ഇവിടെ നാം അവശേഷിപ്പിക്കുന്നത്

ഭാസ്‌ക്കരന്‍ പാടുകയാണ്. അവന്റെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. അവന് ചുറ്റിലുമുള്ള ലോകം അപ്രത്യക്ഷമായിരിക്കുന്നു. ശൂന്യതയില്‍ നിന്നും ആ ഗാനം ഒഴുകിവരികയാണ്. അത്രമാത്രം അവന്‍ അതില്‍ ലയിച്ചിരിക്കുന്നു. കേള്‍വിക്കാരും ആ ഒരു അനുഭൂതിയില്‍ മുഴുകിയിരിക്കുകയാണ്. അവന്റെ സ്വരമാധുരിയില്‍ ഉരുകിയോലിച്ചുപോയ മഞ്ഞുകട്ടയായി മാറി ചുറ്റുമുള്ളതെല്ലാം. ഒരു മഴയുടെ കുളിരില്‍ ഹൃദയം നനഞ്ഞപോലെ.

കണ്ണുതുറന്നാലും ഭാസ്‌ക്കരന് ഒന്നും കാണുവാന്‍ സാധിക്കുകയില്ല. അവന്‍ ജന്മനാ അന്ധനാണ്. സൂര്യന്റെ വരവും പോക്കും അറിയാത്ത ഒരാള്‍. അന്ധകാരത്തിലൂടെ യാത്ര ചെയ്യുന്ന ഒരാള്‍. പക്ഷേ അവന്റെ ഹൃദയത്തില്‍ നിറയെ പ്രകാശമാണ്. അത് ചുണ്ടുകളിലൂടെ ലോകത്തിലേക്ക് പ്രതിഫലിക്കുന്നു. കണ്ണുകളില്‍ ഇരുട്ടും ഹൃദയത്തില്‍ പ്രകാശവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍.

ഭാസ്‌ക്കരന്‍ ആയിരങ്ങളുടെ ഒരു പ്രതീകമാണ്. കോടിക്കണക്കിന് ജനങ്ങളില്‍ നിന്നും വ്യത്യസ്ഥരായ ഒരു ജനതയെ പ്രതിനിധീകരിക്കുന്നവന്‍. അംഗങ്ങളില്‍ യാതൊരു ഭംഗവുമില്ലാതെ ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്ന മഹാഭൂരിപക്ഷം ജനങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവര്‍. അവരുടെ ജീവിതം ഒരു പോരാട്ടമാണ്. തങ്ങളുടെ പോരായ്മകളോട്, വിധി തങ്ങള്‍ക്ക് നല്‍കിയ തിരിച്ചടികളോട്, ജീവിതത്തോട് അവര്‍ പോരാടുകയാണ്. ആരോഗ്യവും സമ്പത്തും ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞവര്‍ അര്‍ത്ഥശൂന്യമായ ജീവിതയുദ്ധങ്ങളിലാണ്. ഭാസ്‌കരന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ വേറിട്ട പോരാട്ടം ഇവര്‍ക്കന്യമാണ്.

യാദൃച്ചികമായാണ് ഞാന്‍ അന്‍വര്‍ ബാബുവിനെ പരിചയപ്പെടുന്നത്. രോഗിയായി ജനിച്ച് ഈ ജീവിതകാലയളവില്‍ പതിനഞ്ചു ശസ്ത്രക്രിയകളിലൂടെ കടന്നുപോകേണ്ടി വന്ന ഒരാള്‍. രോഗവും തുടര്‍ച്ചയായ ചികിത്സയും കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകര്‍ത്തപ്പോള്‍ ഭിക്ഷാപാത്രവുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരാള്‍. ഇതിനിടയിലെപ്പോഴോ വിവാഹം കഴിഞ്ഞു. കുട്ടികളായി. പള്ളികളുടെ മുന്നില്‍ നിന്നും ഭിക്ഷയെടുത്ത് കുടുംബം പോറ്റിയിരുന്ന അന്‍വര്‍ ബാബുവിന്റെ ജീവിതം മാറ്റിമറിച്ചത് ഒറ്റ ചോദ്യമായിരുന്നു.

നിങ്ങളുടെ പരിമിതികളുമായി പോരാടി ജോലിയെടുത്ത് ജീവിക്കാതെ എന്തിന് നിങ്ങള്‍ ഭിക്ഷയെടുക്കുന്നു എന്ന ചോദ്യം അയാളുടെ മനസ്സില്‍ തുളച്ചുകയറി. അന്നയാള്‍ ആ ഭിക്ഷാപാത്രം നിലത്ത് വെച്ചു. സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പിന്‍ബലത്താല്‍ അന്‍വര്‍ ഒരു കട തുറന്നു. ഒരു സംരംഭകനായി മാന്യമായി കുടുംബം പോറ്റാനുള്ള വരുമാനം ഇന്ന് അന്‍വര്‍ നേടുന്നു. അന്‍വറിന്റെ നാടും കൂട്ടുകാരും അന്‍വറിന് ഒരു പേരും നല്കി പോരാളി അന്‍വര്‍. വിധിയോട് പോരാടുന്നവന് അറിഞ്ഞുനല്‍കിയ പേര്.

അന്‍വറിനെ പോലെ ഒരുപാട് പോരാളികളുണ്ട് നമ്മുടെ നാട്ടില്‍. തങ്ങള്‍ പരാജയപ്പെടാന്‍ തയ്യാറല്ല എന്ന് തലയുയര്‍ത്തി നിന്ന് തങ്ങളുടെ പരിമിതികളെ വെല്ലുവിളിക്കുന്നവര്‍. അവരെ സഹായിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ചിലരും ഇവിടെയുണ്ട്. ഒന്നും പ്രതീക്ഷിക്കാതെ അവര്‍ ഇവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരുന്നു. പ്രത്യാശയുടെ തിരികള്‍ തെളിച്ചുനല്‍കുന്നു. നന്മ നിറഞ്ഞ മനസുകളുടെ കൂട്ടായ്മയിലൂടെ ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.

യഥാര്‍ത്ഥത്തില്‍ കാഴ്ചയും ശേഷിയും ഇല്ലാത്തത് ആര്‍ക്കാണ്? നമുക്കല്ലേ? നാം ജീവിക്കുന്നത് ഈ ലോകത്തില്‍ നിന്ന് എത്ര അകലെയാണ് എന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ചിന്തയും പ്രവര്‍ത്തിയും നമ്മളെ കുറിച്ചുമാത്രമാണ്. സമ്പത്ത് ഉണ്ടാക്കുവാനും അത് നിലനിര്‍ത്തുവാനുമുള്ള പോരാട്ടത്തിനിടക്ക് സത്യമായ ലോകം നമ്മില്‍ നിന്ന് മറഞ്ഞുപോകുന്നു. നാം ഒരു നിഴല്‍യുദ്ധത്തിലാണ്. അവിടെ സഹജീവികളുടെ കണ്ണീരില്ല. അവരുടെ നിസ്സഹായതകളില്ല. അവരുടെ സ്വപ്നങ്ങളില്ല. നാം നമുക്ക് വേണ്ടി ജീവിച്ച് മരിച്ചു പോകുന്നു.

നമ്മുടെ കരുണ ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ട്. അവര്‍ നമുക്കരികിലേക്കെത്തുവാന്‍ നാം കാത്തുനില്‍ക്കണോ? അതോ നാം അവര്‍ക്കരികിലേക്ക് എത്തുകയാണോ വേണ്ടത്? കാഴ്ചയില്ലാത്തവര്‍, അംഗഭംഗം വന്നവര്‍, രോഗികള്‍, ജീവിക്കുവാന്‍ ആശ്രയമില്ലാത്തവര്‍ ഇവരൊക്കെ നമുക്കരികിലെത്താന്‍ നാം കാത്തിരിക്കുകയാണെങ്കില്‍ അതിനേക്കാള്‍ ഹൃദയശൂന്യത മറ്റെന്തുണ്ട്? നാം കെട്ടിപ്പൊക്കിയ നമ്മുടെ ലോകത്ത് നാം സുരക്ഷിതരാണ്. അവിടെ നിന്ന് ഒരു കൈ പുറത്തേക്ക് നീട്ടുക എന്നത് ഹൃദയത്തില്‍ നന്മയുള്ള വ്യക്തിത്വങ്ങള്‍ക്കേ കഴിയൂ.

ഇവരെ ജീവിതത്തിലേക്ക് നയിക്കാന്‍ നമുക്ക് കഴിയും. അതിന് നാം കണ്ണുതുറക്കണം. കൈകള്‍ വിശാലമായ ലോകത്തിലേക്ക് നീട്ടിപ്പിടിക്കണം. ഈ ഭൂമിയിലേക്ക് വന്നതിന്റെ അര്‍ത്ഥസാരം തിരിച്ചറിയണം. അര്‍ത്ഥശൂന്യങ്ങളായ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ നമുക്ക് സാധിക്കണം. തിരിച്ചുപോകുമ്പോള്‍ വിശാലമായ ഈ ഭൂമിയില്‍ നമ്മുടെ ജീവിതം അടയാളപ്പെടുത്താന്‍ എന്തെങ്കിലും ശേഷിപ്പിച്ച് തലയുയര്‍ത്തി നമുക്ക് കടന്നുപോകണം.

Leave a comment