ബിസിനസിന്‍റെ ഉടമസ്ഥരൂപം തിരഞ്ഞെടുക്കാന്‍ ഒരു മാര്‍ഗ്ഗരേഖ

ബിസിനസ് തുടങ്ങുന്നവരെ പൊതുവേ ചിന്താക്കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ബിസിനസിന് ഏറ്റവും യോജ്യമായ ഏത് ഉടമസ്ഥരൂപം (Form of Ownership) തിരഞ്ഞെടുക്കും എന്നത്. ഇത്തരം ചിന്താക്കുഴപ്പം മൂലമാണ് ചിലപ്പോള്‍ ചെറിയൊരു വ്യാപാരസ്ഥാപനം തുടങ്ങുന്ന വ്യക്തി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തന്‍റെ ബിസിനസ് സ്ഥാപനം രൂപീകരിക്കുന്നതും ആഗോള തലത്തില്‍ വളരാന്‍ സാധ്യതകളുള്ള ബിസിനസിനെ മറ്റൊരാള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി തുടങ്ങുന്നതും.

ചിലപ്പോള്‍ നാം ചിന്തിക്കുക ഇതൊരു ചെറിയ കാര്യമാണ് എന്നാണ്. ബിസിനസിന്‍റെ ഉടമസ്ഥരൂപം എന്തായാലെന്ത് ബിസിനസ് ചെയ്‌താല്‍ പോരേ എന്ന കാഴ്ചപ്പാട്. ഇതൊരു തെറ്റായ സമീപനമാണ്. ബിസിനസിന്‍റെ നിലനില്പ്പിനും വളര്‍ച്ചയ്ക്കും അടിത്തറയാകുന്നത് തികച്ചും അനുരൂപമായ അതിന്‍റെ ഉടമസ്ഥരൂപം തന്നെയാണ്. ബിസിനസിന് യോജ്യമല്ലാത്ത ഉടമസ്ഥരൂപം അതിനെ കാലക്രമേണ തളര്‍ച്ചയിലേക്ക് നയിക്കാം. ഉടമസ്ഥരൂപം തിരഞ്ഞെടുക്കുന്നതില്‍ സംരംഭകന്‍ കാണിക്കേണ്ട അവധാനതയും പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നു.

ബിസിനസ് ഉടമസ്ഥരൂപം തിരഞ്ഞെടുക്കുമ്പോള്‍ സംരംഭകന്‍ ശ്രദ്ധിക്കേണ്ട വിവിധ ഘടകങ്ങളുണ്ട്. ഇവയില്‍ വളരെ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

  1. ബിസിനസിന്‍റെ സ്വഭാവം (Nature of Business)

ഏത് തരം ബിസിനസാണ് ചെയ്യുന്നത് എന്നത് ഉടമസ്ഥരൂപം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. വ്യാപാരമാണോ, വ്യവസായമാണോ, സ്റ്റാര്‍ട്ട്‌അപ്പ്‌ ആണോ എന്നതൊക്കെ ഉടമസ്ഥരൂപത്തെ സ്വാധീനിക്കുന്നു. ഏതാണ് ഇന്‍ഡസ്ട്രി അതിനനുരൂപമായ ഉടമസ്ഥരൂപം ഏതാണ് എന്നതിനെക്കുറിച്ച് വളരെ വ്യക്തമായ അറിവ് സംരംഭകന്‍ നേടേണ്ടതുണ്ട്. കൂടുതല്‍ മൂലധനം ആവശ്യമുള്ള, നിക്ഷേപകരെ പ്രതീക്ഷിക്കുന്ന ഒരു ബിസിനസെങ്കില്‍ അത്തരം ആവശ്യകതകളെ നിറവേറ്റാന്‍ സാധ്യമായ ഒരു രൂപമാണ് തിരഞ്ഞെടുക്കേണ്ടത്.

തനിച്ച് ഒരു ടെക്സ്റൈറല്‍ ഷോപ്പ് ആരംഭിക്കുന്നയാള്‍ക്ക് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യകത ഉണ്ടാവില്ല. എന്നാല്‍ വന്‍ വളര്‍ച്ചാസാധ്യതയുള്ള, കൂടുതല്‍ നിക്ഷേപം ആവശ്യമായി വരുന്ന ഒരു ഐ ടി ബിസിനസിന് ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പോലുള്ള ഉടമസ്ഥരൂപമാവും അനുയോജ്യം.

  1. പ്രവര്‍ത്തനമണ്ഡലം (Area of Operation)

ബിസിനസിന്‍റെ പ്രവര്‍ത്തനമണ്ഡലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ഉടമസ്ഥരൂപം ആദ്യമേ തന്നെ അതിനനുസൃതമായി ചിട്ടപ്പെടുത്തുകയാണ് നല്ലത്. ഉടമസ്ഥരൂപത്തിന്‍റെ വഴക്കം (Flexibility) ഇവിടെ വളരെ പ്രധാനമാണ്. മറ്റ് രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന ഒരു ഉടമസ്ഥരൂപം തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധ നല്കണം.

  1. മൂലധനത്തിന്‍റെ ആവശ്യം (Requirement of Capital)

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ബിസിനസിലേക്ക് കൂടുതല്‍ മൂലധനം ആവശ്യമാകുകയും മറ്റ് നിക്ഷേപകരെ ബിസിനസിലേക്ക് ഉള്‍ക്കൊള്ളിക്കേണ്ടി വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അതിനനുവദിക്കുന്ന ഉടമസ്ഥരൂപമാവണം ബിസിനസിന്‍റെത്. നിക്ഷേപകര്‍ ഒരു സാധാരണ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസിലേക്ക് വരാന്‍ സന്നദ്ധരാവില്ല. എന്നാല്‍ അവരെ ആകര്‍ഷിക്കുവാന്‍ ഒരു ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിനോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കോ സാധിക്കും.

  1. റിസ്ക്കും ബാധ്യതയും (Risk & Liability)

ചില ബിസിനസുകള്‍ വലിയ റിസ്ക്ക് ഉള്ളവയാവാം. വിപണിയിലെ വിവിധങ്ങളായ ഏറ്റക്കുറച്ചിലുകള്‍ ഇത്തരം ബിസിനസുകളെ ശക്തമായി ബാധിക്കാം. വലിയ ലാഭം ലഭിക്കാനുള്ള സാധ്യത വലിയ റിസ്ക്കുള്ള ബിസിനസുകള്‍ക്കുണ്ടെങ്കിലും തിരിച്ചടികള്‍ ഉണ്ടായാല്‍ അതിന്‍റെ ആഘാതവും വളരെ വിനാശകരമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ബിസിനസുകള്‍ സൃഷ്ട്ടിക്കുന്ന ബാധ്യത ഉടമസ്ഥരുടെ ചുമലുകളില്‍ സ്വാഭാവികമായും വന്നുചേരും. ഇത്തരം ബാധ്യതകള്‍ തങ്ങളുടെ വ്യക്തിപരമായ ആസ്തികളെ ബാധിക്കാത്ത തരത്തിലുള്ള ഉടമസ്ഥരൂപമായിരിക്കണം റിസ്ക്ക് കൂടുതലുള്ള ബിസിനസുകളില്‍ ഉടമസ്ഥര്‍ തിരഞ്ഞെടുക്കേണ്ടത്.

പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയ ഉടമസ്ഥരൂപങ്ങളില്‍ ഉടമസ്ഥന്‍റെ അല്ലെങ്കില്‍ ഉടമസ്ഥരുടെ ബാധ്യത അപരിമിതമാണ് (Unlimited Liability). എന്നാല്‍  ഒരാള്‍ കമ്പനിയിലോ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലോ ബാധ്യതകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു (Limited Liability). ബാധ്യതകള്‍ തങ്ങളുടെ സ്വകാര്യ ആസ്തികളെ ബാധിക്കാത്തവിധം ബിസിനസ് നടത്തിക്കൊണ്ടു പോകുവാന്‍ ഈ ഉടമസ്ഥരൂപങ്ങള്‍ ബിസിനസുകാരെ സഹായിക്കുന്നു.

  1. ബിസിനസിന്‍റെ തുടര്‍ച്ച (Continuity of Business)

ബിസിനസ് ദീര്‍ഘകാലം നിലനില്‍ക്കേണ്ട ഒന്നാണെന്നും സ്ഥാപകന്‍ തന്നെയാവില്ല എന്നും ബിസിനസിന്‍റെ ഉടമസ്ഥന്‍ എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെയാവണം ഉടമസ്ഥരൂപം തിരഞ്ഞെടുക്കേണ്ടത്. ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസില്‍ ഉടമസ്ഥന്‍റെ പെട്ടെന്നുള്ള വിയോഗം ബിസിനസിനെ പ്രതിസന്ധിയിലാക്കാം. വില്‍പത്രം എഴുതി വെച്ചിട്ടില്ലായെങ്കില്‍ നിയമപരമായ നടപടികള്‍ക്കനുസ്രുതമായി മാത്രമേ പിന്നീട് ബിസിനസിന് ചലിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത് താത്കാലികമായെങ്കിലും ബിസിനസിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ബിസിനസ് ഉടമസ്ഥരൂപം നിശ്ചയിക്കുമ്പോള്‍ ബിസിനസുകാരന് ദീര്‍ഘദൃഷ്ടിയുടെ ആവശ്യമുണ്ടെന്ന് സാരം. താത്കാലിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഒരു ഘടന ഭാവിയില്‍ ഗുണകരമാവണമെന്നില്ല.

  1. ആദായ നികുതി (Income Tax)

ഓരോ ഉടമസ്ഥരൂപത്തിന് മേലുള്ള ആദായ നികുതിക്കും വ്യത്യാസമുണ്ടാകാം. ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിനും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും ബാധകമായ ആദായ നികുതി ഘടന തന്നെ വ്യത്യാസമുണ്ട്. ഏറ്റവും ഗുണകരമായ രീതിയില്‍ ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന ഉടമസ്ഥരൂപം നികുതി ലാഭിക്കുവാന്‍ സംരംഭകരെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആദായ നികുതിയുടെ നിരക്കും (Rate) മറ്റ് ആനുകൂല്യങ്ങളും  ഉടമസ്ഥരൂപം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്.

പൊതുവായി ഉടമസ്ഥരൂപം നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട പ്രധാനപ്പെട്ട ചില ഘടകങ്ങളാണ് നാമിപ്പോള്‍ വിശകലനം ചെയ്തത്. ഇനി ഏതൊക്കെയാണ് നിലവിലുള്ള ഉടമസ്ഥരൂപങ്ങളെന്ന് നമുക്ക് നോക്കാം.

പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസ് (Proprietorship)

ഒരു വ്യക്തിക്ക് തനിച്ച് ബിസിനസ് ചെയ്യേണ്ടി വരുമ്പോള്‍ ആശ്രയിക്കാവുന്ന ഏറ്റവും ലളിതമായ ഉടമസ്ഥരൂപമാണ് പ്രൊപ്രൈറ്റര്‍ഷിപ്പ്. നിയമപരമായ യാതൊരു ഔപചാരികതകളും കൂടാതെ സുഗമമായി ഇത് രൂപീകരിക്കാം. മറ്റ് ഉടമസ്ഥരൂപങ്ങള്‍ക്കുള്ളതുപോലെ ഒരു കരാറോ, രജിസ്ട്രേഷനോ ഇതിന് ആവശ്യമില്ല. എല്ലാവിധ ലൈസന്‍സുകളും സ്ഥാപകന്‍റെ പേരിലായിരിക്കും.

പൂര്‍ണ്ണമായും വ്യക്തിഗതമായ തലത്തിലായിരിക്കും നടത്തിപ്പ് എന്നതിനാല്‍ തന്നെ ബിസിനസിന്‍റെ സകലവിധ ബാധ്യതകളും ഉടമസ്ഥന്‍റെ തലയിലായിരിക്കും. അപരിമിതമായ ബാധ്യതയാണ് (Unlimited Liability) പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസിന്‍റെ ദൂഷ്യവശം. ചെറിയ ബിസിനസുകള്‍ക്കും, വലിയ മൂലധന ആവശ്യകത മറ്റ് നിക്ഷേപകരില്‍ നിന്നും ആവശ്യമില്ലാത്തതുമായ ബിസിനസുകള്‍ക്കും യോജിച്ച ഒരു ബിസിനസ് ഉടമസ്ഥരൂപമാണ് പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസ്.

ഒരാള്‍ കമ്പനി (One Person Company)

ഒരു വ്യക്തിക്ക് ചെയ്യാവുന്ന ബിസിനസിന്‍റെ മറ്റൊരു ഉടമസ്ഥരൂപമാണ് ഒരാള്‍ കമ്പനി (OPC). ഒരു കമ്പനി രജിസ്ററര്‍ ചെയ്യുന്നത് പോലെ കമ്പനി നിയമത്തിന് വിധേയമായി ഇത് ചെയ്യാവുന്നതാണ്. പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസില്‍ ഉടമസ്ഥന് അപരിമിതമായ ബാധ്യത (Unlimited Liability) വരുമ്പോള്‍ ഒരാള്‍ കമ്പനിയില്‍ (OPC) ബാധ്യത പരിമിതപ്പെടുത്തിയിരിക്കുന്നു (Limited Liability). ഇവിടെ ബിസിനസും ഉടമസ്ഥനും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. ബിസിനസിന്‍റെ ബാധ്യതകള്‍ ഉടമസ്ഥന്‍റെ സ്വകാര്യ ആസ്തികളെ ബാധിക്കുന്നില്ല. കമ്പനി രൂപീകരിക്കുന്ന വ്യക്തിക്ക് നോമിനിയെ നിയമിക്കുവാനുള്ള സൗകര്യവുമുണ്ട്. പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസിന്‍റെ പല ന്യൂനതകളും ഒരാള്‍ കമ്പനിയില്‍ പരിഹരിക്കപ്പെടുന്നു.

പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് (Partnership)

രണ്ടോ അതിലധികമോ വ്യക്തികള്‍ കൂടി നടത്തുന്ന ബിസിനസുകള്‍ക്ക് യോജിച്ച ഉടമസ്ഥരൂപമാണ് പാര്‍ട്ട്ണര്‍ഷിപ്പ്. ബിസിനസില്‍ ഉണ്ടാകുന്ന ലാഭവും നഷ്ട്ടവും എല്ലാവരും കൂടി പങ്കുവയ്ക്കുന്നു. ഇത്തരം പ്രസ്ഥാനത്തെ നമുക്ക് പാര്‍ട്ട്ണര്‍ഷിപ്പ് ഫേം എന്ന് വിളിക്കാം. വലിയ സങ്കീര്‍ണ്ണതകളില്ലാത്ത തികച്ചും ലളിതമായ ഒരു പ്രവൃത്തിയാണ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേം രൂപീകരണം. പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ് തയ്യാറാക്കി പാര്‍ട്ട്ണര്‍ഷിപ്പ് ഫേം രൂപീകരിക്കാം. ആവശ്യമെങ്കില്‍ രജിസ്ട്രാര്‍ ഓഫ് ഫേംസില്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ അത് ചെയ്യണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

പ്രൊപ്രൈറ്റര്‍ഷിപ്പ് ബിസിനസിലേതു പോലെതന്നെ അപരിമിതമായ ബാധ്യത (Unlimited Liability) തന്നെയാണ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിന്‍റെയും പ്രധാനപ്പെട്ട ദൂഷ്യവശം. ബിസിനസില്‍ ഉടലെടുക്കുന്ന സകലവിധ ബാധ്യതകളും ഉടമസ്ഥരുടെ സ്വകാര്യ ആസ്തികളേയും ബാധിക്കാം. കൂടുതല്‍ മൂലധനം ആവശ്യമുള്ള, ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അറിവും, അനുഭവങ്ങളും, നിപുണതകളും പങ്കുവെച്ചുകൊണ്ട് വളരാന്‍ തികച്ചും അനുരൂപമായ ഉടമസ്ഥരൂപമാണ് പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്.

ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് (Limited Liability Partnership)

ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പും പാര്‍ട്ട്ണര്‍ഷിപ്പ് പോലെതന്നെ രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് ബിസിനസ് ചെയ്യുമ്പോള്‍ യോജിച്ച ഉടമസ്ഥരൂപമാണ്. പാര്‍ട്ട്ണര്‍ഷിപ്പ് ഫേമും ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പില്‍ പാര്‍ട്ട്ണര്‍മാരുടെ ബാധ്യത പരിമിതമാണ് (Limited Liability) എന്നുള്ളതാണ്. ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസില്‍ വരുന്ന ബാധ്യതകളില്‍ നിന്നും ഉടമസ്ഥരുടെ സ്വകാര്യ ആസ്തികള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പങ്കാളികള്‍ എത്രയാണോ മൂലധനം നിക്ഷേപിക്കുവാന്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് അതില്‍ മാത്രമായി അവരുടെ ബാധ്യത പരിമിതപ്പെടുത്തിയിരിക്കുന്നു (Limited Liability).

പാര്‍ട്ട്ണര്‍ഷിപ്പിന്‍റെ ഏറ്റവും കാതലായ ദൂഷ്യം ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു. റിസ്ക്ക് കൂടുതലുള്ള, മൂലധന നിക്ഷേപം കൂടുതല്‍ ആവശ്യമുള്ള, നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്ന ബിസിനസുകള്‍ക്ക് വളരെ അനുയോജ്യമാണ് ഈ ഉടമസ്ഥരൂപം. കമ്പനികള്‍ രജിസ്ററര്‍ ചെയ്യുന്നത് പോലെ നിയമപരമായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിലാണ് ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പും രജിസ്ററര്‍ ചെയ്യേണ്ടത്.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (Private Limited Company)

രണ്ടോ അതിലധികമോ വ്യക്തികള്‍ക്ക് ബിസിനസ് ചെയ്യേണ്ടി വരുമ്പോള്‍ അനുയോജ്യമായ മറ്റൊരു ഉടമസ്ഥരൂപമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇവിടെ മൂലധനം ഷെയറുകളായി വിഭജിച്ചിരിക്കുന്നു. ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പിലെ പങ്കാളികളുടെ പോലെതന്നെ കമ്പനിയുടെ മെമ്പര്‍മാരുടെ ബാധ്യത പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലും പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ മെമ്പര്‍മാരുടെ എണ്ണത്തിന് പരിമിതികളുണ്ട്.

ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മില്‍ ആദായ നികുതി നിരക്കില്‍ വ്യത്യാസമുണ്ട്. ഇത് കൂടി കണക്കിലെടുത്തു വേണം ഉടമസ്ഥരൂപം തിരഞ്ഞെടുക്കുവാന്‍. വലിയ മൂലധനം ബിസിനസിന് ആവശ്യമായി വരുമ്പോള്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഉടമസ്ഥരൂപമാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് അനുയോജ്യമായ ഉടമസ്ഥരൂപം

വളര്‍ച്ചയുടെ പല ഘട്ടങ്ങളിലും സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് നിക്ഷേപകരെ ആവശ്യമായി വരും. ബിസിനസ് ആരംഭിക്കുമ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നിക്ഷേപിച്ചാലും (Bootstrapping) മുന്നോട്ട് നീങ്ങുമ്പോള്‍ പിന്നീട് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെ സമീപിക്കേണ്ടതായി വരാം. നിക്ഷേപകര്‍ ഒരിക്കലും പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസുകളില്‍ നിക്ഷേപിക്കുവാന്‍ താല്പ്പര്യപ്പെടുകയില്ല. കാരണം ഇത്തരം ബിസിനസുകളില്‍ ബാധ്യത അപരിമിതമാണ് (Unlimited Liability). പരിമിതമായ ബാധ്യത (LImited Liability) ഉറപ്പുവരുത്തുന്ന ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളില്‍ നിക്ഷേപിക്കുവാനായിരിക്കും അവരുടെ താല്പ്പര്യം.

സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് അനുയോജ്യമായ ഉടമസ്ഥരൂപങ്ങള്‍ ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. ലിമിറ്റഡ് ലയബിളിറ്റി പാര്‍ട്ട്ണര്‍ഷിപ്പായി രൂപീകരിക്കുന്ന ഒരു പ്രസ്ഥാനത്തെ പിന്നീട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റാം. കൂടുതല്‍ മൂലധന നിക്ഷേപം വെഞ്ചര്‍ കാപിറ്റല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്ന് സ്വരൂപിക്കേണ്ടി വരുമ്പോള്‍ ഇത് ആവശ്യമാകും. അല്ലെങ്കില്‍ ഇത് കൂടി മുന്നില്‍ കണ്ടുകൊണ്ട്‌ ആദ്യമേ തന്നെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപം നല്കാം. നിയമപരമായ നിബന്ധനകള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ കൂടി പഠിച്ചിട്ടു വേണം ഉടമസ്ഥരൂപത്തിന് അവസാന രൂപം നല്കാന്‍.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും പബ്ലിക് ലിമിറ്റഡ് കമ്പനിയിലേക്ക്

ബിസിനസ് വളരുകയും കൂടുതല്‍ മൂലധന സമാഹരണം ആവശ്യമായി വരികയും ചെയ്യുമ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ പബ്ലിക്‌ ലിമിറ്റഡ് കമ്പനിയാക്കി ഓഹരികള്‍ പൊതു വിപണിയില്‍ വില്ക്കാം. കമ്പനിയെ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ഇനീഷ്യല്‍ പബ്ലിക് ഓഫറുമായി കമ്പനിക്ക് മുന്നോട്ടു പോകുകയും ചെയ്യാം. ബിസിനസിന്‍റെ അനന്തമായ വളര്‍ച്ചാ സാധ്യതകള്‍ മുന്‍കൂട്ടി കാണുവാന്‍ സാധിക്കുകയാണെങ്കില്‍ ആദ്യമേ തന്നെ ബിസിനസിനായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കുകയാണ് നല്ലത്.

എടുത്തു ചാടരുത്, ചിന്തിക്കുക

ബിസിനസിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോഴേ എടുത്തുചാടി ഉടമസ്ഥരൂപം നിശ്ചയിക്കരുത്. നാമിപ്പോള്‍ ചര്‍ച്ച ചെയ്ത ഓരോ ഘടകങ്ങളും സൂക്ഷ്മമായി പഠിച്ചതിനു ശേഷം വേണം ഉടമസ്ഥരൂപം തീര്‍ച്ചപ്പെടുത്തുവാന്‍. ഈ രംഗത്തെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാം. സംരംഭകര്‍ ഉടമസ്ഥരൂപം തിരഞ്ഞെടുക്കുന്ന പ്രവൃത്തിക്ക് വളരെയധികം പ്രാധാന്യം നല്‍കുക. ഉത്തമമായ ഒരു രൂപം ബിസിനസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment