ലോകത്തിന്റെ വ്യവഹാരങ്ങള്‍ മനസ്സിലാക്കുക

ആനന്ദും മോഹനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഊണിലും ഉറക്കത്തിലും ഒരുമിച്ച് ജീവിച്ചവര്‍. അവരുടെ സ്‌നേഹബന്ധം മറ്റുള്ളവരില്‍ അസൂയ ഉളവാക്കി. ഒരാള്‍ക്ക് മറ്റൊരാളെ കാണാതെ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഒരിക്കല്‍ എന്തോ കാര്യത്തിന് ഇരുവരും തമ്മില്‍ പിണങ്ങി. വളരെ നിസ്സാരമായ കാര്യം. പക്ഷേ അത് വലിയൊരു പിണക്കത്തിലേക്ക് വഴിതെളിച്ചു. രണ്ടു പേരും പരസ്പരം സംസാരിക്കാതായി. കണ്ടാല്‍ പോലും നോക്കാതെയായി. ഈ പിണക്കം വളരെ വര്‍ഷങ്ങള്‍ നീണ്ടു.

ഒരു ദിവസം മോഹന് സുഖമില്ലാതെയായി. ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധ്യതയില്ലാത്ത ഗുരുതരമായ രോഗം. മോഹന്‍ മരണക്കിടക്കയിലായ വിവരം അറിഞ്ഞ ആനന്ദ് അവസാനമായി മോഹനെ ഒന്ന് കാണുവാനായി അയാളുടെ അരികിലെത്തി.

മോഹന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച് ആനന്ദ് അയാള്‍ക്കരികില്‍ ഇരുന്നു. പഴയ കാര്യങ്ങള്‍ രണ്ടുപേരുടെയും മനസ്സിലൂടെ കടന്നുപോയി. പഴയ സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ അവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഒന്നും മിണ്ടാതെ ഒരുപാട് നിമിഷങ്ങള്‍ കഴിഞ്ഞു. അവസാനം ആനന്ദ് പോകുവാനായി എഴുന്നേറ്റു.

മോഹന്‍ ആനന്ദിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ”ഞാന്‍ മരിച്ചു പോവുകയാണെങ്കില്‍ ഞാന്‍ നിന്നോട് ക്ഷമിച്ചു എന്ന് കരുതണം. എന്നാല്‍ ഞാന്‍ ജീവിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ ബന്ധത്തിന്റെ സ്ഥിതിക്ക് യാതൊരു മാറ്റവും വരികയില്ല. നിന്നോടുള്ള എന്റെ പിണക്കം അവസാനിക്കുകയില്ല. അത് കൊണ്ട് ഞാന്‍ ജീവിക്കുകയാണെങ്കില്‍ നിന്നെ എന്റെ കണ്മുന്നില്‍ കണ്ടുപോകരുത്.”

മനുഷ്യന്‍ ഇങ്ങിനെയാണ്. ദേഷ്യവും വാശിയും മനസ്സില്‍ നിറഞ്ഞിരിക്കുന്നു. ക്ഷമിക്കുക എന്ന വാക്ക് തന്നെ അന്യമായിരിക്കുന്നു. പരസ്പരം പോരാടുന്ന മൃഗങ്ങളെപ്പോലെ മനുഷ്യനും മാറിയിരിക്കുന്നു. വിട്ടുകൊടുക്കുവാന്‍ നമുക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ അതിന് നമ്മുടെ അഹം നമ്മെ സമ്മതിക്കുന്നില്ല. ”ഞാന്‍” എന്ന വാക്ക് ചുമന്ന് നടക്കുന്ന ഒരു കഴുതയായി നാം മാറിയിരിക്കുന്നു.

നിങ്ങള്‍ ഒരു വ്യക്തിക്ക് ഉപകാരം ചെയ്യുന്നു എന്ന് കരുതുക. ആ വ്യക്തിക്ക് നൂറുണക്കിന് ഉപകാരങ്ങള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടാവാം. അതിനയാള്‍ നന്ദിയുള്ളവനായി ഭാവിക്കും. പക്ഷേ ഒരിക്കല്‍ അയാള്‍ ആവശ്യപ്പെടുന്ന ഒരു ഉപകാരം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് കരുതുക. അയാള്‍ നിങ്ങളുടെ ശത്രുവായി മാറും. അയാള്‍ക്ക് നിങ്ങള്‍ ചെയ്ത നൂറുക്കണക്കിന് ഉപകാരങ്ങള്‍ അപ്പോള്‍ വിസ്മരിക്കപ്പെടും. അയാള്‍ നിങ്ങളോട് പറയുക നിങ്ങള്‍ ചെയ്യാതിരുന്ന ഒന്നിനെക്കുറിച്ച് മാത്രമാവും.

ആ നിമിഷം നിങ്ങള്‍ക്ക് ലോകത്തോട് വെറുപ്പ് തോന്നും. മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നത് തെറ്റാണ് എന്ന ശക്തമായ ചിന്ത മനസ്സില്‍ ഉടലെടുക്കും. ഇനി ആര്‍ക്കും ഞാന്‍ ഉപകാരങ്ങള്‍ ചെയ്യില്ല എന്ന് പ്രതിജ്ഞ എടുക്കും. മനുഷ്യരുടെ പെരുമാറ്റം നിങ്ങളെ വേദനിപ്പിക്കും. നന്ദിയില്ലാത്ത ഒരു മൃഗമാണ് മനുഷ്യന്‍ എന്ന് നിങ്ങള്‍ മനസ്സില്‍ പറയും.

യഥാര്‍ത്ഥത്തില്‍ അയാള്‍ ചെയ്തതാണോ തെറ്റ്? അതോ അയാള്‍ ജീവിതകാലം മുഴുവന്‍ നിങ്ങളോട് നന്ദിയുള്ളവനായി ഇരിക്കും എന്ന് കരുതിയ നിങ്ങള്‍ക്കാണോ തെറ്റ് പറ്റിയത്? ഈ ലോകം അങ്ങിനെയാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കിയില്ല. ഈ ലോകത്തിന്റെ വ്യവഹാരങ്ങള്‍ അങ്ങിനെയാണ് എന്ന് മനസ്സിലായിരുന്നില്ല. ഉപകാരം ചെയ്യുമ്പോള്‍ അയാളില്‍ നിന്ന് നന്ദി പ്രതീക്ഷിച്ചിരുന്നില്ല എങ്കില്‍ ആ ദുഃഖം ഉണ്ടാകുമായിരുന്നില്ല.

എല്ലാ ബന്ധങ്ങളിലും വളരെ സൂഷ്മമായ ഒരു അകലം സൂക്ഷിക്കുന്നത് നല്ലതാണ്. അടുത്ത ഹൃദയങ്ങള്‍ എന്നും അടുത്തിരിക്കും എന്ന് പ്രതീക്ഷിക്കരുത്. അകന്ന ഹൃദയങ്ങള്‍ എന്നും അകന്നിരിക്കും എന്നും പ്രതീക്ഷിക്കരുത്. ഈ ലോകത്തിന്റെ വ്യവഹാരങ്ങള്‍ ഒരു പ്രത്യേക രീതിയിലാണ്. ആ വ്യവഹാരം അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നും നമ്മെ ബാധിക്കുകയില്ല. നന്ദി പ്രതീക്ഷിക്കാതെ സഹായം ചെയ്താല്‍ ഒരു നന്ദികേടും നമ്മെ സ്പര്‍ശിക്കുകയില്ല. നമ്മുടെ മനസിന്റെ വികല്പ്പങ്ങള്‍ ആദ്യം മാറട്ടെ.

 

 

Leave a comment