വല്ലാത്തൊരു ചോദ്യം

ഗുരുവും ശിഷ്യനും കൂടി നടക്കുകയാണ്. രാവിലെ മുതലുള്ള യാത്രയാണ്. വെയില്‍ മങ്ങിക്കഴിഞ്ഞു. ഇനിയല്പ്പം വിശ്രമിക്കണം. അതിനനുയോജ്യമായ സ്ഥലം വല്ലതും സമീപത്തുണ്ടോയെന്ന് നോക്കുവാനായി ശിഷ്യനോട് ഗുരു ആവശ്യപ്പെട്ടു. ഗുരു ഒരു വൃക്ഷച്ചുവട്ടില്‍ ഇരുന്നു. ശിഷ്യന്‍ വിശ്രമസ്ഥലവുമന്വേഷിച്ചു നടന്നു തുടങ്ങി.

ചുറ്റുപാടുമൊക്കെയൊന്ന് കറങ്ങിയടിച്ചതിനു ശേഷം കുറച്ച് സമയം കഴിഞ്ഞ് ശിഷ്യന്‍ തിരിച്ചെത്തി. ”തൊട്ടടുത്ത് ഒരു ഗൃഹം ശൂന്യമായി കിടപ്പുണ്ട്. താമസക്കാരാരെയും കാണുന്നുമില്ല. തല്ക്കാലം നമുക്കവിടെ വിശ്രമിക്കാം.” ശിഷ്യന്‍ അറിയിച്ചു.

”ശരി, ആയിക്കോട്ടെ” ഗുരു സമ്മതം മൂളി. രണ്ടുപേരും ഒഴിഞ്ഞ ആ വീട്ടിലേക്ക് നടന്നു. വാതില്‍ തള്ളിത്തുറന്ന് ശിഷ്യന്‍ പറഞ്ഞു ”കണ്ടോ, ഇതിനകം തികച്ചും ശൂന്യമാണ് ആരും ഇവിടെയില്ല.”

ഗുരു ചിരിച്ചു. ”ഇത് ശൂന്യമല്ലല്ലോ. താമസക്കാര്‍ ഇല്ല എന്നതല്ലേ ഉള്ളൂ.”

”ആരുമില്ലാത്ത ഗൃഹം ശൂന്യമല്ലേ ഗുരുവേ. മനുഷ്യവാസമില്ലാത്തൊരു ഗൃഹത്തെ നമുക്ക് ശൂന്യം എന്നു തന്നെ പറയാമല്ലോ?”

”ആണോ. എങ്കില്‍ നീയാ കൂജയില്‍ ജലമുണ്ടോ എന്ന് നോക്കൂ. നല്ല ദാഹമുണ്ട്. അല്പ്പം ജലം കുടിക്കാം.”

ശിഷ്യന്‍ കൂജയെടുത്തു നോക്കി. അതില്‍ ഒരു തുള്ളി ജലം പോലുമില്ല. ”ഇതും ശൂന്യമാണ് ഗുരുവേ.”

ഗുരു വീണ്ടും ചിരിച്ചു ”അതില്‍ വെള്ളമില്ല എന്നല്ലേയുള്ളൂ. അത് ശൂന്യമാകുന്നത് എങ്ങിനെ?”

”വെള്ളമില്ലാത്ത കൂജ ശൂന്യം തന്നെയല്ലേ ഗുരുവേ?”

”അതില്‍ വായുവില്ലേ? പിന്നെങ്ങിനെ അത് ശൂന്യമാകും? ഉണ്ടാവേണ്ട ഒന്ന് ഇല്ലാത്തതിനെയാണോ നാം ശൂന്യത എന്ന് പറയുന്നത്?”

ശിഷ്യന് വട്ടാകുവാന്‍ തുടങ്ങി. ഗുരു തന്നെ പരീക്ഷിക്കുകയാണോ? അതോ കാര്യമായി പറയുകയാണോ. വെറുതെ തര്‍ക്കത്തിനായി ഓരോന്ന് എടുത്തിടുന്നതായിരിക്കാം. വിട്ടുകൊടുക്കുവാന്‍ പാടില്ലല്ലോ. ഒന്ന് മുട്ടി നോക്കാം. ശിഷ്യന്‍ മനസില്‍ തീരുമാനിച്ചു.

”ധ്യാനത്തില്‍ നമ്മുടെ മനസ് ശൂന്യമാകുന്നില്ലേ? ചിന്തകള്‍ ഇല്ലാത്ത അവസ്ഥയ്ക്ക് ശൂന്യം എന്നു തന്നെയല്ലേ പറയുക?” ശിഷ്യന്‍ കൊളുത്തിട്ടു.

ഗുരുവിനും ഹരമായി. കാലുകള്‍ നീട്ടിവെച്ച് അദ്ദേഹം കട്ടിലില്‍ ഇരുന്നു. ചുണ്ടില്‍ നിന്നും പുഞ്ചിരി പിരിഞ്ഞു പോകുന്നേയില്ല..

”ചിന്തകള്‍ ഇല്ല എന്ന് ബോധവാനാകുന്നത് എങ്ങിനെ ശൂന്യതയാകും. ശൂന്യതയെങ്കില്‍ ചിന്തകളില്ലായെന്ന് തിരിച്ചറിയുകയില്ലല്ലോ. ചിന്തകള്‍ എങ്ങും പോയിട്ടുമില്ല. അത് അവിടെതന്നെയുണ്ട്. അപ്പോള്‍ അതെങ്ങിനെ ശൂന്യതയാകും. ചിന്തകള്‍ ഇല്ലാത്ത അവസ്ഥ എന്നു പറഞ്ഞല്ലോ. ശൂന്യത എങ്ങിനെ അവസ്ഥയാകും. അവസ്ഥയില്‍ എന്തോ ഉണ്ട്. അപ്പോള്‍ അവസ്ഥ ശൂന്യതയാകുമോ?”

ശിഷ്യന് ശരിക്കും വട്ടായിത്തുടങ്ങി. കൈകള്‍ കൊണ്ട് അയാള്‍ തന്റെ മുടി പിടിച്ചു വലിക്കാന്‍ തുടങ്ങി.

”ഉണ്ടാവേണ്ട ഒന്ന് അവിടെ ഇല്ലാതെ വരുമ്പോള്‍ നാം അതിനെ ശൂന്യത എന്ന് വിളിക്കുന്നു. ശരിയല്ലേ? കൂജയില്‍ ജലം ഇല്ലാതെ വന്നപ്പോള്‍ നീ കൂജ ശൂന്യം എന്നു പറഞ്ഞു. അതില്‍ അല്പ്പം മണല്‍ ഉണ്ടായിരുന്നെങ്കില്‍ അത് ശൂന്യമായിരിക്കുമോ? തീര്‍ച്ചയായും ഇല്ല. അപ്പോള്‍ നമുക്ക് കാണുവാന്‍ കഴിയാത്ത എന്തിനേയും നാം ശൂന്യം എന്ന് വിളിക്കും. യഥാര്‍ത്ഥത്തില്‍ എന്തോ അവിടെ ഇല്ല. പക്ഷേ അത് ശൂന്യമല്ല.”

”നിശബ്ധതയില്‍ ശബ്ധമില്ല. പക്ഷേ അത് ശൂന്യമല്ല. ശബ്ധമില്ല എന്നതേ ഉള്ളൂ. അവിടെ ശബ്ധമില്ല എന്നത് കൊണ്ട് അത് ശൂന്യതയയാകുന്നില്ല. അടുത്ത നിമിഷം ശബ്ധം സംഭവിക്കപ്പെടുവാനുള്ള എന്തോ അവിടെയുണ്ട്. ശൂന്യതക്ക് മുന്നിലോ പിന്നിലോ ഒന്നുമില്ല. മുന്നിലും പിന്നിലും എന്തെങ്കിലുമുണ്ടെങ്കില്‍ അത് ശൂന്യതയേയല്ല.” ഗുരുവിന്റെ മന്ദഹാസം ജലത്തില്‍ പ്രതിഫലിക്കുന്ന ചന്ദ്രന്റെ വെളിച്ചം പോലെ തിളങ്ങി.

”അപ്പോള്‍ ശൂന്യതയെ എങ്ങിനെ നിര്‍വ്വചിക്കാം?” ശിഷ്യന്‍ ചിന്താകുലനായി ചോദിച്ചു.

”നിര്‍വ്വചിക്കുവാന്‍ പറ്റുന്ന ഒന്ന് ശൂന്യതയാകുന്നതെങ്ങിനെ? ഒന്ന് അവിടെ ഇല്ല എന്നു പറയുമ്പോള്‍ അതിന്റെ മുന്നിലോ പിന്നിലോ എന്തെങ്കിലും അവിടെ ഉണ്ടായിരിക്കുമല്ലോ? പിന്നെങ്ങിനെ ശൂന്യതയെ നിര്‍വ്വചിക്കും. നീ ചിന്തിക്കൂ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശൂന്യതയെ എങ്ങിനെ നിര്‍വ്വചിക്കുവാന്‍ സാധിക്കും എന്ന് ആലോചിച്ചോളൂ. എനിക്ക് ഉറക്കം വരുന്നു.” ഗുരു കട്ടിലിലേക്ക് ചാഞ്ഞു. പെട്ടെന്നുറങ്ങിപ്പോകുകയും ചെയ്തു.

ശിഷ്യന്‍ ഉറക്കം വരാതെ കിടക്കുകയാണ്.

പെട്ടെന്ന് ഇവിടെ ഞാന്‍ ഗുരുവും നിങ്ങള്‍ എന്റെ മുന്നിലെ കേള്‍വിക്കാരുമായി മാറുന്നു. ഞാന്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് ശൂന്യത അനുഭവപ്പെടുന്നു എന്നു തോന്നുന്നു. അനുഭവപ്പെടുന്നതൊന്നും ശൂന്യതയല്ല. ശൂന്യതയെ അനുഭവിക്കുവാനും കഴിയില്ല. ശൂന്യത യഥാര്‍ത്ഥത്തില്‍ ഉണ്ടോ? അതോ അത് വെറും തോന്നല്‍ മാത്രമോ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തെങ്കിലും സൃഷ്ട്ടിക്കപ്പെടണമെങ്കില്‍ അത് ശൂന്യമല്ലാതെയിരിക്കണമല്ലോ?

എന്താണ് ശൂന്യത? ചോദ്യവുമെറിഞ്ഞ് ഇതാ ഗുരു ഉറക്കത്തിലായി. കേള്‍വിക്കാര്‍ക്ക് ചിന്തിക്കാം. ശൂന്യതയില്‍ ഉത്തരം തേടുക നിഷ്ഫലമായ പ്രവര്‍ത്തിയാണ്. ഉത്തരം ശൂന്യമല്ലാത്ത നമുക്കുള്ളിലെവിടെയോ ഉണ്ട്. ഭ്രാന്തമായി നമുക്കത് തിരഞ്ഞുകൊണ്ടേയിരിക്കാം.

 

 

 

 

 

Leave a comment