പിന്നിലെ ഇലയനക്കങ്ങള്‍

ആ ബ്രാഹ്മണന്‍ അതിവേഗം നടന്നു. ഇരുട്ട് വീഴും മുന്‍പ് ക്ഷേത്രത്തില്‍ എത്തണം. വഴിമദ്ധ്യേ ഒരു ഘോരവനമുണ്ട്. സന്ധ്യമയങ്ങിയാല്‍ അത് മുറിച്ചുകടക്കുക വളരെ ബുദ്ധിമുട്ടാണ്. പത്ത് നാള്‍ നീളുന്ന മഹോല്‍സവം നാളെ ആരംഭിക്കുകയാണ്. അതില്‍ പങ്കെടുക്കുവാനാണ് ധൃതിപ്പെട്ടുള്ള ഈ യാത്ര.

ഉത്സവത്തെക്കുറിച്ച് ആലോചിച്ചതും ഉള്ളില്‍ ഒരു മയില്‍ അതിന്റെ പീലികള്‍ വിരിച്ച് ആടുവാന്‍ തുടങ്ങി. കൊട്ടും പാട്ടും മേളവും എഴുന്നള്ളത്തും സദ്യയുമൊക്കെയായി കുശാലായ പത്തു നാളുകളെക്കുറിച്ചോര്‍ത്ത് ആനന്ദത്തിന്റെ പരകോടിയിലെത്തി അദ്ദേഹത്തിന്റെ മനസ്. കാലുകള്‍ക്ക് പെട്ടെന്ന് വേഗം വര്‍ദ്ധിച്ചത് പോലൊരു തോന്നല്‍.

ഇതാ, നിബിഡവനത്തിന്റെ ഉള്ളിലേക്കുള്ള കാട്ടുപാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ബ്രാഹ്മണന്‍ നെടുവീര്‍പ്പിട്ടു. സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പേ ഈ വനം താണ്ടി താന്‍ ക്ഷേത്രത്തിലെത്തും. സമയം ഒട്ടും പാഴായിട്ടില്ല. പെട്ടെന്ന് ചുണ്ടിലേക്ക് ഏതോ ഒരു രാഗം ഊറിവന്നു. അതും മൂളി രസത്തോടെ തലയാട്ടി അദ്ദേഹം നടന്നു.

കാടിന്റെ മധ്യഭാഗത്തോളം കടന്നു പോന്നിരിക്കുന്നു. പെട്ടെന്നതാ തൊട്ട് പിന്നില്‍ എന്തോ ഒരു ശബ്ധം. ബ്രാഹ്മണന്‍ ഒന്ന് നിന്ന് തന്റെ പിന്നിലെ കാര്യങ്ങള്‍ വീക്ഷിച്ചു. തനിക്കൊപ്പം ആരോ സഞ്ചരിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് തോന്നി. താന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഏതോ ഒരു പാദപതനം പിന്നില്‍ മുഴങ്ങുന്നുണ്ട്. കാട്ടുപാതയുടെ ഓരത്തെ ഇലകള്‍ അനങ്ങുന്നുണ്ട്. തന്നെ നിശ്ചയമായും ആരോ പിന്തുടരുന്നുണ്ട്.

ബ്രാഹ്മണന്‍ ഇത് പരീക്ഷിക്കാനായി ചെവികള്‍ കൂര്‍പ്പിച്ചു വെച്ച് കുറച്ച് കാലടികള്‍ മുന്നിലേക്ക് വെച്ചു. ശരിയാണ്, തനിക്കൊപ്പം മറ്റാരോ കൂടിയുണ്ട്. അത് തന്റെ പിന്നില്‍ താന്‍ കാണാതെ മറഞ്ഞിരുന്ന് തനിക്കൊപ്പം നടക്കുന്നുണ്ട്. ചുറ്റും നോക്കിയിട്ടും അദ്ദേഹത്തിന് ഒന്നും കാണുവാന്‍ കഴിയുന്നില്ല.

അല്പം മുന്‍പു വരെ സന്തോഷം തുളുമ്പിയിരുന്ന മനസ് എത്ര പെട്ടെന്നാണ് ഭീതിയുടെ പിടിയിലകപ്പെട്ടത്. ഏതോ ഒരു വന്യമൃഗം തന്നെ പിന്തുടരുന്നുണ്ട് എന്ന ചിന്ത ബ്രാഹ്മണന്റെ മനസില്‍ അഗ്‌നിപോലെ പടര്‍ന്നു. ഏതു നിമിഷവും അത് തന്റെ മേലെ പറന്നിറങ്ങാം. അതിന്റെ കൂര്‍ത്ത പല്ലുകളും നഖങ്ങളും തന്റെ പച്ചമാംസത്തില്‍ തുളഞ്ഞിറങ്ങും. ഒന്നു കരയുവാന്‍ പോലുമാകാതെ താനീ വനപാതയില്‍ മരിച്ചു വീഴും. ഭീതി ഇതാ മനസിന്റെ സമനില തെറ്റിച്ചു തുടങ്ങി.

പരമാവധി വേഗതയില്‍ ഓടുകതന്നെ ബ്രാഹ്മണന്‍ നിശ്ചയിച്ചു. അദ്ദേഹം ശക്തി മുഴുവന്‍ സംഭരിച്ചു മുന്നോട്ടു കുതിച്ചു. പക്ഷേ ശരീരം നിന്നിടത്തു തന്നെ തറഞ്ഞു പോയിരിക്കുന്നു. അത് ചലിക്കുന്നതേയില്ല. ഭയം ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു. ബ്രാഹ്മണന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടിറങ്ങി നാസികയുടെ അഗ്രത്തിലൂടെ നിലത്തേക്ക് പതിച്ചു തുടങ്ങി. ശരീരം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചു. അരയില്‍ ഉടുത്തിരുന്ന ഒറ്റമുണ്ട് വിയര്‍പ്പാല്‍ കുതിര്‍ന്നിരിക്കുന്നു. ഒരിഞ്ചു പോലും മുന്നോട്ട് നടക്കുവാനാകാത്ത വിധം ശരീരം സ്തംഭിച്ചു പോയിരിക്കുന്നു.

തനിക്ക് ഈ ഭയം താങ്ങുവാന്‍ ആകുന്നില്ല. ഹൃദയം പൊട്ടിപ്പോകുന്ന പോലെ തോന്നുന്നു. സിരകളിലൂടെയെല്ലാം രക്തം ഇരച്ചു കയറുകയാണ്. ഇര തേടുന്ന ആ ക്രൂരമൃഗം എപ്പോള്‍ വേണമെങ്കിലും തന്നെ ആക്രമിക്കാം. താന്‍ നിസ്സഹായനാണ്. ഈ ഭയം സഹിക്കുന്നതിലും ഭേദം അതിന് കീഴടങ്ങുകയാണ്. മരണം കൊണ്ടേ ഈ ഭയം നീങ്ങൂ. ഭീതികൊണ്ട് തളര്‍ന്ന തന്റെ ശരീരത്തെ തൊട്ടടുത്ത വൃക്ഷത്തിന്റെ ഭീമാകാരമായ വേരുകളിലേക്ക് ഇറക്കിവെച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് ആ ബ്രാഹ്മണന്‍ തന്റെ വേട്ടക്കാരനെ കാത്തിരുന്നു.

അതാ ഇലകള്‍ അനങ്ങുന്നു. ഏതോ ഒരു മൃഗം കുതിച്ചു ചാടുകയാണ്. ബ്രാഹ്മണന്‍ തന്റെ കൈകള്‍ മരത്തിന്റെ വേരുകളില്‍ അള്ളിപ്പിടിച്ചു. കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകി. ആ മൃഗത്തിന്റെ കുതിച്ചു ചാട്ടത്തില്‍ ഒരു ഇളം കാറ്റ് ബ്രാഹ്മണനെ തഴുകി. ആ മൃഗം അദ്ദേഹത്തെ കടന്നും മുന്നോട്ട് കുതിക്കുകയാണ്. ബ്രാഹ്മണന്‍ തന്റെ കണ്ണുകള്‍ മെല്ലെ തുറന്നു നോക്കി. ഒരു മാന്‍പേട അതാ ഓടി മറയുന്നു.

ബ്രാഹ്മണനില്‍ നിന്നും ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നു. ഭയം ആവിയായി വനാന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. തന്നെ പിന്തുടര്‍ന്ന ഒരു പാവം മാന്‍പേടയെ കരുതിയാണ് താന്‍ ഇത്രവലിയ ഭീതിയുടെ വലയത്തില്‍ പെട്ടുപോയത്. മലമുകളിലെ വെള്ളച്ചാട്ടത്തില്‍ നിന്നും വലിയൊരു ശബ്ധത്തോടെ നിപതിച്ച ജലം നദിയിലെത്തി ശാന്തമായി നിലകൊള്ളുന്നതുപോലെ മനസ് ഇതാ ശാന്തമായിരിക്കുന്നു.

ഭാവിയെക്കുറിച്ചുള്ള മനോഹരങ്ങളായ പ്രതീക്ഷകളുമായി മുന്നോട്ട് നടക്കുന്ന നമ്മുടെ പിന്നില്‍ പെട്ടെന്നതാ ഒരു നിഷേധാത്മക ചിന്തയുടെ ഇലയനക്കം കേള്‍ക്കുന്നു. സന്തോഷത്തില്‍ ആറാടിയിരുന്ന മനസ് പെട്ടെന്ന് ഒരു നിമിഷാര്‍ദ്ധത്തില്‍ ഭീതിയിലാഴുന്നു. എന്താണ് നമ്മെ പിന്തുടരുന്നത് എന്ന് നമുക്കറിയില്ല. എങ്കിലും അത് ഏതോ ഒരു ആപത്താണ് എന്ന് ചിന്തിക്കാനാണ് നമുക്കിഷ്ട്ടം. പിന്നീടുള്ള ചിന്തകള്‍ അതാണ്. എന്തോ പിന്തുടരുന്നുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും തന്നെ വേട്ടയാടാം. ഒരു കാരണവുമില്ലാതെ മനസ് ഭീതിയെ സ്വീകരിക്കുന്നു.

മുന്നിലേക്ക് നടക്കുന്ന നാം ഭയപ്പെടുന്നത് പിന്നില്‍ നമ്മെ പിന്തുടരുന്ന ചില ചിന്തകളെയാണ്. എന്തൊക്കെ ലഭിച്ചാലും സന്തോഷം അകലെയാണ്. കാരണം എന്തോ നമ്മെ പിന്തുടരുന്നുണ്ട്. ആനന്ദത്തില്‍ നിന്നും മനസിനെ തട്ടിപ്പറിക്കാന്‍ ആയിരം ചിന്തകളുടെയൊന്നും ആവശ്യമില്ല. ഒരേ ഒരു ചിന്ത മതി. നിഷേധാത്മകമായ ആ ചിന്ത നമ്മുടെ തൊട്ടു പിന്നില്‍ മറഞ്ഞിരിപ്പുണ്ട്. അത് യാഥാര്‍ത്ഥ്യമല്ല. മിഥ്യയെ ഭയക്കുവാന്‍ നാം ശീലിച്ചു കഴിഞ്ഞു. അല്ലെങ്കില്‍ ആരൊക്കെയോ നമ്മെ അങ്ങിനെ ശീലിപ്പിച്ചു കഴിഞ്ഞു. ഇതിനൊരു മാറ്റം വരട്ടെ. പിന്നിലെ ഇലയനക്കങ്ങളെ ഉപേക്ഷിച്ച് നമുക്കിനി മുന്നിലേക്ക് നടക്കാം.

 

Leave a comment