുവിന്റെ മനസ്സ് അസ്വസ്ഥമായിത്തുടങ്ങി.

”ഈ പ്രപഞ്ചം സൃഷ്ട്ടിച്ചവനെ നമ്മുടെ ചട്ടക്കൂടുകളില്‍ നാം ഒതുക്കിയിരിക്കുന്നു. നമ്മുടെ അല്പ്പമായ ചിന്തകളുടെ ഭാവനാവിലാസങ്ങളിലെ ഒരു തടവുകാരന്‍ മാത്രമാണ് ദൈവം. ദൈവത്തെ പങ്കുവെച്ച് നാം ഭൂമിയില്‍ അതിര്‍ത്തികള്‍ വരക്കുന്നു. ദൈവവും മനുഷ്യനുമായുള്ള ഈ ഒളിച്ചുകളി തുടരും വരെ നാം അസ്വസ്ഥരായിരിക്കും.”

ഗുരുവിനെ വണങ്ങി, തന്നെ പൊതിഞ്ഞിരുന്ന വസ്ത്രം അഴിച്ചുമാറ്റി നഗ്‌നനായി അയാള്‍ ആശ്രമ കവാടം കടന്ന് വിശാലമായ ലോകത്തിലേക്കിറങ്ങി.

 

 

Leave a comment