മരിക്കാതെ നമുക്ക് പുനര്‍ജ്ജനിക്കാം

”എന്റെ ജീവിതത്തിന്റെ പകുതിഭാഗം ഞാന്‍ തുലച്ചു കളഞ്ഞു. ഇന്ന് വീട്ടുകാരും നാട്ടുകാരും എന്നെ വെറുക്കുന്നു. നൊന്തു പ്രസവിച്ച അമ്മപോലും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. എല്ലാം ഞാന്‍ സ്വയം വരുത്തിയതാണ്. ഇനിയൊരു തിരിച്ചു പോക്കില്ല. ജീവിതത്തില്‍ എനിക്കൊരു പ്രതീക്ഷയുമില്ല.” അയാളുടെ ശബ്ധത്തില്‍ ഗദ്ഗദം നിറഞ്ഞിരുന്നു. വാക്കുകള്‍ നനഞ്ഞിരുന്നു.

”എന്ത് കൊണ്ടാണ് ഇനിയൊരു ജീവിതമില്ല എന്ന് ചിന്തിക്കുന്നത്. മറ്റുള്ളവര്‍ക്ക് താങ്കളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാറ്റിയെടുക്കുവാന്‍ ഇനിയും എത്രയോ സമയം ബാക്കി നില്‍ക്കുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ നിരാശപ്പെടുന്നത്.” ഞാന്‍ ചോദിച്ചു.

അയാള്‍ ഒന്നും മിണ്ടുന്നില്ല. കണ്ണുകള്‍ ദൂരത്തെവിടെയോ തറച്ചിരിക്കുന്നു. എവിടെയോ കാലിടറിയ ഒരു മനുഷ്യന്‍. സൗഹൃദങ്ങളും മദ്യവും ആഘോഷമായപ്പോള്‍ ചുറ്റും നിന്നവരൊക്കെ അകന്നു. അയാളെ സംബന്ധിച്ചിടത്തോളം പകലുകളും രാവുകളും ഒന്നായിരുന്നു. എപ്പോഴെങ്കിലും എഴുന്നേല്‍ക്കും ബോധം ശരീരം വിടുമ്പോള്‍ എവിടെയെങ്കിലും കിടന്നുറങ്ങും. അയാള്‍ വിശേഷിപ്പിച്ചത് ലഹരി ഒരു വേശ്യയെപ്പോലെയാണെന്നാണ് പുണരും തോറും ആസക്തികൂട്ടുന്ന ഒന്ന്.

കയ്യിലെ പണമെല്ലാം തീര്‍ന്നപ്പോള്‍ സുഹൃത്തുക്കള്‍ മെല്ലെ അകന്നു. അയാളെ കാണുന്നവര്‍ കണ്‍വെട്ടത്ത് പെടാത്ത രീതിയില്‍ മാറിപ്പോയി. ലഹരി പോലും സമാധാനം നല്കാത്ത ഒരു അവസ്ഥ. താന്‍ ഈ ഭൂമിയില്‍ വഴിതെറ്റി വന്നൊരാളാണെന്നും തനിക്കിവിടെ ജീവിക്കാന്‍ ഇനി അര്‍ഹതയില്ല എന്നും അയാള്‍ക്ക് തോന്നിത്തുടങ്ങിയ അപകടകരമായ നിമിഷം. തന്റെ ഉന്മാദങ്ങള്‍ സന്തോഷിപ്പിച്ചിരുന്നത് തന്നെ മാത്രമാണെന്നും തന്നെ സ്‌നേഹിച്ചവര്‍ക്കൊക്കെ താന്‍ ദുഃഖം മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന തിരിച്ചറിവ് വളരെ വൈകിയാണ് ഉദിച്ചത് എന്ന് മാത്രം.

”മനുഷ്യന്‍ മരിച്ചാല്‍ എന്ത് സംഭവിക്കും” ഞാന്‍ അയാളോട് ചോദിച്ചു. കണ്ണുകള്‍ ദൂരെനിന്ന് വലിച്ചെടുത്ത് അയാള്‍ എന്നെ നോക്കി. ”ചിലപ്പോള്‍ വീണ്ടും ജനിക്കും. ഞാന്‍ മരിച്ച് പുനര്‍ജ്ജനിച്ചാല്‍ ഒരിക്കലും ഇങ്ങനെയാവില്ല. ഇതൊരു സാത്താന്റെ ജന്മമായിപ്പോയി. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പുതിയൊരു ജീവിതമേ ഞാന്‍ നയിക്കൂ.” ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ അയാള്‍ ആദ്യമായി ചിരിച്ചു. മദ്യത്തിന്റെ വാട എന്റെ മുഖത്തടിച്ചു.

”ഒരു പുനര്‍ജന്മത്തിനായി മരിക്കാന്‍ വേണ്ടി കാത്തു നില്‍ക്കണോ? എന്തുകൊണ്ട് ഈയൊരു ജന്മത്തില്‍ തന്നെ മറ്റൊരു അവതാരം എടുത്തുകൂടാ? ഭൂതകാലവും മരണമായി നമുക്ക് കണക്കു കൂട്ടാമല്ലോ?” എന്റെ വാക്കുകളിലേക്ക് അയാള്‍ എത്തിനോക്കി ഒന്നും പിടുത്തം കിട്ടാത്തപോലെ ഇരുന്നു.

”കഴിഞ്ഞു പോയ ഓരോ നിമിഷവും മരിച്ചു പോയതാണ്. ഇനിയത് തിരികെ വരില്ല. ഇനി വരുന്ന ഓരോ നിമിഷവും പുതിയതാണ്. മരിച്ചു പോയ ഒരു ഭൂതകാലത്തെ നാമെന്തിന് പേറി നടക്കണം? നമ്മുടെ ഭാവിയെ നമുക്ക് നിര്‍വ്വചിക്കാം. ഭാവിയെ നിര്‍വ്വചിക്കുവാന്‍ ഭൂതകാലത്തിന്റെ ചത്തു പോയ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ തിരയേണ്ട ആവശ്യമില്ല. നമ്മുടെ ജീവിതത്തില്‍ ഉണ്ടായ എത്രയോ സംഭവങ്ങള്‍ നാം മറന്നു പോയിരിക്കുന്നു. നമ്മുടെ ചിന്തകളില്‍ അവ എപ്പോഴേ മരിച്ചു പോയിരിക്കുന്നു. വരുന്ന പുതിയ നിമിഷങ്ങളില്‍ നമ്മളെ നമുക്ക് പുനര്‍സൃഷ്ട്ടിക്കുവാന്‍ കഴിയും. ഭൂമിയില്‍ മനുഷ്യന് മാത്രം കഴിയുന്ന ഒന്ന്. താങ്കള്‍ വിചാരിക്കുകയാണെങ്കില്‍ ഒരു പുതിയ ജീവിതം ഇവിടെ തുടങ്ങാം. പഴയതൊക്കെ ആളുകള്‍ വേഗം മറക്കും. പുതിയ നിങ്ങളെ മാത്രമേ അവര്‍ ഇനി ഓര്‍മ്മിക്കൂ”

അയാളുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ഇതൊരു പുനര്‍ജന്മമായി കണക്കാക്കും എന്നയാള്‍ എനിക്ക് വാക്കു തന്നു. ഇപ്പോള്‍ തന്റെ ജീവിതത്തെ പുനര്‍സൃഷ്ട്ടിക്കുന്ന തിരക്കിലാണയാള്‍. ആളുകള്‍ അയാളെ പുതിയൊരാളായി കാണുവാന്‍ തുടങ്ങിയിരിക്കുന്നു. പഴയ കഥകളൊക്കെ അവര്‍ മറന്നു തുടങ്ങി. അയാളുടെ പുനര്‍ജ്ജന്മം അവര്‍ ഇഷ്ട്ടപെട്ടു വരുന്നു.

ചരിത്രത്തിനെക്കാളും നമുക്ക് പഠിക്കുവാനിഷ്ട്ടം സമകാലീന സംഭവങ്ങളെയാണ്. മരിച്ചു പോയ ഭൂതകാലത്തിന്റെ അവശിഷ്ട്ടങ്ങള്‍ തിരയുന്നവര്‍ തിരഞ്ഞോട്ടെ. കൂടുതല്‍ പേരും കാലിക സംഭവങ്ങളില്‍ വ്യാപൃതരാണ്. ചരിത്രം തിരയുന്നവര്‍ക്കിടയില്‍ ജീവിക്കണോ? അതോ ഈ നിമിഷത്തില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ ജീവിക്കണോ? നാമാണ് ഉത്തരം കണ്ടെത്തേണ്ടത്. ജീവിതത്തില്‍ ഏത് നിമിഷവും ഒരു പുനര്‍ജ്ജന്മം സാദ്ധ്യമാണ്. മരിച്ച ഭൂതകാലവും പേറി ഒരു യാത്ര നമുക്ക് ഒന്നും നേടിത്തരികയില്ല.

ഈ പുനര്‍സൃഷ്ട്ടിക്കുള്ള സര്‍ഗ്ഗാത്മക ശക്തി നമുക്കോരോര്‍ത്തര്‍ക്കുമുണ്ട്. എവിടെ വെച്ചും ജീവിതത്തിന്റെ ഗതി നമുക്ക് തിരിക്കാം. മറ്റുള്ളവര്‍ നമ്മെക്കുറിച്ച് രൂപപ്പെടുത്തിയിട്ടുള്ള കാഴ്ച്ചപ്പാടുകള്‍ നമുക്ക് മാറ്റിമറിക്കാം. സമുദ്രത്തിലെ ഒരു കപ്പല്‍ കപ്പിത്താന്‍ ഗതി മാറ്റുന്നത് പോലെ നമുക്കും ജീവിതത്തിന്റെ ഗതി മാറ്റാം. പിന്നിട്ട വഴികളല്ല ഗതി മാറ്റുവാന്‍ കപ്പിത്താനെ പ്രേരിപ്പിക്കുന്നത്. അത് കഴിഞ്ഞുപോയി. മുന്നിലെന്താണോ അതാണ് പ്രധാനം. ഭൂതകാലത്തിലെ അനുഭവങ്ങള്‍ നമുക്ക് പാഠങ്ങളാണ്. അവയെ തിരഞ്ഞെടുക്കുക, മറ്റുള്ളവയെ പേറ്റിക്കളയുക.

ഭൂതകാലത്തിന്റെ തടവറയിലാണോ? ചത്തു പോയ നിമിഷങ്ങളെ ആലോചിച്ച് വിഷമിച്ചിരിക്കുകയാണോ? എഴുന്നേല്‍ക്കുക. മരിച്ച ഭൂതകാലത്തെ പിന്നിലാക്കി മുന്നോട്ട് നടക്കുക. നാം കുറെദൂരം മുന്നോട്ട് നീങ്ങുമ്പോള്‍ നമുക്കൊപ്പം നടക്കാനാവാതെ ഭൂതകാലം പിന്‍വലിയും. അവിടെ നാം പുനര്‍സൃഷ്ട്ടിക്കപ്പെടും.

 

Leave a comment