കഴിഞ്ഞ കളിയല്ല ബ്രോ, നമ്മള്‍ ഇനി കാണാന്‍ പോകുന്ന കളി

കാലത്തിന്റെ തൂവലുകള്‍ കൊഴിഞ്ഞു വീഴ്‌കെ ഭ്രാന്തമായ വേഗതയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മുടന്തി നീങ്ങുന്നവ നമ്മുടെ ക്ഷമയെ പരീക്ഷിച്ചു തുടങ്ങി. ജീവിതത്തിന്റെ വേഗത വര്‍ദ്ധിക്കുംതോറും ചുറ്റുമുള്ള വസ്തുക്കളുടേയും സംഭവങ്ങളുടേയും വേഗത നമുക്കൊരു വിഷയമായിത്തുടങ്ങി. ഇന്ന് സ്ഥലങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു. രാവിലെ പോയി വൈകീട്ട് മടങ്ങി വരാം എന്ന നിലയിലായി രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം. സാങ്കേതികതയുടെ വളര്‍ച്ച ഈ വേഗതക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ സംഭവിക്കുന്നത് ദ്രുതഗതിയിലാണ്. ശാസ്ത്രവും സാങ്കേതികതയും വളരുന്നതിനനുസരിച്ച് മാറ്റങ്ങളും ശീഘ്രം സംഭവിച്ചു കൊണ്ടിരിക്കുന്നു.

കണ്ണടച്ചു ചിമ്മും വേഗത്തില്‍…

ഈ വേഗത ബിസിനസ് രംഗത്തും പ്രകടമാണ്. യാഥാസ്ഥിതിക വിശ്വാസങ്ങളെ കടപുഴക്കിക്കൊണ്ട് പുതിയ ആശയങ്ങളും, ചിന്തകളും, തന്ത്രങ്ങളും, ഇടപെടലുകളും രംഗപ്രവേശം ചെയ്യുന്നു. ഇന്നലെ വരെ വിപണി കീഴടക്കി ഭരിച്ചു കൊണ്ടിരുന്ന ഉത്പന്നം ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമാകുന്നു. മാര്‍ക്കറ്റില്‍ അനിഷേധ്യസ്ഥാനം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കമ്പനി പെട്ടെന്ന് അടച്ചുപൂട്ടിപ്പോകുന്നു. തൊഴിലിടങ്ങളില്‍ ജോലിക്ക് യാതൊരു ഉറപ്പും ഇല്ലാതെയാകുന്നു. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങിയിരുന്ന ഒരാള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തൊഴില്‍രഹിതനാകുന്നു. നാം കണ്ടുകൊണ്ടിരിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണിത്.

സാമൂഹ്യ, രാഷ്ട്രീയ, വൈജ്ഞാനിക, ശാസ്ത്ര, വ്യവസായ രംഗങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അത്യന്തം വേഗതയാര്‍ന്ന ഈ മാറ്റങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം സാധ്യമല്ല. കഴിഞ്ഞുപോയ ഇരുപത്തഞ്ച് വര്‍ഷങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ എത്ര നിസാരം എന്ന് ഇനി വരാന്‍ പോകുന്ന അഞ്ചു വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം നിരീക്ഷിച്ചാല്‍ നമ്മുടെ ചിന്തകളുടെ വേഗത വരെ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് കാണുവാന്‍ കഴിയും. നമ്മുടെ കുട്ടികളുടെ ചിന്തകളുടെ, പ്രവര്‍ത്തികളുടെ വേഗത ഒന്ന് നിരീക്ഷിക്കൂ. ഈ യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യപ്പെടും.

ബാംഗ്ലൂരും ചൈനയും നമുക്കിപ്പോള്‍ ഒരുപോലെ

മലയാളത്തിലെ വ്യാപാരികള്‍ മുന്‍പ് മദ്രാസിലേക്കും ബാംഗ്ലൂരുമൊക്കെ പോകുന്ന പോലെ എത്ര ലാഘവത്തിലാണ് ഇപ്പോള്‍ ചൈനയിലും ആഫ്രിക്കയിലും അമേരിക്കയിലുമൊക്കെ പോയി വരുന്നത്. ഇന്ന് വീടിനടുത്തുള്ള പെട്ടിക്കടകളില്‍ വരെ വിദേശ ഉത്പന്നങ്ങള്‍ ലഭ്യമാണ്. കഴിഞ്ഞ ദിവസം ചൈനയില്‍ പോയി വന്ന കൊച്ചിയിലെ ഒരു വ്യാപാരി പറഞ്ഞു ഇപ്പോള്‍ യു എ യിപോലെയായി എക്‌സിബിഷന്‍ കാലഘട്ടത്തിലെ ചൈന എന്ന്. എങ്ങോട്ട് തിരിഞ്ഞാലും മലയാളികള്‍. അദ്ദേഹം തമാശക്ക് ഒരു കാര്യം കൂടി കൂട്ടി ചേര്‍ത്തു. ചൈനാക്കാര്‍ മലയാളം പഠിക്കുന്ന കാലം വിദൂരമല്ല. ഇന്ന് മറ്റ് രാജ്യങ്ങളിലെ എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നവരില്‍ ഗണ്യമായ ഒരു വിഭാഗം നമ്മള്‍ മലയാളികളാണ്.

കടല്‍ കടന്ന് ബിസിനസുകള്‍

ഇന്തോനേഷ്യയില്‍ ബിസിനസ് ആരംഭിക്കുവാന്‍ പോകുന്ന ഒരു മലയാളി ബിസിനസുകാരനെ ഈ അടുത്ത ദിവസം പരിചയപ്പെടുകയുണ്ടായി. കേരളത്തില്‍ വളരെ വിജയകരമായി ഉത്പാദനം നടത്തുന്ന ബിസിനസിന്റെ അടുത്ത ഘട്ടം അദ്ദേഹം പ്ലാന്‍ ചെയ്യുന്നത് ഇന്തോനേഷ്യയിലാണ്. ഫാക്ടറിയുടെ പണി ഏകദേശം കഴിഞ്ഞു ഒന്നു രണ്ട് മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കും. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു സാധാരണക്കാരനായ തനി നാടന്‍ വ്യവസായി. പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒട്ടും തന്നെ നാടനല്ല അത് അന്തര്‍ദേശീയതലത്തിലാണ്.

നാം അറിയാത്ത എത്രയോ ബിസിനസുകള്‍ ഈ മണ്ണില്‍ നിന്നും വളര്‍ന്ന് അന്താരാഷ്ട്രതലത്തിലേക്ക് പടര്‍ന്നിരിക്കുന്നു. കേരളത്തിലെ ചില വിദൂര ഗ്രാമങ്ങളില്‍ നിന്നും വരെ ആരും അറിയാത്ത എത്രയോ ബിസിനസുകാര്‍ ആരോടും മിണ്ടാതെ, ആര്‍ക്കും മുന്നില്‍ ഗര്‍വ്വു കാട്ടാതെ, സ്വയം പ്രദര്‍ശിപ്പിക്കാതെ ആഗോളതലത്തില്‍ വളര്‍ന്നു കഴിഞ്ഞു. കേരളത്തിന്റെ ബിസിനസ് ലോകത്ത് അത്ഭുതം കാട്ടിയ, ആരുടേയും ദൃഷ്ട്ടിയില്‍പ്പെടാത്ത എത്രയോ മികച്ച ബിസിനസുകാര്‍ ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍ വേരുകള്‍ ആഴ്ത്തിക്കഴിഞ്ഞു.

കടലും ആകാശവും വഴിമാറുന്നു

ജീവിതത്തില്‍ സ്വാഭാവികമായി സംഭവിച്ച വേഗത ബിസിനസിന്റെയും ഗതി മാറ്റിമറിച്ചു. ബിസിനസിന് മുന്നില്‍ കടലും ആകാശവും വഴിമാറുകയാണ്. കേരളത്തില്‍ ഉണ്ടാക്കുന്ന ഒരു ഉത്പന്നം ഇന്ന് മലയാളികള്‍ക്ക് മാത്രം വേണ്ടിയല്ല, ഭാരതീയര്‍ക്ക് മാത്രം വേണ്ടിയല്ല അതിന്റെ ഉപഭോക്താക്കള്‍ ഇന്ന് ലോകം മുഴുവനുമുള്ളവരാണ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു കൊച്ച് വീട്ടില്‍ ഉണ്ടാക്കുന്ന നേന്ത്രപ്പഴം ചിപ്‌സിന് ഇന്ന് പല രാജ്യങ്ങളിലും ഉപഭോക്താക്കള്‍ ഉണ്ടാകുന്നത് ഈ മാറ്റങ്ങളുടെയും വേഗതയുടെയും ഉപോത്പന്നമായിട്ടാണ്.

അതുപോലെ തന്നെയാണ് ഇന്ന് പല രാജ്യങ്ങളിലും നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ നമുക്കും ലഭ്യമാകുന്നത്. ആഫ്രിക്കയിലെ ഏതോ ഒരു കുഗ്രാമത്തില്‍ ഉണ്ടാകുന്ന കിഴങ്ങ് ഒട്ടുംതന്നെ പുതുമ നഷ്ട്ടപ്പെടാതെ തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കെറ്റില്‍ കിട്ടുന്നത് ഈ മാറ്റങ്ങളുടെ വേഗത ഒന്നുകൊണ്ടു മാത്രമാണ്. ഇന്ന് നാം ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ഈ ഭൂഗോളത്തിലെ എത്രയോ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ നാമറിഞ്ഞോ അറിയാതെയോ അതില്‍ ഉള്‍പ്പെടുന്നു. രാവിലെ പല്ല് തേക്കുന്ന ടൂത്ത്പേസ്റ്റ് മുതല്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ വരെ ഏതൊക്കെ രാജ്യങ്ങളുടേത്? നാം അതിനെക്കുറിച്ച് ഇന്ന് വ്യാകുലരോ ശ്രദ്ധാലുക്കളോ അല്ല എന്നതാണ് വാസ്തവം. ഉത്പന്നങ്ങളുടെ കാര്യത്തില്‍ ലോകം ഏകദേശം ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇത് കാറ്റല്ല കൊടുംകാറ്റാണ്

ഇതുവരെ നാം കണ്ടത് ഒരു ട്രൈലര്‍ മാത്രം ആയിരുന്നു എന്ന് പറയുന്നതാവാം ശരി. ഇനി വരുന്ന വര്‍ഷങ്ങളിലാണ് ശരിക്കുള്ള മാറ്റങ്ങള്‍ ആരംഭിക്കുന്നത്. ചിലപ്പോള്‍ രണ്ടോ മൂന്നോ ഇരട്ടി വേഗതയില്‍. ഒരു ബുള്ളറ്റ് ട്രെയിന്‍ പാഞ്ഞുപോകുന്ന പോലെ. അതില്‍ ഇന്നുള്ള പല ആശയങ്ങളും കടപുഴകും. പുതിയ സിദ്ധാന്തങ്ങളും ചിന്തകളും ഉടലെടുക്കും. ഉത്പന്നങ്ങളും സേവനങ്ങളും പടങ്ങള്‍ പൊഴിച്ച് മറ്റൊരു രൂപത്തിലേക്ക് മാറും.

ബിസിനസ് സ്ഥാപനങ്ങളിലെ ജോലികളുടെ സ്വഭാവം തന്നെ മാറ്റിമാറിക്കപ്പെടും. ഉത്പാദനം നൂറ് ശതമാനവും യന്ത്രവത്ക്കരിക്കപ്പെടും. മനുഷ്യരുടെ ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും. ഉത്പാദനത്തിന്റെ സൂഷ്മതയും മേന്‍മയും വര്‍ദ്ധിക്കപ്പെടും. ഓഫീസ് കാര്യനിര്‍വ്വഹണം തൊട്ട് കസ്റ്റമര്‍ കെയര്‍ വരെ റോബോട്ടുകള്‍ ഏറ്റെടുക്കും. കമ്പനികളുടെ കാര്യക്ഷമതയും ഉത്പാതനക്ഷമതയും അനേകം മടങ്ങായി വര്‍ദ്ധിക്കും. പണിമുടക്കുകളും സമരങ്ങളും ചരിത്രമാകും. ഇരുപത്തിനാല് മണിക്കൂറും കാര്യക്ഷമതയോടെ പരാതികളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രസമൂഹം ഉടലെടുക്കും.

പുതുഭാവങ്ങളോടെ പുതുജോലികള്‍

ഈ സമയം മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന ജോലിയുടെ സ്വഭാവങ്ങള്‍ക്ക് കാതലായ മാറ്റം സംഭവിക്കും. പൂര്‍ണ്ണമായ ഓട്ടോമേഷന്‍ ഇന്നുള്ള പല ജോലികളും ഇല്ലാതെയാക്കും. പകരം പുതിയ സ്വഭാവമുള്ള ജോലികള്‍ ഉടലെടുക്കും. റോബോട്ടിക്‌സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ബ്ലോക്‌ചെയിനും ക്ലൌഡ് കമ്പ്യൂട്ടിങ്ങും മെഷീന്‍ ലേര്‍ണിങ്ങും ഒക്കെ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള, നിപുണരായ ജീവനക്കാരെയാകും സ്ഥാപനങ്ങള്‍ക്ക് ആവശ്യം.

ഹ്യുമന്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് പുറമേ റോബോട്ടിക് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടി ഉടലെടുക്കും. എഞ്ചിനീയറിംഗ്, സോഫ്റ്റ്വെയര്‍ പഠിച്ചവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടും. കൂടുതല്‍ നിപുണരായ ജീവനക്കാരെയാകും കമ്പനികള്‍ക്ക് ആവശ്യമുണ്ടാകുക. പേപ്പര്‍ലെസ്സ് ഓഫീസുകള്‍ അനാവശ്യ പേപ്പര്‍ വര്‍ക്കുകള്‍ ഇല്ലാതെയാക്കും. വിവരസാങ്കേതികത ഭരണനിര്‍വ്വഹണത്തിന്റെ എല്ലാ മേഖലകളും കീഴടക്കും. മനുഷ്യ സമ്പര്‍ക്കം ഇല്ലാതെ തന്നെ ഇടപാടുകാര്‍ക്ക് ഇടപാടുകള്‍ നടത്തി തിരിച്ചു പോകുവാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നടപ്പിലാക്കപ്പെടും.

ചുവടുമാറ്റം അത്യാവശ്യം

ഉത്പാതനം വലിയ രീതിയില്‍ യന്ത്രവത്ക്കരിക്കപ്പെടുന്നതോടെ, ഉത്പന്നങ്ങളുടെ ഗുണത്തിലും മേന്‍മയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റങ്ങള്‍ വന്നുചേരുന്നതോടെ ചെറുകിട സംരംഭങ്ങള്‍ പ്രതിസന്ധികളിലേക്ക് പോകുവാനുള്ള സാധ്യത വളരെ വലുതാണ്. വന്‍തോതില്‍ സംഭവിക്കുന്ന യന്ത്രവത്ക്കരണം ചെറുകിട വ്യവസായങ്ങളെ ബാധിക്കാതിരിക്കണമെങ്കില്‍ കാലത്തിനൊപ്പം മാറ്റം അവരും വരുത്തിയേ തീരൂ. ആദ്യഘട്ടങ്ങളില്‍ യന്ത്രവത്ക്കരണത്തിന്റെ ചിലവുകള്‍ ഭീമമായിരിക്കാം എങ്കിലും കാലക്രമേണ അത് എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലെക്കെത്തും. കാലത്തിനൊപ്പം ചുവടുവെക്കുക്ക മാത്രമാണ് നിലനില്‍ക്കുവാനുള്ള ഏക മാര്‍ഗ്ഗം.

മാര്‍ക്കറ്റിംഗിന്റെ പുതിയ മുഖം

ബിസിനസ് കൂടുതല്‍ കൂടുതല്‍ യന്ത്രവത്ക്കരിക്കപ്പെടുന്നതോടെ ബിസിനസിന്റെ കാര്യക്ഷ്മതയിലും മേന്മയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. ഉണ്ടാക്കുന്ന ഉത്പന്നങ്ങളും നല്‍കുന്ന സേവനങ്ങളും ലോകകമ്പോളത്തില്‍ എത്തിക്കുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് അടുത്ത വെല്ലുവിളി. ഇവിടെയാണ് മാര്‍ക്കറ്റിംഗിന്റെ പ്രസക്തി മുന്‍പത്തെക്കാളേറെ വര്‍ദ്ധിക്കുവാന്‍ പോകുന്നത്.

ഇന്ന് നിലനില്‍ക്കുന്ന പല മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും വ്യത്യാസപ്പെടും. പുതിയ തന്ത്രങ്ങള്‍ രൂപംകൊള്ളും. ഇന്നത്തെ മാര്‍ക്കറ്റിംഗ് ജീവനക്കാരുടെ നിപുണതകളില്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വരും. കൂടുതല്‍ നിപുണരായ ജീവനക്കാര്‍ ആവശ്യമായി വരും. അതിര്‍ത്തികള്‍ കടന്നുള്ള മാര്‍ക്കറ്റിംഗിന് പുതിയ തന്ത്രങ്ങളും നിപുണതകളും പഠിച്ചേ തീരൂ. മത്സരങ്ങള്‍ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തപ്പെടും. ആഗോള മാര്‍ക്കറ്റ് പരിചയമുള്ള, കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന, ഉത്പന്നത്തെക്കുറിച്ച് വളരെ ആഴത്തില്‍ അറിവുള്ള ജീവനക്കാര്‍ ഇന്നുള്ളവരെ തുടച്ചുമാറ്റും. മാര്‍ക്കറ്റിംഗിന്റെ വലിയൊരു ഭാഗം ഐ ടി കൈകാര്യം ചെയ്യും. ഒരു യന്ത്രവത്കൃത സമൂഹത്തില്‍ ജോലിയെടുക്കുവാനുള്ള ബൗദ്ധികതലം സൃഷ്ട്ടിക്കപ്പെടേണ്ടി വരും.

ഒന്ന് തിരിഞ്ഞു നോക്കൂ

കടന്നു പോന്ന കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. മുകളില്‍ പറഞ്ഞതൊക്കെ യാഥാര്‍ത്ഥ്യമാകുവാന്‍ സാദ്ധ്യതയില്ല എന്ന് തോന്നുന്നുണ്ടോ? നാം കണ്ട എത്രയോ ബിസിനസുകള്‍ ഇന്നില്ല. നാം കണ്ട എത്രയോ ഉത്പന്നങ്ങളും സേവനങ്ങളും ഇന്നില്ല. ഉള്ളവയ്ക്ക് തന്നെ എത്രയോ രൂപഭാവങ്ങള്‍ വ്യത്യാസം വന്നു കഴിഞ്ഞു. കുട്ടികള്‍ മണ്ണില്‍ നിന്നും മൊബൈലിലേക്ക് കുടിയേറിക്കഴിഞ്ഞു. ആമസോണ്‍ വഴി ലോകം മുഴുവന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന അമ്മച്ചിമാരെ ഇന്ന് നമ്മുടെ ഉള്‍ഗ്രാമങ്ങളില്‍ കാണാം. ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകള്‍ ഇന്ന് സ്വപ്നമല്ല. മാറ്റം നമുക്ക് തടുക്കുവാനാവാത്ത വേഗതയില്‍ ഇങ്ങെത്തിക്കഴിഞ്ഞു.

കാലത്തേയും മാറ്റങ്ങളെയും നിരീക്ഷിക്കുക. മാറ്റങ്ങള്‍ ആവശ്യമായ സമയങ്ങളില്‍ സ്വീകരിക്കുക. പിന്നോട്ട് വെക്കുന്ന കാലുകള്‍ മുന്നോട്ടെടുക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ വേഗത നമ്മെ കടന്നുപോകും. ബിസിനസ് കൂടുതല്‍ സൂഷ്മത ആവശ്യമുള്ള ഒരു കാലഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. വൈകാരികതലങ്ങളില്‍ ഇടപാടുകാരുമായി ഇടപഴകുന്നതിന് പുറമേ ഒരു യന്ത്രവത്കൃത സമൂഹം സൃഷ്ട്ടിക്കപ്പെടുമ്പോള്‍ ഈ വൈകാരികതയും ബന്ധവും എങ്ങിനെ നിലനിര്‍ത്താം എന്നത് കൂടി പരീക്ഷിക്കപ്പെടുന്ന ഒരു സന്ദര്‍ഭം കൂടിയായി ഈ മാറ്റങ്ങള്‍ മാറും.

യന്ത്രങ്ങള്‍ ബിസിനസ് കൈയ്യടക്കുന്നതോടു കൂടി കസ്റ്റമറുമായുള്ള വൈകാരിക ബന്ധം എങ്ങിനെ നിലനിര്‍ത്താന്‍ കഴിയും? മനുഷ്യസ്പ്ര്ശമില്ലാത്ത, സംവേദനമില്ലാത്ത, അനുഭൂതികള്‍ നല്‍കാന്‍ കഴിയാത്ത ബിസിനസുകള്‍ക്ക് നിലനില്പ്പുണ്ടാകുമോ? ഇതൊരു ചര്‍ച്ചക്ക് വിധേയമാകേണ്ടതാണ്. ഇനിയൊരിക്കല്‍ നമുക്ക് അതിനെക്കുറിച്ചു സംസാരിക്കാം.
 

Leave a comment