അതിസൂക്ഷ്മ സംരംഭങ്ങള്‍ (Nano Enterprises) വിജയിപ്പിക്കുവാനൊരു മാര്‍ഗ്ഗരേഖ

ആശ വീട്ടമ്മയാണ്. ഭര്‍ത്താവ് സുരേഷ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുമുണ്ട്. വീട്ടിലെ ജോലികള്‍ കഴിഞ്ഞ് ധാരാളം സമയം ബാക്കി. എന്തുകൊണ്ട് ചെറിയൊരു സംരംഭം ആരംഭിച്ചു കൂടാ? എന്നവര്‍ ചിന്തിച്ചു. കുറെയേറെ തിരച്ചിലിനും ചര്‍ച്ചകള്‍ക്കും ശേഷം ഒരു പലഹാര നിര്‍മ്മാണ യൂണിറ്റ് തുടങ്ങാം എന്ന് നിശ്ചയിച്ചു. ആശക്കാണെങ്കില്‍ നല്ല കൈപ്പുണ്യവുമുണ്ട്. എന്ത് ഭക്ഷണം പാചകം ചെയ്താലും അത് വളരെ രുചികരമായതായിരിക്കും. അതുകൊണ്ട് തന്നെ താല്‍പ്പര്യമുള്ള ആ വഴി തിരഞ്ഞെടുക്കാം എന്നവര്‍ നിശ്ചയിച്ചു.

എന്നാല്‍ പെട്ടെന്ന് ബിസിനസിലേക്ക് എടുത്തുചാടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. കുറേക്കാലം കൊണ്ട് സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യത്തില്‍ നിന്നും വേണം തുടങ്ങാന്‍. രണ്ട് പേര്‍ക്കും ബിസിനസില്‍ യാതൊരു മുന്‍പരിചയവുമില്ല. പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ആശക്ക്‌ ചിലപ്പോള്‍ എളുപ്പമായിരിക്കാം. എന്നാല്‍ അത് വില്‍ക്കുകയും ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക അത്ര ലളിതമായ കാര്യമായി അവര്‍ക്ക് തോന്നിയില്ല. ഇനി എന്ത് ചെയ്യണം? എന്ന ചോദ്യവുമായാണവര്‍ എന്നെ സമീപിക്കുന്നത്.

ആശയും സുരേഷും എന്‍റെ മുന്നിലിരുന്ന് അവരുടെ മനസിലെ ആശയങ്ങള്‍ പങ്കുവെച്ചു. കുടുംബത്തില്‍ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടി തുറക്കുക എന്നതാണ് പ്രധാന ഉദ്ദേശം. ആശയുടെ സമയവും നിപുണതയും അഭിരുചിയും ഉപയോഗപ്പെടുത്താം. ബിസിനസ് വളരുന്ന സന്ദര്‍ഭത്തില്‍ സുരേഷിനും അതിലേക്ക് കൂട്ടുചേരാം. ഇതൊക്കെയാണ് അവരുടെ ഭാവി പരിപാടികള്‍. വീട്ടിലൊരു പലഹാര നിര്‍മ്മാണ യൂണിറ്റ് തുടങ്ങണമെന്ന ആഗ്രഹം പങ്ക് വെച്ച് അവര്‍ ചോദിച്ചു.

“ഞങ്ങള്‍ എവിടെ നിന്ന് തുടങ്ങണം?”

“ആദ്യം ഒരു നോട്ട്ബുക്കും പേനയും വാങ്ങിക്കൂ.” ഞാന്‍ പറഞ്ഞു.

അവര്‍ അത്ഭുതത്തോടെ എന്നെ നോക്കി.

  1. വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങുക

ബിസിനസിനെ സംബന്ധിക്കുന്ന ഓരോ അറിവും വിലപ്പെട്ടതാണ്‌. ഇവയെ ക്രോഡീകരിച്ച് സൂക്ഷിക്കുക അത്യാവശ്യമായ കാര്യമാണ്. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ ആവശ്യസമയങ്ങളില്‍ ഇത് ഓര്‍ത്തെടുക്കുവാന്‍ പലപ്പോഴും നിങ്ങള്‍ക്ക് കഴിയുകയുമില്ല. വിവരങ്ങള്‍ ലഭ്യമാകുക വിവിധ സമയങ്ങളിലും ഘട്ടങ്ങളിലുമായാണ്. ഇത് കൃത്യമായി എഴുതി സൂക്ഷിച്ചാല്‍ മാത്രമേ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാന്‍ ഉതകുകയുള്ളൂ. ഒരു നോട്ട്ബുക്കും പേനയും സംരംഭകന്‍റെ സന്തത സഹചാരി ആവണം.

ആശയും സുരേഷും ഒരു നോട്ട്ബുക്കും പേനയും വാങ്ങുകയാണ് ആദ്യം ചെയ്തത്..

  1. വിപണിയെ പഠിക്കുക

അടുത്തതായി വിപണിയെ പഠിക്കുക എന്നതാണ് ലക്‌ഷ്യം. ഉല്‍പ്പന്നം നിര്‍മ്മിച്ച്‌ വിപണിയിലേക്കിറക്കിയാല്‍ ചൂടപ്പം പോലെ അത് വിറ്റ് പോകും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ വിപണിയുടെ സ്വഭാവം വളരെ വ്യത്യസ്തമാണ്. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നം വിപണിക്ക് ആവശ്യമുണ്ടോ എന്ന് ആദ്യം മനസിലാക്കണം. വിപണിയെ ആഴത്തില്‍ പഠിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണം.

  1. ഏതാണ് നിങ്ങളുടെ വിപണി?
  2. ആരാണ് ഉപഭോക്താക്കള്‍?
  3. ആരാണ് എതിരാളികള്‍?
  4. എന്തൊക്കെയാണ് അവരുടെ ഉല്‍പ്പന്നങ്ങള്‍?
  5. അവരുടെ വിപണന തന്ത്രങ്ങള്‍ എന്തൊക്കെ?
  6. അവരുടെ ഉല്‍പ്പന്നങ്ങളുടെ വില, അവര്‍ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന മാര്‍ജിന്‍, അവരുടെ പാക്കിംഗ്, അവരുടെ ഡെലിവറി ചാനല്‍.
  7. എവിടെയൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്?
  8. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ മേന്മ (Quality).
  9. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ (Expectations).
  10. വിപണനവും വിതരണനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍.

നിങ്ങള്‍ വിപണനം നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തെ കടകള്‍, ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്‍റുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുക. അതിന്‍റെ ഉടമസ്ഥരോടും തൊഴിലാളികളോടും സംസാരിക്കുക. ലഭിക്കുന്ന വിവരങ്ങള്‍ നോട്ട്ബുക്കില്‍ വിശദമായി രേഖപ്പെടുത്തുക.

ആശയും സുരേഷും വിശദമായ ഒരു മാര്‍ക്കറ്റ് പഠനം നടത്തി.

  1. ഉല്‍പ്പന്നങ്ങള്‍ നിശ്ചയിക്കുക

 

വിപണിയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചു കഴിഞ്ഞു. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്നും ഏതൊക്കെ ഇനിയും ആവശ്യമുണ്ടെന്നും ഇപ്പോള്‍ മനസിലായിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയും, വിപണനവും, വിതരണവുമൊക്കെ സംബന്ധിച്ച് നല്ലൊരു ധാരണ ഉടലെടുത്തിരിക്കുന്നു. ഉപഭോക്താക്കള്‍ക്കിഷ്ടപ്പെടുന്ന, വില്‍പന സാധ്യതയുള്ള ഉല്‍പ്പന്നങ്ങളെ തിരഞ്ഞെടുക്കാനുള്ള ഡാറ്റ നിങ്ങള്‍ ശേഖരിച്ചിരിക്കുന്നു.

വിപണി പഠനം കഴിഞ്ഞ് ആശയും സുരേഷും തങ്ങളുടെ നോട്ട്ബുക്കില്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി.

  1. ബിസിനസിന്‍റെ ഉള്ളുകള്ളികള്‍

തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇനി ശേഖരിക്കേണ്ടത്. ഇതിനായി പുസ്തകങ്ങള്‍, വെബ്സൈറ്റുകള്‍, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയകള്‍, ഉല്‍പ്പാദന രംഗത്തെ വിദഗ്ദ്ധരുടെ സഹായം, പഠന ക്ലാസുകള്‍ എന്നിവ ഉപയോഗിക്കാം. ചെയ്യാന്‍ പോകുന്ന ബിസിനസിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ പഠിക്കുകയായിരിക്കണം ലക്‌ഷ്യം. പഠിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി മുന്നോട്ട് പോകണം.

ഉല്‍പ്പന്നങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞ് നടത്തുന്ന ഈ പഠനം വളരെ കേന്ദ്രീകൃതമായ ഒരു ഗവേഷണം പോലെയാണ്. കൃത്യമായ, വ്യക്തതയുള്ള ഒരു ലക്‌ഷ്യം ഇവിടെയുണ്ട്. ആശയും സുരേഷും അത്തരമൊരു പഠനം നടത്തുകയാണ് അടുത്തതായി ചെയ്തത്.

  1. സമാന ബിസിനസുകളുടെ സന്ദര്‍ശനം

ബിസിനസിനായി തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളോ സമാന ഉല്‍പ്പന്നങ്ങളോ നിര്‍മ്മിക്കുന്ന ഉല്‍പ്പാദന യൂണിറ്റുകളുടെ സന്ദര്‍ശനം ഒഴിവാക്കുവാന്‍ കഴിയാത്ത പ്രവൃത്തിയാണ്‌. അത്തരം നിര്‍മ്മാണ യൂണിറ്റുകള്‍ സന്ദര്‍ശിക്കുകയും അതിന്‍റെ ഉടമസ്ഥരുമായി സംസാരിക്കുകയും ചെയ്ത് പരമാവധി കാര്യങ്ങള്‍ മനസിലാക്കുവാന്‍ ശ്രമിക്കുക. ഭാവിയില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ മനസിലാക്കുവാനും തെറ്റുകള്‍ ഒഴിവാക്കുവാനും സംരംഭകനെ പ്രാപ്തനാക്കുവാന്‍ ഈ സന്ദര്‍ശനത്തിന് സാധിക്കും.

വളരെ പരിശ്രമിച്ചതിന് ശേഷം രണ്ടോ മൂന്നോ യൂണിറ്റുകള്‍ ആശയും സുരേഷും നേരിട്ട് സന്ദര്‍ശിച്ചു. ഇത് തങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന ബിസിനസിനെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്താന്‍ അവരെ സഹായിക്കുകയുണ്ടായി.

  1. ഉല്‍പ്പാദനത്തില്‍ പരിശീലനം നേടുക

ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നേടുകയാണ്‌ അടുത്ത ലക്‌ഷ്യം. ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ എനിക്കറിയാം പ്രത്യേക പരിശീലനമൊന്നും എനിക്കിതിനായി ആവശ്യമില്ല എന്നാണ് കാഴ്ച്ചപ്പാടെങ്കില്‍ അത് തിരുത്തണം. വരാന്‍ സാധ്യതയുള്ള നിരവധി തെറ്റുകള്‍ ഒഴിവാക്കുവാന്‍ പരിശീലനം നിങ്ങളെ സഹായിക്കും. യന്ത്രങ്ങളുടെ പ്രവര്‍ത്തനം, അസംസ്കൃത വസ്തുക്കളുടെ തിരഞ്ഞെടുക്കല്‍, അവയുടെ മിശ്രണം, രുചി വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, വേസ്റ്റേജ് ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, കേടാകാതെ സൂക്ഷിക്കുവാനുള്ള പൊടികൈകള്‍, വിതരണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഷെല്‍ഫ് ലൈഫ് തുടങ്ങിയ ധാരാളം കാര്യങ്ങളില്‍ പരിശീലനം നിങ്ങള്‍ക്ക് അറിവ് പകരും.

ബിസിനസിനെ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് നയിക്കുവാന്‍ ഇത്തരമൊരു പരിശീലനം നിങ്ങളെ പ്രാപ്തമാക്കുന്നു. ഇപ്പോള്‍ ആശയും സുരേഷും പലഹാര നിര്‍മ്മാണത്തില്‍ വിദഗ്ദ്ധ പരിശീലനം നേടിയിരിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

  1. ഉല്‍പ്പന്നങ്ങളുടെ പരീക്ഷണം

ബിസിനസ് തുടങ്ങാറായിട്ടില്ല. വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ചെയ്യാനുണ്ട്. ഉല്‍പ്പന്നങ്ങളുടെ പരീക്ഷണമാണ് അടുത്തതായി ചെയ്യേണ്ടത്. നിങ്ങള്‍ ബിസിനസിനായി തിരഞ്ഞെടുത്തിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും അത് ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്ത് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഉല്‍പ്പന്നങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താം.

ഇതിനായി യന്ത്രങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ല. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ പരീക്ഷിക്കുവാനുള്ള സൗകര്യങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട്. അവരുടെ സഹായം തേടാം. കുറഞ്ഞ ചെലവില്‍ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്യാം.

നിങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അതേപടി ഉപഭോക്താക്കള്‍ സ്വീകരിക്കണമെന്നില്ല. വിപണിയിലേക്ക് പോകുന്നതിന് മുന്‍പ് ഇത്തരമൊരു പ്രോഡക്റ്റ് ടെസ്റ്റ്‌ നടത്തി ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നത് വിപണിയിലെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും.

ആശയും സുരേഷും അവരുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ പ്രോഡക്റ്റ് ടെസ്റ്റ്‌ നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.

  1. മാര്‍ക്കറ്റിംഗ് പ്ലാന്‍ തയ്യാറാക്കുക

പ്രോഡക്റ്റ് ടെസ്റ്റ്‌ കഴിഞ്ഞ് ഉല്‍പ്പന്നങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇനി വിപണനത്തിനായുള്ള പ്ലാന്‍ തയ്യാറാക്കാം. നേരത്തെ നടത്തിയ മാര്‍ക്കറ്റ് പഠനത്തിലൂടെ എതിരാളികളുടെ തന്ത്രങ്ങളും അവര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളും നിങ്ങള്‍ മനസിലാക്കിയിരിക്കും. വിപണനത്തിനും വിതരണത്തിനുമായുള്ള വ്യക്തമായ പ്ലാന്‍, വിപണന തന്ത്രങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ വില, പാക്കേജിംഗ്, ബ്രാന്‍ഡിംഗ് എന്നിവയില്‍ തീരുമാനമെടുക്കാം.

തങ്ങളുടെ പലഹാരങ്ങള്‍ എവിടെ, എങ്ങിനെ, എത്ര രൂപയ്ക്ക് വില്‍ക്കണമെന്നും അതിന് വില്‍പനക്കാര്‍ക്ക് എന്ത് മാര്‍ജിന്‍ നല്കണമെന്നുമൊക്കെ ആശയും സുരേഷും കൂടി നിശ്ചയിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് നടപ്പിലാക്കുവാന്‍ സാധ്യമായ ഒരു മാര്‍ക്കറ്റിംഗ് പ്ലാന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

  1. ബഡ്ജറ്റ് തയ്യാറാക്കുക

സംരംഭം തുടങ്ങുവാനും നടത്തിക്കൊണ്ട് പോകുവാനും എത്ര മൂലധനം ആവശ്യമുണ്ട് എന്ന് കണക്കിലാക്കാം. സ്ഥിര മൂലധനം മാത്രമല്ല കുറച്ച് കാലത്തേക്ക് ആവശ്യമുള്ള പ്രവര്‍ത്തന മൂലധനം കൂടി കണക്കിലെടുക്കണം. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ ബിസിനസ് ലാഭകരമായില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരും. ഇത് കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാവണം ബഡ്ജറ്റ് തയ്യാറാക്കേണ്ടത്.

ബിസിനസിനാവശ്യമായ വിശദമായ ബഡ്ജറ്റ് ആശയും സുരേഷും കൂടി തയ്യാറാക്കി. വളരെ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ അവരുടെ നോട്ട്ബുക്കിലുണ്ട്. അതിന്‍റെ പിന്‍ബലത്തില്‍ ബഡ്ജറ്റ് തയ്യാറാക്കുവാന്‍ അവര്‍ക്ക് വലിയ വിഷമം നേരിടേണ്ടി വന്നില്ല.

  1. നിയമപരമായ രജിസ്ട്രേഷനുകളും അനുമതികളും

സംരംഭത്തിന് വേണ്ട രജിസ്ട്രേഷനുകളും അനുമതികളും ലഭ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിക്കാം. സംരംഭത്തിനാവശ്യമായ എല്ലാവിധ നിയമപരമായ അനുമതികളും ആദ്യമേ തന്നെ നേടുക. ഏതൊക്കെ ഘട്ടങ്ങളില്‍ എന്തൊക്കെ അനുമതികള്‍ വേണമെന്ന് സംരംഭകന്‍ കൃത്യമായി മനസിലാക്കിയിരിക്കണം. ബിസിനസ് ദീര്‍ഘകാലം നിലനില്‍ക്കേണ്ട ഒന്നാണെന്നും ഭാവിയില്‍ നിയമപ്രശ്നങ്ങള്‍ അതിന്‍റെ ഭാവിയെ ബാധിക്കുമെന്നുള്ള കാഴ്ചപ്പാടോടെ വേണം ഇത് കൈകാര്യം ചെയ്യേണ്ടത്. മറ്റ് യൂണിറ്റുകള്‍ സന്ദര്‍ശിക്കുമ്പോഴും വിദഗ്ദ്ധരുമായി സംസാരിക്കുമ്പോഴും ലഭിച്ച ഇത് സംബന്ധിച്ച അറിവുകള്‍ നിങ്ങളുടെ നോട്ട്ബുക്കില്‍ കയറിക്കൂടിയിട്ടുണ്ട്. ഇത് ലിസ്റ്റ് ചെയ്ത് ഓരോന്നായി ചെയ്ത് തുടങ്ങാം.

തങ്ങളുടെ സംരംഭത്തിന് ആവശ്യമായ എല്ലാവിധ രജിസ്ട്രേഷനുകളേയും അനുമതികളേയും പഠിച്ച്, മനസിലാക്കി അവ കൃത്യമായി നടപ്പിലാക്കുവാന്‍ ആശയ്ക്കും സുരേഷിനും കഴിഞ്ഞു.

  1. സംരംഭത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക

സംരംഭത്തിനാവശ്യമായ സ്ഥലം, യന്ത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ നിശ്ചയിച്ചത് പോലെ സ്ഥാപിച്ച് സംരംഭം തുടങ്ങാം. നിങ്ങളുടെ വീടിപ്പോള്‍ ഒരു വ്യവസായശാലയായി മാറിയിരിക്കുന്നു. വളരെയധികം കാര്യങ്ങള്‍ നിങ്ങളിപ്പോള്‍ മനസിലാക്കിയിരിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും വേണം. ഓരോ തവണയും ഇത് ചെയ്യുമ്പോള്‍ പ്രോഡക്റ്റ് ടെസ്റ്റ്‌ പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആവശ്യമാണെങ്കില്‍ മാര്‍ക്കറ്റ് സ്റ്റഡിയും നടത്തേണ്ടതുണ്ട്. മുന്‍പ് പറഞ്ഞതും പഠിച്ചതും സന്ദര്‍ഭത്തിന്‍റെ ആവശ്യകതകള്‍ക്കനുസരിച്ച് പ്രയോഗിക്കുക.

ആശയും സുരേഷും തങ്ങളുടെ സംരംഭത്തിന് തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകളോടെ സംരംഭം ആരംഭിച്ചതിനാല്‍ തന്നെ ധാരാളം തലവേദനകള്‍ ഒഴിവാക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രോഡക്റ്റ് ടെസ്റ്റ്‌ നടത്തിയത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും അത് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ബാധിക്കാതിരിക്കുവാനുമുള്ള മുന്‍കരുതലുകള്‍ എടുക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

നിങ്ങള്‍ തുടങ്ങുന്ന ഓരോ അതിസൂക്ഷ്മ സംരംഭവും അതേപോലെ തന്നെ നിലനില്‍ക്കുകയല്ല ചെയ്യുന്നത്. അത് വളരുകയും വികസിക്കുകയും ചെയ്ത് വലിയൊരു സംരംഭമായി മാറും. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ് ഭൂരിഭാഗം സംരംഭങ്ങളും പരാജയപ്പെടുന്നത്. കൂടുതല്‍ ശ്രദ്ധയോടെ, എടുത്തുചാടാതെ, ബിസിനസിനെ കൂടുതല്‍ മനസിലാക്കി സംരംഭം ആരംഭിക്കുമ്പോള്‍ വിജയിക്കുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

വിപണിയുടെ പഠനം, പ്രോഡക്റ്റ് സ്റ്റഡി, പരിശീലനം എന്നിവ നിങ്ങളുടെ നിലവിലുള്ള കാഴ്ചപ്പാടുകളെ സമൂലമായി മാറ്റും. പരിമിതമായ അറിവിന്‍റെ വെളിച്ചത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് യുക്തമല്ല. ഊഹങ്ങളുടെ പിന്‍ബലത്തില്‍ എടുക്കുന്ന അത്തരം തീരുമാനങ്ങള്‍ പിന്നീട് തിരുത്തുകയെന്നത് പലപ്പോഴും അസാധ്യമാകും. കൃത്യമായ പ്ലാനോടെ നടപ്പിലാക്കുകയാണെങ്കില്‍ഓരോ അതിസൂക്ഷ്മ വ്യവസായത്തേയും നമുക്ക് വിജയിപ്പിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment