ഹൃദയമില്ലാതെയും ജീവിക്കാം

സൂര്യകിരണങ്ങള്‍ ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കി. നേരം നന്നായി പുലര്‍ന്നിരിക്കുന്നു. അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്ന് കൈകള്‍ കോര്‍ത്ത് മുകളിലേക്ക് ശരീരത്തെ ഒന്ന് നീട്ടി നിവര്‍ത്തി കോട്ടുവായിട്ടു. പിന്നെ കൈകള്‍ ഇരുവശത്തേക്കും കുടഞ്ഞ് പതിയെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി.

ജാലകത്തിനപ്പുറത്തെ പുലരിയുടെ സൗന്ദര്യം കണ്ടിട്ടും അയാള്‍ക്കൊന്നും തോന്നുന്നില്ല. എന്തോ നിര്‍വ്വികാരത ബാധിച്ച പോലെ. സാധാരണ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാറുണ്ട്. പ്രഭാതത്തിന്റെ ഉന്മേഷം ശരീരത്തിലേക്ക് കടന്നു വരാറുണ്ട്. പക്ഷേ ഇന്ന് അങ്ങനെയൊന്നും സംഭവിക്കുന്നതേയില്ല. ചുണ്ടിലെ ചിരി കളഞ്ഞുപോയിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും അത് തിരികെ വരുന്നില്ല.

ചിരി മാത്രമല്ല ഒന്നും തന്നെ തന്നിലില്ല എന്നയാള്‍ തിരിച്ചറിഞ്ഞു. എല്ലാ വികാരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഇതെന്തു മറിമായം. ഇതെപ്പോഴാണ് സംഭവിച്ചത്. ഇന്നലെ മുറിയില്‍ എത്തിയപ്പോള്‍ നല്ല ക്ഷീണിതനായിരുന്നു. കിടന്നതേ ഉറങ്ങിപ്പോയി. എപ്പോഴാണ് വികാരങ്ങളെല്ലാം തന്നില്‍ നിന്നും ഇറങ്ങിപ്പോയത്. ജീവനില്ലാത്ത വെറുമൊരു ശില്പ്പം മാത്രമാണ് താന്‍ എന്നയാള്‍ക്ക് തോന്നി.

പെട്ടെന്നയാള്‍ മനസ്സിലാക്കി തന്റെ ഹൃദയത്തിന്റെ ശബ്ധം കേള്‍ക്കുന്നില്ല. ഹൃദയമിടിപ്പ് അവിടെയില്ല. അയാള്‍ കൈകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു. ഇല്ല ശരിയാണ് ഹൃദയമിടിപ്പ് ഇല്ല. ഇതെന്തുപറ്റി താന്‍ മരിച്ചുവോ? അയാള്‍ കൈയ്യില്‍ ഒന്ന് അമര്‍ത്തി നുള്ളിനോക്കി. വേദനിക്കുന്നുണ്ട്. അപ്പോള്‍ താന്‍ മരിച്ചിട്ടില്ല.

ഹൃദയമിരുന്ന സ്ഥാനത്ത് ഒരു ശൂന്യത മാത്രം. വികാരങ്ങളില്‍ അനുഭവപ്പെട്ട അതേ ശൂന്യത. ഹൃദയം കളഞ്ഞു പോയിരിക്കുന്നു. അതോടൊപ്പം വികാരങ്ങളും. ഹൃദയത്തിന്റെ ഭാഗത്ത് വല്ലാതെ ഭാരക്കുറവ് അനുഭവപ്പെടുന്നു. തന്റെ ഹൃദയം എവിടെപ്പോയി. കിടന്നപ്പോള്‍ അത് അവിടെ ഉണ്ടായിരുന്നുവോ? അയാള്‍ക്ക് ഓര്‍മ്മയില്ല. എങ്ങനെയാണ് തന്റെ അനുവാദമില്ലാതെ ഹൃദയത്തിന് തന്റെ ശരീരത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ കഴിയുക. എന്തോ വലിയൊരു അനുസരണക്കേട് സംഭവിച്ചിരിക്കുന്നു.

അയാള്‍ ഒരു ഭ്രാന്തനെപ്പോലെ വീട്ടില്‍ മുഴുവന്‍ ഹൃദയത്തെ തിരഞ്ഞു. ഇല്ല വീട്ടിലെങ്ങുമില്ല. അയാള്‍ പുറത്തേക്കിറങ്ങി മുറ്റം മുഴുവന്‍ അരിച്ചുപെറുക്കി. രക്ഷയില്ല. അപ്പോള്‍ ഇവിടെയല്ല അത് നഷ്ട്ടപ്പെട്ടിരിക്കുന്നത് വേറെ എവിടെയോ വെച്ചാണ്. താന്‍ ഇന്നലെ ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ അയാള്‍ ഓര്‍ത്തുനോക്കി. പോയ സ്ഥലങ്ങള്‍ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു.

കാറെടുത്ത് അയാള്‍ പുറത്തേക്ക് പാഞ്ഞു. ഇന്നലെ പോയയിടങ്ങളെല്ലാം അയാള്‍ ഹൃദയത്തെത്തേടി അലഞ്ഞു. അവിടെയെങ്ങും ഇല്ല. ഇതെന്തൊരു കഷ്ട്ടമാണ്. താന്‍ ഹൃദയത്തോട് സംസാരിക്കുമായിരുന്ന കാര്യം അയാള്‍ ഓര്‍ത്തു. തന്റെ സന്തോഷത്തിലും ദുഃഖത്തിലും അവന്‍ തനിക്കൊപ്പം ഉണ്ടായിരുന്നു. എന്നാലിപ്പോള്‍ തന്നെ ഉപേക്ഷിച്ച് അവന്‍ എങ്ങോ പോയിരിക്കുന്നു. അവന്റെ നഷ്ട്ടം ഇതാ തന്നെ ജീവിച്ചിരിക്കുന്ന ഒരു ശവം മാത്രമാക്കി മാറ്റിയിരിക്കുന്നു.

വളരെ വേഗതയില്‍ ഓടിച്ച വണ്ടി പെട്ടെന്നയാള്‍ ബ്രേക്കിട്ടു നിര്‍ത്തി. റോഡരികിലേക്ക് വണ്ടി ഒതുക്കി അയാളിറങ്ങി. ഇന്നലെ താനിവിടെ ഇറങ്ങിയിരുന്നു. ഇനി ഇവിടെയെങ്ങാനുമാകുമോ നഷ്ട്ടപ്പെട്ടത്? ഇന്നലെ താന്‍ ഓഫീസില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ഇവിടെ ആളുകള്‍ കൂടിനിക്കുന്നുണ്ടായിരുന്നു. ആരോ വണ്ടിയിടിച്ച് കിടക്കുകയായിരുന്നു. ആളുകള്‍ക്കിടയിലൂടെ രക്തത്തില്‍ കുളിച്ചു കിടന്നയാളെ ഒന്നുനോക്കി അയാള്‍ തിരികെ വണ്ടിയില്‍ കയറി.

മരിക്കാറായിക്കിടന്ന ആ മനുഷ്യനെ വണ്ടിയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അവിടെ കൂടി നിന്നവര്‍ അയാളോട് ആവശ്യപ്പെട്ടതാണ്. അത് കേള്‍ക്കാത്തപോലെ അയാള്‍ വണ്ടിയുമെടുത്ത് പോന്നു. വെറുതെ ആവശ്യമില്ലാത്ത പുലിവാല് എന്തിന് പിടിക്കണം. അയാള്‍ ഇത്തരം കാര്യങ്ങളോട് എന്നും നിസ്സംഗത പുലര്‍ത്തിയിരുന്നു. തന്റെ കാര്യം നോക്കി ജീവിക്കുക എന്നതില്‍ കവിഞ്ഞൊരു പ്രതിബദ്ധതയും ഇല്ലാത്ത ഒരാള്‍.

വണ്ടിയില്‍ നിന്നും ഇറങ്ങി അയാള്‍ അവിടെ മുഴുവന്‍ അരിച്ചുപെറുക്കി. അതാ, റോഡിനരികില്‍ മണ്ണ് പുരണ്ട് കിടന്ന് മിടിച്ചു കൊണ്ടിരിക്കുന്നു തന്റെ ഹൃദയം. അപ്പോള്‍ ഇവിടെയാണ് അവന്‍ തന്നില്‍ നിന്നും ചാടിപ്പോയത്. അയാള്‍ ആവേശപൂര്‍വ്വം ഹൃദയത്തെ കൈവെള്ളയില്‍ എടുത്തു. അവന്റെ മിടിപ്പ് അയാളുടെ കൈകളില്‍ ചലനമുണ്ടാക്കി. വണ്ടിയില്‍ കയറി അയാള്‍ വീട്ടിലേക്ക് പാഞ്ഞു.

ഹൃദയത്തിന്റെ പുറത്തു പുരണ്ട പൊടി അയാള്‍ കഴുകിക്കളഞ്ഞു. അവന്‍ വീണ്ടും പഴയപോലെ സുന്ദരനായി. തന്റെ കയ്യിലിരുന്നു ഒരു മന്ത്രണം പോലെ മിടിച്ചു കൊണ്ടിരിക്കുന്ന അവനോട് അയാള്‍ ചോദിച്ചു.

”എന്റെ അനുവാദമില്ലാതെ എന്നില്‍ നിന്നും നീ എന്തിനാണ് ഇറങ്ങിപ്പോയത്? എന്താണ് നിനക്ക് സംഭവിച്ചത്?”

”ഞാന്‍ ഇറങ്ങിപ്പോയതല്ലല്ലോ നീയെന്നെ ഉപേക്ഷിച്ചതല്ലേ? ഹൃദയം തിരിച്ചു ചോദിച്ചു.

”ഞാന്‍ നിന്നെ ഉപേക്ഷിച്ചതോ? എന്ത് വിഡ്ഢിത്തമാണ് നീയീ പറയുന്നത്.” അയാള്‍ ദേഷ്യപ്പെട്ടു.

”അവിടെ ജീവനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്ന ഒരു മനുഷ്യനെ നീയുപേക്ഷിച്ച നിമിഷം നീ എന്നേയും ഉപേക്ഷിച്ചില്ലേ? നിനക്കെന്തിനാണ് ഒരു ഹൃദയം. നിനക്കെന്നെ ആവശ്യമില്ലെന്ന തിരിച്ചറിവ് വന്ന നിമിഷം ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി. എന്റെ ഭാരം നീ ചുമക്കുന്നതെന്തിന്?.”

അയാള്‍ നിശബ്ധനായി. അയാളെപ്പോലെ നമ്മളും ചില നേരങ്ങളില്‍ ഇങ്ങനെ നിശബ്ധരാകും. ഹൃദയമില്ലാതെ ജീവിക്കുവാന്‍ നമുക്ക് കഴിയുമെങ്കില്‍ എന്തിനാണ് ഹൃദയം?

 

Leave a comment