‘ഡിസൈന്‍ തിങ്കിംഗ്” സംരംഭകര്‍ക്കായുള്ള ആദ്യപാഠങ്ങള്‍

”താങ്കളുടെ ഈ ചിത്രം എനിക്ക് വില്‍ക്കുന്നോ?” അയാള്‍ ചിത്രം വരച്ചു കൊണ്ടിരുന്ന ചിത്രകാരനോട് ചോദിച്ചു.
”എന്തിനാണ് താങ്കള്‍ക്ക് എന്റെ ചിത്രം?” ചിത്രകാരന്‍ മറുചോദ്യമെറിഞ്ഞു.

”എന്റെ വീടിന്റെ ചുമരുകള്‍ വിരസങ്ങളാണ്. അവയെ ജീവസ്സുറ്റതാക്കുവാന്‍ താങ്കളുടെ ചിത്രങ്ങള്‍ക്ക് സാധിക്കും.” അയാള്‍ മറുപടി പറഞ്ഞു.

വിരസങ്ങളായ ചുമരുകള്‍ക്ക് ജീവന്‍ നല്‍കുവാന്‍ ചിത്രങ്ങള്‍ക്ക് കഴിയും എന്നത് സര്‍ഗ്ഗാത്മകമായൊരു ചിന്തയാണ്. അവിടെ ചിത്രങ്ങള്‍ക്ക് ഒരു ആവശ്യക്കാരന്‍ ജനിക്കുകയാണ്. ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ ചിത്രങ്ങള്‍ അവിടെ ഒരു ഉത്പന്നമായി മാറുകയാണ്.

ഇവിടെ ഉപഭോക്താവിന് ഒരു ആവശ്യമുണ്ട് അല്ലെങ്കില്‍ അയാള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. ആ ആവശ്യത്തെ നിവര്‍ത്തിക്കുവാന്‍ അയാള്‍ ഒരു ഉത്പന്നത്തെ തേടുകയാണ്. അയാളുടെ ആവശ്യം ഒരു ഉത്പന്നത്തിന്റെ ഉത്പാതനത്തിന് വഴിമരുന്നാകുകയാണ്. മറ്റൊരുവാക്കില്‍ നമുക്ക് പറയാം ഉപഭോക്താവിന്റെ ആവശ്യകതയാണ് ഉത്പന്നത്തിന്റെ പിറവിക്ക് കാരണമാകുന്നത്.

തന്റെ ചിത്രം ഒരു വീടിന്റെ ചുമരുകളുടെ വിരസത അകറ്റും എന്ന് ആ ചിത്രകാരന്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. ചിത്രം വരക്കുക എന്നത് അയാളുടെ അത്മാവിഷ്‌ക്കാരമാണ്. അയാളെ സംബന്ധിച്ചിടത്തോളം അയാള്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു പ്രവര്‍ത്തി ചെയ്യുകയാണ്. തന്റെ ചിത്രം വില്ക്കുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒന്നല്ല. പക്ഷേ ആവശ്യക്കാരന്റെ ഇടപെടല്‍ അവിടെ ഒരു ബിസിനസ് അവസരം തുറക്കുകയാണ്.

ഇതിന്റെ നേര്‍ വിപരീതം നമുക്കൊന്ന് ചിന്തിച്ചു നോക്കാം. ഒരു ബിസിനസുകാരന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പഠിച്ച് അവര്‍ക്കാവശ്യമുള്ള രീതിയില്‍ ചിത്രങ്ങള്‍ ചിത്രകാരന്മാരെ ഇരുത്തി വരപ്പിച്ച് നല്‍കുന്നു എന്ന് കരുതുക. ബിസിനസുകാരനെ സംബന്ധിച്ച് ഇത് സര്‍ഗ്ഗാത്മകമായൊരു പ്രവര്‍ത്തിയോ ആത്മസംതൃപ്തിക്കായി ചെയ്യുന്ന ഒരു കാര്യമോ അല്ല. മറിച്ച് അത് ബിസിനസാണ്. അതായത് തന്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പഠിച്ച് അവരെ സേവിക്കുകയാണ് അയാള്‍ ചെയ്യുന്നത്.

ആദ്യത്തേതില്‍ ചിത്രകാരന്‍ ആത്മസംതൃപ്തിക്കായി ചിത്രം വരക്കുമ്പോള്‍ രണ്ടാമത്തേതില്‍ ബിസിനസുകാരന്‍ തന്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. രണ്ടിന്റെയും ആശയങ്ങള്‍ വ്യത്യസ്തങ്ങളാണ്. ചിത്രകാരന്‍ തന്റെ മനസില്‍ നിന്നും ആരംഭിക്കുമ്പോള്‍ ബിസിനസുകാരന്‍ ഉപഭോക്താവിന്റെ മനസില്‍ നിന്നും ആരംഭിക്കുന്നു.

ഓരോ ബിസിനസ് ആശയവും ആദ്യം ഉടലെടുക്കുന്നത് ഉപഭോക്താവിന്റെ മനസിലാണ്. അത് കണ്ടെത്തുക മാത്രമാണ് ബിസിനസുകാരന്‍ ചെയ്യുന്നത്. ഇതൊരു നിസ്സാര കാര്യമല്ല. ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. ഒരു പ്രശ്‌നത്തെ കണ്ടെത്തിയാല്‍ അതില്‍ നിന്നുമൊരു ആശയം ഉണ്ടാക്കിയെടുക്കുക ബുദ്ധിമുട്ടുള്ള പ്രവര്‍ത്തി തന്നെയാണ്. ആ ആശയത്തെ ബിസിനസാക്കി മാറ്റുക എന്നത് അതിലും ദുഷ്‌ക്കരം. പുതിയ ആശയങ്ങളേയും ഉത്പന്നങ്ങളേയും കണ്ടെത്തുക എന്നത് ബിസിനസിലെ അവിരാമമായ പ്രവര്‍ത്തിയായി മാറുന്നു.

നിങ്ങളുടെ പ്രശ്‌നമാണ് എന്റെ വിശപ്പകറ്റുന്നത്

ബിസിനസുകാരന്റെ മനസ് എപ്പോഴും മന്ത്രിക്കുന്നത് ഇതാണ്. ഉപഭോക്താവിന്റെ പ്രശ്‌നങ്ങളാണ് അയാളുടെ ബിസിനസിന്റെ അടിത്തറ. ആശയങ്ങളുടെ ഇടമുറിയാതെയുള്ള ഒഴുക്കിന്റെ ഉറവിടം ഉപഭോക്താക്കളാണ്. ഓരോ പുതിയ ഉത്പന്നവും ഉടലെടുക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യകതകളില്‍ നിന്നാണ്. സാങ്കേതികതയില്‍ വരുന്ന മാറ്റങ്ങളും പുതിയ ഉത്പന്നങ്ങള്‍ക്കായുള്ള ആശയങ്ങള്‍ നല്‍കുന്നു.

ഉപഭോക്താക്കളുടെ ആവശ്യകതയില്‍ വരുന്ന നിരന്തരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാതെ ഒരു ബിസിനസും മുന്നോട്ട് ചലിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബിസിനസും ഉപഭോക്താവും പരസ്പരം സംസാരിച്ചു കൊണ്ടേയിരിക്കണം

സംവേദനത്തിന്റെ വലിയൊരു ജാലകം ഇവിടെ തുറന്നിടുകയാണ്. ഉപഭോക്താക്കളുമായി തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കാത്ത ഒരു ബിസിനസിനും അവരുടെ ആവശ്യങ്ങളെ കണ്ടെത്താന്‍ കഴിയുകയില്ല. ബിസിനസിന്റെ ഏറ്റവും പ്രാധാന്യമുള്ള ഒരു ആസ്തി ഉപഭോക്താവിന്റെ മനസാണ്. അതറിയാന്‍ കഴിയാത്ത ബിസിനസുകള്‍ ആശയദാരിദ്ര്യത്തില്‍ ഉഴലും. ബിസിനസിലെ ആശയദാരിദ്ര്യം അതിനെ മരണത്തിലേക്ക് നയിക്കും. സംവേദനം ഒരു കണ്‍വെയര്‍ ബെല്‍റ്റ് പോലെയാണ്. അത് നിരന്തരം ബിസിനസിനെ ചുറ്റിക്കൊണ്ടിരിക്കും. അതിലൂടെ ആശയങ്ങള്‍ ബിസിനസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കും. എപ്പോള്‍ അത് നിലക്കുന്നുവോ ബിസിനസ് നാശത്തിലേക്ക് നീങ്ങുന്നു.

പുതിയ ഉത്പന്നങ്ങളെ കണ്ടെത്താനുള്ള പത്ത് മികച്ച വഴികള്‍

1. കമ്പനിയുടെ എഞ്ചിനീയര്‍മാരും ഡിസൈനേഴ്‌സും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക.

2. കമ്പനിയിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് അവരിഷ്ട്ടപ്പെടുന്ന സ്വന്തം പ്രൊജക്റ്റുകളില്‍ ജോലി ചെയ്യുവാന്‍ സമയം അനുവദിക്കുക. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ 20% സമയം ഇതിനായി അവര്‍ക്ക് നല്‍കാറുണ്ട്.

3. തങ്ങളുടെ ഉത്പാതന പ്ലാന്റുകളില്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ സന്ദര്‍ശനങ്ങള്‍ അനുവദിച്ചു കൊണ്ട് അവരുമായി സംവേദിക്കുക.

4. ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വ്വേ സംഘടിപ്പിക്കുക. ഇതിലൂടെ കമ്പനിയുടെ ഉത്പന്നങ്ങളില്‍ അവര്‍ക്കിഷ്ട്ടമുള്ളതും ഇഷ്ട്ടമില്ലാത്തതുമായ ഘടകങ്ങള്‍ തിരിച്ചറിയുവാന്‍ സാധിക്കും.

5. ഉപഭോക്താക്കള്‍ക്കിടയില്‍ ഗവേഷണം നടത്തുക.

6. ഒരു മുറിയില്‍ ഉപഭോക്താക്കളെ ഇരുത്തുക. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. മറ്റൊരു മുറിയില്‍ സാങ്കേതിക വിദഗ്ദ്ധരെ ഇരുത്തുക. അവര്‍ അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷം തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ അവര്‍ ഉപഭോക്താക്കളുമായി ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ എടുക്കുന്നു.

7. വിവിധ രാജ്യങ്ങളില്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങളെക്കുറിച്ച് യഥാസമയം അറിവ് ലഭിക്കുവാനായി ബിസിനസ് മാഗസിനുകള്‍ കീവേര്‍ഡുകള്‍ ഉപയോഗിച്ച് നിരന്തരം ചികഞ്ഞുകൊണ്ടേയിരിക്കുക.

8. എക്‌സിബിഷനുകളും ട്രേഡ് ഷോകളും വ്യവസായത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെയും പുതുമകളേയും കുറിച്ചറിയുവാനുള്ള ബൗദ്ധിക ദൗത്യമാക്കി മാറ്റുക.

9. കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരുടേയും മാര്‍ക്കറ്റിംഗ് ടീമിന്റെയും സന്ദര്‍ശനങ്ങള്‍ സപ്പ്‌ളയേഴ്‌സിന്റെ ലാബുകളില്‍ നടത്തുകയും അവരുടെ സാങ്കേതിക വിദഗ്ദ്ധരുമായി പുതിയ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക.

10. ഉടലെടുക്കുന്ന ആശയങ്ങള്‍ ജീവനക്കാരുമായി പങ്ക് വെക്കുവാന്‍ ഒരു ഐഡിയ വാള്‍ട്ട് തുറക്കാം. ജീവനക്കാര്‍ക്ക് ആശയങ്ങള്‍ പഠിക്കുവാനും അതിലേക്ക് അവരുടെ ബുദ്ധിപരമായ സംഭാവനകള്‍ നല്‍കുവാനും ഇത് വഴി സാധിക്കും.

ആശയങ്ങളെ വേട്ടയാടി പിടിക്കാം

ബിസിനസുകള്‍ക്ക് തങ്ങളുടെ കവാടങ്ങള്‍ പുറംലോകത്തേക്ക് തുറക്കാം. എവിടെ നിന്നുമുള്ള ആശയങ്ങള്‍ അവര്‍ക്ക് സ്വീകരിക്കാം. സമൂഹത്തിലെ വിവിധതലങ്ങളിലെ വ്യക്തിത്വങ്ങളും പ്രസ്ഥാനങ്ങളും ആശയങ്ങള്‍ പങ്കിടുവാനുള്ള യത്‌നത്തില്‍ പങ്കാളികളാകട്ടെ. തുറന്ന മനസോടു കൂടി ബിസിനസുകള്‍ക്ക് പൊതുസമൂഹത്തിലേക്ക് ആശയസംവേദനം നടത്താം.

ഇവിടെ ഉപഭോക്താക്കള്‍ മാത്രമല്ല ആശയം പങ്ക് വെക്കുന്നത്. മറിച്ച് ശാസ്ത്രഞ്ജര്‍, എഞ്ചിനീയര്‍മാര്‍, യൂണിവേഴ്‌സിറ്റികള്‍, ഗവേഷണസ്ഥാപനങ്ങള്‍, വ്യവസായ ഉപദേശകര്‍, പരസ്യ കമ്പനികള്‍ അങ്ങനെ പലരും ഇതില്‍ ഭാഗഭാക്കാകുന്നു. പല തുറകളില്‍ പെട്ടവരുടെ വിഭിന്നങ്ങളായ ആശയങ്ങള്‍ പുതിയ അറിവിലേക്കും കാല്‍വെപ്പിലേക്കും നയിക്കുന്നു. ആശയങ്ങള്‍ ഉടലെടുക്കുന്നതിനും പങ്കു വെക്കുന്നതിനും ഉള്ള വലിയൊരു വേദിയായി ഈ സാമൂഹ്യസംവേദനം മാറുന്നു.

ജീവനക്കാര്‍ ആശയങ്ങളുടെ ഉറവിടമാകുന്നു

കമ്പനിയുടെ സ്വന്തം ജീവനക്കാര്‍ തങ്ങളുടെ ഉത്പന്നം കൂടുതല്‍ മെച്ചപ്പെടുത്തുവാനും പുതിയ ഉത്പന്നങ്ങളോ സേവനങ്ങളോ കൂട്ടിചെര്‍ക്കുവാനും കമ്പനിയെ സഹായിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനും അത് പരിഗണിക്കുവാനുമുള്ള അവസരങ്ങള്‍ കമ്പനി സൃഷ്ട്ടിക്കേണ്ടതുണ്ട്.

ടൊയോട്ട പറയുന്നത് അവരുടെ ജീവനക്കാര്‍ ഒരു വര്‍ഷം ഏകദേശം 20 ലക്ഷം ആശയങ്ങള്‍ അവരുമായി പങ്ക് വെക്കുന്നുണ്ട് എന്നുള്ളതാണ്. ഓരോ ജീവനക്കാരനും ഏകദേശം 35 ആശയങ്ങള്‍ നല്‍കുന്നു എന്നാണ് കണക്ക്. ഇതില്‍ 85% ആശയങ്ങളും പ്രാവര്‍ത്തികമാക്കപ്പെടുന്നു എന്നതാണ് പ്രാധാന്യമുള്ള വസ്തുത. ഇത് തെളിയിക്കുന്ന ഒരു കാര്യം കമ്പനിയെ അടിമുടി അറിയുന്ന സ്വന്തം ജീവനക്കാര്‍ക്ക് തന്നെയാണ് അവിടെ എന്തൊക്കെ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വേണം എന്ന് വ്യക്തമായി പറയാനാകുന്നത്. അതുകൊണ്ട് തന്നെ അവര്‍ മുന്നോട്ട് വെക്കുന്ന ഭൂരിഭാഗം ആശയങ്ങളും കമ്പനി സ്വീകരിക്കുന്നു.

ഉപഭോക്താവില്‍ നിന്നും പുതിയ ആശയങ്ങള്‍ ലഭിക്കുവാന്‍ 7 വഴികള്‍

1. നിങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ എങ്ങിനെയാണ് ഉപയോഗിക്കുന്നത് എന്നത് നിരീക്ഷിക്കുക.

നിങ്ങളുടെ സെയില്‍സ് ടീമും മാര്‍ക്കറ്റ് ഗവേഷകരും നിരന്തരം ഉപഭോക്താക്കളെ നിരീക്ഷിക്കണം. അവര്‍ എങ്ങിനെയാണ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതെന്നും അതില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും ഇതിലൂടെ മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.

2. ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക.

ഉപഭോക്താക്കളോട് ചോദിക്കുവാന്‍ മടിക്കേണ്ട ആവശ്യമേയില്ല. ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ? എങ്കില്‍ അത് എന്തൊക്കെയാണ്? ഇതിനുള്ള ഉത്തരങ്ങള്‍ ഉത്പന്നങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

3. ഉപഭോക്താക്കള്‍ സ്വപ്നം കാണുന്ന ഉത്പന്നത്തെക്കുറിച്ച് ചോദിക്കൂ

നിങ്ങളുടെ ഉത്പന്നങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച് അവരോടു ചോദിക്കൂ. അവര്‍ പുതിയ ആശയങ്ങള്‍ മുന്നോട്ട് വെക്കും. അത് നടപ്പിലാക്കുവാന്‍ പറ്റുന്നതാവട്ടെ അല്ലാത്തതാവട്ടെ പക്ഷേ അത് നല്‍കുന്ന ഉള്‍കാഴ്ച വളരെ വലുതായിരിക്കും.

4. ഉപഭോക്താക്കളുടെ ഉപദേശക സമിതിക്ക് രൂപം നല്കൂ.

കമ്പനിയുടെ ആശയങ്ങളെക്കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ തേടുന്നതിന് ഉപഭോക്താക്കളുടെ ഒരു ഉപദേശക സമിതിക്ക് രൂപം നല്കാം. ഇത് നിരന്തരമായ മെച്ചപ്പെടുത്തലിന് കമ്പനിയെ സഹായിക്കും.

5. പുതിയ ആശയങ്ങള്‍ക്കായി വെബ്‌സൈറ്റുകളെ ഉപയോഗപ്പെടുത്താം

ബിസിനസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റില്‍ ആരെങ്കിലും രേഖപ്പെടുത്തിയാല്‍ അത് സെര്‍ച്ച് ചെയ്യാന്‍ പ്രത്വേക സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താന്‍ വെബ്‌സൈറ്റില്‍ അവസരം നല്കാം.

6. ബ്രാന്‍ഡ് ഇഷ്ട്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാം

ബ്രാന്‍ഡിനോട് കൂറുള്ളവരുടേയും നിരന്തരം ഉപയോഗിക്കുന്നവരുടേതുമായ ഒരു കൂട്ടായ്മ രൂപീകരിക്കാം. ഇത് മറ്റ് ഉപഭോക്താക്കളുമായുള്ള ഒരു പോസിറ്റീവ് സംവേദനത്തെ ശക്തിപ്പെടുത്തും. ആപ്പിള്‍ പോലുള്ള ബ്രാന്‍ഡുകള്‍ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

7. ഉത്പന്നങ്ങളെ മെച്ചപ്പെടുത്തുവാന്‍ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുക.

തങ്ങള്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുക. കമ്പനിക്ക് പുറത്തുള്ള മികച്ച തലച്ചോറുകള്‍ ഇങ്ങനെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും.

ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീം  പുതിയ ഫ്‌ലേവര്‍ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിച്ചപ്പോള്‍ പങ്കെടുത്തത് ഏകദേശം നാല്‍പ്പതിനായിരത്തോളം ഉപഭോക്താക്കളാണ്. ഓണ്‍ലൈനില്‍ നടന്ന ആ മത്സരത്തില്‍ വിജയിയായത് 62 വയസ്സുള്ള ഒരു വയോവൃദ്ധയാണ്. അവര്‍ തയ്യാറാക്കി നല്‍കിയ പുതിയ ഫ്‌ലേവറിലാണ്  ബാസ്‌കിന്‍ റോബിന്‍സ് തങ്ങളുടെ അടുത്ത  ഐസ്‌ക്രീം പുറത്തിറക്കിയത്. ജനക്കൂട്ടത്തില്‍ നിന്നും നവീനങ്ങളായ ആശയങ്ങള്‍ ഉത്ഭവിക്കാം. അതിനായി അവസരങ്ങള്‍ ഒരുക്കിയാല്‍ ഓരോ ഉത്പന്നത്തേയും മെച്ചപ്പെടുത്താം, പുതിയ ഉത്പന്നങ്ങള്‍ സൃഷ്ട്ടിക്കാം.

ബിസിനസിനുള്ള ആശയങ്ങളെ കണ്ടെത്തുകയാണ് ആദ്യത്തെ വെല്ലുവിളി. നിലവിലുള്ള ഉത്പന്നങ്ങളെ കോപ്പി പേസ്റ്റ് ചെയ്യുക സരളമായ ജോലിയാണ്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ടവയോ, പുതിയതോ ആയ ഉത്പന്നങ്ങളെ സൃഷ്ട്ടിക്കുക അത്ര എളുപ്പമല്ല. ഓരോ ആശയവും ഉപഭോക്താവിന്റെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യണം. ബിസിനസ് അതിന്റെ പരിഹാര മാര്‍ഗ്ഗവുമായാണ് അവരെ സമീപിക്കുന്നത്. ആശയ രൂപീകരണം കഴിഞ്ഞാല്‍ അതിനെ പ്രാവര്‍ത്തിക തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം. ഒരു ആശയത്തില്‍ നിന്നും ഉത്പന്നത്തിലേക്കുള്ള ദൂരം വളരെ കൂടുതലാണ്. ഇതിന്റെ കൃത്യമായ ആസൂത്രണത്തിലാണ് ഭൂരിഭാഗം ബിസിനസുകളും പരാജയപ്പെടുന്നത്. മികച്ച ഒരു ആശയം കയ്യിലുണ്ടായിട്ടും അതിനെ വിജയിക്കുന്ന ഒരു ബിസിനസ് മോഡലാക്കി വളര്‍ത്തുവാന്‍ കഴിയാതെ പോകുന്നത് ആഴത്തിലുള്ള പഠനത്തിന്റെ അഭാവമാണ്.

ഒരു ഉത്പന്നം വികസിപ്പിക്കുക എന്നത് അനേകം ഘട്ടങ്ങളിലായുള്ള ഒരു പ്രക്രിയയാണ്. അതിന്റെ ആദ്യപടിയാണ് നാം ഇവിടെ കണ്ടത്. ഓരോ സംരംഭകനും ”ഡിസൈന്‍ തിങ്കിംഗ്” എന്താണെന്ന് പഠിക്കുകയും ആശയ പരിവര്‍ത്തനത്തിന്റെ പ്രക്രിയകളിലേക്ക് കടക്കുകയും വേണം. ഇത് സംരംഭത്തോടുള്ള തികഞ്ഞ പ്രൊഫഷണലായിട്ടുള്ള സമീപനമാണ്. ഉത്പന്നങ്ങളില്‍ നിരന്തരമായ മാറ്റങ്ങളാണ് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങളും സാങ്കേതികതയുടെ വളര്‍ച്ചയും നമ്മോട് ആവശ്യപ്പെടുന്നത്. ആ വെല്ലുവിളികളെ നേരിടാനുള്ള പരിജ്ഞാനവും നിപുണതയും പ്രൊഫഷണലിസവും സംരംഭകര്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഡിസൈന്‍ തിങ്കിംഗിനെ വളരെ ഗൗരവകരമായി നാം സമീപിച്ചു തുടങ്ങണം.

Leave a comment