പേരുംപെരുമയും ശാശ്വതമല്ല

ഫ്രാന്‍സില്‍ ജീവിച്ചിരുന്ന മഹാനായ എഴുത്തുകാരനായിരുന്നു വോള്‍ട്ടയര്‍. അദ്ദേഹത്തെ ഒരു വക്കീലാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാകുകയായിരുന്നു വോള്‍ട്ടയറിന്റെ ലക്ഷ്യം.

പ്രശസ്തനാവുക എന്നതായിരുന്നു വോള്‍ട്ടയറിന്റെ ജീവിതാഭിലാഷം. അതിനായി എന്ത് ചെയ്യുവാനും ത്യജിക്കുവാനും അദ്ദേഹം തയാറായിരുന്നു. കാലക്രമേണ അദ്ദേഹം പ്രശസ്തനായിത്തീര്‍ന്നു. അപ്പോള്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ വോള്‍ട്ടയര്‍ എഴുതി.

”ഞാന്‍ എന്റെ പ്രശസ്തിയില്‍ വിരക്തനും ദുഃഖിതനുമാണ്, കാരണം എന്റെ എല്ലാ സ്വകാര്യതകളും എനിക്ക് നഷ്ടമായി. ഗാഢമായ ബന്ധങ്ങളൊക്കെ എനിക്ക് നഷ്ടമായി. ഞാന്‍ പോകുന്നിടത്തെല്ലാം ജനക്കൂട്ടം ചുറ്റും കൂടുമാറ് ഞാന്‍ ഏറെ പ്രശസ്തനായി. പൂന്തോട്ടത്തില്‍ അലസമായൊന്ന് നടക്കാനിറങ്ങിയാല്‍ മതി ജനക്കൂട്ടം എന്നെ പിന്തുടരുന്നു. ഞാനേതാണ്ടൊരു കാഴ്ചവസ്തുവായിരിക്കുന്നു. ഒരുതരം നടക്കുന്ന സര്‍ക്കസ്.”

ഫ്രാന്‍സില്‍ ഒരു അന്ധവിശ്വാസം നിലവിലുണ്ടായിരുന്നു. പ്രശസ്തനായ ഒരാളുടെ ഉടുവസ്ത്രത്തിന്റെ ഒരു കഷ്ണമെങ്കിലും സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്കും പ്രശസ്തനാകാമെന്ന്. ഒരിക്കല്‍ യാത്ര കഴിഞ്ഞെത്തിയ വോള്‍ട്ടയറിന്റെ ദേഹം മുഴുവന്‍ കീറി ചോരയോലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ജനങ്ങള്‍ കീറിയെടുത്തു. കീറുന്നതിനിടെ ശരീരത്തിന് പോറലേറ്റു. ഏതാണ്ട് നഗ്‌നനായാണ് അദ്ദേഹം വീട്ടിലെത്തിയത്.

അന്ന് മുഴുവന്‍ അദ്ദേഹം വിതുമ്പിക്കരഞ്ഞു. അദ്ദേഹം പറഞ്ഞു ”പ്രശസ്തനാകാന്‍ ആഗ്രഹിച്ച ഞാന്‍ എന്ത് വിഡ്ഢിയാണ്? എന്നെ ആരുമറിയാതിരുന്ന നാളുകള്‍ എത്ര സുന്ദരങ്ങളായിരുന്നു. ഞാനെത്ര സ്വതന്ത്രനായിരുന്നു. ഇനി ഒരിക്കലും സ്വതന്ത്രനായിത്തീരാന്‍ എനിക്ക് കഴിയില്ല.”

ക്രമേണ അദ്ദേഹത്തിന്റെ പ്രശസ്തി അസ്തമിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആരും ഓര്‍ക്കാതെയായി. ഒരു ദിവസം വോള്‍ട്ടയര്‍ മരിച്ചു. ശ്മശാനത്തിലേക്കുള്ള വിലാപ യാത്രയില്‍ പങ്കെടുത്തത് നാല് പേരായിരുന്നു. ലോകം മുഴുവന്‍ അറിയപ്പെട്ട മഹാനായ ആ എഴുത്തുകാരന്റെ ശവശരീരത്തെ അനുഗമിച്ചിരുന്ന ഒരാള്‍ അദ്ദേഹത്തിന്റെ വളര്‍ത്തു നായയായിരുന്നു. നായയെ കൂടാതെ മൂന്നുപേര്‍ മാത്രം.

പ്രശസ്തനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ ഒരു കഷ്ണത്തിനുവേണ്ടി തിരക്ക് കൂട്ടിയവരും പിന്നാലെ നിഴല്‍ പോലെ നടന്നവരും അപ്രത്യക്ഷരായി. പ്രശസ്തിയുടെ കൊടുമുടിയില്‍ ഒപ്പമുണ്ടായിരുന്നവരാരും ശവശരീരത്തെ അനുഗമിക്കുവാന്‍ എത്തിയില്ല.

പ്രശസ്തനല്ലാത്ത ഒരാളുടെ ആഗ്രഹം പ്രശസ്തനാകുക എന്നതാണ്. പ്രശസ്തനാകുക എന്നത് ആഹ്ലാദം നല്‍കുന്ന ഒരു നേട്ടമാണ്. എവിടെപ്പോയാലും തിരിച്ചറിയപ്പെടുന്നു. സ്‌നേഹാദരങ്ങള്‍ ലഭിക്കുന്നു. ഒപ്പം നില്‍ക്കാനും ഇരിക്കാനും അനുഗമിക്കാനും ആളുകള്‍ തിരക്ക് കൂട്ടുന്നു. പ്രശസ്തനായ ഒരാളുടെ വാക്കുകള്‍ക്ക് സമൂഹം ചെവി കൊടുക്കുന്നു. ജീവിതം മറ്റൊരു തലത്തിലേക്ക് മാറ്റപ്പെടുന്നു.

എന്നാല്‍ പ്രശസ്തനായ വ്യക്തിയുടെ സ്വകാര്യതകള്‍ അവസാനിക്കുകയാണ്. ഇനി അദ്ദേഹത്തിന്റെ സ്വകാര്യത സമൂഹത്തിന്റെ സ്വന്തമാണ്. ഒറ്റയ്ക്ക് ഒന്നിറങ്ങി തെരുവിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. ആളും ആരവങ്ങളും ചുറ്റപ്പെട്ട സ്വകാര്യത നഷ്ടപ്പെട്ട ഒരു വ്യക്തിയായി പ്രശസ്തന്‍ മാറുന്നു. അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്ക് നൂറു കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നു.

ഇന്നത്തെ പ്രശസ്തി നാളെ അപ്രത്യക്ഷമാകാം. ഈ ലോകത്ത് ഒന്നും ശാശ്വതമല്ല. ഇപ്പോള്‍ ആളും ആരവങ്ങളുമില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരിഞ്ഞു നോക്കാന്‍ ചിലപ്പോള്‍ ആരും മെനക്കെടില്ല. കൊടുമുടിയില്‍ നിന്ന് താഴ് വരയിലേക്ക് ഒരു വീഴ്ച. പ്രശസ്തിയുടെ, സമൃദ്ധിയുടെ കാലത്ത് ഒപ്പം നടന്നവരെ കണികാണാന്‍ പോലും കിട്ടുന്നില്ല. ശവശരീരത്തെ അനുഗമിക്കാന്‍ പോലും ഇവരുണ്ടാകില്ല.

വോള്‍ട്ടയറിന്റെ മരണ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങി ”അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നോ?”കണ്ണുകള്‍ തുറന്ന് ജീവിക്കൂ. ഇന്നത്തെ പ്രശസ്തി ഇന്നത്തെ മാത്രമാണ്. നാളെ അത് അപ്രത്യക്ഷമാകാം. യാഥാര്‍ത്ഥ്യം മനസിലാക്കി ജീവിച്ചാല്‍ അത് വേദനാജനകമാവില്ല.

Leave a comment