നിശ്ചലവും ശൂന്യവുമായ ഭാവി

ശിഷ്യന്‍ കുറെ നാളുകളായി ഗുരുവിനൊപ്പം കൂടിയിട്ട്. തനിക്കും ഗുരുവിനെപ്പോലെ മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ഒരാളായി മാറണം എന്നാണ് അയാളുടെ ആഗ്രഹം. ഗുരുവില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്നാലും ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗമിക്കുന്നില്ല. ഇങ്ങനെ പോയാല്‍ താന്‍ എവിടെ എത്തിച്ചേരും. കാലം കടന്നു പോകും തോറും അയാള്‍ക്ക് ഉള്ളില്‍ പരിഭ്രമം ഏറി, ഏറി വന്നു.

”ഗുരോ, എന്റെ ഭാവി എന്താവും? അങ്ങ് സര്‍വ്വഞ്ജനാണല്ലോ. അങ്ങേക്ക് അത് പ്രവചിക്കുവാന്‍ സാധിക്കും. ദയവായി എന്റെ ഭാവി എന്താണ് എന്ന് അങ്ങ് പറഞ്ഞു നല്കണം” അയാള്‍ ഗുരുവിനോട് അപേക്ഷിച്ചു.

ഗുരു അയാളുടെ കണ്ണുകളിലേക്ക് നോക്കി. ആ മനസ്സ് വായിച്ചെടുത്തിട്ടെന്നപോലെ ഗുരു അയാളെ നോക്കി പുഞ്ചിരിച്ചു എന്നിട്ട് അല്പസമയം കണ്ണടച്ചിരുന്നു.

”ഇപ്പോള്‍ നീ ഏത് കാലത്തിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്?” ഗുരുവിന്റെ ചോദ്യം അയാളിലേക്ക് നീണ്ടു.

”വര്‍ത്തമാനകാലം. ശരിയല്ലേ ഗുരോ?” അയാള്‍ ചിന്തിച്ചുകൊണ്ട് പറഞ്ഞു.

”അതെ ശരിയാണ്. നീയിപ്പോള്‍ സമയത്തിനൊപ്പം സഞ്ചരിക്കുകയാണ്. സമയം യാഥാര്‍ത്ഥ്യമാണ്. അത് മുന്നോട്ടാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ആ സമയത്തിനൊപ്പം നീയും മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു.”

”തീര്‍ച്ചയായും ഗുരോ.”

”സമയം നിനക്കൊപ്പം സഞ്ചരിക്കുമ്പോള്‍ നീ വര്‍ത്തമാനകാലത്തിലാണ്. സംഭവിക്കുന്ന ഓരോ കാര്യവും പെട്ടെന്ന് തന്നെ ഭൂതകാലത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. നാമിപ്പോള്‍ സംസാരിക്കുകയാണ്. അത് വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നതാണ്. എന്നാല്‍ നാം സംസാരിക്കുന്നതിനിടയില്‍ അത് ഭൂതകാലത്തിലേക്കും മാറ്റപ്പെടുന്നുണ്ട്. പറഞ്ഞു കഴിഞ്ഞാല്‍ ഓരോ വാക്കുകളും പിന്നെ ഭൂതകാലത്തിലാണ്. പറയുന്നത് വര്‍ത്തമാനകാലത്തിലും എന്നാല്‍ പറഞ്ഞു കഴിഞ്ഞത് ഭൂതകാലത്തിലും.”

ശിഷ്യന്‍ തലയാട്ടി.

”ഈ പറഞ്ഞ രണ്ട് കാര്യങ്ങളും ഭാവിയിലേക്ക് സംഭവിക്കുന്നില്ല. അടുത്തനിമിഷം എന്താണ് സംഭവിക്കുക എന്ന് തീര്‍ച്ചയില്ല. ചിലപ്പോള്‍ ഞാനിവിടെ മരിച്ചു വീഴാം. പക്ഷേ അതറിയാന്‍ സമയം എനിക്ക് മുന്നിലെത്തുന്നില്ല. ഈ നിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് അനുഭവിക്കാം. എന്തുകൊണ്ടെന്നാല്‍ സമയം എന്റെ ഒപ്പമാണ് സഞ്ചരിക്കുന്നത്.”

ശിഷ്യന്‍ ശ്രദ്ധയോടെ ഗുരുവിന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നു.

”സമയം എന്നെ കടന്ന് മുന്നിലേക്ക് ഒരിക്കലും പോകുന്നില്ല. അങ്ങനെ പോകണമെങ്കില്‍ ഇവിടെ ഞാനുണ്ടാകരുത്. എന്റെ അഭാവത്തില്‍ മാത്രമേ സമയത്തിന് എന്നെ കടന്നു പോകുവാന്‍ കഴിയുകയുള്ളൂ. ഞാനുള്ളപ്പോള്‍ സമയം കടന്നുപോയാല്‍ എനിക്കൊരിക്കലും സമയത്തിനൊപ്പം എത്തുവാന്‍ സാധിക്കുകയില്ല. ഞാന്‍ സഞ്ചരിക്കുംന്തോറും സമയം എന്നെക്കാള്‍ മുന്നില്‍ സഞ്ചരിച്ചു കൊണ്ടിരിക്കും. ഈ പ്രപഞ്ചത്തില്‍ അത് സാധ്യമല്ല.”

”ഞാനും പ്രപഞ്ചവും ഒരേ സമയത്താണ് സഞ്ചരിക്കുന്നത്. അതിന് ദേശഭേദങ്ങളില്ല, ഋതുഭേദങ്ങളില്ല, കാലാവസ്ഥാഭേദങ്ങളില്ല. എവിടെയായിരുന്നാലും പ്രപഞ്ചവും നാമും ഒരേ താളത്തില്‍, ഒരേ സമയത്തില്‍ സഞ്ചരിക്കുന്നു. സമയത്തിന് എന്നെ കടന്ന് മുന്നോട്ട് പോകുവാന്‍ സാധ്യമല്ല എനിക്ക് സമയത്തെക്കടന്നും. ഇത് പ്രാപഞ്ചികസത്യമാണ്. ആര്‍ക്കും തിരുത്തുവാനാകാത്ത സത്യം.”

ശിഷ്യന്‍ തല കുലുക്കി.

”ഭൂതകാലത്തില്‍ എന്ത് സംഭവിച്ചു എന്ന് നമുക്കറിയാം. വര്‍ത്തമാനകാലത്തില്‍ എന്തു സംഭവിക്കുന്നു എന്നും നമുക്കറിയാം. കാരണം രണ്ടിടത്തും സമയം നമുക്കൊപ്പമുണ്ടായിരുന്നു. ഭാവി ശൂന്യമാണ്. അവിടെ സമയം ഇല്ല. അല്ലെങ്കില്‍ സമയം അവിടേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. സമയം അവിടേക്ക് എത്തണമെങ്കില്‍ നാമും അതിനൊപ്പം വേണം. നമ്മളില്‍ നിന്നും വേറിട്ട് സമയത്തിന് സഞ്ചരിക്കുക സാധ്യമല്ല.”

ഗുരു ഒന്നു നിര്‍ത്തി. വീണ്ടും തുടര്‍ന്നു.

”നമുക്ക് ഭൂതകാലത്തിലേക്ക് തിരിച്ചു പോകുവാന്‍ കഴിയുകയില്ല. സമയം അവിടെ നിന്നും പോന്നു കഴിഞ്ഞു. നമുക്ക് ഭാവിയിലേക്ക് പോകുവാന്‍ കഴിയില്ല. സമയം അവിടേക്ക് എത്തിയിട്ടുമില്ല. സമയം എത്താത്തിടത്ത് സംഭവങ്ങള്‍ ഉണ്ടാകുക അസാദ്ധ്യമാണ്. സമയം ഭാവിയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ എത്തുമ്പോള്‍ നാമും ഒപ്പമുണ്ടാകണം. എങ്കിലേ സംഭവങ്ങള്‍ അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ.”

”സമയം കാലമാണ്. മുന്നിലെ കാലം ശൂന്യമാണ്. വര്‍ത്തമാനകാലവും ഭൂതകാലവും മാത്രമേ യാഥാര്‍ത്ഥ്യമായുള്ളു. ഭാവികാലം എന്നത് ഈ നിമിഷം ശൂന്യവും അപ്രസക്തവുമാണ്. കാലം അല്ലെങ്കില്‍ സമയം ഒഴുകിക്കൊണ്ടിരിക്കുന്നു. നാമും അതിനൊപ്പം സഞ്ചരിക്കുന്നു. നാം സഞ്ചരിക്കുന്നത് ഭാവിയിലേക്കല്ല മറിച്ച് വര്‍ത്തമാനകാലത്തില്‍ മാത്രമാണ്.”

”സമയവും നീയും ഒപ്പം വര്‍ത്തമാനകാലത്തിലൂടെ മാത്രമേ കടന്നു പോകുകയുള്ളൂ. സമയത്തിന് മുന്നോട്ട് കടന്നു പോകുവാന്‍ സാധിച്ചാലെ പ്രവചനങ്ങള്‍ക്ക് സാധ്യതയുള്ളൂ. നീയും സമയവും ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ നീ ഇന്ന വയസ്സില്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍പ്പരം വിഡ്ഢിത്തം എന്തുണ്ട്? ഭാവിയില്‍ നീ വലിയൊരു സന്യാസിയാകും എന്ന് ഞാന്‍ പറഞ്ഞാല്‍ അതില്‍ എന്ത് സത്യമുണ്ട്? സമയം പ്രവചങ്ങള്‍ക്കതീതമാണ്. ഈ നിമിഷം നമ്മള്‍ ഇവിടെയുണ്ട് അത് മാത്രമാണ് സത്യം.”

”അതുകൊണ്ട് ശിഷ്യാ, നിന്റെ ഭാവിയെ പ്രവചിക്കുവാന്‍ ഞാന്‍ ആളല്ല. സമയം എത്താത്തിടത്തോളം ഭാവി നിശ്ചലവും ശൂന്യവുമാണ്. നീ വര്‍ത്തമാനകാലത്തില്‍ ജീവിക്കുക. പ്രപഞ്ചത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുക.”

ഗുരു കണ്ണുകളടച്ചു. ശിഷ്യനും. അവര്‍ ധ്യാനത്തിന്റെ സ്വര്‍ഗ്ഗ വാതില്‍ മെല്ലെ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

 

Leave a comment