ചുമക്കുവാന്‍ സാധിക്കാത്ത വാല്‍

അയാള്‍ ഗുരുവിന്റെ അരികിലെത്തി അദ്ദേഹത്തെ വണങ്ങി. തനിക്ക് ആശ്രമത്തില്‍ കഴിയുവാനുള്ള അനുഗ്രഹം വേണം. ഗുരുവിന്റെ വാക്കുകള്‍ എന്നും കേള്‍ക്കണം. ജീവിതത്തെ പുതിയൊരു തലത്തിലേക്ക് പറിച്ചു നടണം. ആശ്രമത്തിലെ എന്ത് ജോലിയും ചെയ്തുകൊള്ളാം. ഇവിടെ കഴിയാനനുവദിക്കണം അയാള്‍ തോഴുകൈകളോട് കൂടി ഗുരുവിനോട് അപേക്ഷിച്ചു.

ഗുരു ആ ചെറുപ്പക്കാരനെ നോക്കി. മിടുക്കനായ, ആരോഗ്യവാനായ ഒരാള്‍. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ട പ്രായം. അറിവിലും ആത്മീയതയിലും മുഴുകുവാനുള്ള ആ മനസ്സിന്റെ ആഗ്രഹത്തെ തടുക്കുവാന്‍ ഗുരുവിനായില്ല. അദ്ദേഹം തന്റെ ആശ്രമത്തില്‍ കഴിഞ്ഞു കൊള്ളുവാനുള്ള അനുവാദം ആ ചെറുപ്പക്കാരന് നല്കി.

ആശ്രമത്തിലെ അല്ലറ ചില്ലറ പണികളൊക്കെ ചെയ്ത് അയാള്‍ കഴിഞ്ഞു കൂടി. അല്ലലില്ലാതെ ജീവിതം മുന്നോട്ട് നീങ്ങുന്നു. ആ ദിവസങ്ങള്‍ ഒന്നില്‍ ഗുരു അയാളെ വിളിപ്പിച്ചു. ആശ്രമത്തിന്റെ പുതിയ കെട്ടിടം പണി നടക്കുകയാണ്. നിങ്ങള്‍ ദിവസവും അവിടെ എത്തണം. നിങ്ങള്‍ ചെയ്യേണ്ട ജോലി സൂപ്പര്‍വൈസര്‍ പറഞ്ഞു തരും. നാളെ മുതല്‍ രാവിലെ മുതല്‍ അവിടെ എത്തിക്കൊള്ളുക. ഗുരു പറഞ്ഞു.

പിറ്റേദിവസം ഉത്സാഹത്തോടെ അയാള്‍ പുതിയ കെട്ടിടം പണി നടക്കുന്ന സ്ഥലത്തെത്തി സൂപ്പര്‍വൈസറെ കണ്ടു. സൂപ്പര്‍വൈസര്‍ അയാള്‍ക്ക് കല്ലുകള്‍ ചുമന്ന് കെട്ടിടത്തിന്റെ മുകളില്‍ എത്തിക്കുന്ന ജോലി നല്കി. ”നിങ്ങള്‍ ഒരു കല്ല് മാത്രം എടുത്താല്‍ മതി. അത് തലയില്‍ ചുമന്ന് കെട്ടിടം പണിയുന്നവര്‍ക്ക് എത്തിച്ചു നല്‍കുക” സൂപ്പര്‍വൈസര്‍ അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.

ചെറുപ്പക്കാരന് ആ പണി വളരെ നിസ്സാരമായി തോന്നി. വെറും ഒരു കല്ല് മാത്രം ചുമന്ന് എത്തിക്കുന്ന ജോലി ഇതെത്ര ലളിതമായ ഒന്നാണ് അയാള്‍ വിചാരിച്ചു. ദിവസങ്ങളോളം അയാള്‍ ആ പണി തുടര്‍ന്നു. സൂപ്പര്‍വൈസര്‍ അയാളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. താന്‍ ചെയ്യുന്ന പണിയില്‍ അയാള്‍ നൂറു ശതമാനം ആത്മാര്‍ത്ഥമായി വ്യാപൃതനാണ് എന്ന് സൂപ്പര്‍വൈസര്‍ മനസ്സിലാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍വൈസര്‍ അയാളെ വിളിപ്പിച്ചു.

”ഇന്ന് മുതല്‍ നിങ്ങള്‍ രണ്ട് കല്ലുകള്‍ ചുമക്കണം” സൂപ്പര്‍വൈസര്‍ നിര്‍ദ്ദേശിച്ചു. അയാള്‍ തലകുലുക്കി സമ്മതിച്ചു. ഇപ്പോള്‍ കല്ലുകളുടെ ഭാരം അല്പ്പം കൂടി. എന്നാലും കുഴപ്പമില്ല. രണ്ട് കല്ലുകളെ ചുമക്കുന്നതൊക്കെ തനിക്ക് എത്ര നിസ്സാരം. പിന്നീട് കുറച്ച് ദിവസങ്ങള്‍ അയാള്‍ രണ്ട് കല്ലുകള്‍ വീതം ചുമന്നു. പിന്നീടൊരു ദിവസം സൂപ്പര്‍വൈസര്‍ വീണ്ടും വിളിപ്പിച്ചു. അയാളുടെ ഭാരം മൂന്നു കല്ലുകളായി. ദിവസങ്ങളുടെ ഇടവേളകളില്‍ അത് നാലായി, അഞ്ചായി, ആറായി.

ഇപ്പോള്‍ ജോലി മഹാ കഠിനമായി തീര്‍ന്നിരിക്കുന്നു. ആറു കല്ലുകള്‍ ചുമന്ന് മുകളില്‍ എത്തിക്കുക വലിയൊരു പ്രയത്‌നം തന്നെയാണ്. അയാള്‍ തനിക്കൊപ്പം ജോലി ചെയ്യുന്നവരെ നോക്കി. അവരൊക്കെ ആറും ഏഴും കല്ലുകളൊക്കെ ചുമക്കുന്നുണ്ട്. അവരൊക്കെ പണിക്കാരാണ്. ജോലി ചെയ്ത് കൂലി വാങ്ങി കുടുംബം പുലര്‍ത്തുന്നവര്‍. പക്ഷേ ആശ്രമവാസിയായ തനിക്ക് ഒരു കല്ല് മാത്രം ചുമക്കുവാന്‍ ആദ്യം അനുവാദം തന്ന സൂപ്പര്‍വൈസര്‍ ഇപ്പോള്‍ തന്നെക്കൊണ്ട് ആറുകല്ലുകള്‍ ചുമപ്പിക്കുന്നു. ജോലിയുടെ കാഠിന്യം അയാളുടെ മനസ്സിനെ തളര്‍ത്തി. ഇനിയും തന്റെ ഭാരം കൂടിവരുമോ? എന്ന ചിന്ത അയാളെ ഭീതിയിലാഴ്ത്തി.

അയാള്‍ ഗുരുവിന്റെ അടുത്തെത്തി പരിഭവം പറഞ്ഞു. ഒന്നോ രണ്ടോ കല്ലുകള്‍ മാത്രം ചുമക്കുവാനായിരുന്നെങ്കില്‍ തനിക്ക് ഉത്സാഹപൂര്‍വ്വം ജോലി ചെയ്യാമായിരുന്നു. ഇപ്പോള്‍ ഭാരം വല്ലാതെ കൂടിയിരിക്കുന്നു. ഇത്രയും ജോലി ചെയ്തു കൊണ്ട് ആശ്രമത്തില്‍ തുടരുക ബുദ്ധിമുട്ടാണ്. എന്തിനാണ് ഇത്രയും ഭാരം ഞാന്‍ ചുമക്കേണ്ടത്? ആശ്രമത്തില്‍ മാറ്റാര്‍ക്കുമില്ലാത്ത ജോലിഭാരം തനിക്ക് മാത്രമെന്താണ്? അയാള്‍ ഗുരുവിനോട് ചോദിച്ചു.

തന്റെ നിര്‍മ്മലമായ പുഞ്ചിരിയോടെ ഗുരു പറഞ്ഞു ”ഈ കല്ലുകള്‍ പോലെയാണ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും. നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വളരെ ചെറുതായിരിക്കും. താങ്കള്‍ ഒരു കല്ല് ചുമക്കുന്നത് പോലെ അത് നിസ്സാരമായി തോന്നും. എന്നാല്‍ വളര്‍ന്നു തുടങ്ങുന്നതോടെ ഓരോരോ ഉത്തരവാദിത്വങ്ങളായി ഏറിവരും. ചുമക്കുന്നത് ഓരോ കല്ലുകളായി കൂടിക്കൂടി വരുന്നത് പോലെ. ഓരോ കല്ലും കൂടുമ്പോള്‍ നാം കൂടുതല്‍ ശക്തരാകും. അത് ചുമക്കുവാനുള്ള ശക്തി മനസ്സിലും ശരീരത്തിലും നാം സംഭരിച്ചു തുടങ്ങും. ഉത്തരവാദിത്വങ്ങളുടെ ഭാരം നമ്മെ യഥാര്‍ത്ഥത്തില്‍ ശക്തരാക്കുകയാണ് ചെയ്യുന്നത്. അത് ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ ഒളിച്ചോട്ടങ്ങളെ തേടും. താങ്കള്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയത് പോലെ. ഉത്തരവാദിത്വങ്ങള്‍ മനസ്സിനെ തളര്‍ത്തുമ്പോഴാണ് നാം എളുപ്പവഴികള്‍ തേടുന്നത്. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കൂ. സ്വയം വളരുവാന്‍ ശ്രമിക്കൂ.” ഗുരു സംഭാഷണത്തിന് പൂര്‍ണ്ണവിരാമമിട്ടു.

ഉത്തരവാദിത്വങ്ങള്‍ കൂടുന്നതോടെ നാം തളരുകയാണോ? അതോ അവ നിറവേറ്റുവാനായി കൂടുതല്‍ ശക്തി സംഭരിക്കുകയാണോ? കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍ കൂടുതല്‍ ശക്തരാകുന്നു. അവര്‍ അവ പൂര്‍ത്തീകരിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. അല്ലാത്തവര്‍ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു. ഒരു ജീവിക്കും ചുമക്കുവാന്‍ സാധിക്കാത്ത ഭാരമുള്ള വാല്‍ ദൈവം നല്കിയിട്ടില്ല. നമുക്ക് ചുമക്കുവാന്‍ സാധിക്കുന്ന ഉത്തരവാദിത്വങ്ങളേ നമുക്ക് നല്കപ്പെടൂ. അതില്‍ നാം ക്ഷീണിതരാകരുത്.

 

 

 

 

Leave a comment