ഡല്‍ഹിയുടെ മറ്റൊരു മുഖം

നേരം സന്ധ്യയോടടുക്കുന്നു. ഇരുള്‍ വീണു തുടങ്ങിയിട്ടില്ല. കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ നടക്കുകയാണ്. റോഡുകളില്‍ നല്ല തിരക്കുണ്ട്. കൊണാട്ട് പ്ലേസിന്റെ വീഥികളിലൊന്നില്‍ നിന്നും വാങ്ങിയ കടല കൊറിച്ചുകൊണ്ട് ബസാറിലേക്ക് പോകുവാനായി ഞങ്ങള്‍ സബ് വേയിലേക്കിറങ്ങി.

സബ് വേയുടെ ഇരുണ്ടകോണിലൊന്നില്‍ കറുത്ത് മെലിഞ്ഞ ഒരു രൂപം. അരക്ക് മുകളിലേക്ക് നഗ്‌നനാണ്. വാരിയെല്ലുകള്‍ എഴുന്നു നില്‍ക്കുന്നു. മുടി ജടപിടിച്ചു തലയില്‍ കാട്ടുവള്ളികള്‍ പടര്‍ന്നപോലെ തോന്നിച്ചു. ഇത്രയും നേര്‍ത്ത ഒരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എല്ലുകള്‍ക്ക് മുകളില്‍ തൊലി പൊതിഞ്ഞുവെച്ചത് പോലൊരാള്‍. തന്റെ കൈകളില്‍ പശപോലെ ഒട്ടിയ വെളുത്ത പൊടി മൂക്കിലേക്ക് വലിച്ചുകയറ്റി ആ രൂപം സബ് വേയുടെ മതിലിനോട് ചേര്‍ന്നിരുന്നു. തല വെട്ടിവീഴ്ത്തിയപോലെ നെഞ്ചിനോട് ചേര്‍ന്ന് തൂങ്ങിക്കിടന്നു.

ഒപ്പമുണ്ടായിരുന്ന ഡല്‍ഹിക്കാരനായ സുഹൃത്ത് പറഞ്ഞു ”ഡല്‍ഹിയുടെ കാണാത്ത ചില മുഖങ്ങള്‍ നിങ്ങള്‍ കാണും. അത് ചിലപ്പോള്‍ നിങ്ങളെ ദുഃഖിപ്പിക്കും അല്ലെങ്കില്‍ ആശ്ചര്യപ്പെടുത്തും. ഡല്‍ഹി സുന്ദരിയാണ് അതുപോലെ തന്നെ വിരൂപയുമാണ്.” ഒരു കവിയെപ്പോലെ ഇതുപറഞ്ഞ് അദ്ദേഹം ഞങ്ങളെ നോക്കി ചിരിച്ചു. ആദ്യമായാണ് ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മനുഷ്യന്റെ ഭീകരമായ ഇത്തരമൊരു അവസ്ഥ കാണുന്നത്. മനസിന്റെ കണ്ണാടിയില്‍ ഇനി മാഞ്ഞുപോകാത്ത വിധം അത് പതിഞ്ഞു.

”നിങ്ങളെ ഞാന്‍ മറ്റൊരു കാഴ്ച കാണിച്ചുതരാം” അദ്ദേഹം ഞങ്ങളെ അടുത്തൊരു ബാറിലേക്ക് കൂട്ടികൊണ്ടുപോയി. ബാറിന്റെ കവാടത്തില്‍ മസിലുകള്‍ പെരുപ്പിച്ചുകൊണ്ട് നാലഞ്ചു യുവാക്കള്‍. അവര്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ മദ്യപിക്കാന്‍ വന്നതല്ല എന്നവര്‍ക്ക് മനസിലായി. ഡല്‍ഹിക്കാരന്‍ സുഹൃത്ത് അവരോട് എന്തൊക്കെയോ സംസാരിച്ചു. അതിനൊടുവില്‍ ഞങ്ങളെ അവര്‍ ബാറിലേക്ക് പ്രവേശിക്കുവാന്‍ അനുവദിച്ചു.

മോട്ടോര്‍ വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ കൊണ്ട് അലങ്കരിച്ച ഉള്‍ഭാഗം. വന്യമായ ഒരു ഫീല്‍ ആയിരുന്നു ആ ബാറിന്. അതിനുള്ളില്‍ വെളിച്ചം നൃത്തംവെച്ചുകൊണ്ടിരുന്നു. മേശപ്പുറങ്ങളില്‍ ഇരുന്ന ഗ്ലാസുകളിലും മദ്യക്കുപ്പികളിലും തൂക്കിയിട്ടിരിക്കുന്ന ലോഹങ്ങളിലും വെളിച്ചം തട്ടി പ്രതിഫലിക്കുന്നു. ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ പെട്ടെന്ന് മറ്റേതോ ലോകത്തില്‍പ്പെട്ടപോലെ ഒരവസ്ഥ. ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ചുറ്റും ചില തടിമാടന്മാര്‍.

എന്റെ ശ്രദ്ധ അവടെയിരിക്കുന്നവരിലേക്ക് പോയി. ഞാന്‍ അമ്പരന്നു. എല്ലാ മേശകളിലും യുവാക്കളും യുവതികളും മാത്രം. മുന്നില്‍ നിറഞ്ഞ് ഒഴിയുന്ന മദ്യ ഗ്ലാസുകള്‍. പച്ചവെള്ളം കുടിക്കുന്ന ലാഘവത്തോടെ പെണ്‍കുട്ടികള്‍ മദ്യം വലിച്ചുകുടിക്കുന്നു. പല പെണ്‍കുട്ടികളുടേയും കയ്യില്‍ എരിയുന്ന സിഗററ്റ്. വാക്കുകള്‍ അന്തരീക്ഷത്തില്‍ കൂടി പറന്ന് നടക്കുന്നു. അവരെല്ലാം അവരുടേതായ മറ്റൊരു ലോകത്താണ്.

”അധികസമയം നമുക്കിവിടെ നില്‍ക്കേണ്ട” സുഹൃത്ത് പറഞ്ഞു. ഞങ്ങള്‍ ഒരു കോണിലുള്ള പടവുകളിലൂടെ താഴേക്കിറങ്ങി. ഞങ്ങള്‍ക്കെതിരെ ഒരു പെണ്‍കുട്ടിയും രണ്ടാണ്‍കുട്ടികളും കയറി വരുന്നു. അവളുടെ കൈകള്‍ അവരുടെ തോളുകളില്‍ തൂങ്ങിക്കിടക്കുകയാണ്. നന്നായി മദ്യപിച്ചിരിക്കുന്നു. ഞങ്ങളുടെ നാസാരന്ധ്രങ്ങളില്‍ മദ്യത്തിന്റെ മണം പരത്തി അവര്‍ ഞങ്ങളെ കടന്നുപോയി. ഞങ്ങള്‍ വീണ്ടും തെരുവിലെ തിരക്കിലേക്കിറങ്ങി.

”നിങ്ങളുടെ നാട് ഇത്ര പുരോഗമിച്ചിരിക്കാന്‍ വഴിയില്ല” സുഹൃത്ത് ഒരു ചെറുചിരിയോടെ പറഞ്ഞു. ഞങ്ങളാരും ഒന്നും മിണ്ടിയില്ല. സത്യത്തില്‍ വാക്കുകള്‍ ഞങ്ങളെ വിട്ട് എവിടെയോ ഒളിച്ചിരുന്നു. ഞങ്ങള്‍ നിശബ്ദരായി നടന്നു. ഒന്നുമില്ലാതിരുന്നിട്ടും മനസ് കനം കൊണ്ട് തൂങ്ങിയിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴും മനസിലുണ്ട്. ആണ്‍കുട്ടികളുടെ തോളില്‍ തൂങ്ങി കാലുകള്‍ വേച്ച് മുകളിലേക്ക് കയറിവരുന്ന ആ രൂപം. ചിലപ്പോഴൊക്കെ എന്റെ മകളുടെ മുഖം ഞാന്‍ അവളുടെ മുഖത്തിന്റെസ്ഥാനത്ത് സങ്കല്‍പ്പിച്ചു നോക്കും. ശരീരത്തില്‍ തീ തൊട്ടപോലെ ഞാന്‍ പുളയും. അത് നല്‍കുന്ന വേദന ഭീകരമാണ്.

നമുക്ക് പിടിച്ചുകെട്ടാന്‍ സാധിക്കാത്ത വിധത്തില്‍ വേഗതയിലാണ് പുരോഗമനത്തിലേക്ക് നാം കുതിക്കുന്നത്. നമുക്ക് സാധിക്കുന്നത് നമ്മുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നത് മാത്രമാണ്. വികസനത്തിന്റെ, പുരോഗമനത്തിന്റെ കുത്തൊഴുക്കില്‍ മൂല്യങ്ങള്‍ കൈമോശം വന്നാല്‍ നാളെ നാം കരയേണ്ടി വരും. വളര്‍ന്നു വരുന്ന ഒരു തലമുറയെയോര്‍ത്ത്.

 

Leave a comment