ആഗോളവത്കരണകാലത്തെ ചിന്തകള്‍

തമിഴ്‌നാട്ടില്‍ വ്യവസായം സ്ഥാപിക്കുവാന്‍ പോകുന്ന ഒരു സംരംഭകനോട് സുഹൃത്ത് ചോദിച്ചു.

”താങ്കള്‍ ഒരു മലയാളിയല്ലേ? എന്തുകൊണ്ട് താങ്കളുടെ വ്യവസായം കേരളത്തില്‍ തന്നെ തുടങ്ങുന്നില്ല. കേരളം ഒട്ടുംതന്നെ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയിട്ടില്ല. അതല്ലേ കാരണം?”

”ഒരിക്കലുമല്ല സുഹൃത്തേ, ഞാന്‍ ആരംഭിക്കുവാന്‍ പോകുന്ന വ്യവസായത്തിന് അനുയോജ്യമായ പരിതസ്ഥിതി കേരളത്തില്‍ ഇല്ല എന്നതാണ് പ്രധാന കാരണം. ജനസാന്ദ്രത കൂടിയ പ്രദേശത്ത് അത് സ്ഥാപിച്ചാല്‍ മലിനീകരണം മൂലം പൊതുജനം ബുദ്ധിമുട്ടും. തമിഴ്നാട്ടില്‍ ഇത്തരം പ്രശ്‌നങ്ങളില്ലാതെ ഫാക്ടറി സ്ഥാപിക്കാന്‍ ധാരാളം സ്ഥലമുണ്ട്. പിന്നെന്തിന് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് കേരളത്തില്‍ തന്നെ എന്റെ ഫാക്ടറി സ്ഥാപിക്കണം. നമ്മുടെ നാട്ടിലെ സ്ഥലലഭ്യത കണക്കിലെടുത്തല്ലേ നമുക്ക് ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കൂ” വ്യവസായി മറുപടി പറഞ്ഞു.

വാസ്തവങ്ങളെ നമുക്ക് അവഗണിക്കുവാന്‍ കഴിയുമോ?

വലിയ വ്യവസായങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കുക ദുഷ്‌ക്കരം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യത്തെ നാം കാണാതിരുന്നു കൂടാ. നദിയും കടലും മലയും കൃഷിഭൂമിയുമൊക്കെ തിങ്ങിനിറഞ്ഞ ഒരു ഭൂപ്രകൃതിയും ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളും വന്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതില്‍ നമുക്കുള്ള പരിമിതികളാണ്. കനത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന തീരുമാനങ്ങള്‍ വൈകാരികമായി കൈക്കൊള്ളുവാനും നമുക്ക് കഴിയില്ല.

പെരിയാറിന്റെ തീരപ്രദേശത്ത് നിരന്നു നില്‍ക്കുന്ന കെമിക്കല്‍ ഫാക്ടറികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ നാം അനുഭവിക്കുന്നതാണ്. വന്‍ വ്യവസായങ്ങള്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ടാല്‍ കാലക്രമേണ ആ സ്ഥലം വാസയോഗ്യമല്ലാതെയായിത്തീരും. കുടിവെള്ളം പോലും ഇല്ലാതെയാകും. ഫാക്ടറികളില്‍ നിന്ന് പുറന്തള്ളപ്പെടുന്നതും അവിടെ ശേഖരിക്കപ്പെടുന്നതുമായ വിഷമാലിന്യങ്ങള്‍ നാളെ ജീവന് ഭീഷണിയായി മാറും. ഇത്തരമൊരു സാമൂഹ്യ പരിതസ്ഥിതിയില്‍ വന്‍ വ്യവസായങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കുവാനേ സാധിക്കുകയില്ല.

വിദേശങ്ങളില്‍ മലയാളികള്‍ സ്ഥാപിക്കുന്ന ഫാക്ടറികള്‍

ഇതേ വ്യവസായി ഏതെങ്കിലും വിദേശ രാജ്യത്താണ് തന്റെ വ്യവസായം സ്ഥാപിക്കുവാന്‍ പോകുന്നതെങ്കില്‍ ഈ സുഹൃത്ത് ഒരിക്കലും ചോദിക്കില്ല എന്തുകൊണ്ട് നിങ്ങള്‍ അത് കേരളത്തില്‍ സ്ഥാപിക്കുന്നില്ല എന്ന്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായം തുടങ്ങുമ്പോഴേ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയുള്ളൂ.
ലോകത്തില്‍ പലയിടങ്ങളിലും ഫാക്ടറികള്‍ ഉള്ള വ്യവസായികള്‍ നമുക്കുണ്ട്. അവര്‍ക്കൊന്നും ഈ ചോദ്യം നേരിടേണ്ടി വരുന്നില്ല. പക്ഷേ ഒരു മലയാളി തമിഴ്‌നാട്ടിലോ മറ്റൊരു സംസ്ഥാനത്തോ വ്യവസായം തുടങ്ങാന്‍ എപ്പോള്‍ ശ്രമിച്ചു തുടങ്ങിയോ അപ്പോള്‍ മുതല്‍ ഈ ചോദ്യത്തെ നേരിടേണ്ടി വരും.

ആഗോളവത്കരണകാലത്തെ ചിന്തകള്‍

ആഗോളവത്കരണയുഗത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തികളുണ്ടോ? ഇന്ന് ലോകം മുഴുവന്‍ ഒരൊറ്റ വിപണിയാണ്. ചൈനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ ലോകം മുഴുവന്‍ എത്തുന്നു. ചൈനയില്‍ നിന്നും അസംസ്‌കൃതവസ്തുക്കള്‍ വാങ്ങിച്ച് ഇവിടെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വ്യവസായി അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കുവാന്‍ ചൈനയില്‍ ഒരു ഫാക്ടറി തുടങ്ങുന്നത് അദ്ദേഹത്തിന്റെ വ്യവസായത്തിന് ഗുണകരമാകും. തമിഴ്‌നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളോ കുറഞ്ഞ കൂലിയോ ഉപയോഗപ്പെടുത്തി അവിടെ ഒരു വ്യവസായം സ്ഥാപിക്കുന്നത് വ്യവസായിക്ക് ഗുണകരം തന്നെയാണ്. എന്തുകൊണ്ട് അത് കേരളത്തില്‍ ആകുന്നില്ല എന്ന ചോദ്യം അവിടെ അപ്രസക്തമാകുന്നു.

നമ്മുടെ വ്യവസായ ചിന്തകളെ എന്തിന് നാം നമ്മുടെ സംസ്ഥാനത്തിനകത്ത് കിടന്ന് കറങ്ങുന്ന ഒരു ചക്രമാക്കണം. മലയാളി ലോകത്തെവിടെയും പോയി വ്യവസായങ്ങള്‍ സ്ഥാപിക്കട്ടെ. വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടേണ്ടത് അതിന് ഏറ്റവും അനുയോജ്യമായ പ്രദേശങ്ങളില്‍ തന്നെയാണ്. ലാഭകരമായി പ്രവര്‍ത്തിക്കുക തന്നെയാണ് വ്യവസായങ്ങളുടെ ലക്ഷ്യം. സ്ഥലലഭ്യതയില്ലാത്ത, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നതിനേക്കാള്‍ നല്ലത് എല്ലാംകൊണ്ടും അനുകൂലമായ പരിതസ്ഥിതികള്‍ ഉള്ള സ്ഥലങ്ങളില്‍ അവ സ്ഥാപിക്കപ്പെടുന്നതാണ്. അത് തമിഴ്നാടാവാം, ചൈനയാവാം, ഇന്തോനേഷ്യയാവാം. എന്തിന് നാമതിന് വേലിക്കെട്ടുകള്‍ തീര്‍ക്കണം.

മലയാളി വ്യവസായി ആകുക എന്നതാവട്ടെ സ്വപ്നം

കേരളത്തില്‍ തന്നെ വ്യവസായം തുടങ്ങണം എന്ന ലക്ഷ്യം ചിലപ്പോള്‍ നമ്മുടെ നാടിന്റെ മേല്‍പ്പറഞ്ഞ പരിമിതികള്‍ മൂലം അസാദ്ധ്യമെങ്കില്‍ ആ ലക്ഷ്യം എവിടെയെങ്കിലും സാക്ഷാത്കരിക്കപ്പെടണം. അതിന് ഒരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ അതിര്‍ത്തികളുടെ വിലക്കുകള്‍ വേണമോ? പല ആഗോളഭീമന്മാരുടെയും ഫാക്ടറികള്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലാണ്. അവര്‍ ബിസിനസ് നടത്തുന്ന രാജ്യങ്ങള്‍ വ്യവസായത്തിന് എതിരായിട്ടല്ല അത് സംഭവിക്കുന്നത്. മറിച്ച് ബിസിനസിന്റെ വിവിധവശങ്ങള്‍ ചിന്തിച്ച് ബിസിനസിന് ഏറ്റവും ഗുണപരമായ തീരുമാനമാണ് എടുക്കുന്നത്.

ചൈന, ജപ്പാന്‍, കൊറിയ പോലുള്ള രാജ്യങ്ങളില്‍ ഉത്പാദനം തഴച്ചുവളരുന്നതില്‍ അവിടുത്തെ ഭൂപ്രകൃതിക്ക് വലിയൊരു പങ്കുണ്ട്. തമിഴ്‌നാട്ടിലേക്ക് വ്യവസായങ്ങള്‍ എത്തുന്നതിലും അവിടുത്തെ ഭൂപ്രകൃതി വലിയൊരു പങ്ക് വഹിക്കുന്നു. കിലോമീറ്ററുകളോളം ജനവാസമില്ലാതെ തരിശായിക്കിടക്കുന്ന ഭൂമി വ്യവസായങ്ങള്‍ക്ക് ചിലപ്പോള്‍ അനുയോജ്യമാകാം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയില്ലാതെ വ്യവസായങ്ങള്‍ക്ക് അവിടെ നിലനില്ക്കാം. കുറഞ്ഞ കൂലിയും മനുഷ്യവിഭവശേഷിയുടെ ലഭ്യതയും വ്യവസായങ്ങള്‍ക്ക് ഗുണകരമാകാം. ഒരു കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കേരളത്തില്‍ ലഭ്യമാകണമെന്ന് നാം വിചാരിച്ചാല്‍ അത് നടക്കുന്ന കാര്യമല്ല. ചിലപ്പോള്‍ അത് മറ്റ് ചില സംസ്ഥാനങ്ങളില്‍ സാദ്ധ്യമാകും. അത് നമ്മുടെ കുറ്റമോ കുറവോ അല്ല. അത്തരം വ്യവസായങ്ങള്‍ നമുക്ക് അനുയോജ്യമല്ല എന്നത് തന്നെ കാരണം.

തമിഴനാട്ടിലോ, കര്‍ണ്ണാടകയിലോ, ഒഡിഷയിലോ വിദേശങ്ങളിലോ എവിടെയെങ്കിലുമാകട്ടെ മലയാളികള്‍ വ്യവസായികള്‍ ആകുക എന്നതാവട്ടെ നമ്മുടെ സ്വപ്നം.

നമുക്ക് വേണ്ടത് നമ്മുടെ നാടിന് അനുയോജ്യങ്ങളായ വ്യവസായങ്ങള്‍

കേരളത്തിലെ വ്യവസായ വികസനത്തിന് നമുക്ക് കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയ കാഴ്ചപാട് ആവശ്യമാണ്. എന്ത് കൊണ്ട് വ്യവസായങ്ങള്‍ വരുന്നില്ല എന്ന ചോദ്യമുപേക്ഷിച്ച് എന്തുകൊണ്ട് നമുക്ക് അനുയോജ്യമായ വ്യവസായങ്ങളെ നമുക്ക് കൊണ്ടുവന്നു കൂടാ എന്ന ചോദ്യത്തിലേക്ക് നാം കടക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ മൊബൈല്‍ ഫാക്ടറി വന്നു കെമിക്കല്‍ ഫാക്ടറി വന്നു എന്തുകൊണ്ട് കേരളത്തില്‍ വരുന്നില്ല എന്ന ചോദ്യങ്ങള്‍ നാം ഉപേക്ഷിക്കുവാന്‍ സമയമായി.

നമുക്ക് വേണ്ടത് നമ്മുടെ പരിതസ്ഥിതികള്‍ക്ക്, ഭൂപ്രകൃതിക്ക്, ലഭ്യമായ വിഭവങ്ങള്‍ക്ക് യോജിച്ച വ്യവസായങ്ങളാണ്. കേരളം പോലുള്ള ചെറിയൊരു സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ട്, പ്രകൃതിയെ കാത്തു സംരക്ഷിച്ചു കൊണ്ട് തലമുറകളുടെ ക്ഷേമത്തിന് കാരണമാകുന്ന വിധത്തിലുള്ള വ്യവസായങ്ങള്‍ നാം രൂപകല്പ്പന ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിലെയോ വിദേശങ്ങളിലെയോ വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ നല്‍കാന്‍ ചിലപ്പോള്‍ നമുക്ക് സാധിക്കും.
ഒരു ആയുര്‍വേദ ഫാക്ടറി തമിഴ്‌നാട്ടിലോ വിദേശത്തോ പ്രവര്‍ത്തിക്കുന്നു എന്ന് കരുതുക. ആ ഫാക്ടറിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്കാന്‍ നമുക്ക് കഴിയും. നമ്മുടെ പ്രകൃതി വിഭവങ്ങളെയും പച്ചമരുന്നുകളെയും നമുക്ക് അതിനായി ഉപയോഗിക്കുവാന്‍ കഴിയും. ഇതൊരു ഉദാഹരണം മാത്രമാണ്. എന്തുകൊണ്ട് ആ മലയാളി ആയുര്‍വേദ ഫാക്ടറി കേരളത്തില്‍ സ്ഥാപിച്ചില്ല എന്ന് ചര്‍ച്ച ചെയ്ത് നേരം വെളുപ്പിക്കുന്നതിനേക്കാള്‍ നല്ലത് ആ അവസരത്തെ നമുക്കെങ്ങിനെ മുതലെടുക്കാം എന്ന് ചിന്തിക്കുകയാണ്.

ടൂറിസം എന്ന സ്വര്‍ണ്ണഖനി

കേരളത്തിലെ വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യതകള്‍ ഉള്ള ഒരു മേഖല ഏതെന്ന ചോദ്യത്തിനുത്തരം ഒന്നേയുള്ളൂ വിനോദസഞ്ചാരം എന്ന സ്വര്‍ണ്ണഖനി. നമ്മുടെ ശ്രദ്ധ ഇതിലേക്ക് വന്നാല്‍ കേരളം ഒരു പറുദീസയാകും. പ്രകൃതി സമ്പത്തും, ഭംഗിയും കൊണ്ട് എത്ര സുന്ദരിയാണ് കേരളം. മറ്റ് സംസ്ഥാനങ്ങള്‍ക്കോ, ചിലപ്പോള്‍ മറ്റ് പല രാജ്യങ്ങള്‍ക്കോ പോലും അവകാശപ്പെടാനില്ലാത്ത വിഭവങ്ങളുടെ ഖനി. ഉത്പാദനം മാത്രമാണ് വ്യവസായം എന്ന കാഴ്ചപ്പാടില്‍ നിന്നും നാം മാറേണ്ടിയിരിക്കുന്നു.

കേരളത്തിലെ തനിമയാര്‍ന്ന ഗ്രാമങ്ങള്‍, ദ്വീപുകള്‍, നമ്മുടെ സംസ്‌ക്കാരം, ആഘോഷങ്ങള്‍, ഭക്ഷണം, തനതായ കലകള്‍ ഇവയെല്ലാം നമുടെ അക്ഷയഖനിയാണ്. ഇവ എങ്ങിനെ ബുദ്ധിപരമായി ബ്രാന്‍ഡ് ചെയ്തു കൊണ്ടുവരണം എന്ന് നാം ചിന്തിച്ചാല്‍ മാത്രം മതി. നമ്മുടെ ശക്തിയില്‍ ശ്രദ്ധിക്കാതെ ദൗര്‍ബല്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചൊരു യാത്ര ഭാവിയില്‍ നമ്മെ പിന്നോട്ടടിപ്പിക്കും.

വളരുന്ന വിവരസാങ്കേതിക വിദ്യ

ലോകത്തിലെ ഏത് മികച്ച കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എടുത്താലും ഒരു മലയാളിയുടെ പേര് കാണാം എന്ന് തമാശയായി പറയാറുണ്ട്. എന്നാല്‍ ഇത് മിക്കവാറും ശരിയുമാണ് താനും. മലയാളികള്‍ ബുദ്ധിമാന്മാരാണ്. പ്രത്വേകിച്ചും വിവരസാങ്കേതികവിദ്യയില്‍ മാജിക്ക് കാണിക്കുവാന്‍ കഴിയുന്നവര്‍. വിവരസാങ്കേതികവിദ്യയില്‍ ലോകത്തെ മികച്ചൊരു ഹബ് ആയി മാറുവാന്‍ കേരളത്തിന് സാധിക്കും, ഈ തലച്ചോറുകളെ നമുക്ക് വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍.

ഐ ടി വ്യവസായത്തിന് ഭയപ്പെടേണ്ട മലിനീകരണമില്ല. ഒരു ഉത്പാദന യുണിറ്റ് കെട്ടിപ്പടുക്കുവാനുള്ള സ്ഥലലഭ്യത പ്രശ്‌നമില്ല. കേരളത്തിന്റെ പരിസ്ഥിതിയെ ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ നമുക്ക് നട്ട് നനച്ചു വളര്‍ത്താന്‍ പറ്റിയ ഒരു വ്യവസായം. കേരളത്തിന്റെ അതിശക്തമായ മനുഷ്യവിഭവശേഷിയെ ഉപയോഗപ്പെടുത്തി ഐ ടി വ്യവസായത്തെ നമുക്ക് പരിപോഷിപ്പിക്കാം. ലോകത്തിലെ ഐ ടി ഭീമന്മാര്‍ കേരളത്തിലേക്ക് വരും. ശ്രദ്ധ നാം അവിടേക്ക് തിരിക്കണം എന്നു മാത്രം.

എ ഐയും റോബോട്ടിക്‌സും ഈ പ്രപഞ്ചം കീഴടക്കുവാന്‍ തുടങ്ങുന്നു. ഇതൊരു തുടക്കമാണ്. ഈ സമയമാണ് നാം മുതലെടുക്കേണ്ടത്. സ്‌കൂള്‍ തലം മുതല്‍ എഞ്ചിനീയറിംഗ് തലം വരെ നീളുന്ന കഠിനമായ പരിശീലനം. നമ്മുടെ കുട്ടികളെ അടിമുടി മാറ്റും. ഇന്ന് കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ കാണുന്നത് സ്മാര്‍ട്ട് ഫോണും കമ്പുട്ടറും ഒക്കെയാണ്. നാം ചിന്തിക്കുന്നതിനേക്കാള്‍ വേഗതയിലാണ് അവന്റെ ചിന്ത. നമ്മുടെ പഠന സിലബസുകള്‍ പോളിച്ചെഴുതേണ്ട സമയമായി. ജോലിസാധ്യതകളില്ലാത്ത കോഴ്‌സുകള്‍ ഉപേക്ഷിച്ച് ഭാവിയിലേക്കുള്ള പഠനം നാം ലക്ഷ്യം വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വലിയ ഫാക്ടറികള്‍ അല്ല നമുക്കാവശ്യം

ഏക്കറുകള്‍ നീണ്ടു കിടക്കുന്ന ഫാക്ടറികള്‍ ഇല്ലാതെ തന്നെ നമുക്കിവിടെ പൊന്ന് വിളയിക്കാം. നമ്മുടെ തലമുറകള്‍ വിദ്യാസമ്പന്നരാണ്. ലോകത്ത് മുക്കിലും മൂലയിലും മലയാളികളുണ്ട്. ഏതൊരു നാടും സംസ്‌കാരവുമായി അവന്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരും. നമ്മുടെ ശക്തികള്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയരത്തിലാണ് നിലകൊള്ളുന്നത്. പക്ഷേ അതിനെ പൂര്‍ണ്ണമായി ഉപയോഗിക്കുവാന്‍ നമുക്ക് കഴിയുന്നില്ല, കാരണം ഉള്ളതിനേക്കാള്‍ ഇല്ലാത്തതിലേക്കാണ് നമ്മുടെ നോട്ടം.

വിദേശികള്‍ ജോലിക്കായി കേരളത്തില്‍ എത്തട്ടെ

ഒരു ടെക് സംസ്ഥാനമായി നാം മാറട്ടെ, ഐ ടിയുടെ ലോകശ്രദ്ധ പിടിച്ചു പറ്റുന്ന കേന്ദ്രബിന്ദുവായി നാം മാറട്ടെ. വിദേശികള്‍ ജോലിക്കായി കേരളത്തിലെത്തും. മലയാളിക്ക് തൊഴില്‍ തേടി പുറത്തേക്ക് പോകേണ്ട ആവശ്യം വരില്ല. നിക്ഷേപിക്കുവാന്‍ ഐ ടിയിലെ ആഗോളഭീമന്മാര്‍ ക്യൂ നിക്കും.

ഇത് അസംഭവ്യമാണ് എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അതുതന്നെയാണ് നമ്മുടെ കുറവും. ഒരു ദിനം കൊണ്ട് ഇത് സാദ്ധ്യമാവില്ല. സമഗ്രമായ ഒരു മാറ്റം നമുക്ക് ആവശ്യമാണ്. നടക്കാന്‍ സാധ്യതകളില്ലാത്ത പദ്ധതികളുടെ പിന്നാലെ ഓടാതെ നമുക്ക് നമ്മുടെ ശക്തിയെ തിരിച്ചറിഞ്ഞ് പോരാടാം. വിദ്യാഭ്യാസ മേഖല തൊട്ട് നൈപുണ്യ പരിശീലനം വരെയുള്ള എല്ലാതലങ്ങളിലും സൂഷ്മമായ അഴിച്ചുപണി ആവശ്യമാണ്. നാളെ അന്യം നിന്ന് പോകുന്ന തൊഴിലുകള്‍ വരെ നാം ഇപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. നാളെ മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ പലതും റോബോട്ടുകള്‍ ചെയ്യും. ഈ റോബോട്ടുകളെ സൃഷ്ട്ടിക്കുവാനും നിയന്ത്രിക്കുവാനും നാം പഠിക്കേണ്ടി വരും.

ചെറിയ മാറ്റങ്ങള്‍ ഫലം തരില്ല

ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷേ അവ ഒരിക്കലും നാം ആഗ്രഹിക്കുന്ന ഫലം കൊണ്ടുവരില്ല. വേണ്ടത് അതിവേഗതയിലുള്ള സമഗ്രമായ മാറ്റമാണ്. ഡിജിറ്റല്‍ ക്ലാസ് റൂമുകളില്‍ നാം പഴയ പാഠങ്ങള്‍ തന്നെ പഠിച്ചു കൊണ്ടിരിക്കണോ? ചിന്തകള്‍ക്കും വേഗത ആവശ്യമാണ്. എത്രയും വേഗം നാം പ്രവര്‍ത്തിച്ചു തുടങ്ങുന്നോ അത്രയും വേഗം അതിന്റെ ഫലവും ലഭിക്കും. നഷ്ട്ടപ്പെടുന്ന ഓരോ നിമിഷവും നമുക്ക് മുന്നില്‍ മറ്റുള്ളവര്‍ ഓടിക്കയറിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ക്കും എതിരിടാനാവാത്ത മനുഷ്യവിഭവശേഷി നമുക്ക് സൃഷ്ട്ടിചെടുക്കാം. നമ്മുടെ കാഴ്ചപ്പാടുകളില്‍ ചെറിയൊരു വ്യത്യാസം വന്നാല്‍.

ആഗോളവത്കരണകാലത്തെ ചിന്തകള്‍ക്കും വ്യത്യാസങ്ങള്‍ വേണം.

 

 

 

 

 

 

 

 

 

 

 

Leave a comment