പനിനീരിന്റെ സുഗന്ധമുള്ള കത്തുകള്‍

പ്രിയപ്പെട്ട അമ്മയ്ക്ക്,

ഞാനല്പം പരിഭവത്തിലാണ്. കാരണം അമ്മയ്ക്കറിയാവുന്നതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. അനസ്താഷ്യേയും എലേനിയും എനിക്കിപ്പോള്‍ കത്തുകളെഴുതാറില്ല. ഞാനവരെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയാത്തതിനാല്‍ എനിക്കതിയായ ദുഃഖമുണ്ട്.

ഇന്നത്തെ ആകാശത്തിന് വല്ലാത്തൊരു ഭംഗി തോന്നുന്നു. നമ്മുടെ ആ പഴയ സന്ധ്യ ഇന്നു തീര്‍ച്ചയായും പാരീസിനു മുകളില്‍ എനിക്കു കാണാനാകുമെന്ന് ഉറപ്പുണ്ട്. സന്ധ്യ കഴിഞ്ഞുവരുന്ന രാവ് – അപ്പോഴും ഞാന്‍ ജാലകം അടച്ചിട്ടുണ്ടാവില്ല. തണുത്ത കാറ്റില്‍ സ്വപ്നങ്ങള്‍ ഒഴുകിവരുന്നത് എനിക്ക് കാണണം.

ഞാനച്ഛന് ഒരു ടെലഗ്രാം അയച്ചിരുന്നു. അതദ്ദേഹത്തിന് കിട്ടിക്കാണുമെന്ന് തന്നെ കരുതട്ടെ. ക്രിസാന്തി അമ്മായിയും കുടുംബവുമൊക്കെ സുഖമായിരിക്കുന്നുണ്ടാവും. എല്ലാവര്‍ക്കുമായി ഞാന്‍ പൂക്കൂടകള്‍ സമ്മാനിക്കട്ടെ. എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ഇഷ്ട്ടമുള്ള പനിനീര്‍പ്പൂവുകള്‍ മാത്രം പ്രത്വേകം അയക്കുന്നു.

സ്‌നേഹത്തോടെ
നിക്കോസ്

(കാസാന്‍ദ് സാക്കീസ് തന്റെ അമ്മക്കയച്ച കത്തുകള്‍ ഡോ. മുഞ്ഞിനാട് പദ്മകുമാര്‍ പരിഭാഷപ്പെടുത്തിയത്)

കാസാന്‍ദ് സാക്കീസ് ഉപരിപഠനത്തിനായാണ് പാരീസില്‍ എത്തിപ്പെട്ടത്. ഗ്രാമത്തില്‍ നിന്നും നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചുനട്ട ജീവിതത്തെ അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തന്റെ ഏകാന്തതകള്‍ കവര്‍ന്നെടുത്ത ആ നഗരത്തിന്റെ മാറിലിരുന്ന് അസ്വസ്ഥതകള്‍ക്ക് നടുവില്‍ അദ്ദേഹം എന്നും അമ്മയ്ക്ക് കത്തുകള്‍ എഴുതി.

മകളോട് ഒരു ദിവസം ഞാന്‍ ചോദിച്ചു ”ഇന്‍ലന്‍ഡ് കണ്ടിട്ടുണ്ടോ?” ”അതെന്ത് സാധനമാണ്” അവള്‍ തിരികെ ചോദിച്ചു.

ഇമെയിലുകളുടേയും വാട്ട്സാപ്പുകളുടേയും ലോകത്ത് ഇന്‍ലന്‍ഡുകള്‍ ഒരധികപറ്റാണ്. വഴിയുടെ ഓരം പറ്റിയിരിക്കുന്ന തപാല്‍പെട്ടിയില്‍ നിന്നും നിശ്വാസങ്ങളും, ഗദ്ഗദങ്ങളും, സന്തോഷവുമൊക്കെയായി കടലുകള്‍ കടന്നെത്തുന്ന കത്തുകളെ ദിവസങ്ങളോളം കാത്തിരിക്കാന്‍ ഇന്ന് ആര്‍ക്കുകഴിയും. സാങ്കേതികതയുടെ വേഗതയില്‍ കടലാസ് കത്തുകള്‍ വിസ്മൃതിയിലായി. ഇന്ന് ഒരമ്മയും മക്കളുടെ കത്തുകള്‍ കാത്തിരിക്കുന്നില്ല. ഒരു കാമുകിയും കാമുകന്റെ കത്തുകളെ പ്രതീക്ഷിക്കുന്നില്ല. കത്തുകള്‍ കാണാത്ത, വായിക്കാത്ത ഒരു തലമുറയിലേക്ക് നാം കാലെടുത്തുവെച്ചുകഴിഞ്ഞു.

ഗൃഹാതുരത്വം പോലെ ആ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഒരു തലമുറ ഇന്നും അന്യം നിന്നിട്ടില്ല. ഒരു കഷ്ണം കടലാസും മഷിയും ചേര്‍ന്ന് ചാലിച്ചെടുക്കുന്ന വികാരങ്ങളെ അങ്ങനെ പെട്ടെന്ന് മറന്നു കളയുവാന്‍ സാധിക്കുമോ. മക്കള്‍ അയച്ച കത്തുകള്‍ നിധിപോലെ സൂക്ഷിക്കുന്ന അച്ഛനമ്മമാര്‍ ഇന്നുമുണ്ട്. പ്രണയത്തിന്റെ ദൂതുമായി പറന്നിരുന്ന ഹംസങ്ങള്‍ അന്ന് കൈമാറിയിരുന്നത് വെറും കത്തുകളായിരുന്നില്ല പകരം ഹൃദയങ്ങളായിരുന്നു.

ഗോവിന്ദന്‍ മാഷ് ബുക്ക് ഷെല്‍ഫില്‍ ഇരുന്ന പുസ്തകങ്ങള്‍ അടുക്കിവെക്കുകയായിരുന്നു. പെട്ടെന്ന് ഏതോ പുസ്തകത്തിന്റെ ഉള്ളില്‍ നിന്നും ഒരു കെട്ട് കത്തുകള്‍ ഊര്‍ന്നുവീണു. ഞാനത് ചാടി എടുത്തു. ”നീയത് വായിക്കരുത്. എന്റെ കയ്യിലേക്ക് തരൂ.” മാഷിന്റെ സ്വരം കടുത്തിരുന്നു. ഞാന്‍ പറഞ്ഞു ”തരാം. പക്ഷേ ഇത് ആര് ആര്‍ക്കെഴുതിയ കത്തുകള്‍ ആണ് എന്നുപറയണം.” മാഷ് ഒന്നും മിണ്ടാതെ എന്റെ കയ്യില്‍ നിന്നും കത്തുകള്‍ തട്ടിപ്പറിച്ചു. ചായയുമായി കടന്നുവന്ന മാഷിന്റെ പത്‌നി നാണത്തില്‍ ചാലിച്ച ചെറുചിരിയോടെ പറഞ്ഞു ”പണ്ട് ഞങ്ങള്‍ പരസ്പരം കൈമാറിയ കത്തുകളാണ് അത്. ഞങ്ങളുടെ ജീവിതമാണ് ആ മുഷിഞ്ഞ കടലാസുകളില്‍.”

കത്തുകള്‍ അനുഭവങ്ങളായിരുന്നു, പ്രതീക്ഷകളായിരുന്നു. കത്തുകള്‍ എത്താനെടുക്കുന്ന കാലതാമസം തന്നെയായിരുന്നു അതിന്റെ സൗന്ദര്യം. അനേകായിരം കിലോമീറ്ററുകള്‍ സഞ്ചരിച്ചെത്തുന്ന കത്തുകളെ കാത്തിരിക്കുന്നവര്‍ക്ക് ആ യാത്രയുടെ ദൈര്‍ഘ്യത്തില്‍ കാണാന്‍ സ്വപ്നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും ഭാണ്ഡക്കെട്ടുകള്‍ പേറിയെത്തിയ കത്തുകള്‍ ഇന്നും എത്രയോപേര്‍ ഭദ്രമായി സൂക്ഷിക്കുന്നു.

”എനിക്ക് പത്ത് ഇന്‍ലന്‍ഡ് വേണം.” പോസ്റ്റ്ഓഫീസിലെ പെണ്‍കുട്ടി എന്നെ അത്ഭുതത്തോടെ നോക്കി. അവള്‍ വിടര്‍ന്ന ഒരു ചിരിയോടെ ഇന്‍ലന്‍ഡുകള്‍ എടുത്തുതന്നു. ”ആരും അങ്ങനെ ഇത് വാങ്ങാറില്ല. അതുകൊണ്ടാണ് ചിരി വന്നത്.” അവള്‍ ഒരു ക്ഷമാപണത്തോടെ എന്റെ കയ്യില്‍ നിന്നും പണം വാങ്ങി.

എനിക്കും ചിരി വന്നു ആര്‍ക്കെഴുതാനാണ് ഞാനിത് വാങ്ങിച്ചത്. കാസാന്‍ദ് സാക്കീസ് അമ്മയ്ക്ക് എഴുതിയ കത്തുകള്‍ വായിച്ചപ്പോള്‍, ഫ്രാന്‍സ് കാഫ്ക്ക മിലേനക്കെഴുതിയ കത്തുകളിലെ അഭിജാതമായ പ്രണയത്തെ തൊട്ടറിഞ്ഞപ്പോള്‍, ഗോവിന്ദന്‍ മാഷിന്റെ കത്തുകള്‍ എന്റെ വിരലുകളെ സ്പര്‍ശിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയ തീവ്രമായ ഒരു മോഹം. ഇന്‍ലന്‍ഡുകള്‍ ഭദ്രമായി ഇപ്പോഴും കയ്യിലിരിക്കുന്നുണ്ട്. ഒരു ദിവസം അതില്‍ എഴുതണം. ആര്‍ക്കെങ്കിലും ആ കത്ത് അയയ്ക്കണം. കത്തു കിട്ടുന്നയാള്‍ അത്ഭുതപ്പെടും. അയാളെ ഞാന്‍ വലിച്ചിഴച്ചു ഭൂതകാലത്തിന്റെ പൂന്തോട്ടത്തിലേക്ക് വലിച്ചെറിയും. അവിടെ വിരിയുന്ന ഓര്‍മ്മകള്‍ക്ക് തീര്‍ച്ചയായും പനിനീരിന്റെ സുഗന്ധമായിരിക്കും.

 

Leave a comment