കൃത്രിമബുദ്ധിയുടെ അധിനിവേശം

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസിന്റെ ആ വിളി വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു.. കോളേജ് ദിനങ്ങള്‍ക്കപ്പുറം അവനെ കണ്ടിട്ടുണ്ടായിരുന്നില്ല. ഫേസ്ബുക്കില്‍ നിന്നും എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചതാണ്. ”ഞാന്‍ എറണാകുളത്തേക്ക് വരുന്നു. നിന്നെ കാണണം” അവന്‍ പറഞ്ഞു.

രണ്ടാഴ്ചക്കുള്ളില്‍ അവന്‍ എറണാകുളത്തെത്തി. ഞങ്ങള്‍ തമ്മില്‍ കണ്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പുനസമാഗമം. ഒരുപാട് വിശേഷങ്ങള്‍ പങ്കുവെച്ചു. ഫ്രാന്‍സിസ് ചെന്നൈയില്‍ ഒരു സോഫ്റ്റ്വെയര്‍ കമ്പനി നടത്തുകയാണ്. സംസാരത്തിന്റെ ഇടല്‍ എപ്പോഴോ അവന്‍ പറഞ്ഞു.

”നാം ഈ കാണുന്ന ലോകം മാറുകയാണ്. നമുക്ക് ഊഹിക്കുവാന്‍ പോലുമാകാത്ത ഒരു തലത്തിലേക്ക് നമ്മുടെ ജീവിതം മാറ്റപ്പെടുകയാണ്. മെഷീന്‍ ലേര്‍ണിങ്ങും കൃത്രിമബുദ്ധിയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തും. നമ്മുടെ ജീവിതചര്യകള്‍ സാങ്കേതികതയാല്‍ നിയന്ത്രിക്കപ്പെടും. ഇതൊരു പ്രവചനമല്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.”

എന്തുകൊണ്ടോ ഫ്രാന്‍സിസിന്റെ വാക്കുകള്‍ കേട്ടിരിക്കുമ്പോള്‍ ഞാനതത്ര ശ്രദ്ധിച്ചോ എന്നത് എനിക്കോര്‍മ്മയില്ല. എങ്കിലും അവന്റെ വാക്കുകള്‍ എന്റെ തലച്ചോറിന്റെ ഏതോ ഒരു അറയില്‍ തടവില്‍പ്പെട്ടു.

വളരെ നാളുകള്‍ക്ക് ശേഷം ഒരു യാത്രക്കിടയില്‍ ഞാന്‍ ഡിജിറ്റല്‍ ക്യാമറകള്‍ വില്‍ക്കുന്ന ഒരു കടയിലേക്ക് കടന്നു ചെന്നു. ക്യാമറകള്‍ കണ്ട്, വിലകള്‍ നോക്കി അങ്ങനെ കറങ്ങി നടക്കുമ്പോള്‍ സെയില്‍സ്മാന്‍ എന്റെ അരികില്‍ വന്നു. മനോഹരമായ ഒരു ക്യാമറ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു ”ഈ ക്യാമറ ഏറ്റവും പുതിയ മോഡല്‍ ആണ്. കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. വെളിച്ചവും വസ്തുവും നോക്കി വിലയിരുത്തി ഏറ്റവും മികച്ച ചിത്രങ്ങള്‍ ഈ ക്യാമറ താങ്കള്‍ക്ക് നല്‍കും.”

പെട്ടെന്ന് ഒരു മിന്നല്‍പോലെ ഫ്രാന്‍സിസിന്റെ വാക്കുകള്‍ എന്നെ തേടി വന്നു. ഈ ക്യാമറയില്‍ അല്ലെങ്കില്‍ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഏതൊരു സാങ്കേതിക വസ്തുവിലും കൃത്രിമബുദ്ധിയുണ്ട്. അത് നമുക്കാവശ്യമുള്ളവയെ തിരിച്ചറിയുന്നു. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഫലം നല്‍കുന്നു. നമ്മുടെ മൊബൈല്‍ ഫോണില്‍, ലാപ്‌ടോപ്പില്‍, കാറുകളില്‍ എല്ലാം കൃത്രിമബുദ്ധി ഉണ്ട്. അവ നിയന്ത്രിക്കപ്പെടുന്നത് പ്രവര്‍ത്തിക്കുന്നത് കൃത്രിമബുദ്ധിയുടെ തലച്ചോറ് ഉപയോഗിച്ചാണ്.

അതിവേഗതയില്‍ വളരുന്ന കൃത്രിമ തലച്ചോറ്

കൃത്രിമബുദ്ധിയുടെ തലച്ചോറ് ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാം ഉപയോഗിക്കുന്ന ചെറിയ വസ്തുക്കളില്‍ പോലും ഈ ബുദ്ധി ഉപയോഗിക്കപ്പെടുന്നു. മുന്‍പ് കൃത്രിമബുദ്ധിയുടെ ഉത്പാദനവും ഉപഭോഗവും ചിലവ് കൂടിയ ഒന്നായിരുന്നെങ്കില്‍ ഇന്നതിന്റെ ചിലവ് സ്റ്റാര്‍ട്ട് അപ്പ്കള്‍ക്ക് പോലും താങ്ങാനാകുന്ന രീതിയില്‍ മാറ്റം വന്നുകഴിഞ്ഞു. ഇനി വരുന്ന വര്‍ഷങ്ങളില്‍ കൃത്രിമബുദ്ധി ബിസിനസിന്റെ പ്രവര്‍ത്തനരീതികളില്‍ തന്നെ സമഗ്ര മാറ്റം വരുത്തും. സങ്കീര്‍ണ്ണങ്ങളായ ബിസിനസ് പ്രക്രിയകള്‍ അവയാല്‍ നിയന്ത്രിക്കപ്പെടും. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ നടത്തിയ ഒരു പഠനം പറയുന്നത് 2030 ആകുമ്പോഴേക്കും ലോകസാമ്പത്തിക മേഖലക്ക് ഏകദേശം $15.7 ട്രില്യണ്‍ വരുമാനം കൃത്രിമബുദ്ധിയില്‍ നിന്നും ലഭിക്കും എന്നാണ്. ബിസിനസിന്റെ യഥാര്‍ത്ഥ, പ്രായോഗിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന രീതിയില്‍ കൃത്രിമബുദ്ധി വികാസം പ്രാപിക്കും. ഇത് ബിസിനസില്‍ അടുത്തൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കും.

കൃത്രിമബുദ്ധി പുനര്‍നിര്‍വ്വചിക്കുന്ന ബിസിനസുകള്‍

ബിസിനസിലെ കസ്റ്റമര്‍ അനുഭവങ്ങളില്‍ എ ഐ പുതിയ ചരിത്രം രചിക്കും. ഓരോ ഇടപാടുകാരന്റെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി അവരുടെ ഇഷ്ട്ടങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ എ ഐ ബിസിനസിനെ സഹായിക്കും. വിവരങ്ങളുടെ അതിദ്രുതമായ, കുറ്റമറ്റ വിശകലനത്തിലൂടെ അവ ബിസിനസിന്റെക്ഷമത വര്‍ദ്ധിപ്പിക്കും.

വില്പ്പന വര്‍ദ്ധിപ്പിക്കുവാന്‍, കളവുകളും തെറ്റുകളും കണ്ടെത്താന്‍, പ്രക്രിയകള്‍ കുറ്റമറ്റ രീതിയില്‍ യാന്ത്രികമാക്കുവാന്‍, വിവരങ്ങളുടെ വിശകലനത്തിലൂടെ പ്രവചനങ്ങള്‍ നടത്തുവാന്‍ ഒക്കെ എ ഐ ബിസിനസിനെ സഹായിക്കും. ഇവിടെ മനുഷ്യ ഇടപെടലുകളിലൂടെ സംഭവിക്കപ്പെടുന്ന തെറ്റുകളും അബദ്ധങ്ങളും ഇല്ലാതെയാകും. ബിസിനസുകളുടെ കാര്യപ്രാപ്തി പലമടങ്ങുകള്‍ വര്‍ദ്ധിക്കും.

ഇടപാടുകാരുടെ മനസറിഞ്ഞുള്ള ഉല്‍പ്പന്നങ്ങള്‍

അടുത്ത കാലത്ത് ആഗോള സോഫ്റ്റ് ഡ്രിങ്ക് ഭീമനായ കൊക്കോ കോള പുതിയൊരു സോഫ്റ്റ് ഡ്രിങ്ക് പുറത്തിറക്കുകയുണ്ടായി. ”ചെറി സ്‌പ്രൈറ്റ്” എന്ന് പേരിട്ട ആ സോഫ്റ്റ് ഡ്രിങ്ക് കൊക്കോ കോള നിര്‍മ്മിച്ചത് എ ഐ നടത്തിയ ഉല്‍പന്ന വിശകലനത്തിലൂടെയായിരുന്നു.

മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാണ കമ്പനി എ ഐ ഉള്ള വെന്റിംഗ് മെഷീനുകള്‍ വിപണിയിലേക്ക് ഇറക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഇടപാടുകാരെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ഇത്തരം മെഷീനുകള്‍ ഇടപാടുകാരുടെ അനുഭവങ്ങളെ ആഴത്തില്‍ സ്വാധീനിക്കും.

വിവരങ്ങള്‍ ബിസിനസില്‍ ലഭ്യമാണെങ്കിലും അതിന്റെ കുറ്റമറ്റ വിശകലനങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയെ പിന്തുണക്കുവാനാകൂ. വലിയ പരിമാണത്തിലുള്ള വിവരങ്ങളെ സാങ്കേതികതയുടെ സഹായമില്ലാതെ കോര്‍ത്തിണക്കാനോ വിശകലനം ചെയ്യുവാനോ സാധ്യമല്ല. എ ഐയുടെ പിന്തുണ കൂടിയാകുമ്പോള്‍ എതിരാളികളെക്കാള്‍ ഒരു മുഴം മുന്നേ നീട്ടിയെറിയാന്‍ അത് സംരംഭകനെ സഹായിക്കുന്നു. കിടമത്സരങ്ങളുടെ ഈ കാലത്ത് ഇടപാടുകാരന്റെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് ഉല്‍പന്നങ്ങള്‍ നല്‍കുക ഒരു വെല്ലുവിളിയാണ്. എ ഐ ആ വെല്ലുവിളിയെ നേരിടാന്‍ ബിസിനസിനെ പ്രാപ്തമാക്കുന്നു.

ചുറ്റും കാണുന്ന പുതിയ കാഴ്ചകള്‍

നാം ഒരു റെസ്റ്റോറന്റില്‍ ഇരിക്കുകയാണ്. ഒരു റോബോട്ട് നമ്മുടെ അടുത്ത് എത്തുന്നു. നമ്മുടെ ഭാഷയില്‍ അത് നമ്മോട് സംവേദിക്കുന്നു. ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്ഷണവുമായി നമ്മുടെ ടേബിളിനരുകില്‍ എത്തുന്നു. കണ്ണുതിരുമ്മി നോക്കേണ്ട, ഇത് സ്വപ്നമല്ല യാഥാര്‍ത്ഥ്യമാണ്. റിസപ്ഷനുകളില്‍, നമ്മെ സേവിക്കേണ്ട ഇടങ്ങളില്‍ എല്ലാം ഇതാ റോബോട്ടുകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ നമ്മുടെ ഭാഷയില്‍ നമ്മോട് സംവേദിക്കും, നമ്മുടെ രുചികള്‍ ചോദിച്ചറിയും, കുറ്റമറ്റ രീതിയില്‍ നമുക്ക് സേവനം നല്‍കും.

റെസ്റ്റോറന്റ്കളില്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുവാന്‍ വരെ റോബോട്ടുകള്‍ ആയി. നമ്മുടെകേരളത്തില്‍ ഒരു ഓട്ടോമൊബൈല്‍ ഷോപ്പ് മാനേജ് ചെയ്യുവാനായി റോബോട്ട് എത്തുകയാണ്. ആമസോണ്‍ ഗോ പോലുള്ള ഷോപ്പുകള്‍ ജോലിക്കാരില്ലാതെ എ ഐ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. ആലിബാബ പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വസ്തുക്കള്‍ എത്തിച്ചു നല്‍കുവാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങുന്നു.

ആരോഗ്യരംഗത്ത് രോഗം വളരെ നേരത്തെ തന്നെ നിര്‍ണ്ണയിക്കുവാന്‍ എ ഐ സഹായകരമാകുന്നു. സങ്കീര്‍ണ്ണങ്ങളായ ശസ്തക്രിയകള്‍ റോബോട്ടുകള്‍ കൈകാര്യം ചെയ്യുന്നു. ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തില്‍ ഓടിത്തുടങ്ങുന്നു. ആമസോണിന്റെ അലക്‌സ, ഗൂഗിളിന്റെ ഹോം, ആപ്പിളിന്റെ സിരി നമുക്ക് ചുറ്റും വിര്‍ച്ചല്‍ അസിസ്റ്റന്റ്മാരുടെ കൂട്ടമാണ്. നമ്മെ അറിഞ്ഞ്, സേവിക്കുവാന്‍.

അടുത്ത പത്ത് വര്‍ഷങ്ങള്‍

ലോകം ദര്‍ശിക്കുവാന്‍ പോകുന്ന വലിയൊരു സാങ്കേതിക വിപ്ലവമായിരിക്കും ഇനി വരുന്ന അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നത്. ഇന്ന് നിലനില്‍ക്കുന്ന പല ജോലികളുടെയും സ്വഭാവം പൂര്‍ണ്ണമായും മാറ്റപ്പെടും. എ ഐയെ പിന്തുണയ്ക്കുന്ന, അതിനെ നിയന്ത്രിക്കുന്ന, അതിന്റെ പരിചരണങ്ങളുമായി ബന്ധപ്പെട്ട പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെടും. വലിയ തോതിലുള്ള സാങ്കേതിക വിദഗ്ദ്ധരുടെ ആവശ്യം സമൂഹത്തിനുണ്ടാകും.

ബിസിനസിന്റെ തലങ്ങള്‍ തന്നെ മാറ്റി നിര്‍വ്വചിക്കപ്പെടും. എ ഐയുടെ പിന്തുണയില്ലാതെ ബിസിനസുകള്‍ക്ക് നിലനില്പ്പില്ലാതെയാകും. എ ഐയെ ആശ്രയിക്കാത്ത ബിസിനസുകള്‍ വിപണിയില്‍ നിന്നും പുറംതള്ളപ്പെടും. ഇനി വരാന്‍ പോകുന്ന പോരാട്ടം മികച്ച സേവനങ്ങള്‍ തമ്മിലായിരിക്കും. എ ഐയെ ആശ്രയിക്കുന്ന ബിസിനസുകളും മറ്റുള്ളവയും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും.

സാങ്കേതികതയെ ഇപ്പോഴേ ആശ്രയിച്ചു തുടങ്ങുക

ഇനിയും സമയം വൈകിയിട്ടില്ല. പഴഞ്ചന്‍ ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ലോകത്തിന്റെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് നാം മുന്നോട്ട് പോയില്ലെങ്കില്‍ ബിസിനസുകള്‍ക്ക് വരുന്ന കൊടുങ്കാറ്റില്‍ പിടിച്ചു നില്ക്കുക എളുപ്പമാവില്ല. ഇതൊന്നും നടക്കില്ല, നമ്മുടെ നാട്ടില്‍ ഇതൊക്കെ എത്താന്‍ ഇനിയും ഒരുപാട് കാലം എടുക്കും എന്ന ചിന്താഗതിയാണോ? എങ്കില്‍ അത് തെറ്റാണ് നാം ദിവസവും ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക വസ്തുക്കളിലും എ ഐ പിടിമുറുക്കിക്കഴിഞ്ഞു.

സ്വന്തം കണക്ക് പുസ്തകങ്ങള്‍ പോലും സൂക്ഷിക്കുവാന്‍ കമ്പ്യൂട്ടറിനെ ആശ്രയിക്കാത്ത വലിയൊരു വിഭാഗം ഇന്നും ഇവിടെയുണ്ട്. അടുത്ത പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയ അന്‍പത് വര്‍ഷങ്ങള്‍ പോലെയാവില്ല. ഒരു സാങ്കേതികപ്രളയം തകര്‍ത്തടിച്ച് മുന്നോട്ട് പോകും. അതില്‍ പലതും കടപുഴകും. അങ്ങനെ ആവാതിരിക്കണമെങ്കില്‍ നാമിപ്പോഴേ തയ്യാറെടുത്തു തുടങ്ങണം. പഴഞ്ചന്‍ ആശയങ്ങളും കാഴ്ചപ്പാടുകളും ചവറ്റുകുട്ടയില്‍ എറിയേണ്ട സമയം അതിക്രമിച്ചു. നാളത്തെ ബിസിനസ് യുദ്ധങ്ങള്‍ നിയന്ത്രിക്കുന്നത് കൃത്രിമബുദ്ധിയാണ്. ഇന്ന് നാം സമാഹരിച്ച് വച്ചിട്ടുള്ള ആയുധങ്ങള്‍ മാത്രം പോരാതെ വരും ആ യുദ്ധത്തിന്.

 

 

 

 

 

 

Leave a comment