ഒരു ധനികന്റെ പിറവി

ആ സന്യാസി സര്‍വ്വപരിത്യാഗി ആയിരുന്നു. അദ്ദേഹത്തിന്റെ മനസ് ശാന്തവും നിര്‍മ്മലവുമായിരുന്നു. ലോകത്തിന്റെ വ്യവഹാരങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നതേയില്ല. മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രമുള്ള ഒരാള്‍. സമ്പത്തിന്റെ ഭാരമോ ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ക്ഷേത്രങ്ങളുടെ ഭോജനശാലകളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ലഭിച്ചിരുന്ന ആഹാരവും കഴിച്ച് കാണുന്നിടത്ത് അന്തിയുറങ്ങി അദ്ദേഹം ജീവിതം കഴിച്ചുവന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ട്ടമായിരുന്നു. അദ്ദേഹം പറയുന്നത് കേള്‍ക്കുവാന്‍ അവര്‍ ഒത്തുകൂടും. ആ തേജസുറ്റ മുഖത്തുനിന്നും അടര്‍ന്നു വീഴുന്ന വാക്കുകള്‍ അവര്‍ അമൃതം പോലെ കോരിക്കുടിച്ചു. ആ ഗ്രാമത്തിലെ ധനികരും പൗരപ്രമാണിമാരും അദ്ദേഹത്തിന്റെ കടുത്ത ആരാധകരും ശ്രോതാക്കളുമായിരുന്നു. സന്യാസിയും അവിടത്തെ ജനങ്ങളും തമ്മില്‍ വലിയൊരു ആത്മബന്ധം ഉടലെടുത്തിരുന്നു.

ഒരു ദിവസം ധനികരും പൗരപ്രമാണിമാരും കൂടി സന്യാസിയെ സമീപിച്ചു. എന്നിട്ട് പറഞ്ഞു ”അങ്ങ് ഒരുപാട് കാലമായി ജ്ഞാനം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല അങ്ങയുടെ അറിവ്. അത് മറ്റ് സ്ഥലങ്ങളില്‍ കൂടി ലഭ്യമാകേണ്ടതുണ്ട്. അങ്ങ് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യണം അവിടെയൊക്കെ ഈ ജ്ഞാനസദസ് സംഘടിപ്പിക്കണം.”

”ഞാന്‍ കയ്യിലൊന്നുമില്ലാത്ത ദരിദ്രനായ ഒരു സന്യാസി മാത്രമാണ്. സഞ്ചാരങ്ങള്‍ വരുമ്പോള്‍ ചിലവ് വരും. അതൊന്നും എനിക്ക് താങ്ങാവുന്നതല്ല.” സന്യാസി മറുപടി പറഞ്ഞു. പക്ഷേ ശിഷ്യര്‍ വിട്ടില്ല. അവര്‍ ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു ഒരു കാറ് വാങ്ങി സന്യാസിക്ക് നല്കി. കാറിനൊരു ഡ്രൈവറും യാത്രക്കായുള്ള ചിലവുകളും അവര്‍ പിരിവെടുത്ത് സന്യാസിക്ക് നല്കി.

സന്യാസി യാത്രകള്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനസദസുകള്‍ പ്രശസ്തമായി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ആരാധകശിഷ്യ വൃന്ദങ്ങള്‍ രൂപപ്പെട്ട് തുടങ്ങി. സന്യാസിക്ക് ഒരു ആശ്രമം വേണമെന്ന് അവര്‍ക്ക് തോന്നി. സമൂഹത്തിലെ ധനികര്‍ ഭൂമി ദാനമായി നല്കി അവിടെ അവര്‍ സന്യാസിക്കായി അതിമനോഹരമായ ഒരു ആശ്രമം നിര്‍മ്മിച്ചു.

സന്യാസിയുടെ താമസം ആശ്രമത്തിലായി. അദ്ദേഹത്തെ കാണുവാന്‍ എത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ആശ്രമത്തിന്റെ നടത്തിപ്പുകള്‍ ശിഷ്യര്‍ ഏറ്റെടുത്തു. വരുന്നവര്‍ക്ക് ആഹാരം നല്കുവാനായി ആശ്രമത്തില്‍ ഭോജനശാലയും ഗോശാലയും ആരംഭിച്ചു. ആശ്രമത്തിന്റെ ചുറ്റുമുള്ള സ്ഥലത്ത് കൃഷി തുടങ്ങി. ഉപയോഗിച്ച് ബാക്കി വരുന്ന പച്ചക്കറികളും പാലും നെയ്യുമൊക്കെ വില്‍ക്കുവാന്‍ ആശ്രമത്തിനോടനുബന്ധിച്ച് ഒരു വില്പ്പനശാലയും ആരംഭിച്ചു. ആശ്രമത്തിലേക്ക് ജനങ്ങള്‍ കൈയയച്ച് സംഭാവനകള്‍ നല്കി. സന്യാസിയുടെ ജ്ഞാനസദസുകളില്‍ അവര്‍ പണം ചൊരിഞ്ഞു. നാള്‍ക്കുനാള്‍ ആശ്രമം അഭിവൃദ്ധിയിലേക്ക് കുതിച്ചു.

സന്യാസി തിരക്കിന്റെ ലോകത്തായി. അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ടു. ആശ്രമത്തിന്റെ ഭരണനിര്‍വ്വഹണം മുതല്‍ ഓരോ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ ശ്രദ്ധ എത്തി. രാജ്യത്തെ പ്രമുഖരായ ഭരണാധികാരികളും സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം അദ്ദേഹത്തെ തേടി എത്തിത്തുടങ്ങി. തന്റെ പുതിയ ജീവിതം അദ്ദേഹം ആസ്വദിച്ച് തുടങ്ങി.

ഒരു ദിവസം അദ്ദേഹത്തെ കാണുവാന്‍ ഒരാള്‍ ആശ്രമത്തില്‍ എത്തി. തല മുണ്ഡനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച് തേജസുറ്റ മുഖമുള്ള ഒരാള്‍. അദ്ദേഹം ആശ്രമാധിപനെ കാണുവാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം സന്യാസിയുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം സന്യാസിയെ വണങ്ങി. സന്യാസി അയാളോട് ചോദിച്ചു ”താങ്കളെ ഞാന്‍ ഇതിന് മുന്‍പ് എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ ഓര്‍മ്മ കിട്ടുന്നില്ല. ദയവായി അങ്ങ് ആരാണെന്നും എന്താണ് ആഗമനോദ്ദേശം എന്നും പറഞ്ഞാലും.”

ആ അപരിചിതന്‍ സന്യാസിയോട് പറഞ്ഞു ”ഞാന്‍ പട്ടണത്തിലെ അതിസമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. തികഞ്ഞ സുഖസൗകര്യങ്ങളോടും സമൃദ്ധിയോടും ജീവിച്ചിരുന്ന ഒരാള്‍. അങ്ങയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ട്ടനായി ഞാന്‍ എന്റെ സമ്പത്തെല്ലാം ഉപേക്ഷിച്ചു. സര്‍വ്വപരിത്യാഗിയായ ഒരു സന്യാസിയായി മാറി. ഇന്ന് എന്റെ ഹൃദയം ശാന്തവും നിര്‍മ്മലവുമാണ്. ഞാന്‍ സന്തുഷ്ട്ടനാണ്.”

സന്യാസി ആഹ്‌ളാദഭരിതനായി. തന്റെ ആശ്രമത്തില്‍ രാത്രി കഴിച്ചുകൂട്ടുവാന്‍ സന്യാസി അദ്ദേഹത്തെ ക്ഷണിച്ചു. സന്യാസിയുടെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ”ഞാന്‍ എവിടെനിന്നും ഇറങ്ങിപ്പോന്നോ ആ സ്ഥാനത്താണ് അങ്ങിപ്പോള്‍ നില്‍ക്കുന്നത്. സമ്പത്തിന്റെ ഭാരവും ഭൗതികതയുടെ ആകുലതകളും അങ്ങയുടെ മുഖത്ത് ഞാന്‍ കാണുന്നു. ഞാനിപ്പോള്‍ സര്‍വ്വപരിത്യാഗിയും അങ്ങൊരു ധനികനുമാണ്. ഉള്ളിലുറക്കാത്ത ജ്ഞാനം കാറ്റിലെ അപ്പൂപ്പന്‍താടി പോലെയാണ്.”

അദ്ദേഹം ആശ്രമത്തില്‍ നിന്നും ഇറങ്ങി നടന്നു. ഇരുളില്‍ ആ രൂപം ലോകത്തിന്റെ ശതകോടിശബ്ധങ്ങളിലേക്ക് അലിഞ്ഞുചേര്‍ന്നു.

 

 

Leave a comment