വഴിയരികിലെ സ്വര്‍ണ്ണമരം

അയാള്‍ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും വലിയ സംസര്‍ഗ്ഗമില്ലാതെ ജീവിച്ചിരുന്നോരാള്‍. ജോലിക്കായി രാവിലെ വീട്ടില്‍ നിന്നിറങ്ങുക സന്ധ്യ മയങ്ങുമ്പോള്‍ തിരികെ എത്തുക ഇതായിരുന്നു പതിവ്. വലിയ സുഹൃത്ബന്ധങ്ങളോ സമൂഹത്തിലെ ഇടപെടലുകളോ അയാള്‍ക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി ഇടപഴകുന്നത് വളരെ അപൂര്‍വ്വം.

അയാളുടെ വീട്ടിലേക്ക് രണ്ട് വഴികളുണ്ടായിരുന്നു. ചെറുപ്പം മുതലേ അതില്‍ ഒരു വഴി മാത്രം ഉപയോഗിച്ചാണ് അയാള്‍ പരിചയിച്ചിരുന്നത്. മറ്റേ വഴി എന്താണ് എന്ന് ഒന്നു നോക്കുവാനുള്ള ആകാംക്ഷ ഒരിക്കല്‍ പോലും അയാളില്‍ ഉടലെടുത്തിരുന്നില്ല. താന്‍ സ്ഥിരം നടക്കുന്ന വഴിയില്‍ അയാള്‍ സംതൃപ്തനായിരുന്നു. മറ്റേ വഴി തന്നെ അനാവശ്യമാണ് എന്ന ചിന്തയും അയാള്‍ക്കുണ്ടായിരുന്നു. ഒരു സ്വപ്നാടകനെപ്പോലെ തന്റെ സ്ഥിരം പാതയിലൂടെ അയാള്‍ മുന്നോട്ടും പിന്നോട്ടും ചരിച്ചു കൊണ്ടിരുന്നു.

അയാള്‍ സ്ഥിരം കാണുന്ന ഒരു സ്വപ്നമുണ്ടായിരുന്നു. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട് ആണ്ടിറങ്ങുമ്പോള്‍ പെട്ടെന്ന് ആ സ്വപ്നം ഉണരും. മനോഹരമായ നിറയെ പഴങ്ങളുള്ള ഒരു മരം. വഴിയരികില്‍ അത് തലയാട്ടി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ്. നിറയെ സ്വര്‍ണ്ണ നിറത്തിലുള്ള പഴങ്ങള്‍ ആ മരത്തില്‍ തൂങ്ങിയാടുന്നു. ഇതേ സ്വപ്നം കുറെ നാളുകളായി അയാളുടെ ഉറക്കത്തിന് നിറം പകര്‍ന്നുകൊണ്ടിരിക്കുന്നു. ആ സ്വര്‍ണ്ണമരത്തിന്റെ വശ്യതയില്‍ അയാള്‍ ആകൃഷ്ട്ടനായി മാറിയിരുന്നു. എവിടെയായിരിക്കും ഇത്ര മനോഹരമായ ആ മരം നില്‍ക്കുന്നത് എന്നയാള്‍ അത്ഭുതപ്പെട്ടു. സ്വപ്നത്തില്‍ കാണുന്നവയൊന്നും യാഥാര്‍ത്ഥ്യമാവണമെന്നില്ല എന്നയാള്‍ സ്വയം വിശ്വസിപ്പിച്ചു.

ഒരു ദിവസം വൈകീട്ട് തന്റെ വീട്ടിലേക്ക് മടങ്ങി വന്ന അയാള്‍ ഞെട്ടിപ്പോയി. താന്‍ സ്ഥിരം സഞ്ചരിക്കുന്ന വഴിയില്‍ ഒരു ഗര്‍ത്തം രൂപം കൊണ്ടിരിക്കുന്നു. മഴവെള്ളം ഒഴുകി രൂപപ്പെട്ട ആ ആഴമേറിയ കുഴി കാരണം അയാള്‍ക്ക് തന്റെ വീട്ടിലേക്ക് പോകുവാന്‍ കഴിയാത്ത വിധം ആ വഴി മോശമായിരിക്കുന്നു. ഇനി മറ്റൊന്നും ചെയ്യുവാനില്ല രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയല്ലാതെ.

അയാള്‍ മറ്റേ വഴിയിലൂടെ വീട്ടിലേക്ക് നടന്നു. താന്‍ അപരിചിതമായ ഏതോ പ്രദേശത്ത് കൂടെ സഞ്ചരിക്കുകയാണ് എന്നയാള്‍ക്ക് തോന്നി. പരിചിതമല്ലാത്ത ആ പാത അയാളില്‍ അസ്വസ്ഥത ഉളവാക്കി. തനിക്ക് ശ്വാസം മുട്ടുന്നത് പോലെ അയാള്‍ക്ക് തോന്നി. തനിക്ക് മറ്റൊരു മാര്‍ഗ്ഗമില്ല എന്ന തോന്നല്‍ കൊണ്ടുമാത്രം അയാളുടെ കാലുകള്‍ മുന്നോട്ട് ചലിച്ചു.

പെട്ടെന്ന് തന്നെ അയാളുടെ മനോഭാവത്തിന് എന്തോ വ്യത്യാസം സംഭവിക്കാന്‍ തുടങ്ങി. താന്‍ നടക്കുന്ന വഴിയുടെ സൗന്ദര്യം അയാള്‍ ആസ്വദിച്ചു തുടങ്ങി. ആ പാതയുടെ ഇരുവശങ്ങളിലും മനോഹരങ്ങളായ പൂക്കളുള്ള ചെടികള്‍ നിറഞ്ഞുനിന്നിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള വൈവിധ്യമാര്‍ന്ന പൂക്കള്‍. എന്തുകൊണ്ട് താന്‍ ഈ വഴി ഇതുവരെ ഉപയോഗിച്ചില്ല എന്നയാള്‍ അത്ഭുതപ്പെട്ടു. തന്റെ വീട്ടിലേക്ക് തിരിയുന്ന ഭാഗമെത്തിയപ്പോള്‍ അയാള്‍ ഞെട്ടിത്തരിച്ച്, വായ പിളര്‍ന്ന് നിന്നുപോയി.

അതാ, താന്‍ ദിവസവും സ്വപ്നത്തില്‍ കാണുന്ന ആ സ്വര്‍ണ്ണമരം. നിറയെ സ്വര്‍ണ്ണ നിറമുള്ള പഴങ്ങളുമായി അതങ്ങനെ നില്‍ക്കുകയാണ്. തന്റെ കൈയെത്തും ദൂരത്തുണ്ടായിരുന്ന ഈ മരമാണ് താന്‍ സ്വപ്നമായി എന്നും ദര്‍ശിച്ചിരുന്നത്. എന്നും ഒരേ പാതയിലൂടെ സഞ്ചരിച്ചിരുന്ന താന്‍ മറ്റേ പാതയുടെ സൗന്ദര്യമോ മൂല്യമോ മനസിലാക്കാതെ പോയി. മറ്റ് പാതകള്‍ക്ക് താന്‍ ഇന്നുവരെ അറിയാത്ത അനുഭവങ്ങളും കാഴ്ചകളും വികാരങ്ങളും നല്‍കുവാന്‍ കഴിയുമെന്ന് അയാള്‍ക്ക് അറിയുമായിരുന്നില്ല. തന്റെ നഷ്ട്ടപ്പെട്ട ദിനങ്ങളെ ഓര്‍ത്ത് അയാള്‍ക്ക് ദുഃഖം തോന്നി.

അയാളെപ്പോലെ നാമും ഒരേ പാതയിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്. പരിചയമുള്ള പാത നമുക്ക് അത്രമേല്‍ സുഖകരമാണ്. അതില്‍ നിന്നൊരു മാറ്റം നമ്മെ ഭയപ്പെടുത്തുന്നു. പുതിയ പാതകള്‍ കൊണ്ടുതരുന്ന അനുഭവങ്ങള്‍, കാഴ്ചകള്‍, അറിവ് ഇവയെല്ലാം നാം സംശയത്തോടെയാണ് കാണുന്നത്. നമ്മുടെ ജീവിതത്തിന് മാറ്റം വേണമെന്ന് നാം ആഗ്രഹിക്കുന്നു. പക്ഷേ അതിനായി അല്‍പ്പം വഴിമാറി സഞ്ചരിക്കുവാന്‍ നാം ഭയപ്പെടുന്നു.

ഈ ഭയം നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുവാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. പുതിയൊരു പാത നമ്മുടെ സ്വപ്നങ്ങളെ നേടിത്തരുവാന്‍ നമ്മെ സഹായിക്കാം എങ്കിലും അത് തിരഞ്ഞെടുക്കുവാനുള്ള തന്റേടമോ ആര്‍ജ്ജവത്തമോ നാം കാണിക്കുന്നില്ല. ഒരേ പാതയിലൂടെ സൗകര്യപ്രദമായി, വെല്ലുവിളികളില്ലാതെ കടന്നു പോകാനാണ് നമുക്കിഷ്ട്ടം. സ്വപ്നങ്ങളെ നേടിയെടുക്കുവാനുള്ള പാതയിലേക്കുള്ള മാറ്റം നമ്മെ നിരന്തരം ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

സ്വപ്നങ്ങളെ നേടിയവരെ നോക്കൂ. അവര്‍ വഴികള്‍ മാറി നടന്നു. ആരും അധികം നടക്കാത്ത വഴികളിലൂടെയാണ് അവരുടെ യാത്ര. അതിന്റെ വെല്ലുവിളികളെ, നിഗൂഡതയെ, അറിയാത്ത വന്യതയെ, സൗന്ദര്യത്തെ എല്ലാം അവര്‍ സ്വീകരിക്കുന്നു. നമ്മുടെ സ്വപ്നത്തിലെ ആ സ്വര്‍ണ്ണമരം നമ്മുടെ തൊട്ടടുത്ത് മറ്റേതോ വഴിയിലുണ്ട്. അതു കണ്ടെത്താന്‍ നാം ചിലപ്പോള്‍, ചിലയിടങ്ങളില്‍ വഴിമാറി സഞ്ചരിച്ചേ മതിയാകൂ.

 

 

Leave a comment