മനസില്‍ പടര്‍ന്ന ഭൂപടം

ബാംഗ്ലൂരില്‍ ചിലവഴിച്ച ഓരോ ദിനവും പുതിയ അനുഭവങ്ങള്‍ രാഹുലിന് സമ്മാനിച്ചു കൊണ്ടിരുന്നു. പീന്യ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പല കമ്പനികളേയും അവയുടെ പ്രവര്‍ത്തനങ്ങളേയും അടുത്ത് കാണുവാനുള്ള അവസരം രാഹുലിന് ലഭിച്ചു. മനസില്‍ വേരുറച്ചു പോയ പല ധാരണകളേയും ഈ അനുഭവം തിരുത്തിയെഴുതി. വിഭിന്നങ്ങളായ കാഴ്ചപ്പാടുകളുള്ള, വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള സംരംഭകരെ രാഹുല്‍ അവിടെ കണ്ടുമുട്ടി. അവരുടെ കാഴ്ചപ്പാടുകള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും അനുസൃതമായി സംരംഭങ്ങളും വ്യത്യസ്തങ്ങളായ സംസ്കാരം പേറിയിരുന്നതായി അവന്‍ തിരിച്ചറിഞ്ഞു.

മനുവിന്‍റെ പപ്പയുടെ കമ്പനിയില്‍ രാഹുലിനെ അത്ഭുതപ്പെടുത്തിയത് അതിന്‍റെ പ്രവര്‍ത്തനങ്ങളിലെ അടുക്കും ചിട്ടയുമായിരുന്നു. ഒരു സിനിമയുടെ തിരക്കഥ പോലെ മുന്‍പേ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് ചലിക്കുന്ന ഒന്നായി രാഹുല്‍ അതിനെ കണ്ടു. ഓരോ ഡിപ്പാര്‍ട്ട്‌മെന്‍റും അവരവരുടെ കടമ ഭംഗിയായി നിറവേറ്റുന്നു. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. അത് കൃത്യസമയത്ത് കസ്റ്റമേഴ്സിന് എത്തിച്ചു കൊടുക്കുന്നു. അനാവശ്യമായ ബഹളങ്ങളില്ല, പ്രശ്നങ്ങളില്ല. യാതൊരു തടസവും കൂടാതെ ഒഴുകുന്ന നദി പോലെ ബിസിനസ് ഒഴുകുന്നു.

ഒരു ദിവസം കൊണ്ടല്ല മനുവിന്‍റെ പപ്പ ഇത് കെട്ടിപ്പടുത്തത് എന്ന് രാഹുല്‍ ഓര്‍ത്തു. ഒരു ജീവിത കാലയളവ്‌ തന്നെ അദ്ദേഹം അതിനായി വിനിയോഗിച്ചു. സംരംഭകന്‍റെ ജീവിതം ഒരു സന്യാസിയുടെ തപസ്സ് പോലെയാണ്. ശ്രദ്ധ തെറ്റിയാല്‍ ബിസിനസ് താളം തെറ്റും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനസ്സും സംരംഭകന്‍ ഒരുക്കേണ്ടതുണ്ട്. താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ഒരു തീവണ്ടി കടന്നുപോകും പോലെ രാഹുലിന്‍റെ മനസിലൂടെ കടന്നുപോയി.

സോഫ്റ്റ്‌വെയര്‍ പ്രശ്നം ഏകദേശം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാം. മടക്കത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് രാഹുല്‍ മനുവിന്‍റെ ക്യാബിനിലേക്ക് കടന്നു ചെന്നു.

മനു ലാപ്ടോപ്പില്‍ നിന്നും കണ്ണുകളുയര്‍ത്തി രാഹുലിനെ നോക്കി. രാഹുല്‍ മനുവിന് മുന്നിലെ കസേരയിലേക്ക് ചാഞ്ഞു.

“എന്താണ് പരിപാടി?” മനു ചോദിച്ചു.

“ഞാന്‍ ഫാക്ടറിയിലൊക്കെ ചുറ്റി നടക്കുകയായിരുന്നു. മറ്റ് പല ഫാക്ടറികള്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാനിവിടെ കണ്ടു. എത്ര സുഗമമായിട്ടാണ് ഇവിടുത്തെ ജോലികള്‍ നടക്കുന്നത്. യാതൊരു സങ്കീര്‍ണ്ണതയും ആശയക്കുഴപ്പങ്ങളും ഇല്ലാതെ എങ്ങിനെയാണ് ഇത് സാധ്യമാകുന്നത്? ഇത്ര വലിയൊരു ഫാക്ടറി അത്തരത്തില്‍ പ്രവര്‍ത്തനം നടത്തുക ലളിതമായ ഒരു കാര്യമല്ല. പപ്പ എന്ത് മാജിക്കാണ് ഇവിടെ കാണിക്കുന്നത്?”

മനു ചിരിച്ചു “ഇത് മാജിക്കൊന്നുമല്ല. ബിസിനസില്‍ നാം നടപ്പിലാക്കേണ്ട, പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അത് കൃത്യമായി പാലിച്ചാല്‍ മതി.”

രാഹുല്‍ മനസിലാവാത്ത പോലെ മനുവിനെ നോക്കി.

“നീ വരൂ” മനു പുറത്തേക്ക് നടന്നു.

ഫാക്ടറിയില്‍ ജീവനക്കാരോട് സംസാരിച്ചു കൊണ്ടു നിന്ന ഒരാളുടെ അടുത്തേക്ക്‌ മനു നടന്നു. രാഹുല്‍ മനുവിനെ പിന്തുടര്‍ന്നു.

“രമേഷ്” മനു അയാളെ വിളിച്ചു. “ഇതാണ് രമേഷ്, ഈ ഫാക്ടറിയുടെ പ്രൊഡക്ഷന്‍ മാനേജര്‍” മനു രമേഷിനെ രാഹുലിന് പരിചയപ്പെടുത്തി. രമേഷ് രാഹുലിനെ അഭിവാദ്യം ചെയ്തു.

“നമ്മുടെ ഈ മാസത്തെ പ്രൊഡക്ഷന്‍ പ്ലാന്‍ രാഹുലിനൊന്ന് കാണിച്ചു കൊടുക്കൂ.” മനു രമേഷിനോട് പറഞ്ഞു.

രമേഷ് തന്‍റെ ക്യാബിനിലേക്ക്‌ പോയി പ്രൊഡക്ഷന്‍ പ്ലാനുമായി മടങ്ങി വന്നു. അത് മനുവിന് കൈമാറി.

“ഈ മാസം ഫാക്ടറിയില്‍ നിര്‍മ്മിക്കേണ്ട ഉത്പന്നങ്ങളും ഏതൊക്കെ ദിവസങ്ങളില്‍ എങ്ങനെയാണ് അവ നിര്‍മ്മിക്കേണ്ടതെന്നുമുള്ള വിശദമായ ഒരു രൂപരേഖയാണ് ഇത്. ഓര്‍ഡര്‍ അനുസരിച്ച് നിര്‍മ്മിക്കേണ്ട ഉത്പന്നങ്ങളുടെ വിവരങ്ങള്‍ തയ്യാറാക്കും. കൃത്യ സമയത്ത് അത് ഡെലിവറി ചെയ്യാന്‍ സാധ്യമാകുന്ന രീതിയില്‍ പ്ലാന്‍ രൂപീകരിക്കും. ഈ പ്ലാനിന്‍റെ ചുവടുപിടിച്ചാണ് ഫാക്ടറിയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓരോ ദിവസവും എന്താണ് നിര്‍മ്മിക്കേണ്ടത് എന്നും അതിനായി എന്തൊക്കെയാണ് ആവശ്യമെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നു.”

“ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ഏതൊക്കെ അസംസ്കൃത വസ്തുക്കള്‍ വേണമെന്നും ഏത് അളവില്‍ വേണമെന്നും തീരുമാനിക്കുന്നു. പ്ലാനിനനുസരിച്ച് ഉത്‌പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കുന്നു. ആവശ്യത്തിനുള്ള സ്റ്റോക്ക്‌ ഇല്ലായെങ്കില്‍ അവ ലഭ്യമാക്കുന്ന നടപടികള്‍ എടുക്കുന്നു. ഇതെല്ലാം മുന്‍കൂട്ടി തീരുമാനിക്കുന്നത് കൊണ്ട് ഉത്പാദനം സുഗമമായി നടക്കുകയും ഉത്പന്നങ്ങള്‍ കൃത്യമായി എത്തിച്ചു നല്കാന്‍ സാധിക്കുകയും ചെയ്യുന്നു.”

രാഹുല്‍ തലയാട്ടി. മനു തുടര്‍ന്നു.

“അതായത് ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങളുടെ ശക്തി പ്ലാനിംഗാണ്. നല്ലൊരു പ്ലാന്‍ ആശയക്കുഴപ്പങ്ങളെ തുടച്ചു നീക്കും. ഓരോ മാസവും അതിലെ ഓരോ ആഴ്ചയിലെ ഓരോ ദിവസവും എന്താണ് നിര്‍മ്മിക്കുവാന്‍ പോകുന്നത് എന്നത് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിലാണ് അസംസ്കൃത വസ്തുക്കളും, മനുഷ്യ വിഭവശേഷിയും, മെഷീന്‍ ടൈമും ഒക്കെ അലോട്ട് ചെയ്യപ്പെടുന്നത്. ഇതൊരു വലിയ പ്രക്രിയയാണ്. ഈ പ്രക്രിയയിലെ ഓരോ പ്രവൃത്തിയും സൂക്ഷ്മമായി പ്ലാന്‍ ചെയ്യുന്നു. അവ ഓരോന്നും കൃത്യമായി നടപ്പിലാക്കപ്പെടുമ്പോള്‍ ബൃഹത്തായൊരു പ്രക്രിയ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.”

പപ്പയുടെ ഒപ്പം നിന്ന അനുഭവസമ്പത്ത് മനുവിനെ മികച്ചൊരു സംരംഭകനാക്കി തീര്‍ത്തിരിക്കുന്നു. രാഹുലിന് ഇതൊക്കെ പുതിയ അറിവുകളും അനുഭവങ്ങളുമായിരുന്നു. രാഹുല്‍ സാകൂതം മനുവിന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

“ബിസിനസില്‍ സങ്കീര്‍ണ്ണത ഉടലെടുപ്പിക്കുവാന്‍ എളുപ്പമാണ്. ബിസിനസില്‍ ഉടലെടുക്കുന്ന ഓരോ പ്രശ്നവും സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ഒന്നുകില്‍ പണം അല്ലെങ്കില്‍ സമയം അതിനായി ചിലവഴിക്കേണ്ടി വരും. രണ്ടും ബിസിനസിന് സാമ്പത്തികമായി നഷ്ടമാണ്. അതിനാല്‍ പ്ലാനിംഗിനായി ചെലവഴിക്കുന്ന സമയം ഒരു നഷ്ടമായി ബിസിനസുകാരന്‍ ഒരിക്കലും കണക്കുകൂട്ടേണ്ടതില്ല. സിസ്റ്റം അഥവാ വ്യവസ്ഥിതിയുടെ ഒരു സംസ്കാരം ബിസിനസില്‍ ഇണക്കിച്ചേര്‍ക്കുവാന്‍ ബിസിനസുകാരന് സാധിക്കണം. യഥാര്‍ത്ഥത്തില്‍ ബിസിനസിന്‍റെ അടിത്തറ വ്യവസ്ഥിതിയാണ്.”

മനു ഒന്ന് നിര്‍ത്തി.

“എങ്ങിനെയാണ് വ്യവസ്ഥിതി ബിസിനസിലേക്ക് ഉള്‍ക്കൊള്ളിക്കുക?” രാഹുല്‍ സംശയം ഉന്നയിച്ചു.

“ബിസിനസിലെ പ്രക്രിയകളും പ്രവൃത്തികളും പഠിക്കുകയും രേഖപ്പെടുത്തുകയും വേണം. അതില്‍ ഓരോ വ്യക്തികളുടേയും റോളുകള്‍ നിശ്ചയിക്കണം. ഉദാഹരണമായി വാങ്ങല്‍ പ്രക്രിയ എടുത്താല്‍ അസംസ്കൃത വസ്തുവിന്‍റെ ആവശ്യകത നിര്‍ണ്ണയിക്കുന്നത് മുതല്‍ അത് വാങ്ങി അതിന്‍റെ ഗുണമേന്മ പരിശോധിച്ച് സ്റ്റോറില്‍ സ്റ്റോക്ക്‌ ചെയ്യുന്നത് വരെയുള്ള ഓരോ ഘട്ടത്തിലേയും പ്രവൃത്തികള്‍ മുന്‍കൂട്ടി തയ്യാറാക്കണം. ഓരോ പ്രവൃത്തിയും ചെയ്യേണ്ടതാരെന്നും അവരുടെ ഉത്തരവാദിത്തം എന്തെന്നും അതില്‍ നിന്ന് എന്ത് ഫലം പ്രതീക്ഷിക്കുന്നു എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നു. ഓരോ വ്യക്തിയും തന്നിലര്‍പ്പിതമായ ജോലികള്‍ കൃത്യമായി, സമയബന്ധിതമായി ചെയ്യുമ്പോള്‍ വാങ്ങല്‍ പ്രക്രിയ വിജയകരമായി നടപ്പിലാകുന്നു.”

“പക്ഷേ അത്തരമൊരു വ്യവസ്ഥിതി ബിസിനസില്‍ കൊണ്ട് വരുന്നത് അത്ര എളുപ്പമാണോ? അതിന് ധാരാളം സമയം ആവശ്യമായി വരികയില്ലേ?” രാഹുല്‍ നെറ്റിചുളിച്ചു.

“ബിസിനസ് തുടങ്ങുന്ന ഒരാള്‍ക്ക്‌ ഇതിനായി തുടക്കം മുതല്‍ തന്നെ ശ്രമിക്കാം. ബിസിനസ് ദീര്‍ഘകാലം നിലനില്ക്കേണ്ട ഒന്നാണെന്ന കാഴ്ച്ചപ്പാടുള്ള ഒരു സംരംഭകന്‍ വ്യവസ്ഥിതിയെ തന്‍റെ ബിസിനസിന്‍റെ സംസ്കാരമാക്കുവാന്‍ പരിശ്രമിക്കും. ഇതിനായെടുക്കുന്ന പ്രയത്നം ഒരിക്കലും വൃഥാവിലാകുകയില്ല. നടന്നു കൊണ്ടിരിക്കുന്ന ഒരു ബിസിനസില്‍ അത്തരമൊരു സംസ്കാരം കൊണ്ടുവരുന്നതിന് കുറച്ചധികം സമയമെടുത്തേക്കാം. എങ്കിലും അത് സാധ്യമാണ്.”

രാഹുല്‍ മെല്ലെ തലയാട്ടി.

“ബിസിനസില്‍ പണത്തിന്‍റെ, സമയത്തിന്‍റെ, പ്രയത്നത്തിന്‍റെ പാഴ്ച്ചെലവ് ഇല്ലാതെയാക്കുവാന്‍ നല്ലൊരു സിസ്റ്റത്തിന് സാധിക്കും. ബിസിനസ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നും അതിന്‍റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും തങ്ങള്‍ അതിനായി എന്ത് ചെയ്യണം എന്നുമൊക്കെ ഓരോ ജീവനക്കാരും മനസിലാക്കും. പ്രവൃത്തികള്‍ അതിനനുസരിച്ച് ചിട്ടപ്പെടുത്തപ്പെടും. പാഴാവുന്ന സമയത്തിന്‍റെ വില അവര്‍ തിരിച്ചറിയും. തെറ്റുകള്‍ എവിടെ, എങ്ങിനെ സംഭവിച്ചു എന്നത് കണ്ടെത്തുവാനും അവലോകനം ചെയ്യുവാനും സാധിക്കും. നിരന്തരം സ്വയം മെച്ചപ്പെടുത്തുന്ന ഒരു വ്യക്തിയെപ്പോലെ ബിസിനസ് രൂപാന്തരപ്പെടും. പല ഭാഗങ്ങളില്‍, പല പ്രക്രിയകളില്‍, പല പ്രവൃത്തികളില്‍ ഇങ്ങിനെ നിരന്തരം സംഭവിക്കുന്ന മെച്ചപ്പെടുത്തല്‍ ബിസിനസിന്‍റെ സമൂലമായ പരിവര്‍ത്തനത്തിന് കാരണമാകും.”

“ഞങ്ങളുടെ ബിസിനസില്‍ ഇത്തരമൊരു സിസ്റ്റം കൊണ്ടുവരാന്‍ പപ്പ തുടക്കം മുതല്‍ക്കേ ശ്രദ്ധിച്ചിരുന്നു. പപ്പയുടെ വിജയത്തിന്‍റെ മറ്റൊരു പ്രധാന കാരണം ചോദിച്ചാല്‍ ഞാനിതായിരിക്കും ചൂണ്ടിക്കാട്ടുക. റോഡിലൂടെ നടന്നു പോകുമ്പോള്‍ സീബ്ര ലൈന്‍ കാണുമ്പോള്‍ നമുക്ക് തിരിച്ചറിയാം അത് റോഡ്‌ ക്രോസ് ചെയ്യുന്നവര്‍ക്കുള്ള അടയാളമാണെന്ന്. ഇത്തരം അടയാളങ്ങള്‍ ബിസിനസില്‍ വരച്ചു ചേര്‍ക്കാന്‍ വ്യവസ്ഥിതിക്ക് സാധിക്കും. സിസ്റ്റം ഇല്ലാത്ത ബിസിനസുകളും നടന്നു പോകും. എന്നാല്‍ സിസ്റ്റമുള്ള ബിസിനസുകള്‍ തലമുറകളായി നിലനില്ക്കുകയും വളരുകയും മാതൃകയാകുകയും ചെയ്യും. സംരംഭകന്‍റെ തത്വശാസ്ത്രം ഇവിടെ വളരെ പ്രസക്തമാണ്.”

താനൊരു സംരംഭകനാകുമ്പോള്‍ ഇത്തരമൊരു തത്വശാസ്ത്രമാവണം തന്നെ നയിക്കേണ്ടത് രാഹുല്‍ ചിന്തിച്ചു. രമേശ്‌ കാണിച്ച പ്ലാന്‍ വലിയൊരു ഭൂപടം പോലെ രാഹുലിന്‍റെ മനസ്സില്‍ പടര്‍ന്നു കിടന്നു. അതിലൂടെ അയാള്‍ മെല്ലെ സഞ്ചരിച്ചു തുടങ്ങി.

Leave a comment