മരത്തണല്‍ തേടുന്ന പുസ്തകങ്ങള്‍

”മാഷേ” പ്യൂണ്‍ വാതിലിന് പുറത്തു നിന്ന് നീട്ടി വിളിച്ചു. ഗോകുലന്‍ മാഷ് ബോര്‍ഡില്‍ എഴുതുകയായിരുന്നു. എഴുത്ത് നിര്‍ത്തി മാഷ് ക്ലാസിന് വെളിയിലേക്ക് പോയി. ക്ലാസ്സ് കലപില കൂട്ടമായി.

തിരികെ വന്ന മാഷിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുഖമാകെ ചുവന്നിരുന്നു. മാഷിനെ നോക്കി കുട്ടികള്‍ നിശബ്ദരായി ഇരുന്നു. ഇപ്പോള്‍ കരയും എന്ന മട്ടില്‍ മാഷ് ഞങ്ങള്‍ കുട്ടികളോട് പറഞ്ഞു ”പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു. നിങ്ങള്‍ ഒച്ചവെക്കാതെ ഇരിക്കുക. ഞാന്‍ പുറത്തുണ്ടാകും.”

ക്ലാസിന് പുറത്തെ നീണ്ട വരാന്തയില്‍ മാഷ് അസ്വസ്ഥനായി ഉലാത്തി. മാഷിന്റെ ദുഃഖം തിരിച്ചറിയാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് സാധിച്ചില്ല. അല്ലെങ്കില്‍ തന്നെ മുതിര്‍ന്നവരെ വേവലാതിപ്പെടുത്തുന്ന പലതും കുട്ടികളെ ബാധിക്കാറില്ലല്ലോ. അഞ്ചു നിമിഷം മാഷിന്റെ വാക്കുകള്‍ ഓര്‍ത്തു. വീണ്ടും ക്ലാസ്സ് ശബ്ദത്താല്‍ മുഖരിതമായി.

എല്ലാ ക്ലാസുകളിലേയും അവസ്ഥ ഇതു തന്നെ. മാഷുമ്മാരൊക്കെ പുറത്തുണ്ട്. അവര്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ട്. ആകപ്പാടെ മ്ലാനമായ അന്തരീക്ഷം. ഇതിനിടയില്‍ ഞാന്‍ പതിയെ ഗോകുലന്‍ മാഷിന്റെ അരികിലെത്തി. ”മാഷേ, ഇന്ദിരാഗാന്ധി മരിച്ചാല്‍ നാളെ ക്ലാസ്സ് ഉണ്ടാകില്ലല്ലോ. അല്ലേ?”

മാഷ് എന്നെ അതിരൂക്ഷമായി നോക്കി. മാഷ് വളരെ സാധുവാണ്. അങ്ങനെ ഒരു ഭാവമാറ്റം ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. മാഷ് കറകളഞ്ഞ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു. ഇത് എനിക്കറിയില്ലായിരുന്നു. തന്റെ പ്രിയ നേതാവ് വെടിയേറ്റ് മരണവുമായി മല്ലിടുമ്പോളുള്ള മാഷിന്റെ മാനസികാവസ്ഥ തിരിച്ചറിയുവാനുള്ള പ്രായം എനിക്കായിരുന്നില്ല. മാഷ് എല്ലാം ഒരു നോട്ടത്തിലൊതുക്കി.

മാഷ് എന്തിനോടും അങ്ങനെയായിരുന്നു. ആത്മാര്‍ത്ഥതയുടെ പ്രതിരൂപം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. കണക്കായിരുന്നു മാഷിന്റെ വിഷയം. എന്റെ ജിവിതത്തില്‍ ഇതു പോലെ വെടിപ്പായി കണക്കു പഠിപ്പിക്കുന്ന ഒരദ്ധ്യാപകനെ ഞാന്‍ കണ്ടിട്ടില്ല. എത്ര അനായാസമായി, വടിയുടെ അമിത പ്രയോഗമില്ലാതെ, മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി മാഷ് കണക്ക് പഠിപ്പിക്കുമ്പോള്‍ അതൊരു അനുഭവമായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ കണക്ക് പാസായത് തന്നെ മാഷ് കാരണമായിരുന്നു.

ഓരോ കുട്ടിയും മാഷിന്റെ സ്വന്തമായിരുന്നു. അവിടെ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. മാഷിന് മറ്റൊരു ജോലിയും ചേരുമായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് പലപ്പോഴും തോന്നിയിരുന്നു. മാഷിനെ മാഷായിതന്നെ ദൈവം പറഞ്ഞു വിട്ടതാണ്. അദ്ദേഹം അടിമുടി അങ്ങനെ തന്നെയായിരുന്നു. മാഷിനെ ഇഷ്ട്ടമല്ലാത്ത ഒരു കുട്ടിപോലും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം എന്നെ ഒരു കോളേജില്‍ സംസാരിക്കുവാന്‍ ക്ഷണിച്ചു. കുട്ടികളുമായി സംവേദിക്കുമ്പോള്‍ എനിക്ക് തോന്നി അവര്‍ ജീവിക്കുന്നത് മറ്റേതോ ലോകത്തിലാണ്. അദ്ധ്യാപകരും കുട്ടികളും തമ്മില്‍ എവിടെയൊക്കെയോ വലിയ വിടവുകള്‍ ഞാന്‍ കണ്ടു. ഇന്ന് പഠിപ്പിക്കുവാനുള്ളത് എങ്ങനെയെങ്കിലും തീര്‍ക്കണം. കുട്ടികള്‍ പഠിച്ചാലും ഇല്ലെങ്കിലും അതൊരു വിഷയമേയല്ല. ഞാന്‍ എന്റെ കടമ തീര്‍ക്കുന്നു. അദ്ധ്യാപകരുടെ മനോഭാവം പാടെ മാറിയിരിക്കുന്നു.

തങ്ങളുടെ പുസ്തകങ്ങള്‍ക്കപ്പുറം കുട്ടികള്‍ക്ക് മറ്റൊന്നുമില്ല. അവര്‍ പത്രം വായിക്കുന്നില്ല. വാര്‍ത്തകള്‍ കാണുന്നില്ല. ഏതോ അന്യഗ്രഹജീവികളെപ്പോലെ അവര്‍ ഇവിടെ ജീവിക്കുന്നു. ചുറ്റുപാടും നടക്കുന്നവ അവരുടെ കണ്ണില്‍പ്പെടുന്നില്ല. അല്ലെങ്കില്‍ അവര്‍ അവയെ അവഗണിക്കുന്നു. പഠിക്കുന്നത് മാര്‍ക്ക് വാങ്ങുവാന്‍ മാത്രമാണ്. ജോലി ലഭിക്കുവാന്‍ സര്‍ട്ടിഫിക്കറ്റ് ഒരു ആവശ്യ ഘടകമാണ്. കലാശാലകള്‍ അവ നല്‍കുന്ന വെറും ഇടങ്ങളായി മാറി.

കോളേജില്‍ ഇംഗ്ലീഷ് ഒരു കീറാമുട്ടിയായിരുന്നു. ഷേക്‌സ്പിയറുടെ മാക്ബത്തൊക്കെ പഠിക്കുക വലിയ ബുദ്ധിമുട്ടു തന്നെ. ഇംഗ്ലീഷ് ക്ലാസ്സുകള്‍ മരത്തണലില്‍ ഉറങ്ങിത്തീര്‍ക്കും. അങ്ങനെയിരിക്കവെ കോളേജില്‍ പുതിയ ഒരു ഇംഗ്ലീഷ് അദ്ധാപകനെത്തി. ആള്‍ തമിഴനാണ്. ഏതായാലും പുതിയ ആളല്ലേ ഒന്ന് കയറിക്കളയാം ഞങ്ങള്‍ ക്ലാസ്സില്‍ കയറി ഇരുന്നു.

ഇംഗ്ലീഷ് ഇങ്ങനേയും പഠിക്കാം എന്ന് മനസ്സിലായത് അന്നായിരുന്നു. ആദ്ദേഹം ക്ലാസ്സ് റൂമില്‍ തീര്‍ത്തത് ഇന്നുവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയായിരുന്നു. അന്നുവരെ കീറാമുട്ടിയായിരുന്ന മാക്ബത്ത് പ്രിയപ്പെട്ട ഒന്നായിമാറി. ക്ലാസ്സില്‍ കയറിക്കഴിഞ്ഞാല്‍ അദ്ദേഹം മറ്റൊരാളായി രൂപാന്തരം പ്രാപിക്കുന്നു. ക്ലാസ്സിന് പുറത്ത് ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനും.

അന്നും ഉണ്ടായിരുന്നു മാസം ലഭിക്കുന്ന ശംബളത്തിനായി മാത്രം പണിയെടുക്കുന്ന അദ്ധ്യാപകര്‍. അവര്‍ വരും പോകും. യാതൊരു ചലനവും അവര്‍ സൃഷ്ട്ടിച്ചിരുന്നില്ല. അവരെ കുട്ടികള്‍ ഓര്‍ത്തു വച്ചിരുന്നില്ല. കുട്ടികള്‍ക്കും അവര്‍ക്കുമിടയില്‍ വലിയൊരു ശൂന്യത നിലനിന്നിരുന്നു.

അദ്ധ്യാപകര്‍ക്ക് വലിയ കടമകളുണ്ട് എന്ന് ഗോകുലന്‍ മാഷിനെപ്പോലുള്ളവര്‍ വിശ്വസിച്ചിരുന്നു. അവരൊക്കെ വാര്‍ത്തെടുത്ത തലമുറകള്‍ക്ക് മുല്ലപ്പൂവിന്റെ ഗന്ധവും തേക്കിന്റെ കരുത്തുമുണ്ടായിരുന്നു. അവരുടെ മനസ്സും കുട്ടികളുടെ മനസ്സും തമ്മില്‍ വിടവുകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും രണ്ട് ദ്വീപുകളിലാണ്.

പഠനം നടക്കേണ്ടത് ക്ലാസ്സുമുറികളിലല്ല. മനസ്സുകളിലാണ്. മനസ്സുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പഠനം സംഭവിച്ചുകൊള്ളും. അതിനായി ആധുനിക ക്ലാസ്സ് മുറികള്‍ ആവശ്യമില്ല. മരത്തണല്‍ ആയാലും മതി.

 

Leave a comment