കണ്ടുപിടുത്തം (Invention) സുരക്ഷിതമാക്കുവാനൊരു മാര്‍ഗ്ഗം

മനുഷ്യബുദ്ധിയുടെ മനോഹരവും അസാമാന്യവുമായ നിര്‍മ്മിത പ്രക്രിയയാണ് കണ്ടുപിടുത്തങ്ങള്‍ (Inventions) എന്ന് നമുക്ക് വിവക്ഷിക്കാം. സര്‍ഗ്ഗാത്മകതയുടെ പാരമ്യതയിലാണ് അത് പൊട്ടിവിടരുന്നത്. ഓരോ കണ്ടുപിടുത്തവും മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന അര്‍പ്പണ മനോഭാവത്തിന്‍റെയും തപസ്യയുടെയും കഷ്ട്ടപാടിന്റെയും ഫലമാണ്. അതിന്‍റെ മൂല്യം അതുകൊണ്ടുതന്നെ അപരിമിതവുമാണ് (Unlimited).

ഇങ്ങനെ ബുദ്ധിമുട്ടി കണ്ടുപിടിച്ചത് ആരെങ്കിലും മോഷ്ട്ടിച്ച് അവരുടെ സ്വന്തമാക്കിയാലോ? തന്‍റെ ജീവിതം മാറ്റിമറിക്കേണ്ട അവസരം കൈവിട്ടു പോകുന്നത് കണ്ട് കരയുവാനേ ഉപജ്ഞാതാവിന് (Inventor) കഴിയൂ. ഇപ്പോഴുള്ള നമ്മുടെ ട്രെന്‍ഡ് ഒരു കണ്ടുപിടുത്തം നടത്തിയാല്‍ ആദ്യം അതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റ് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയാണ്. ഇതിന്‍റെ അപകടം തിരിച്ചറിയാത്തതു കൊണ്ട് ഈ വിഡ്ഢിത്തം പലരും തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്‍റെ ബുദ്ധിയില്‍ വിരിഞ്ഞ കണ്ടുപിടുത്തം നിയമപ്രകാരം സംരക്ഷിച്ചിട്ടു മാത്രമേ ഉപജ്ഞാതാവ് (Inventor) അതിനെക്കുറിച്ച് മറ്റാരോടെങ്കിലും വെളിപ്പെടുത്തുവാന്‍ പാടുള്ളൂ.

കണ്ടുപിടുത്തത്തിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കുക

തന്‍റെ ബൗദ്ധിക വ്യായാമത്തിന്‍റെ സ്വത്താണ് കണ്ടുപിടുത്തമെന്നും അത് അമൂല്യമാണെന്നും ഉപജ്ഞാതാവ് മനസിലാക്കണം. കണ്ടുപിടുത്തത്തിന്‍റെ രഹസ്യ സ്വഭാവം നഷ്ട്ടപ്പെട്ടാല്‍ പിന്നീടത്‌ സംരക്ഷിക്കുവാന്‍ ബുദ്ധിമുട്ടാകും. പ്രശസ്തനാകുക മാത്രമല്ല ഉപജ്ഞാതാവിന്‍റെ ലക്‌ഷ്യം മറിച്ച് തന്‍റെ കണ്ടുപിടുത്തത്തെ വ്യാവസായികമാക്കി ഉപയോഗപ്പെടുത്തി അതില്‍ നിന്നും വരുമാനം ഉത്പാദിപ്പിക്കുക എന്നത് കൂടിയാണ്. പ്രശസ്തിക്ക് വേണ്ടി കണ്ടുപിടുത്തം ആദ്യം പൊതുസമൂഹത്തോട് വിളിച്ചു പറയാന്‍ ധൃതി കൂട്ടുമ്പോള്‍ നഷ്ട്ടപ്പെടുന്നത് ജീവിതത്തിലെ അത്യപൂര്‍വ്വമായ ഒരു ബിസിനസ് അവസരമായിരിക്കും.

ഒരു കണ്ടുപിടുത്തം എങ്ങിനെയാണ് ബിസിനസ് അവസരമായി മാറുന്നത്. വ്യാവസായികമായി ഉപയോഗയോഗ്യതയുള്ള (Industrial Utility) ഒരു കണ്ടുപിടുത്തം താഴെ പറയുന്ന രീതികളില്‍ ഉപജ്ഞാതാവിന് വരുമാനം നേടിത്തരുന്നു.

  1. സ്വന്തമായി ഉത്പന്നം നിര്‍മ്മിച്ച്‌ വിപണിയിലിറക്കാം. ഇവിടെ ഉപജ്ഞാതാവ് ഒരു സംരംഭകനായി മാറുന്നു.
  2. സംരംഭകനാകുവാന്‍ താല്പ്പര്യമില്ലായെങ്കില്‍ മറ്റുള്ളവര്‍ക്ക് സാങ്കേതികവിദ്യ (Technology) വില്ക്കാം.
  3. സാങ്കേതികവിദ്യ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്കാം.

സ്വന്തമായി ഉത്പാദനം നടത്തുവാന്‍ താല്പര്യമില്ലെങ്കില്‍ കൂടി കണ്ടുപിടുത്തത്തില്‍ നിന്നും ഉപജ്ഞാതാവിന് വരുമാനം നേടാം. പെന്‍സിലിന്‍റെ ഒരഗ്രത്ത് റബ്ബര്‍ പിടിപ്പിച്ച് അതിനെ പുതിയൊരു രൂപത്തിലേക്ക് മാറ്റിയത് ഹൈമെന്‍ ലിപ്മാന്‍ എന്ന അമേരിക്കക്കാരനായിരുന്നു അദ്ദേഹം തന്‍റെ പേറ്റന്റ് ജോസഫ്‌ റെക്കന്‍ഡോര്‍ഫറിന് 1862-ല്‍ വിറ്റത് ഒരു ലക്ഷം ഡോളറിനായിരുന്നു ഇന്നത്തെ ഏകദേശം ഇരുപത് ലക്ഷം ഡോളര്‍. എത്ര ചെറിയ കണ്ടുപിടുത്തമായാലും അതിന്‍റെ മൂല്യം ശ്രദ്ധിക്കൂ. തന്‍റെ കണ്ടുപിടുത്തം സംരക്ഷിക്കേണ്ട ആത്യന്തിക ചുമതല ഉപജ്ഞാതാവിന് തന്നെയാണ്.

കണ്ടുപിടുത്തത്തെ സംരക്ഷിക്കാം

കണ്ടുപിടുത്തം ഒരു ബൗദ്ധിക സ്വത്താണ് (Intellectual Property) എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. മനുഷ്യബുദ്ധിയുടെ നിര്‍മ്മിതിയാണ്‌ കണ്ടുപിടുത്തം. ഇത് സംരക്ഷിക്കുവാന്‍ നിയമങ്ങളുണ്ട്. അതിനെ ബുദ്ധിപരമായി ഉപയോഗപ്പെടുത്താന്‍ ഉപജ്ഞാതാവിന് (Inventor) സാധിക്കണം. കണ്ടുപിടുത്തങ്ങള്‍ക്ക് ബൗദ്ധികസ്വത്തവകാശം (Intellectual Property Right) നേടാന്‍ ഉപജ്ഞാതാവിന് കഴിയും. ഒരു മൂര്‍ത്ത വസ്തുവിന്‍റെ (Tangible Property) അവകാശം നിയമപ്രകാരം നേടാന്‍ സാധിക്കുന്നതു പോലെതന്നെ തന്നെ അമൂര്‍ത്ത വസ്തുവായ (Intangible Property) കണ്ടുപിടുത്തത്തിന്‍റെ ഉടമസ്ഥാവകാശവും പേറ്റന്റ്‌ മുഖേന ഉപജ്ഞാതാവിന് നേടാം.

പേറ്റന്റ്‌ നേടാന്‍ കഴിയുന്ന കണ്ടുപിടുത്തങ്ങള്‍

ഏത് കണ്ടുപിടുത്തത്തിനും പേറ്റന്റ്‌ നേടുവാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. പേറ്റന്റ്‌ നേടണമെങ്കില്‍ താഴെ പറയുന്ന മൂന്ന് പ്രധാനപ്പെട്ട സ്വഭാവ സവിശേഷതകള്‍ (Characteristics) കണ്ടുപിടുത്തത്തിനുണ്ടായിരിക്കണം.

  1. പുതുമയുള്ളതാവണം (Novel)

കണ്ടുപിടുത്തം പുതുമയുള്ള ഒന്നാവണം.  നിലവില്‍ പേറ്റന്റ്‌ ഉള്ളവയും സാമാന്യമായി അറിയപ്പെടുന്നവയും അംഗീകരിക്കില്ല.

  1. സ്പഷട്ടമല്ലാത്തതാവണം (Non-Obvious)

ഏത് മേഖലയിലാണോ കണ്ടുപിടുത്തം അത് ആ മേഖലയിലെ ഒരു വിദഗ്ദ്ധന് വളരെയെളുപ്പം മനസിലാക്കിയെടുക്കുവാന്‍ കഴിയുന്ന ഒന്നാവാന്‍ പാടില്ല.

നിലവിലുള്ള രണ്ടു ഉത്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നാക്കിത്തീര്‍ക്കുന്നു എന്ന് കരുതുക. ഒരു ഫ്രിഡ്ജിനോടൊപ്പം ഒരു ബാസ്ക്കറ്റ് കൂട്ടിച്ചേര്‍ക്കുന്നു. ഈ കൂട്ടിച്ചേര്‍ക്കല്‍ രണ്ടിന്‍റെയും വളരെ വ്യത്യസ്തമായ ഉപയോഗത്തിലേക്ക് നയിക്കുന്നില്ലായെങ്കില്‍ പേറ്റന്റ്‌ ലഭ്യമാവുകയില്ല. ഹൈമെന്‍ ലിപ്മാന്‍ റബ്ബര്‍ കൂട്ടിച്ചേര്‍ത്ത പെന്‍സിലിന് ആദ്യം പേറ്റന്റ്‌ നേടി റെക്കന്‍ഡോര്‍ഫറിന് കൈമാറ്റം ചെയ്തെങ്കിലും പിന്നീട് ഈയൊരു കാഴ്ചപ്പാടില്‍ കോടതി ആ പേറ്റന്റ്‌ റദ്ദാക്കുകയുണ്ടായി.

  1. ഉപയോഗപ്രദമാവണം (Useful)

കണ്ടുപിടുത്തം ഉപയോഗപ്രദമായിരിക്കണം. പ്രായോഗികമായി നടപ്പില്‍ വരുത്തുവാന്‍ പറ്റാത്ത, എന്തിനാണോ കണ്ടുപിടുത്തം ഉപയോഗിക്കുക അതില്‍ ഫലം നല്കാന്‍ കഴിയാത്ത ഒന്നിന് പേറ്റന്റ്‌ ലഭ്യമാവുകയില്ല. കണ്ടുപിടുത്തത്തിന്‍റെ ഉപയോഗയോഗ്യത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഈ മൂന്ന് സവിശേഷതകളും ഒത്തുചേര്‍ന്ന ഒരു സംയുക്ത പദാര്‍ത്ഥമോ (Composition), ഉത്പാദന പ്രക്രിയയോ (Production Process), യന്ത്രമോ (Machinery), ഉപകരണമോ (Tool), നിലവിലുള്ള ഒരു കണ്ടുപിടുത്തത്തിന്‍റെ നവീകരണമോ (an upgrade to an existing invention) പേറ്റന്റ്‌ നേടാന്‍ സര്‍വ്വഥാ യോഗ്യമായവയാണ്.

പേറ്റന്റ്‌ കാലാവധി

ഇരുപത് വര്‍ഷത്തേക്കുള്ള അവകാശമാണ് ഉപജ്ഞാതാവിന് ലഭിക്കുക. ഈ കാലാവധിക്ക് ശേഷം അത് പൊതുസ്വത്തായി മാറും. പിന്നീട് ഇത് ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയും.

ആശയത്തിന് പേറ്റന്റ്‌ നേടുവാന്‍ കഴിയുമോ?

കണ്ടുപിടുത്തങ്ങളിലേക്കുള്ള ആദ്യ ചുവടാണ് ആശയങ്ങള്‍ (Ideas). ആശയം അവ്യക്തവും അസ്പഷ്ട്ടവും (Vague and Ambiguous) ആവരുത്. ആശയത്തിന് വ്യക്തതയുണ്ടാവണം കൂടാതെ അതിന്‍റെ പ്രവര്‍ത്തന ക്ഷമതയും (Functionality) ഉപയോഗയോഗ്യതയും (Utility) കൃത്യമായി നിര്‍വ്വചിക്കുവാന്‍ ഉപജ്ഞാതാവിന് കഴിയണം. ആശയം ആസ്തിയാക്കി (Asset) രൂപാന്തരപ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണെങ്കില്‍ തീര്‍ച്ചയായും അതിനെ സംരക്ഷിക്കുവാന്‍ സാധിക്കും.

പേറ്റന്റ്‌ നേടാന്‍ യോഗ്യമല്ലാത്ത കണ്ടുപിടുത്തങ്ങള്‍

ഇന്ത്യയില്‍ പേറ്റന്റ്‌ നേടാന്‍ യോഗ്യമല്ലാത്ത ചില കണ്ടുപിടുത്തങ്ങളുണ്ട്. അവയേതോക്കെയെന്ന് പരിശോധിക്കാം.

  1. സ്വാഭാവിക നിയമങ്ങള്‍ക്ക് (Natural Law) വിരുദ്ധമായവ

പൊതുധാര്‍മ്മികതക്കോ (Public Morale) പൊതുക്രമത്തിനോ (Public Order) വിരുദ്ധമായ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ്‌ നല്കുകയില്ല. ചൂതാട്ടം (Gambling) , കളവ് (Theft), സൈബര്‍ കുറ്റകൃത്യങ്ങള്‍ (Cyber Crimes) മറ്റ് ക്രിമിനല്‍ പ്രവര്‍ത്തികള്‍ (Criminal Activities) തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍, മനുഷ്യര്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, സസ്യങ്ങള്‍ക്കും, പരിതസ്ഥിതിക്കും ദോഷകരമായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ എന്നിവയ്ക്കും പേറ്റന്റ്‌ ലഭ്യമാവില്ല.

  1. വെറും കണ്ടെത്തലുകള്‍ (Mere Discovery)

പ്രകൃതിയിലുള്ള ഏതെങ്കിലും ജീവിയേയോ മറ്റ് അചേതന വസ്തുക്കളെയോ കണ്ടെത്തിയാല്‍ പേറ്റന്റ്‌ ലഭിക്കില്ല. അതുപോലെ തന്നെ ഒരു ശാസ്ത്രതത്വത്തിന്‍റെ കണ്ടെത്തലും പേറ്റന്റിന് യോഗ്യമല്ല. അതൊക്കെ ഇവിടെ തന്നെ നിലനിന്നിരുന്നതാണ്. കണ്ടെത്തിയത് വൈകി എന്നതേയുള്ളൂ.

  1. അറിയപ്പെടുന്നൊരു പദാര്‍ത്ഥത്തിന്‍റെ (Known Substance) പുതിയൊരു ഗുണം (New Property) കണ്ടെത്തുക

പ്രപഞ്ച സൃഷ്ട്ടിയിലുള്ള ഏതെങ്കിലും പദാര്‍ത്ഥങ്ങളുടെ പുതിയൊരു ഗുണമോ സവിശേഷതയോ കണ്ടെത്തുക എന്നത് പേറ്റന്റിന് യോഗ്യമല്ല.

  1. നിലവിലുള്ള വസ്തുക്കളുടെ ക്രമീകരണമോ (Arrangement) പുനര്‍ക്രമീകരണമോ (Rearrangement)

പല വസ്തുക്കള്‍, ഉപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍ എന്നിവ ക്രമീകരിക്കുകയോ പുനര്‍ക്രമീകരിക്കുകയോ ചെയ്തുകൊണ്ട് പുതിയൊരു വസ്തുവിന് രൂപം നല്കുക പേറ്റന്റ്‌ ലഭ്യമാകുവാന്‍ പോന്ന കണ്ടുപിടുത്തമാവില്ല. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ വസ്തുക്കളുടെ നിലവിലുള്ള ഉപയോഗത്തെക്കാള്‍ പൂര്‍ണ്ണമായും വ്യത്യസ്തമായ വേറൊരു ഉപയോഗമാണ് ഉടലെടുക്കുന്നതെങ്കില്‍ അത് പേറ്റന്റ്‌ നേടാന്‍ യോഗ്യമായ ഒന്നായി മാറാം.

  1. കൃഷിക്കുള്ള സാങ്കേതികപദ്ധതി (Techniques)

കൃഷിക്കായുള്ള സാങ്കേതിക പദ്ധതികള്‍ക്ക് പേറ്റന്റ്‌ നേടുവാന്‍ സാധിക്കുകയില്ല. കൃഷിക്ക് യോജിച്ച പുതിയൊരു മണ്ണ് കണ്ടുപിടിക്കുക, വിളകള്‍ നട്ടുവളര്‍ത്തുവാനുള്ള പ്രക്രിയ കണ്ടെത്തുക എന്നിവക്കൊന്നും പേറ്റന്റ്‌ ലഭ്യമാവുകയില്ല.

  1. ജീവജാലങ്ങള്‍ക്കുള്ള ചികിത്സാ രീതികള്‍ (Treatment Process)

മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഉള്ള രോഗങ്ങള്‍ക്കുള്ള ചികിത്സാ രീതികള്‍, വൈദ്യശാസ്ത്ര സംബന്ധമായ പ്രക്രിയകള്‍ എന്നിവയ്ക്ക് പേറ്റന്റ്‌ ലഭ്യമല്ല. ഉദാഹരണമായി ഹൃദയ ശസ്ത്രക്രിയാ പ്രക്രിയക്ക് പേറ്റന്റ്‌ ലഭിക്കുകയില്ല.

  1. സ്പിഷീസ്, വിത്തുകള്‍

ജീവജാലങ്ങളുടെ  സ്പിഷീസ്, സസ്യങ്ങളുടെ വിത്തുകള്‍ എന്നിവക്ക് പേറ്റന്റ്‌ ലഭിക്കുകയില്ല.

  1. ഗണിതശാസ്ത്രരീതികള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍

ഗണിതശാസ്ത്ര പ്രക്രിയ, അല്‍ഗോരിതം, കമ്പ്യൂട്ടര്‍ പ്രോഗ്രാം, ബിസിനസ്‌ പ്രക്രിയകള്‍ എന്നിവ കണ്ടുപിടുത്തങ്ങളായി പരിഗണിക്കുന്നതല്ല.

  1. ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങള്‍

കണ്ടുപിടുത്തങ്ങള്‍ ആണവോര്‍ജ്ജ മേഖലയിലാണെങ്കില്‍ പേറ്റന്റ്‌ ലഭിക്കുകയില്ല.

  1. പരമ്പരാഗത അറിവുകള്‍ (Traditional Knowledge)

പരമ്പരാഗത അറിവുകള്‍ പേറ്റന്റ്‌ ചെയ്യാന്‍ സാധിക്കുന്നതല്ല. എന്നാല്‍ അവ ഉപയോഗപ്പെടുത്തി തികച്ചും പുതുമയുള്ള ഉപയോഗയോഗ്യമായ കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണെങ്കില്‍ അവ പേറ്റന്റ്‌ ചെയ്യുവാന്‍ സാധിക്കും.

പ്രോട്ടോടൈപ്പ് നിര്ബന്ധമില്ല

പേറ്റന്റ്‌ നേടാനായി കണ്ടുപിടിത്തത്തിന്‍റെ പ്രവര്‍ത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് ആവശ്യമില്ല. പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുവാന്‍ സമയം ചിലവഴിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ പേറ്റന്റ്‌ അപേക്ഷ താമസിപ്പിക്കും.

പേറ്റന്ടിന് അപേക്ഷിക്കുമ്പോള്‍

പേറ്റന്ടിനായി അപേക്ഷ സമര്‍പ്പിക്കുക എന്നത് നല്ല തയ്യാറെടുപ്പ് ആവശ്യമുള്ള പ്രക്രിയയാണ്. പേറ്റന്റ്‌ ഡോക്യുമെന്റുകള്‍ സൂക്ഷ്മതയോടെ തയ്യറാക്കിയില്ലെങ്കില്‍ പേറ്റന്റ്‌ ലഭ്യമാകുന്നതില്‍ ബുദ്ധിമുട്ട് നേരിടും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ നല്ല അനുഭവസമ്പത്തുള്ള പ്രൊഫഷണലുകളെ തന്നെ ഈ ഉത്തരവാദിത്വം എല്പ്പിക്കണം.

പേറ്റന്റ്‌ ലഭ്യമാകുവാനെടുക്കുന്ന സമയം

ഒന്ന് മുതല്‍ മൂന്ന് വര്‍ഷങ്ങള്‍ വരെ സാധാരണ എടുക്കാം.

ഉപജ്ഞാതാവ് (Inventor) ശ്രദ്ധിക്കേണ്ടത്

കണ്ടുപിടുത്തം നടത്തിയാലുടനെ അത് മാധ്യമങ്ങളിലൂടെ ആദ്യം ഘോഷിക്കുകയല്ല ഉപജ്ഞാതാവ് ആദ്യം ചെയ്യേണ്ടത്. തന്‍റെ കണ്ടുപിടുത്തം രഹസ്യമാക്കി വെക്കുകയും അതിന് എത്രയും വേഗം പേറ്റന്റ്‌ അപേക്ഷ സമര്‍പ്പിക്കുവാനുമാണ് അടിയന്തിര പ്രാധാന്യം നല്‍കേണ്ടത്. പേറ്റന്റ്‌ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം ഇത് വെളിപ്പെടുത്തുന്നതാവും സുരക്ഷിതം.

  • കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും റെക്കോര്‍ഡ്‌ ചെയ്യുക.
  • വളരെ വിശദമായ ഇനം തിരിച്ചുള്ള വിവരണം (Detailed Specification) തയ്യാറാക്കുക.
  • ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുകയോ കൈമാറുകയോ ചെയ്യരുത്. പേറ്റന്റ്‌ അപേക്ഷ ഫയല്‍ ചെയ്തു കഴിയും വരെ കണ്ടുപിടുത്തം അതീവ രഹസ്യമാക്കി സൂക്ഷിക്കുവാന്‍ സാധിക്കണം.
  • കണ്ടുപിടുത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കുക.
  • ഒരു പേറ്റന്റ്‌ പ്രൊഫഷണലിന്‍റെ സഹായം ഉറപ്പുവരുത്തുക. പേറ്റന്റ്‌ അപേക്ഷ എത്രയും വേഗം സമര്‍പ്പിക്കുവാന്‍ ശ്രമിക്കുക.
  • പേറ്റന്റ്‌ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ബിസിനസിനെ അടുത്തതലത്തിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവര്‍ത്തനവുമായി ഉപജ്ഞാതാവിന് ധൈര്യമായി മുന്നോട്ടു പോകാം.

 

 

Leave a comment