കാട്ടാളരുടെ നാട്

മുന്‍പൊരിക്കല്‍ എറണാകുളത്ത് കൂടിയുള്ള ഒരു ബസ്യാത്രക്കിടയില്‍ ഒരു വൃദ്ധന്റെ ഭീതിതമായ നിലവിളി കേട്ടു. തന്റെ കയ്യിലുള്ള ബാഗ് മാറോട് ചേര്‍ത്ത് ഉച്ചത്തില്‍ കരയുകയാണ് ആ വൃദ്ധന്‍. ബാഗിലുണ്ടായിരുന്ന പണം ആരോ അടിച്ചുമാറ്റി. അന്ന് ആ കള്ളന്‍ മോഷ്ട്ടിച്ചുകൊണ്ട് പോയത് പണമായിരുന്നില്ല ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളായിരുന്നു.

ആ പണം കള്ളന്‍ എന്ത് ചെയ്തിട്ടുണ്ടാവും. തന്റെ കുടുംബത്തിലെ പട്ടിണി മാറ്റാന്‍ ആയിരിക്കില്ല അയാള്‍ അത് മോഷ്ട്ടിച്ചത്. കഷ്ട്‌പ്പെടാതെ കിട്ടുന്ന പണം ഇവരൊക്കെ ചിലവഴിക്കുന്നത് ആഡംബരജീവിതത്തിനായാണ്. കാരണം കുടുംബത്തിനെ സംരക്ഷിക്കാന്‍ എന്തെങ്കിലും പണി എടുത്താല്‍ മതി. സംതൃപ്തമായി കുടുംബം നയിച്ച് കൊണ്ട് പോകുവാനുള്ള വരുമാനം നേടാവുന്ന ഒരുപാട് തൊഴിലുകള്‍ ഇന്നുണ്ട്. പക്ഷേ ഒരു മോഷ്ട്ടാവിന്റെ ഉന്നം വെറുമൊരു ജീവിതമല്ല അന്യന്റെ കാശുകൊണ്ടുള്ള ആഡംബരജീവിതം തന്നെയാണ്.

മോഷണം ഒരു കലയാണ്. പോക്കറ്റടിക്കുന്നവനും തേങ്ങ കക്കുന്നവനും വീട് കുത്തിത്തുറന്ന് മോഷ്ട്ടിക്കുന്നവനും മാത്രമാണോ മോഷ്ട്ടാവ്? അല്ലേയല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യസാധ്യത്തിനായി കയറിയിറങ്ങുന്നവന്റെ പോക്കറ്റടിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലേ. ഭയത്തിന്റെ മുള്‍മുനയില്‍ ജനത്തെ നിര്‍ത്തി അവനെ പിടിച്ചുപറിക്കുന്ന ഈ കലയും ഒരു മോഷണം തന്നെ. ഇവിടെ ഈ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കുടുംബം പുലര്‍ത്താന്‍ വകയില്ലാഞ്ഞിട്ട് പാവപ്പെട്ട ജനത്തിന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുകയാണോ? അല്ല ലക്ഷ്യം ജീവിതം മാടിവിളിക്കുന്ന സുഖങ്ങള്‍ തന്നെ.

സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ വ്യാപരിക്കുന്ന രാഷ്ട്രീയക്കാരും മുതലാളിമാരും ചെയ്യുന്ന മോഷണങ്ങള്‍ക്ക് മുന്നില്‍ മുന്‍പ് പറഞ്ഞ കള്ളന്മാരോക്കെ നമിച്ചു നില്‍ക്കും. കാരണം സാങ്കേതികത വളര്‍ന്നതോടുകൂടി മോഷണങ്ങളെല്ലാം ഹൈടെക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പുഷ്പം പറിക്കുന്ന ലാഘവത്തോടെ കോടികള്‍ ബാങ്കില്‍ നിന്നും ജനങ്ങളുടെ കൈയ്യില്‍ നിന്നും അടിച്ചുമാറ്റി ഈ കള്ളന്മാര്‍ രാജ്യം കാലിയാക്കും. അപസര്‍പ്പക കഥ വായിക്കുന്ന ത്രില്ലോടുകൂടി നാം പത്രങ്ങളും ലേഖനങ്ങളും വായിക്കും. പിന്നെ അത് മറക്കും.

രാജ്യത്തിലെ മറ്റ് ഭാഷക്കാരെപ്പോലെയല്ല മലയാളി. മോഷണം ഇരന്ന് വാങ്ങുവാന്‍ ലോകത്ത് ഇത്ര മിടുക്കരായ വേറൊരു വിഭാഗം ഉണ്ടാവില്ല. സമ്പൂര്‍ണ്ണ സാക്ഷരനായ ബുദ്ധിവൈഭവമുള്ള മിടുക്കനായ മലയാളിയെ പറ്റിക്കാന്‍ നാഗമാണിക്യം മുതല്‍ ആടും മാഞ്ചിയവും ഫ്‌ലാറ്റും വരെ നിരത്തി വെച്ച് മോഷ്ട്ടാക്കള്‍ കാത്തിരിക്കുകയാണ്. വെളിച്ചം തേടിയെത്തുന്ന ഈയ്യാംപാറ്റയെ പോലെ മലയാളി മോഷ്ട്ടാവിനെയും തേടിയെത്തും. ഇവിടെയും മോഷ്ട്ടാക്കളുടെ ലക്ഷ്യം ജീവിത സുഖവും ആഡംബര ജീവിതവും തന്നെ.

ഇവരൊക്കെ മോഷ്ട്ടിക്കുന്നത് പട്ടിണി കൊണ്ടല്ല. ജീവിതസുഖങ്ങളോടുള്ള അടങ്ങാത്ത ആര്‍ത്തി കൊണ്ട് മാത്രമാണ്. പണം കൊണ്ട് ലഭിക്കുന്ന സുഖങ്ങള്‍ ഇവരെ വീണ്ടും വീണ്ടും മോഷ്ട്ടിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തിലെ മോഷ്ട്ടാക്കളില്‍ ചെറിയൊരു വിഭാഗം മാത്രം പിടിക്കപ്പെടുന്നു. വലിയൊരു വിഭാഗം ജനങ്ങളെ പറ്റിച്ചും പിടിച്ച് പറിച്ചും ഇന്നും സുഭിക്ഷമായി സുരക്ഷിതമായി കഴിയുന്നു.

ഈ സമൂഹത്തിലാണ് പട്ടിണി മൂലം ആഹാരം മോഷ്ട്ടിക്കുന്നവന്‍ കുറ്റവാളിയാകുന്നത്. വയറ് വിശന്ന് പൊരിയുമ്പോള്‍ നിസ്സഹായാവസ്ഥയില്‍ അവന്‍ അല്പം ആഹാരം മോഷ്ട്ടിച്ചാല്‍ അവന് മരണശിക്ഷ വിധിക്കുന്ന സമൂഹം സമൂഹത്തെ മുച്ചാലും മുടിക്കുന്ന വന്‍കിട മോഷ്ട്ടാക്കളെ എന്ത് ചെയ്യും? ഒരുവന്‍ വിശപ്പകറ്റാന്‍ ആഹാരം മോഷ്ട്ടിക്കേണ്ടി വരുന്ന സമൂഹം ഒരിക്കലും ഒരു പരിഷ്‌കൃതമായ, വളര്‍ച്ചയെത്തിയ ഒരു സമൂഹമല്ല.

മധു ഒരാളെയും പറ്റിച്ചിട്ടില്ല. അയാള്‍ നിങ്ങളുടെ പോക്കട്ടടിച്ചിട്ടില്ല. അയാള്‍ നിങ്ങളുടെ പണം കാര്യസാധ്യങ്ങള്‍ക്കായി പിടിച്ച് പറിച്ചിട്ടില്ല. അയാള്‍ ബാങ്കില്‍ നിന്നും ഒരു രൂപ പോലും ലോണ്‍ എടുത്തിട്ടില്ല. അയാള്‍ മാഞ്ചിയവും ആടും നാഗമാണിക്യവും വലംപിരിശംഖുമായി നിങ്ങള്‍ക്ക് പിറകെ വന്നിട്ടില്ല. അയാള്‍ സംഭാവന കൂപ്പണുകളുമായി നിങ്ങള്‍ക്ക് പിറകേ നടന്നിട്ടില്ല.

വിശപ്പകറ്റാന്‍ ഒരുവന്‍ ആഹാരം മോഷ്ട്ടിക്കേണ്ടി വരുന്ന ഒരു സമൂഹത്തിനെ നാം എന്ത് പേര് വിളിക്കണം? കേരളമെന്നോ?

വിശപ്പകറ്റാന്‍ ആഹാരം മോഷ്ട്ടിച്ചവന് മരണശിക്ഷ വിധിച്ച ഒരു സമൂഹത്തിനെ നാം എന്ത് പേര് വിളിക്കണം? കേരളമെന്നോ?

കേരളം കാട്ടാളരുടെ നാടാവുകയാണ്. മധു ഒരവസാനവുമാകില്ല. കാരണം നമ്മളും കേരളവും നന്മകളില്‍ നിന്നും ഒരുപാട് അകന്നിരിക്കുന്നു.

 

Leave a comment