ഈ ഭ്രാന്തല്ലേ ജീവിതം?

എപ്പോഴാണ് എഴുതുന്നത്? എങ്ങിനെയാണ് എഴുതുവാനുള്ള സമയം കണ്ടെത്തുന്നത്? ചോദ്യം ഒരു പെണ്‍സുഹൃത്തിന്റെതാണ്.

എഴുതാന്‍ അങ്ങനെയൊരു പ്രത്വേക സമയം ഉണ്ടോ? ഇല്ല എന്നതാണ് ഉത്തരം. എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതും. അതിന് ഒരു നിശ്ചിത സമയക്രമം അനുവദിച്ചു നല്കിയാല്‍ എഴുത്ത് നടക്കുമോ? എഴുതണം എന്ന് വിചാരിച്ച് ഇരുന്നാല്‍ ചിലപ്പോള്‍ ഒരു വാക്കുപോലും കുറിക്കാനാവാതെ എഴുന്നേറ്റു പോകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. എഴുതുവാനുള്ള വിഷയത്തിനായി എത്രയോ മണിക്കൂറുകള്‍ വെറുതെ ഇരുന്നിട്ടുണ്ട്. നമ്മുടെ ജിവിതചര്യകള്‍ പോലെ ചിട്ടപ്പെടുത്താവുന്ന ഒന്നല്ല എഴുത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എഴുതുവാനുള്ള വിഷയം വീണുകിട്ടുന്നതെപ്പോള്‍ എന്ന് പറയുവാനാകില്ല. ചിലപ്പോള്‍ അത് ഒരു യാത്രക്കിടയിലാവാം, സംഭാഷണങ്ങള്‍ക്കിടയിലാവാം, ഷവറില്‍ നിന്നും വെള്ളത്തുള്ളികള്‍ ശരീരത്തിലേക്ക് പറന്നിറങ്ങുമ്പോഴാവാം, ഉറക്കത്തിന്റെ അഗാധതയില്‍ നിന്നും പെട്ടെന്ന് ഞെട്ടി ഉണരുമ്പോഴാവാം, ഒന്നും ചെയ്യാതെ വെറുതെ മടിപിടിച്ച് ഇരിക്കുമ്പോഴാകാം. ചിലപ്പോള്‍ കിട്ടിയ വിഷയത്തെ ദിവസങ്ങളോളം മനസ്സിലിട്ട് സ്ഫുടം ചെയ്തായിരിക്കാം കടലാസിന്റെ വെണ്മയിലേക്ക് പകര്‍ത്തുന്നത്. ചിലപ്പോള്‍ ഒട്ടുംവൈകാതെ അപ്പോള്‍ തന്നെയാകാം.

കോളേജ് മാഗസിനിലാണ് ആദ്യ കവിത അച്ചടിച്ചു വന്നത്. എഴുത്തിന്റെ യഥാര്‍ത്ഥ ആനന്ദം ആദ്യമായി അനുഭവിച്ചത് അപ്പോഴായിരുന്നു. പിന്നീട് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ക്കയച്ച കവിതകള്‍ ബൂമറാങ്ങ്‌പോലെ തിരിച്ചു വന്നു. തിരക്കിനിടയില്‍ എഴുത്ത് വല്ലപ്പോഴുമായി. എഴുതിയവ തന്നെ ഡയറിയുടെ താളുകളില്‍ വിശ്രമം കൊണ്ടു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായപ്പോഴാണ് പിന്നീടവ പൊടിതട്ടി എടുത്തത്. പിന്നേയും വര്‍ഷങ്ങള്‍ എടുത്തു ആദ്യ കവിതാസമാഹാരം പിറവികൊള്ളുവാന്‍.

”താങ്കള്‍ ഇനി കവിതകള്‍ എഴുതരുത്” ഞാനെഴുതുന്ന കവിതകള്‍ ഇന്നേവരെ വായിക്കാത്ത ഒരാള്‍ പറഞ്ഞു. ഞാന്‍ ഞെട്ടി. ”കവിതകള്‍ എഴുതിയിട്ട് വല്യകാര്യമൊന്നുമില്ല. അതിനൊന്നും ഇപ്പോള്‍ വായനക്കാരില്ല. താങ്കള്‍ ബിസിനസ് ലേഖനങ്ങളില്‍ ശ്രദ്ധ നല്കൂ. കവിതകള്‍ എഴുതി സമയം കളയരുത്” അദ്ദേഹം യാതൊരു ദയയുമില്ലാതെ ഉപദേശിച്ചു.

സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തികളെ നമുക്കങ്ങനെ തടുത്തു നിര്‍ത്തുവാന്‍ കഴിയുമോ? എനിക്ക് കവിത എഴുതിയേ തീരൂ എന്ന നിര്‍ബന്ധബുദ്ധിയോടെ എഴുതാന്‍ ഇരിക്കുന്നതല്ല. അത് മനസ്സിലേക്ക് വെള്ളത്തുള്ളികളായി ഇറ്റുവീഴുന്നതാണ്. പിന്നീടത് കടലാസ്സിലേക്ക് ഒഴുകി പരക്കും. നമുക്കത് എത്ര ശ്രമിച്ചാലും തടുക്കുവാനാകില്ല. തടുത്താലും അത് നില്ക്കില്ല. ഹൃദയത്തില്‍ കിടന്നത് വിങ്ങും. വേദന തടുക്കുവാന്‍ കഴിയാതെ അത് വാക്കുകളായി പിറന്നു വീഴും, അപ്പോഴല്ലെങ്കില്‍ മറ്റൊരിക്കല്‍.

രണ്ടാമത്തെ കവിതാസമാഹാരത്തിന് ആമുഖം ലീലാവതി ടീച്ചറുടേതാവണം. ആഗ്രഹം അല്പ്പം അതിരുകടന്നതാണ് എന്നറിയാം. പക്ഷേ മോഹത്തെ തടുക്കുവാന്‍ ത്രാണിയില്ല. കൂട്ടുകാരി ജയലക്ഷ്മിയുമായി ടീച്ചറുടെ അടുക്കലേക്ക് കടന്നു ചെന്നു. ടീച്ചര്‍ കവിതാസമാഹാരം വാങ്ങി വെച്ചു. ”വായിച്ചു നോക്കട്ടെ, എന്നിട്ട് എഴുതി നല്കാം.” യാത്ര പറഞ്ഞിറങ്ങുമ്പോഴും എഴുതിക്കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. ജയലക്ഷ്മി ധൈര്യം പകര്‍ന്നു. എങ്കിലും എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല.

ദിവസങ്ങള്‍ക്ക് ശേഷം ജയലക്ഷ്മി വിളിച്ചു. ടീച്ചര്‍ എഴുതി വെച്ചിട്ടുണ്ട് പോയി വാങ്ങാം. കവിതകള്‍ വായിച്ച് ടീച്ചര്‍ എന്ത് വിമര്‍ശനമാകും ഉന്നയിക്കുക എന്ന് ഭയപ്പെട്ടാണ് വീണ്ടും ടീച്ചറിന്റെ മുന്നിലേക്ക് കടന്നു ചെന്നത്. അവതാരിക എഴുതിയ കടലാസുകള്‍ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് ടീച്ചര്‍ പറഞ്ഞു ”നന്നായിട്ടുണ്ട്. ഇനിയും എഴുതണം”

ഇത്തരം ചില നിമിഷങ്ങളാണ് ജീവിതത്തെ വെളിച്ചമുള്ളതാക്കുന്നത്. ചില പ്രവര്‍ത്തികള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് നമുക്ക് തോന്നുന്നത് അപ്പോഴാണ്. എന്റെ സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് ഞാന്‍ കവിതയെ ഹൃദയത്തില്‍ നിന്നും വലിച്ചെറിഞ്ഞിരുന്നെങ്കില്‍ ഈ നിമിഷങ്ങള്‍ എനിക്ക് അനുഭവിക്കുവാന്‍ കഴിയുമായിരുന്നില്ല. നാം നമുക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തികള്‍ മാറ്റിവെച്ചാല്‍ ജീവിതം ചിലപ്പോള്‍ ശൂന്യമാകും. ഒരു മരുഭൂമി പോലെ ഊഷരമായ ദിനങ്ങള്‍ നമുക്ക് മുന്നില്‍ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കും, വ്യര്‍ത്ഥമായി.

സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ അത് എത്ര ചെറുതായാലും നാം ഉപേക്ഷിക്കരുത്. കാണുന്നവര്‍ക്ക് അത് നിസ്സാരം എന്ന് തോന്നാം. നാം വായിക്കുമ്പോള്‍, എഴുതുമ്പോള്‍, പാടുമ്പോള്‍, നൃത്തം വെക്കുമ്പോള്‍, പുഴയിലേക്ക് കല്ലുകള്‍ പെറുക്കിയെറിഞ്ഞ് വെറുതെ ഇരിക്കുമ്പോള്‍, മഴയുടെ കുളിരു പുതച്ച് പാതയോരത്തു കൂടി ഒറ്റക്ക് നടക്കുമ്പോള്‍, കാടിന്റെ വന്യതയിലേക്ക് അലിഞ്ഞു ചേരുമ്പോള്‍ ഒക്കെ നമുക്ക് ഭ്രാന്ത് എന്ന് കരുതുന്നവര്‍ നമുക്ക് ചുറ്റുമുണ്ടാകാം. നമ്മുടെ ആനന്ദം അവരുടെ വാക്കുകള്‍ കേട്ട് മാറ്റിവെക്കേണ്ട ഒന്നല്ല. അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ ഭ്രാന്തല്ലേ ജീവിതം? അതിനായി നാം സമയം കണ്ടെത്തണം. നമ്മുടെ സന്തോഷങ്ങളെ നിര്‍വ്വചിക്കുവാന്‍ മറ്റുള്ളവര്‍ക്ക് ഒരിക്കലും സാധിക്കില്ല.

 

 

Leave a comment