നമുക്ക് സ്വസ്ഥതയിലേക്ക് മടങ്ങി വരാം

ബുദ്ധനും ശിഷ്യഗണങ്ങളും ഒരു യാത്രയിലാണ്. വളരെയധികം ദൂരം കാല്‍നടയായി സഞ്ചരിച്ചു കഴിഞ്ഞു. നല്ല ക്ഷീണം അനുഭവപ്പെടുന്നത് കൊണ്ട് ബുദ്ധനും ശിഷ്യന്മാരും അല്‍പ്പസമയം വിശ്രമിക്കാം എന്ന് തീരുമാനിച്ചു. എല്ലാവരും ഒരു മരത്തണലില്‍ ഇരുന്നു.

നല്ല ദാഹം തോന്നുന്നു. ബുദ്ധന്‍ ഒരു ശിഷ്യനോട് പറഞ്ഞു. അടുത്തെവിടെയെങ്കിലും നദിയുണ്ടെങ്കില്‍ ശുദ്ധമായ ജലം കുടിക്കാന്‍ എടുത്ത് കൊണ്ട് വരൂ. ബുദ്ധന്‍ പറഞ്ഞതനുസരിച്ച് ശിഷ്യന്‍ നദി തേടി പുറപ്പെട്ടു. അധികദൂരമൊന്നും നദി തേടി അലയേണ്ടി വന്നില്ല. പക്ഷേ ജലമെടുക്കാന്‍ നദിയിലേക്കിറങ്ങിയ ശിഷ്യന്‍ കലങ്ങിക്കിടക്കുന്ന ജലം കണ്ട് നിരാശനായി. അയാള്‍ തിരികെ ബുദ്ധനരികിലെത്തി ജലം കലങ്ങിക്കിടക്കുന്നത് കൊണ്ട് അത് കുടിക്കാന്‍ യോഗ്യമല്ല എന്നറിയിച്ചു.

ബുദ്ധന്‍ ശിഷ്യനോട് വിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം അദ്ദേഹം ശിഷ്യനോട് വീണ്ടും നദിയില്‍ പോയി നോക്കുവാന്‍ ആവശ്യപ്പെട്ടു. ഇത്തവണ നദിക്കരയിലെത്തിയ ശിഷ്യന്‍ അത്ഭുതപ്പെട്ടു. നദിയിലെ ജലം കണ്ണുനീര്‍ പോലെ ശുദ്ധമായിരിക്കുന്നു. തെളിഞ്ഞ ജലത്തിലൂടെ നദിയുടെ അടിഭാഗം വരെ വ്യക്തമായി കാണാം. തന്റെ കുടത്തില്‍ ജലം ശേഖരിച്ച് ആഹ്‌ളാദഭരിതനായി ശിഷ്യന്‍ ബുദ്ധന്റെ അരികിലെത്തി. താന്‍ കണ്ട കാഴ്ച്ച അദ്ദേഹത്തോട് വിവരിച്ചു.

ബുദ്ധന്‍ ശിഷ്യരോട് പറഞ്ഞു. ഈ നദി പോലെയാണ് നമ്മുടെ മനസ്സും. അത് കലങ്ങിക്കിടക്കുമ്പോള്‍ അതിനാവശ്യം വിശ്രമമാണ്. അല്‍പ്പസമയം നല്കിയാല്‍ അത് സ്വസ്ഥമാകും. മനസ്സ് തെളിഞ്ഞ നദിപോലെ ആയി മാറും. അതുകൊണ്ട് മനസ്സ് അസ്വസ്ഥമാകുമ്പോള്‍ അല്പ്പം സമയം നല്‍കുക. അത് സ്വസ്ഥമാകട്ടെ.

മനസ്സ് കലുഷിതമാകുമ്പോള്‍ നാം അതിനെ വീണ്ടും കലുഷിതമാക്കുവാന്‍ ശ്രമിക്കുന്നു. എന്താണോ മനസ്സിന്റെ സ്വസ്ഥത നശിപ്പിച്ചത് അതിനെക്കുറിച്ച് തന്നെ നാം വീണ്ടും വീണ്ടും ചിന്തിച്ചു കൊണ്ടേയിരിക്കുന്നു. മനസ്സ് കൂടുതല്‍ അസ്വസ്ഥമാകും എന്നതല്ലാതെ ഇതൂകൊണ്ട് മറ്റൊരു പ്രയോജനവും ലഭിക്കുകയില്ല. എന്നാല്‍ അതിനെ അല്‍പ്പസമയം വിശ്രമിക്കുവാന്‍ അനുവദിക്കൂ. അത് തനിയെ സ്വാസ്ഥ്യത്തിലേക്ക് മടങ്ങി വരും.

മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്ന ഒരു സമയം. ശ്രീ ശ്രീ രവിശങ്കര്‍ജിയെ കണ്ടപ്പോള്‍ ചോദിച്ചു. ഗുരുദേവ്, മനസ്സ് കലുഷിതമായിരിക്കുന്നു. എന്ത് ചെയ്യണം? ഗുരുദേവന്‍ മെല്ലെ ചിരിച്ചു എന്നിട്ട് പറഞ്ഞു ധ്യാനിക്കൂ. മനസ്സ് ശാന്തമാകും.

ധ്യാനത്തിന് അസാധാരണമായ കഴിവുണ്ട്. അത് നമ്മെ സ്വന്തം ഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും. സ്വന്തം ഗൃഹം നമ്മുടെ മനസ്സാണ്. ധ്യാനം അതിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കും. ധ്യാനം നമുക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യും. ബുദ്ധനും നമ്മെ പഠിപ്പിച്ചത് ധ്യാനിക്കുവാനാണ്. ഓരോ പ്രവര്‍ത്തിയും ധ്യാനത്തോടെ ചെയ്യുവാനാണ്. ഏത് പ്രവര്‍ത്തിയാണോ നാം പൂര്‍ണ്ണമായ അവബോധത്തോടെ ചെയ്യുന്നത് അത് തന്നെയാണ് ധ്യാനം.

ഒരുദിവസം അറുപതിനായിരം ചിന്തകളോളമാണ് നമ്മുടെ മനസ്സിലൂടെ കടന്ന് പോകുന്നത്. അതിശയകരം തന്നെ. നാം അറിയാതെ ഇത്രമാത്രം ചിന്തകള്‍ നമ്മുടെ തലച്ചോറിലൂടെ കടന്നു പോകുന്നു. രസകരമായ മറ്റൊരു കാര്യം ഇതില്‍ തൊണ്ണൂറ് ശതമാനവും പഴയ ചിന്തകള്‍ തന്നെയാണ് എന്നുള്ളതാണ്. അതായത് ചിന്തകളുടെ ഒരു വേസ്റ്റ് ബാസ്‌ക്കെറ്റ് ആണ് നമ്മുടെ തലച്ചോര്‍ എന്നര്‍ത്ഥം. ഈ ചിന്തകളെ കുടഞ്ഞെറിയാന്‍ നമുക്ക് കഴിയുന്നില്ല. മനസ്സിന്റെ സ്വാസ്ഥ്യം നശിപ്പിച്ചുകൊണ്ട് വീണ്ടും വീണ്ടും അവ നമ്മെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

മനസ്സിനെ ശുദ്ധീകരിക്കുവാന്‍ ധ്യാനം നമ്മെ സഹായിക്കും. ചിന്തകളില്‍ തെളിമ വരും. തെളിഞ്ഞ ജലം പോലെ മനസ്സിന്റെ അടിഭാഗം നമുക്ക് ദൃശ്യമാകും. കലുഷിതമായ മനസ്സ് സ്വസ്ഥതയിലേക്ക് മടങ്ങി വരും. അല്പ്പസമയം തനിച്ചിരിക്കുക ഒരു ശീലമാവട്ടെ. ഈ തിങ്കളാഴ്ചയുടെ ശുദ്ധമായ പ്രഭാതത്തില്‍ തന്നെ നമുക്ക് അതാരംഭിക്കാം.

 

 

 

 

Leave a comment