ഉപദേശികളെ സൂക്ഷിക്കുക

ഗ്രാമീണനായ ഒരു കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ വായിച്ചിരുന്നില്ല. വയസ്സായ അദ്ദേഹത്തിന് ചെവി പതുക്കെയായത് കൊണ്ട് റേഡിയോ കേട്ടിരുന്നില്ല. കണ്ണുകള്‍ പ്രായാധിക്യം മൂലം മങ്ങിയിരുന്നതിനാല്‍ ടി വി കാണുന്ന പതിവും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ സംസാരത്തില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട ഒരാള്‍.

അദ്ദേഹത്തിന്റെ ബിസിനസ് വളരെ വിജയകരമായിരുന്നു. നല്ല തിരക്കുള്ള ഒരു തെരുവില്‍ വര്‍ഷങ്ങളായി പലഹാരങ്ങള്‍ വില്‍ക്കുകയാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. ധാരാളം പലഹാരങ്ങള്‍ അദ്ദേഹം വിറ്റിരുന്നു. ഓരോ ദിവസവും ബിസിനസ് കൂടി കൂടി വന്നു. അതിനനുസരിച്ച് അദ്ദേഹം കൂടുതല്‍ പലഹാരങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തു പോന്നു. ബിസിനസ് പച്ചപിടിച്ചതിനൊപ്പം മകനെ പ്രശസ്തമായ കോളേജിലയച്ച് പഠിപ്പിച്ചു. മാനേജ്മന്റ് ബിരുദം നേടിയ മകന്‍ അച്ഛനെ ബിസിനസില്‍ സഹായിക്കാന്‍ തുടങ്ങി.

ഒരു ദിവസം മകന്‍ അച്ഛനോട് പറഞ്ഞു ”അച്ഛാ ലോകത്തെ വലിയൊരു സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നത് അങ്ങ് മനസ്സിലാക്കിയിട്ടുണ്ടോ? മാധ്യമങ്ങള്‍ വായിക്കാത്ത, കേള്‍ക്കാത്ത, കാണാത്ത ആ വൃദ്ധനായ ഗ്രാമീണന് മകന്‍ എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല. അദ്ദേഹം മകനോട് കാര്യങ്ങള്‍ ഒന്നുകൂടെ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടു. മകന്‍ വിശദീകരിച്ചു ”ആഗോള തലത്തില്‍ പ്രശ്‌നങ്ങള്‍ അനുദിനം വഷളാവുകയാണ്. ലോകം വലിയൊരു സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വരുന്ന മോശമായ ദിവസങ്ങളെ കൈകാര്യം ചെയ്യുവാന്‍ നാമും തയ്യാറെടുക്കണം.”

മകന്റെ വാക്കുകള്‍ ശ്രവിച്ച ആ ഗ്രാമീണന് പ്രശ്‌നം വളരെ രൂക്ഷമായ ഒന്നാണ് എന്ന് ബോധ്യപ്പെട്ടു. കാരണം കോളേജില്‍ പോയി മാനേജ്മന്റ് ബിരുദം നേടിയ മകനാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയിരിക്കുന്നത്. അവന്റെ ഉപദേശം ലാഘവത്തോടെ എടുത്തുകൂടാ. പിറ്റേദിവസം മുതല്‍ അദ്ദേഹം ഭാവിയില്‍ വരുന്ന പ്രതിസന്ധികള്‍ നേരിടുവാനുള്ള നടപടികള്‍ എടുത്തുതുടങ്ങി. ദിനംപ്രതി ഉണ്ടാക്കിയിരുന്ന പലഹാരങ്ങളുടെ എണ്ണം അദ്ദേഹം വെട്ടിക്കുറച്ചു. കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ബോര്‍ഡ് എടുത്തുമാറ്റി. പലഹാരങ്ങള്‍ വില്‍ക്കുവാനുള്ള അദ്ദേഹത്തിന്റെ ഉത്സാഹം അനുദിനം കുറഞ്ഞു വന്നു.

ദിവസങ്ങള്‍ കടന്നുപോകെ അദ്ദേഹത്തിന്റെ കടയില്‍ നിന്നും ആരും പലഹാരങ്ങള്‍ വാങ്ങാതെയായി. വില്‍പ്പനയില്‍ വല്ലാത്ത ഇടിവ് അനുഭവപ്പെട്ടു. അദ്ദേഹം മകനോട് പറഞ്ഞു ”മകനേ നീ പറഞ്ഞത് എത്ര ശരിയായി എന്ന് നോക്കൂ. നമ്മുടെ രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിപ്പെട്ടിരിക്കുന്നു. നീയില്ലാതിരുന്നെങ്കില്‍ ഞാനിതറിയില്ലായിരുന്നു. നീയെനിക്ക് സൂചന നല്‍കിയത് നന്നായി.”

പലപ്പോഴും ഇത്തരം ഉപദേശകര്‍ നമ്മളേയും കുടുക്കില്‍ ചാടിക്കാറുണ്ട്. വിദ്യാസമ്പന്നരായ എല്ലാവരുടേയും നിര്‍ണ്ണയങ്ങള്‍ ശരിയാണ് എന്ന് നാം വിശ്വസിക്കുന്നു. അവര്‍ ബുദ്ധിമാന്മാര്‍ ആണെന്നും കാര്യങ്ങള്‍ വിശകലനം ചെയ്ത് വ്യക്തമായ ഒരു നിര്‍ണ്ണയത്തിലേക്ക് അവര്‍ എത്തുമെന്നും ഉള്ള വലിയൊരു വിശ്വാസം നമ്മളിലുണ്ട്. എന്നാല്‍ ബുദ്ധിശക്തിയോ വിദ്യാഭ്യാസമോ ശരിയായ തീരുമാനങ്ങളില്‍ എത്തിച്ചേരുവാന്‍ അവരെ പ്രാപ്തരാക്കണമെന്നില്ല.

നമ്മുടെ ഉപദേശകരെ നാം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ഒരിക്കലും അവരുടെ ഉപദേശങ്ങള്‍ മാത്രം കണക്കിലെടുത്ത് മുന്നോട്ട് നീങ്ങുകയുമരുത്. നമ്മുടെ അനുഭവങ്ങളും സഹജാവബോധവും ഉപയോഗിക്കാന്‍ കൂടി നമുക്ക് കഴിയണം. അതീവ ബുദ്ധിശക്തി ഒന്നുകൊണ്ട് മാത്രം അവരെ പൂര്‍ണ്ണമായി ആശ്രയിക്കരുത്. അവര്‍ക്ക് അനുഭവമില്ലാത്ത, ജ്ഞാനമില്ലാത്ത, വൈദഗ്ദ്ധ്യമില്ലാത്ത മേഖലകളില്‍ അവരുടെ ഉപദേശങ്ങള്‍ തേടുന്നത് ആപത്കരമാണ്.

നന്നായി ബിസിനസ് നടത്തിയിരുന്ന ആ ഗ്രാമീണന്റെ അനുഭവം നാം കണ്ടു. ഓരോ ദിവസവും കൂടിവന്നിരുന്ന വില്പ്പന മകന്റെ ഉപദേശം സ്വീകരിച്ചതോടുകൂടി കുറയുകയും കച്ചവടം ഇല്ലാതെയാവുകയും ചെയ്തു. കണ്ണുമടച്ച് മറ്റുള്ളവരെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അവസാനം സംഭവിക്കുന്നത് ഇതാണ്. ഉപദേശം നല്‍കാന്‍ യോഗ്യത ഉള്ളവനില്‍ നിന്ന് മാത്രമേ അത് സ്വീകരിക്കാവൂ. ആ യോഗ്യത ബുദ്ധിശക്തിയോ വിദ്യാഭ്യാസമോ മാത്രമാവരുത്.

നമ്മുടെ നിര്‍ണ്ണയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച്, പരിമിതികളെ കുറിച്ച്, ശക്തികളെക്കുറിച്ച്, നാം കടന്നുപോന്ന വഴികളെക്കുറിച്ച് ഉത്തമബോധ്യമുള്ളത് നമുക്ക് മാത്രമാണ്. ആ അനുഭവങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് സഹജാവബോധം ഉപയോഗിച്ച് ഉപദേശങ്ങളെ ചെവിക്കൊള്ളൂ. പതിരിനെ പേറ്റി കളയാനുള്ള നിപുണത നാം നേടേണ്ടതുണ്ട്.

 

Leave a comment