എലിവേറ്റര്‍ പിച്ച് ബിസിനസിന്റെ വജ്രായുധം

ബാംഗ്ലൂരിലെക്കുള്ള യാത്രയില്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് ക്യൂവില്‍ നില്‍ക്കുമ്പോഴാണ് അരുണ്‍ തന്റെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചത്. കേരളത്തിലെ പ്രമുഖനായ വ്യവസായി. അരുണ്‍ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുടെ കസ്റ്റമര്‍ ആയിരുന്നു അദ്ദേഹം. ജോലി രാജിവെച്ചിട്ട് ഇപ്പോള്‍ അരുണും സുഹൃത്തുക്കളും കൂടി ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചിരിക്കുകയാണ്.

അരുണ്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. അദ്ദേഹം അരുണിനെ തിരിച്ചറിയാന്‍ അധികസമയമെടുത്തില്ല. ”അരുണ്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?” അദ്ദേഹം ചോദിച്ചു.

അരുണ്‍ വിശദമായി തങ്ങളുടെ കമ്പനിയെക്കുറിച്ച് പറഞ്ഞു തുടങ്ങി. പക്ഷേ പൂര്‍ണ്ണമായി പറഞ്ഞു തീരുന്നതിനു മുന്‍പേ ക്യൂ മുന്നോട്ട് നീങ്ങുവാന്‍ തുടങ്ങി. അവരുടെ സംസാരം ഇടക്കുവെച്ച് മുറിഞ്ഞു. അദ്ദേഹത്തിന്റെ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി സമയബന്ധിതമായി നല്‍കാന്‍ സാധിക്കാത്തതില്‍ അരുണിന് നിരാശ തോന്നി. ഇത്ര നല്ലൊരു അവസരം ഇനി ലഭിക്കുകയുണ്ടാവില്ല.

അരുണിന് സംഭവിച്ചപോലുള്ള ഈ അവസ്ഥ നമ്മളില്‍ പലര്‍ക്കും പലപ്പോഴും അനുഭവമുണ്ടാകാം. അത് യാത്രക്കിടയിലാകാം, നെറ്റ് വര്‍ക്ക് മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോഴാകാം, ഭക്ഷണം കഴിക്കുന്നതിനിടയിലാകാം, അപ്രതീക്ഷിതമായ ഏതെങ്കിലും ഒരു പരിതസ്ഥിതിയില്‍ കമ്പനിയെ പരിചയപ്പെടുത്തേണ്ടി വരുമ്പോഴാകാം. സന്ദര്‍ഭങ്ങള്‍ ഏതുമാകട്ടെ പെട്ടെന്ന് ”എന്ത് ചെയ്യുന്നു?” അല്ലെങ്കില്‍ ”നിങ്ങളുടെ കമ്പനി എന്താണ്?” എന്ന ചോദ്യത്തിന് വളരെ ചെറിയ, സുവ്യക്തമായ ഒരുത്തരം നമ്മുടെ കയ്യില്‍ ഇല്ല. ചിലപ്പോള്‍ ഒരു നെടുങ്കന്‍ വിവരണത്തിനുള്ള അവസരമോ സമയമോ ലഭിക്കുകയുമില്ല. ഇതിന് ഒരു പരിഹാരം എന്താണ് എന്ന് ചിന്തിക്കേണ്ടതല്ലേ?

മുപ്പത് സെക്കന്റില്‍ താഴെ സമയം

ആ വന്‍ വ്യവസായിയുടെ അടുക്കല്‍ കൃത്യതയോടെ അരുണിന് തന്റെ കമ്പനിയെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ പുതിയ ഒരു കസ്റ്റമര്‍ അവിടെ സൃഷ്ട്ടിക്കപ്പെട്ടേനെ. അരുണ്‍ തന്റെ കമ്പനിയെ പറ്റി വെറും മുപ്പത് സെക്കന്റില്‍ താഴെ സമയമെടുത്തു കൊണ്ട് അവതരിപ്പിക്കുകയാണ് എന്ന് വിചാരിക്കുക. കൂടുതല്‍ സംഭാഷണത്തിന് അത് വഴിതുറക്കും. ചിലപ്പോള്‍ അരുണിനെ അദ്ദേഹം തന്റെ ഓഫീസിലേക്ക് ക്ഷണിച്ചേനെ. പക്ഷേ അരുണിന് തന്റെ സംഭാഷണം മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അരുണ്‍ നല്ലൊരു തയ്യാറെടുപ്പ് നടത്തിയിരുന്നു എങ്കില്‍ കഥ മാറ്റൊന്നായി മാറിയേനെ. ഇത്തരം സന്ദര്‍ഭങ്ങള്‍ എപ്പോള്‍ പൊട്ടിവീഴും എന്ന് എങ്ങിനെ മുന്‍കൂട്ടി അറിയുവാന്‍ കഴിയും? തീര്‍ച്ചയായും ഇല്ല.

ഏതൊരു ബിസിനസുകാരനും ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രതീക്ഷിക്കണം. തന്റെ ബിസിനസിനെക്കുറിച്ച്, ഉത്പന്നത്തെക്കുറിച്ച്, ആശയത്തെക്കുറിച്ച്  ഏറ്റവും ചുരുക്കി, കേള്‍വിക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍, അവരില്‍ താല്പ്പര്യം ജനിപ്പിക്കുന്ന രീതിയില്‍ എങ്ങിനെ അവതരിപ്പിക്കും. അത്തരമൊരു അവതരണം വെറും ഇരുപതു മുതല്‍ മുപ്പതു സെക്കന്റുകള്‍ക്കുള്ളില്‍ അവസാനിക്കുകയും വേണം. ചുരുങ്ങിയ വാക്കുകളില്‍ കേള്‍വിക്കാരന് ഓര്‍മ്മ നില്‍ക്കുന്ന രീതിയില്‍ ഇത് സംസാരിക്കണമെങ്കില്‍ അതിനായുള്ള നിപുണത നാം നേടിയേ തീരൂ. ഇത്തരമൊരു അവതരണത്തെ നമുക്ക് എലിവേറ്റര്‍ പിച്ച് എന്നോ എലിവേറ്റര്‍ സ്റ്റേറ്റ്‌മെന്റ് എന്നോ വിളിക്കാം.

എന്താണ് എലിവേറ്റര്‍ പിച്ച്?

കമ്പനി എന്താണ് ചെയ്യുന്നത് എന്ന് വെറും ഇരുപതു മുതല്‍ മുപ്പതു സെക്കന്റുകള്‍ക്കുള്ളില്‍ കേള്‍വിക്കാരന് വളരെ വ്യക്തവും ഓര്‍മ്മിച്ചിരിക്കുവാന്‍ കഴിയുന്ന രീതിയിലും പറഞ്ഞു നല്‍കുന്നതാണ് എലിവേറ്റര്‍ പിച്ച്. എന്താണ് സ്ഥാപനമെന്നും ഉത്പന്നമെന്നും അല്ലെങ്കില്‍ ആശയമെന്തെന്നും എതിരാളികളില്‍ നിന്നും അതെങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്നുള്ളതൊക്കെ ഈ സമയത്തിനുള്ളില്‍ പറഞ്ഞു തീര്‍ക്കണം. തന്റെ ആശയത്തെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന ഓരോ വ്യക്തിയും ഈ കഴിവ് നേടേണ്ടതാണ്.

എലിവേറ്റര്‍ പിച്ച് തയ്യറാക്കണമെങ്കില്‍ വളരെ സൂഷ്മത ആവശ്യമുണ്ട്. വിശാലമായ സമുദ്രത്തെ നാം ഒരു ചെറിയ ചെപ്പിലേക്ക് ഒതുക്കാന്‍ ശ്രമിക്കുകയാണ്. ഒരു സംഭാഷണം തുടങ്ങാനും അത് എത്ര സമയം വേണമെങ്കിലും അനവരതം തുടരാനും നമുക്ക് അറിയാം. പക്ഷേ പരിമിതമായ സമയത്തിനുള്ളില്‍ ഫലപ്രദമായി ഒരു കാര്യം അവതരിപ്പിക്കണമെങ്കില്‍ അസാമാന്യമായ നിപുണതയും തയ്യാറെടുപ്പും ആവശ്യമാണ്. നമുക്കോരോരുത്തര്‍ക്കും ഇത് പഠിക്കാന്‍ കഴിയും. എലിവേറ്റര്‍ പിച്ച് എങ്ങിനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. 

എലിവേറ്റര്‍ പിച്ച് തയ്യാറാക്കാം

എലിവേറ്റര്‍ പിച്ച് തയ്യാറാക്കുന്നതിന് പല ഘട്ടങ്ങളുണ്ട്. രണ്ടോ മൂന്നോ വാചകങ്ങളില്‍ നമുക്ക് പറയാനുള്ള ആശയങ്ങള്‍ മുഴുവന്‍ കടന്നു വരണമെങ്കില്‍ ഈ ഘട്ടങ്ങള്‍ ഓരോന്നും സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

1. എന്തായിരിക്കണം ലക്ഷ്യം?

ഇവിടെ നാം ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ കേള്‍വിക്കാരന്‍ എന്ത് ശ്രവിക്കണം എന്നതിനാണ്. നാം എന്ത് പറയുന്നുവോ അയാളുടെ കര്‍ണ്ണപുടങ്ങളില്‍ അത് പതിയുകയും തലച്ചോറില്‍ ശേഖരിക്കപ്പെടുകയും ചെയ്യും. നമ്മുടെ എലിവേറ്റര്‍ പിച്ചിന്റെ ലക്ഷ്യം എന്താവണം എന്ന് നാമിവിടെ തീരുമാനിക്കുന്നു.
അത് കമ്പനിയെക്കുറിച്ചായിരിക്കണമോ?അത് ഉത്പന്നത്തെക്കുറിച്ചായിരിക്കണമോ?അത് തന്റെ ജീവനോപാധിയെക്കുറിച്ചായിരിക്കണോ?അത് തന്റെ ആശയത്തെക്കുറിച്ചായിരിക്കണോ?
അതേ, എന്ത് പറയണം എന്ന് ഇവിടെ തീരുമാനിക്കപ്പെടണം. വാക്കുകള്‍ കേള്‍വിക്കാരനില്‍ സ്വാധീനം ചെലുത്തണം. എന്ത് പറഞ്ഞാലാണ് കേള്‍വിക്കാരന്റെ ശ്രദ്ധ പിടിച്ചു പറ്റുക എന്ന് മനസ്സിലാക്കി വേണം എലിവേറ്റര്‍ പിച്ചിന്റെ ലക്ഷ്യം നിര്‍വ്വചിക്കുവാന്‍.  

2. എന്താണ് സ്ഥാപനം ചെയ്യുന്നത്?

സ്ഥാപനം എന്താണ് ചെയ്യുന്നത് എന്ന് കേള്‍വിക്കാരന് വ്യക്തമായി മനസ്സിലാകണം. കസ്റ്റമറുടെ എന്ത് പ്രശ്‌നമാണ് കമ്പനി പരിഹരിക്കുന്നതെന്നും അതിനായി എന്ത് മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നതെന്നും എലിവേറ്റര്‍ പിച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

തങ്ങളെക്കുറിച്ച് കേള്‍വിക്കാരന്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ടത് എന്ത് എന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെടണം. അതിനനുസരിച്ചാവണം എലിവേറ്റര്‍ പിച്ച് രൂപപ്പെടുത്തേണ്ടത്.

”ഞങ്ങളുടെ വാഷിംഗ് മെഷീന്‍ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം വളരെയധികം കുറക്കുന്നു. ജലവും വൈദ്യുതിയും ഇത്രമാത്രം സേവ് ചെയ്യുന്ന മറ്റൊരു   വാഷിംഗ് മെഷീന്‍ ഇന്ന് വിപണിയിലില്ല.”
ഇതൊരു എലിവേറ്റര്‍ പിച്ച് ആയി കണക്കാക്കാം. തങ്ങളുടെ ഉത്പന്നം എന്തെന്നും അതിന്റെ പ്രത്വേകതകള്‍ എന്തെന്നും അത് എതിരാളികളെക്കാള്‍ എങ്ങിനെ മെച്ചപ്പെട്ടിരിക്കുന്നു എന്നും വളരെ കുറച്ച് വാക്കുകളാല്‍ വിശദീകരിച്ചിരിക്കുന്നു.

3. യൂണിക്ക് സെല്ലിംഗ് പ്രോപ്പോസിഷന്‍

എന്താണ് ഉത്പന്നത്തിന്റെ / സേവനത്തിന്റെ യൂണിക്ക് സെല്ലിംഗ് പ്രോപ്പോസിഷന്‍ എന്ന് സംവേദിക്കപ്പെടണം. എതിരാളികളെക്കാള്‍ തങ്ങള്‍ എന്തുകൊണ്ട് മെച്ചപ്പെട്ടിരിക്കുന്നു എന്നത് കേള്‍വിക്കാരന് എന്നും ഓര്‍മ്മിക്കത്തക്കതായി പറഞ്ഞു നല്കണം.

നാം നേരത്തേ കണ്ട ഉദാഹരണം നോക്കാം. ”ജലവും വൈദ്യുതിയും ഇത്രമാത്രം സേവ് ചെയ്യുന്ന മറ്റൊരു   വാഷിംഗ് മെഷീന്‍ ഇന്ന് വിപണിയിലില്ല” എന്ന വാചകം എന്താണ് ഉത്പന്നത്തിന്റെ യൂണിക്ക് സെല്ലിംഗ് പ്രോപ്പോസിഷന്‍ എന്നും എതിരാളികളെക്കാള്‍ എന്തുകൊണ്ട് ഉത്പന്നം മികച്ചു നില്‍ക്കുന്നു എന്നും കേള്‍വിക്കാരനോട് സംവേദിക്കുന്നു.

4. ചോദ്യത്തിനായി അവസരം

എലിവേറ്റര്‍ പിച്ച് കൃത്യസമയത്ത് അവസാനിക്കുമ്പോള്‍ നാം കേള്‍വിക്കാര്‍ക്കായി ഒരവസരം ഒരുക്കുകയാണ്. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ കൂടി നമുക്ക് സമയം ലഭ്യമാകും. വേണമെങ്കില്‍ നമുക്ക് തന്നെ തുറന്ന ചോദ്യങ്ങള്‍ അവര്‍ക്കായി ഇട്ടു നല്കാം. അങ്ങനെ അവരെ സംഭാഷണത്തിലേക്ക് അവരറിയാതെ തന്നെ നയിക്കുവാന്‍ നമുക്ക് സാധിക്കും.

5. തയ്യാറെടുപ്പ്

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ തയ്യാറാക്കിയ വാചകങ്ങളെ രൂപഭദ്രതയിലേക്ക് കൊണ്ടു വരികയും സംയോജിപ്പിക്കുകയും ചെയ്യാം. അങ്ങനെ ഇപ്പോള്‍ നമ്മുടെ എലിവേറ്റര്‍ പിച്ച് തയ്യാറായിക്കഴിഞ്ഞു.

ഇനി ഇത് പരിശീലിക്കണം. ഒരു സ്റ്റോപ്പ് വാച്ചിന്റെ സഹായത്തോടു കൂടി ഉച്ചത്തില്‍ പറഞ്ഞു പഠിക്കുക. എത്ര സമയം എടുക്കുന്നു എന്ന് നോക്കുക. മുപ്പത് സെക്കന്റിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നുവെങ്കില്‍ എലിവേറ്റര്‍ പിച്ച് വീണ്ടും എഡിറ്റ് ചെയ്ത് സമയം ക്രമീകരിക്കുക. നാം ആദ്യം തയ്യാറാക്കുന്ന എലിവേറ്റര്‍ പിച്ച് പൂര്‍ണ്ണമായ ഒന്നാവണം എന്നില്ല. മാറ്റങ്ങള്‍ പലതവണ വരുത്തേണ്ടി വന്നേക്കാം.

ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് നല്ല ഒച്ചയില്‍ വേണം എലിവേറ്റര്‍ പിച്ച് പറഞ്ഞു പഠിക്കുവാന്‍. ശബ്ദവും ശരീരഭാഷയും ശ്രദ്ധിക്കണം. ഒരിക്കലും വില്‍പ്പനക്കാരന്റെ ശബ്ദവും ശരീരഭാഷയുമല്ല എലിവേറ്റര്‍ പിച്ചിന് ആവശ്യം. മൃദുവായ വ്യക്തതയുള്ള ശബ്ധമായിരിക്കണം എലിവേറ്റര്‍ പിച്ചിന് ഉപയോഗിക്കേണ്ടത്.

നിങ്ങള്‍  പറയുന്നത് വേണമെങ്കില്‍ ഒരു വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാം. ഇതിനായി മൊബൈല്‍ തന്നെ ഉപയോഗിച്ചാല്‍ മതിയാകും. വീഡിയോയിലെ ശബ്ദവും മറ്റ് കാര്യങ്ങളും പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. വളരെ സ്വാഭാവികമായി നിറഞ്ഞ ആത്മവിശ്വാസത്തോടെയാവണം നാം സംസാരിക്കേണ്ടത്.

എന്തിന് ഇങ്ങനെ പരിശീലിക്കണം?

നമുക്ക് തോന്നാവുന്ന ഒരു കാര്യമാണിത്. വളരെ കുറച്ച് വാചകങ്ങള്‍ പറയാന്‍ ഇത്ര ബുദ്ധിമുട്ടി പരിശീലിക്കേണ്ട ആവശ്യമെന്താണ്? എലിവേറ്റര്‍ പിച്ച് തയ്യാറാക്കി നാമത് പറഞ്ഞു നോക്കുമ്പോള്‍ ഇതിനുള്ള ഉത്തരം നമുക്ക് ലഭിച്ചു തുടങ്ങും. കുറച്ച് വാചകങ്ങള്‍ മാത്രമാണ് നാം പറയുന്നത്. അതിന്റെ വേഗത കൂടി പോയാല്‍ കേള്‍വിക്കാരന് അത് വ്യക്തമായി മനസ്സിലാവണമെന്നില്ല.

പരിശീലനത്തിന്റെ അഭാവം അവതരണത്തെ അസ്വഭാവികമാക്കും. സംവേദനത്തിന്റെ തനിമ നഷ്ട്ടപ്പെടും. വളരെ പ്രാധാന്യമുള്ള പോയിന്റുകള്‍ വിട്ടുപോകും. തുമ്പും മൂലയും ഇല്ലാത്ത കുറേ വാചകങ്ങളായി മാത്രമേ കേള്‍വിക്കാര്‍ക്ക് എലിവേറ്റര്‍ പിച്ച് തോന്നുകയുള്ളൂ.

നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ എലിവേറ്റര്‍ പിച്ച് ഫലപ്രദമായി അവതരിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. ”സംസാരിക്കുന്നത് എന്താണെന്ന് എനിക്കറിയാം” എന്ന മനോഭാവം മാറ്റി എലിവേറ്റര്‍ പിച്ച് നിരന്തരം പരിശീലനത്തിന് വിധേയമാക്കണം. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള പലതരം എലിവേറ്റര്‍ പിച്ചുകള്‍ നമുക്ക് ആവശ്യമായി വരാം. അവ ഓരോന്നും നിരന്തര അഭ്യസനത്തിലൂടെ സ്വായത്തമാക്കണം.  
മറക്കാതിരിക്കുക

എപ്പോഴും ബിസിനസ് കാര്‍ഡുകളും ബ്രോഷറുകളും കയ്യില്‍ കരുതുക. എലിവേറ്റര്‍ പിച്ചിന് ശേഷം ഇവ കേള്‍വിക്കാരന് നല്‍കാം.

അനാവശ്യങ്ങളായ കഠിന പദപ്രയോഗങ്ങളും ക്ലിഷേകളും എലിവേറ്റര്‍ പിച്ചില്‍ ഒഴിവാക്കാം. മതിപ്പ് ഉളവാക്കാം എന്ന പേരില്‍ നാം ഉപയോഗിക്കുന്ന അനാവശ്യ പദപ്രയോഗങ്ങള്‍ ചിലപ്പോള്‍ നേരെ വിപരീതഫലമാവും ഉളവാക്കുക.

നമ്മള്‍ സ്വയം ഉത്തേജിപ്പിക്കപ്പെടണം

നാം പറയുന്ന എലിവേറ്റര്‍ പിച്ച് നമ്മെ ഉത്തേജിപ്പിക്കുന്നുണ്ടോ? എങ്കിലേ അത് കേള്‍വിക്കാരേയും ഉത്തേജിപ്പിക്കൂ. എലിവേറ്റര്‍ പിച്ചിന് ജീവന്‍ വേണം. അത് നമ്മളേയും കേള്‍വിക്കാരെയും ഒരേ തലത്തിലേക്ക് എത്തിക്കണം. പുഞ്ചിരിയോടെ, ആത്മവിശ്വാസത്തോടെ, ചുറുചുറുക്കോടെ നമ്മള്‍ അത് അവതരിപ്പിക്കുമ്പോള്‍ കേള്‍വിക്കാര്‍ കൂടി നമ്മുടെ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നു.

എലിവേറ്റര്‍ പിച്ച് കയ്യില്‍ ഉണ്ടോ?

എലിവേറ്റര്‍ പിച്ച് കയ്യില്‍ ഉണ്ടോ? ഇല്ലെങ്കില്‍. ഇനി എന്തിന് താമസിക്കണം. ഇപ്പോള്‍ തന്നെ തയ്യാറാക്കാന്‍ തുടങ്ങൂ. ”നിങ്ങള്‍ എന്ത് ചെയ്യുന്നു?” എന്ന ചോദ്യം ചിലപ്പോള്‍ അവസരങ്ങളുടെ, സാധ്യതകളുടെ അനന്തമായ ഒരു പാത വെട്ടിത്തുറക്കാം. ഇനിയത് നമുക്ക് നഷ്ട്ടപ്പെടരുത്.

മുപ്പത് സെക്കന്റ് മാത്രമുള്ള ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധിക്കൂ. എത്ര സമര്‍ത്ഥമായിട്ടാണ്, ബുദ്ധിപരമായിട്ടാണ് അത് നമ്മളുമായി സംവേദിക്കുന്നത്. ഈ പരസ്യം തന്നെയാണ് നാം തയ്യാറാക്കുന്ന എലിവേറ്റര്‍ പിച്ച്, കേള്‍വിക്കാരന്റെ ഹൃദയത്തെ തൊടുന്ന സംവേദനം. 

 

 

 

 

 

 

Leave a comment