മൂലധനം കണ്ടെത്തുവാനുള്ള വഴികളും തയ്യാറെടുപ്പുകളും

”സര്‍, ആശയങ്ങള്‍ക്ക് ദാരിദ്ര്യമില്ല. പക്ഷെ നിക്ഷേപകരെ ലഭിക്കുന്നില്ല. എങ്ങനെയാണ് നിക്ഷേപകരെ നമ്മുടെ ബിസിനസിലേക്ക് ആകര്‍ഷിക്കുക.” ചോദ്യം റസീനയുടേതാണ്.

റസീനയും സുഹൃത്തുക്കളും കൂടി എന്നെ കാണുവാന്‍ എത്തിയതാണ്. ആശയവുമായി മൂലധനം തേടി അലയുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി. പലയിടത്തും ആശയം അവതരിപ്പിച്ചു. ധാരാളം നിക്ഷേപകരെ നേരിട്ടു കണ്ടു. ഒന്നും ഫലവത്താകുന്നില്ല. ഇനിയെന്താണ് വഴി?

”നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍ നിക്ഷേപകര്‍ ബിസിനസില്‍ പണം മുടക്കുവാന്‍ മുന്നോട്ടു വരും എന്നാണ് ഞങ്ങള്‍ കേട്ടിട്ടുള്ളത്. എത്രയോ സ്റ്റാര്‍ട്ട് അപ്പുകളില്‍ അവര്‍ പണം നിക്ഷേപിക്കുന്നു. ഞങ്ങളുടെ ആശയങ്ങള്‍ ഇഷ്ട്ടപ്പെട്ടവര്‍ പോലും പക്ഷേ പണം നിക്ഷേപിക്കുവാന്‍ തയ്യാറാകുന്നില്ല. എവിടെയോ എന്തോ കുഴപ്പമുണ്ട്. ഒന്നുകില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്തോ പിശകുണ്ട് അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ കൃത്യമായി സംവേദിക്കുവാന്‍ സാധിക്കുന്നില്ല. കാരണം വ്യക്തമായി മനസിലാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.” റസീനയുടെ സുഹൃത്ത് ഹരി പറഞ്ഞു.

”നിക്ഷേപകരെ സമീപിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്.” ഞാന്‍ ചോദിച്ചു.

അവര്‍ വിശദമായി തന്നെ അവരുടെ ആശയത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും എനിക്ക് പറഞ്ഞു തന്നു. വളരെ മനോഹരമായി തന്നെ അവര്‍ അത് അവതരിപ്പിച്ചുഎന്ന് പറയേണ്ടതുണ്ട്. തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്തെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം അതെങ്ങനെ ചെയ്യണമെന്നും അവര്‍ക്ക് അറിവുണ്ട്. അവര്‍ എല്ലാവരും ഐ ടി വിദഗ്ദ്ധരായതിനാല്‍ സാങ്കേതികമായി അവരുടെ അറിവിനെയോ അനുഭവ പരിജ്ഞാനത്തേയോ സംശയിക്കേണ്ടതില്ല. കൂടുതലും സാങ്കേതികതയില്‍ ഊന്നി തന്നെയായിരുന്നു അവരുടെ അവതരണവും.

”ആശയം നല്ലതാണ്. നിങ്ങള്‍ അവതരിപ്പിച്ച രീതിയും ശരിതന്നെയാണ്. ആശയത്തെ മനസിലാക്കുവാനും ഇഷ്ട്ടപ്പെടുവാനും അത് ധാരാളമാണ്. എന്നാല്‍ ഒരു നിക്ഷേപകനെ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിന് മറ്റ് പല ഘടകങ്ങളും അത്യാവശ്യമാണ്. അതുകൂടി നാം ഇതിലേക്ക് ചേര്‍ത്താല്‍ നിക്ഷേപകര്‍ കൂടുതല്‍ തല്പ്പരരും നിക്ഷേപിക്കുവാന്‍ സന്നദ്ധരും ആകും.” ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തി.

”അതെന്തൊക്കെയാണ്? ഞങ്ങള്‍ക്ക് അതാണ് അറിയേണ്ടത്.” റസീന ചോദിച്ചു.

”തീര്‍ച്ചയായും. വിവിധതരം നിക്ഷേപകരേയും അവര്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്നും അറിഞ്ഞാലേ അവതരണവും മൂലധനവേട്ടയും നിങ്ങളെ ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നമുക്കാ വിഷയത്തിലേക്ക് ഒരു യാത്ര പോകാം.” ഞാന്‍ പറഞ്ഞു.

എന്റെ ആശയം. വേണമെങ്കില്‍ നിക്ഷേപിക്കൂ.

നിക്ഷേപകനോട് സംരംഭകന്റെ പലപ്പോഴുമുള്ള മനോഭാവമാണ് മുകളില്‍ പറഞ്ഞത്. എന്റെ കയ്യില്‍ ആശയമുണ്ട് താങ്കളുടെ കയ്യില്‍ പണവും. ഇത് രണ്ടും കൂടി ചേര്‍ന്നാല്‍ നമുക്ക് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം. പിന്നെയെന്തിന് മടിക്കണം താങ്കള്‍ പണം നിക്ഷേപിക്കൂ.

ഒരു ശരാശരി തുടക്ക മലയാളി സംരംഭകന്റെ ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്. നിക്ഷേപകനെ സമീപിക്കുന്നതും വികടമായ ഈ ചിന്തകള്‍ തലയില്‍ ചുമന്നു കൊണ്ടാണ്. തന്റെ ആശയത്തിനാണ് പ്രാധാന്യം. നിക്ഷേപകന്‍ അത് സ്വീകരിച്ചേ തീരൂ. ഇത്തരമൊരു മനോഭാവവും മറ്റു തയ്യാറെടുപ്പുകളുടെ ആവശ്യമില്ല എന്ന വികലമായ ധാരണയും നിക്ഷേപകരില്‍ സംരംഭത്തിന് അനുകൂലമായ മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ തടസ്സമാകുന്നു.

നിക്ഷേപകരോടുള്ള പരിപൂര്‍ണ്ണമായ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ആശയവുമായി അവരുടെ മുന്നില്‍ എത്താവൂ. എന്റെ ആശയം വേണമെങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കൂ എന്ന മനോഭാവം നിക്ഷേപകനെ ആട്ടിയോടിക്കുന്നതിന് തുല്യമാണ്.  

നിങ്ങള്‍ നിക്ഷേപിക്കുന്നുണ്ടോ?

എന്റെ ആശയവും താങ്കളുടെ പണവും നമ്മുടെ ബിസിനസും. ഇത് കാലഹരണപ്പെട്ട സിദ്ധാന്തമായി മാറിക്കഴിഞ്ഞു. ഉടമസ്ഥ മൂലധനം ബിസിനസിന് ആവശ്യമാണ് എന്ന ചിന്താഗതിയിലേക്ക് ബാഹ്യനിക്ഷേപകര്‍ മാറിക്കഴിഞ്ഞു. ആശയം മാത്രം പോരാ കയ്യില്‍ ആദ്യ നിക്ഷേപത്തിനായുള്ള മൂലധനം കൂടി വേണം എന്ന് സാരം. ഉടമസ്ഥ മൂലധനം നിക്ഷേപിക്കപ്പെട്ട കമ്പനികളില്‍ ബാഹ്യനിക്ഷേപകര്‍ കൂടുതല്‍ താല്പ്പര്യപ്പെടുന്നു.

ഉടമസ്ഥ മൂലധനത്തിന്റെ സാന്നിദ്ധ്യം ഉടമസ്ഥരെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കിത്തീര്‍ക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ യുക്തി. മറ്റുള്ളവരുടെ പണം മാത്രം മുടക്കി ബിസിനസ് ചെയ്യുമ്പോള്‍ കാണിക്കുന്നതിനേക്കാള്‍ പ്രതിബദ്ധതയും ഉത്സാഹവും ഉടമസ്ഥ മൂലധനം കൂടി ഉണ്ടാകുമ്പോള്‍ കാണിക്കുന്നു. ഇവിടെ നിക്ഷേപകന്റെ പണം കൂടുതല്‍ സുരക്ഷിതമാകുന്നു. ഉടമസ്ഥരുടെ ഭാഗത്തു നിന്നുള്ള മാതൃകാപരമായ പ്രവര്‍ത്തിയായി ഇതിനെ മറ്റ് നിക്ഷേപകര്‍ കാണുന്നു.

സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുമ്പോള്‍ ആദ്യം തങ്ങളുടെ മൂലധന നിക്ഷേപം ഉടമസ്ഥര്‍ ഉറപ്പു വരുത്തണം. നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ആദ്യ പടി അതാണ്. തുടക്കത്തില്‍ ഒരു വര്‍ഷമെങ്കിലും ബിസിനസിനെ മുന്നോട്ട് കൊണ്ടു പോകുവാനുള്ള മൂലധനമെങ്കിലും ആദ്യം കണ്ടെത്തണം. നിക്ഷേപകരെ കണ്ടെത്തി നിക്ഷേപം ബിസിനസിലേക്ക് എത്തുവാനുള്ള സമയം അത് നടത്തിക്കൊണ്ട് പോകുവാനുള്ള പ്രവര്‍ത്തന മൂലധനമാണിത്. ഉടമസ്ഥ മൂലധനം നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മധൈര്യം നല്കുന്നു.

കയ്യിലുള്ള മുഴുവന്‍ പണവും നിക്ഷേപിക്കരുത്

ഉടമസ്ഥര്‍ ആദ്യമേ തന്നെ കയ്യിലുള്ള മുഴുവന്‍ പണവും സംരംഭത്തിലേക്ക് നിക്ഷേപിക്കുന്നത് ആത്മഹത്യാപരമായ പ്രവര്‍ത്തിയാണ്. ഉള്ളതെല്ലാം പെറുക്കിക്കൂട്ടി അത് മുഴുവന്‍ സംരംഭത്തിലേക്ക് ഒരിക്കലും ഇടരുത്. തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രമേ ഇങ്ങിനെ നിക്ഷേപിക്കുവാന്‍ പാടുള്ളൂ. സമ്പാദ്യം മുഴുവന്‍ നിക്ഷേപിക്കുന്നതിന് രണ്ട് ദോഷഫലങ്ങളുണ്ട്. ഒന്നാമതായി ബിസിനസ് നഷ്ട്ടത്തിലേക്ക് പോകുകയാണെങ്കില്‍ ഉടമസ്ഥര്‍ പൂര്‍ണ്ണമായും ഒന്നുമില്ലാത്തവരായി മാറുവാന്‍ സാദ്ധ്യതയുണ്ട്. രണ്ടാമതായി സ്വകാര്യ നിക്ഷേപം തേടുമ്പോള്‍ അവരുമായുള്ള കൂടിയാലോചനകളില്‍ ഉടമസ്ഥരുടെ മുന്‍തൂക്കം നഷ്ട്ടപ്പെടും. കയ്യില്‍ ഒന്നുമില്ലാത്തവരായി നിക്ഷേപകരെ തേടുമ്പോള്‍ അവര്‍ പറയുന്ന എല്ലാ നിബന്ധനകളും അംഗീകരിച്ചു കൊടുക്കുവാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാകേണ്ടി വരും.

ഒറ്റയ്ക്കാണോ? അതോ കൂട്ടായിട്ടോ?

ആശയം ഒരാളുടേതാവാം. അയാള്‍ മാത്രമായിട്ടാവും ബിസിനസ് ആരംഭിക്കുന്നതും. ബിസിനസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. ഒറ്റയ്ക്ക് നിക്ഷേപിക്കുവാനുള്ള മൂലധനത്തിനും പരിമിതികളുണ്ടാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ തനിക്കൊപ്പം കൂട്ടാളികളെ കൂട്ടുന്നത് നല്ലൊരു തന്ത്രമാണ്. ആദ്യഘട്ടത്തില്‍ ഒറ്റയ്ക്ക് ആരംഭിച്ച ബിസിനസിലേക്ക് മറ്റുള്ളവരെ കൂടി കൊണ്ടുവന്ന് അടുത്തഘട്ടം ആരംഭിക്കാം.

നിങ്ങളുടെ ടീമിന്റെ ശക്തി

ആശയത്തിന്റെ ശക്തിയും പ്രായോഗികതയും പോലെ തന്നെ നിക്ഷേപകര്‍ വിലയിരുത്തുന്ന അതിപ്രധാനമായ മാറ്റൊരു ഘടകം ആരാണ് ബിസിനസിനെ നയിക്കുന്നവര്‍ എന്നതാണ്.  ആശയത്തെ പ്രായോഗികതയിലേക്ക് കൊണ്ടുവന്ന് അതിനെ വളര്‍ച്ചയിലേക്ക് നയിക്കുവാന്‍ നിപുണരായവര്‍ ആണോ ഉടമസ്ഥര്‍ എന്ന് നിക്ഷേപകര്‍ വിലയിരുത്തും.

ശക്തമായ ആശയവും ദുര്‍ബലമായ ടീമും ബിസിനസിനെ ആകര്‍ഷകമാക്കുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ തന്റെ പണത്തിന്റെ സുരക്ഷിതത്വവും ബിസിനസിന്റെ വളര്‍ച്ചയും നിക്ഷേപകന്‍ സംശയിക്കുന്നു. നിപുണതയും പ്രായോഗിക പരിജ്ഞാനവും ഉള്ള ഒരു ടീം നിക്ഷേപകനില്‍ ആത്മവിശ്വാസം നിറക്കുന്നു. തന്റെ ആശയം അവതരിപ്പിക്കുന്ന അതേ ആത്മവിശ്വാസത്തോടെ തന്റെ ടീമിനേയും അവതരിപ്പിക്കുവാന്‍ സംരംഭകന് സാധിക്കണം.

ആരായിരിക്കും നിക്ഷേപകര്‍?

ബിസിനസിന്റെ വിവിധഘട്ടങ്ങളില്‍ നിക്ഷേപം നടത്തുന്നവരെക്കുറിച്ചുള്ള വ്യക്തമായ അറിവ് ഉണ്ടാകുന്നത് എങ്ങിനെ അവരെ സമീപിക്കും? അതിന് മുന്‍പ് എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തണം? എന്നീ കാര്യങ്ങളെക്കുറിച്ച് മനസിലാക്കുവാന്‍ സംരംഭകനെ സഹായിക്കുന്നു. 

എയ്ഞ്ചല്‍ നിക്ഷേപകര്‍

സംരംഭത്തിന്റെ തുടക്കത്തില്‍ നമ്മെ സഹായിക്കാനെത്തുക സ്വകാര്യ നിക്ഷേപകരായിരിക്കും. സംരംഭത്തിന്റെ വളരെ നിര്‍ണ്ണായകമായ ആദ്യ ഘട്ടങ്ങളില്‍ സ്വകാര്യ നിക്ഷേപം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഇത്തരം സ്വകാര്യ നിക്ഷേപകരെയാണ് നാം എയ്ഞ്ചല്‍ നിക്ഷേപകര്‍ എന്ന് വിളിക്കുന്നത്.

ഉടമസ്ഥ മൂലധനത്തിനൊപ്പം സ്വകാര്യ മൂലധനം കൂടിച്ചേരുമ്പോള്‍ സംരംഭത്തിന് തുടക്കത്തില്‍ ആവശ്യമായ മൂലധനം സ്വരൂപിക്കപ്പെടുന്നു. എയ്ഞ്ചല്‍ നിക്ഷേപകര്‍ ഒരിക്കലും ഒരു അതിദീര്‍ഘമായ കാലയളവില്‍ ബിസിനസില്‍ നില്ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഉടനേ ലഭിക്കുന്ന ലാഭത്തെക്കാള്‍ അവര്‍ കണക്കിലെടുക്കുന്നത് പത്തോ അതിലധികമോ ഇരട്ടിയായി അവരുടെ നിക്ഷേപത്തിന്റെ വളര്‍ച്ചയാണ്. അടുത്ത ഘട്ടത്തിലേക്കുള്ള നിക്ഷേപം വരുന്നതോടെ അവര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റ് ബിസിനസില്‍ നിന്നും ഒഴിയുന്നു. 

എയ്ഞ്ചല്‍ നിക്ഷേപകര്‍ കേവലം മൂലധനം മാത്രമല്ല നിക്ഷേപിക്കുന്നത്. അവരുടെ അനുഭവസമ്പത്തും ബന്ധങ്ങളും വലിയൊരു ശക്തിയാണ് ബിസിനസിന് നല്‍കുന്നത്.

• അവര്‍ ആശയത്തെ വിലയിരുത്തുകയും അതിനെ പരിഷ്‌കരിക്കുവാനും പരിപോഷിപ്പിക്കുവാനും സഹായിക്കുകയും ചെയ്യുന്നു.

• ബിസിനസിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

• വിശാലമായ അവരുടെ ബന്ധങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുന്നു.

• അവരുടെ അനുഭവങ്ങളുടെ ശക്തി ബിസിനസിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

എയ്ഞ്ചല്‍ നിക്ഷേപം ബിസിനസിലേക്ക് വരുന്നത് ഓഹരികളായിട്ടോ അല്ലെങ്കില്‍ പിന്നീട് ഓഹരികളാക്കി മാറ്റുവാന്‍ സാധിക്കുന്ന കടമായിട്ടോ ആയിരിക്കും.

ക്രൌഡ് ഫണ്ടിംഗ്

ചെറിയ തുകകളായി ധാരാളം വ്യക്തികളില്‍ നിന്നും മൂലധനം ശേഖരിക്കുന്ന പ്രക്രിയയെ ക്രൌഡ് ഫണ്ടിംഗ് എന്നു വിളിക്കാം. സാധാരണയായി ഇന്റര്‍നെറ്റ് പോലുള്ള മാധ്യമങ്ങളെയാണ് ഇതിന് ഉപയോഗിക്കുന്നത്. നിങ്ങള്‍ നല്‍കുന്ന ആശയത്തില്‍ ആകൃഷ്ട്ടരാകുന്നവര്‍ ചെറിയ തുകകള്‍ നിക്ഷേപിക്കുന്നു. ധാരാളം ആളുകള്‍ ഇങ്ങിനെ നിക്ഷേപിക്കുമ്പോള്‍ വലിയൊരു തുക ശേഖരിക്കുവാന്‍ സാധിക്കുന്നു. ലാഭവിഹിതം ലഭിക്കും എന്നതാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകം. തുടക്കത്തില്‍ മൂലധനം കണ്ടെത്തുവാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കാം. ഓരോ മൂലധനത്തിലും പ്രത്വേകമായി അന്തര്‍ലീനമായിട്ടുള്ള റിസ്‌കുകള്‍ ഇതിനും ഉണ്ട്.

വെഞ്ചര്‍ കാപിറ്റല്‍/പ്രൈവറ്റ് ഇക്വറ്റി

സംരംഭം വളര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ വീണ്ടും മൂലധനം ആവശ്യമായി വരുന്നു. ആദ്യ ഘട്ടങ്ങളില്‍ ആവശ്യമായത് പോലെ ചെറിയൊരു മൂലധനം പോരാ വളര്‍ച്ചയിലേക്ക് കുതിക്കുമ്പോള്‍ . ആ അവസരത്തില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് സംരംഭത്തെ പിന്താങ്ങുവാന്‍ കഴിയണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെഞ്ചര്‍ കാപിറ്റല്‍/പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളാകും നിക്ഷേപം നടത്തുക.

സ്വകാര്യ നിക്ഷേപകരുടെ പണം സ്വരൂപിച്ച് അത് സംരംഭങ്ങളില്‍ നിക്ഷേപിക്കുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങളാണ് ഇത്തരത്തിലേത്. ഇവരുടെ രീതികള്‍  എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. ഇത്തരം സംരംഭകത്വ നിക്ഷേപത്തിനായി തയ്യാറെടുക്കുമ്പോള്‍ പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായം വളരെ ആവശ്യമാണ്. 

ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും മൂലധന സമാഹരണത്തിനായി ഓഹരികള്‍ പൊതു വിപണിയില്‍ വിറ്റഴിക്കുകയും ചെയ്യാം. സംരംഭം വളരുകയും മുന്നോട്ടുള്ള വളര്‍ച്ചക്കായി കൂടുതല്‍ മൂലധനം ആവശ്യമായി വരികയും ചെയ്യുമ്പോള്‍ ഈ മാര്‍ഗ്ഗം അവലംബിക്കാം. ഈ സന്ദര്‍ഭത്തില്‍ നേരത്തെയുള്ള മറ്റ് നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ കൂടി വിറ്റൊഴിഞ്ഞു ലാഭം എടുക്കുകയും ചെയ്യാറുണ്ട്.
മൂലധന സമാഹരണം

• എന്തുമാത്രം മൂലധനത്തിന്റെ ആവശ്യകതയുണ്ട് എന്ന് തിട്ടപ്പെടുത്തുക. സ്ഥിര മൂലധനം , പ്രവര്‍ത്തന മൂലധനം എന്നിവ എത്ര ആവശ്യമുണ്ടെന്ന് പ്രത്വേകം കണക്കു കൂട്ടണം.
• എത്ര ഘട്ടങ്ങളിലായാണ് ഈ മൂലധനം സമാഹരിക്കേണ്ടത് എന്ന് നിശ്ചയിക്കുക. 
• മൂലധന സമാഹരണത്തിനായി ആറു മാസത്തെ ചെലവിലധികം പണം ചിലവഴിക്കരുത്.
• ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ ആവശ്യത്തിനുള്ള പണമെങ്കിലും മൂലധന സമാഹരണത്തിലൂടെ ശേഖരിക്കണം.
• മൂലധന സമാഹരണം സമയമെടുത്തുള്ള ഒരു പ്രക്രിയയാണ്. ധാരാളം തയ്യാറെടുപ്പുകള്‍ അതിനായി ആവശ്യമുണ്ട്. ഓരോ ഘട്ടത്തിലും ആറുമാസത്തിലധികം മൂലധന സമാഹരണത്തിനായി നീക്കിവെക്കുക.• പന്ത്രണ്ട് മാസത്തിലേക്കുള്ള മൂലധനമെങ്കിലും കൈയിലുള്ളപ്പോള്‍ തന്നെ അടുത്ത ഘട്ട സമാഹരണത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങി വെക്കുക.
• ആവശ്യത്തില്‍ കൂടുതല്‍ മൂലധന സമാഹരണം നടത്തുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കാം. കൂടുതല്‍ മൂലധനം കൈയ്യിലുള്ളപ്പോള്‍ കൂടുതല്‍ ചിലവഴിച്ചു തുടങ്ങും. ”കുറച്ചു വിഭവങ്ങള്‍ കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക” എന്നതാവണം ആപ്തവാക്യം.

നല്ലൊരു ആശയവും വായിലെ നാക്കും

നല്ലൊരു ആശയവും വായിലെ നാക്കും മാത്രം മതി മൂലധന സമാഹരണത്തിന് എന്നത് ഏറ്റവും വലിയൊരു തെറ്റിദ്ധാരണയാണ്. മൂലധന സമാഹരണത്തിനുള്ള തയ്യാറെടുപ്പുകള്‍ തന്നെ മുന്‍കൂട്ടി പണം ആവശ്യമുള്ള ഒന്നാണ്. ഇതിനായുള്ള മൂലധനം ഉടമസ്ഥര്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. വിവിധ പ്രൊഫഷണല്‍ ഏജന്‍സികളുടെ സഹായം ഇതിനായി ആവശ്യം വരാം. നിക്ഷേപകര്‍ക്ക് ആകര്‍ഷണം തോന്നുന്ന രീതിയില്‍ സംരംഭത്തെ അണിയിച്ചൊരുക്കേണ്ടതുണ്ട്. ഇതിനെ ലാഘവത്തോടെ കാണുന്നതാണ് പലപ്പോഴും പരാജയത്തിന്റെ പ്രധാന കാരണം.

സംരംഭം തുടങ്ങും മുന്‍പേ അടുത്ത അഞ്ച് വര്‍ഷത്തെക്കുറിച്ചുള്ള ഒരു ഏകദേശ ധാരണയെങ്കിലും സംരംഭകനുണ്ടായിരിക്കണം. ഏതൊക്കെ ഘട്ടങ്ങളില്‍ എത്രയൊക്കെ മൂലധനം വേണ്ടി വരും എന്ന കണക്കുകൂട്ടല്‍ നേരത്തെ തയ്യാറെടുക്കുവാന്‍ സംരംഭകനെ സഹായിക്കും. കയ്യിലുള്ള പണം തീരുന്ന സന്ദര്‍ഭത്തില്‍ മാത്രം നിക്ഷേപകരെ തേടി പുറപ്പെടുമ്പോള്‍ അത് അത്ര എളുപ്പം സാദ്ധ്യമാകുന്ന ഒന്നല്ല എന്ന പ്രായോഗിക ജ്ഞാനം സംരംഭകനുണ്ടാകണം.

നിക്ഷേപകരെ അന്വേഷിച്ചു തുടങ്ങും മുന്‍പേ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ”ഞങ്ങള്‍ ഇതിനായി തയ്യാറെടുത്തു കഴിഞ്ഞോ? ഇല്ലെങ്കില്‍ ലക്ഷ്യം കാണാതെ ഉഴറേണ്ടി വരും, റസീനയേയും കൂട്ടുകാരേയും പോലെ.

 

 

Leave a comment