തെരുവില്‍ നാം കണ്ടുമുട്ടുന്ന ദൈവങ്ങള്‍

അമ്പലത്തില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ നല്ല പ്രസന്നമായ അന്തരീക്ഷം. ചെറിയ കാറ്റുണ്ട് അല്‍പ്പസമയം അവിടെ ഇരിക്കാമെന്ന് മനസ് പറഞ്ഞു. ഗോപുര നടയിലെ സിമന്റ് തിട്ടയിലേക്ക് അമര്‍ന്നിരുന്ന് ചുറ്റുപാടും നോക്കി. അമ്പലത്തിലേക്ക് വരികയും പോകുകയും ചെയ്യുന്നവര്‍. പൂവും പൂജാദ്രവ്യങ്ങളും വില്‍ക്കുന്ന കടകളിലെ തിരക്ക്. എല്ലാവരും അവരവരുടെ ലോകങ്ങളിലാണ്. കാഴ്ചകള്‍ കണ്ട് ഞാന്‍ അങ്ങിനെ ഇരുന്നു.

അല്പ്പം അകലെ മാറി ഒരു വൃദ്ധന്‍ ഇരിപ്പുണ്ട്. കല്ല് പാകിയ തറയില്‍ കൂനിപ്പിടിച്ചാണ് ഇരുപ്പ്. മുന്നില്‍ ചെറിയൊരു തോര്‍ത്ത് വിരിച്ചിട്ടുണ്ട്. അമ്പലത്തിലേക്ക് വരുന്നവരും തിരികെ പോകുന്നവരും അതിലേക്ക് നാണയത്തുട്ടുകള്‍ ഇടുന്നുണ്ട്. വൃദ്ധന്‍ അതിലൊന്നും ശ്രദ്ധിക്കുന്നില്ല. തല കാലുകള്‍ക്കിടയില്‍ പൂഴ്ത്തി ഒട്ടകപക്ഷിയെ പോലെ ഒരിരുപ്പ് തന്നെ. അയാള്‍ ഉറങ്ങുകയാണോ എന്നെനിക്ക് സംശയം തോന്നി.

പെട്ടെന്നതാ ഒരു കുട്ടി അയാളുടെ മുന്നിലേക്ക് ഓടി വരുന്നു. ചെറിയ കുട്ടിയാണ്. അവന്റെ ശരീരത്തില്‍ വസ്ത്രമൊന്നുമില്ല. ദേഹമാസകലം പൊടി പുരണ്ടിട്ടുണ്ട്. വയറ് ലേശം ഉന്തി നില്‍ക്കുന്നു. അവനും വൃദ്ധനെപ്പോലെ തന്നെ ആരുമില്ലാത്ത ഒരാളായിരിക്കാം. അവരുടെ വേഷവും അല്ലെങ്കില്‍ വേഷമില്ലായ്മയും ഭാവങ്ങളും ഒക്കെ ഈ തോന്നല്‍ നമുക്ക് നല്‍കുന്നു. അവന്‍ വൃദ്ധന്റെ മുന്നില്‍ നിന്ന് അയാളുടെ തോര്‍ത്തു മുണ്ടിലെ നാണയങ്ങളെ നോക്കുകയാണ്. അതിലല്പ്പം കിട്ടിയാല്‍ വിശപ്പടക്കാം എന്ന ചിന്തയോടെയാവാം.

വൃദ്ധന്‍ അവന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു എന്നു തോന്നുന്നു. നരച്ച താടിമീശ നിറഞ്ഞ തന്റെ മുഖം കാലുകള്‍ക്കിടയില്‍ നിന്നും പ്രയാസപ്പെട്ട് വലിച്ചെടുത്ത് അയാള്‍ അവനെ നോക്കി. ഒരു മുത്തച്ഛന്‍ തന്റെ പേരക്കുട്ടിയെ നോക്കുന്ന വാത്സല്യം അതിനുണ്ടായിരുന്നു. അവന്റെ മനസ് അയാള്‍ വായിച്ചെടുത്തു എന്നു തോന്നുന്നു. വൃദ്ധന്‍ തന്റെ മുന്നില്‍ കിടന്നിരുന്ന നാണയത്തുട്ടുകള്‍ വാരിയെടുത്ത് വിറക്കുന്ന കൈകളാല്‍ അവന് നേരെ നീട്ടി. അവന്റെ കണ്ണുകളില്‍ ആശ്ചര്യം നിറഞ്ഞു. ചുണ്ടില്‍ വലിയൊരു ചിരി വിരിഞ്ഞു. അവന്‍ ആ നാണയത്തുട്ടുകള്‍ വാങ്ങി. സ്‌നേഹം നിറഞ്ഞ ഒരു ചിരി വൃദ്ധന് നല്കി അവന്‍ ഓടി മറഞ്ഞു.

ഞാന്‍ ചുറ്റും നോക്കി. ഞാന്‍ ഒറ്റക്കല്ല ആ കാഴ്ച്ച കണ്ടത്. ചുറ്റുമുള്ള എല്ലാവരും ആ വൃദ്ധനെ നോക്കി നില്‍ക്കുകയാണ്. വൃദ്ധന്‍ ആരെയും ശ്രദ്ധിക്കാതെ വീണ്ടും തല പൂഴ്ത്തി. ആളുകള്‍ മെല്ലെ അവരവരുടെ കാര്യങ്ങളിലേക്ക് മടങ്ങി. പക്ഷേ ആ അന്തരീക്ഷത്തില്‍ എന്തോ വലിയൊരു മാറ്റം സംഭവിച്ചു കഴിഞ്ഞു. മനസ് വല്ലാതെ ശാന്തമായിരിക്കുന്നു. നിര്‍മ്മലമായ സ്‌നേഹം വാതില്‍ തുറന്ന് അകത്തേക്ക് വന്നത് പോലെ തോന്നി. ഒരു കാരണവുമില്ലാതെ ഒരു ചെറുചിരി ചുണ്ടിനെ സ്പര്‍ശിക്കുന്നു.

നഗരത്തിലെ തിരക്കേറിയ ശീതീകരിച്ച ആര്‍ഭാട ഭോജനശാലയിലേക്ക് കടന്നു വന്ന ഒരു ഭിക്ഷാക്കാരനെ ആട്ടിയോടിച്ച രംഗത്തിന് ഒരിക്കല്‍ ഞാന്‍ സാക്ഷിയായിട്ടുണ്ട്. വേണമെങ്കില്‍ ഒരു നഗരത്തെ ഊട്ടാന്‍ സാമ്പത്തികമായി കെല്‍പ്പുള്ള ഒരു വ്യക്തിയുടെ ഭോജനശാല. അവിടെ വിശന്ന് വലഞ്ഞെത്തിയ ഒരാള്‍ക്ക് ആഹാരം നല്കിയാല്‍ എന്ത് സംഭവിക്കാന്‍. പണക്കൊഴുപ്പ് നിറഞ്ഞയിടങ്ങളില്‍ കാണാന്‍ കഴിയാത്ത മനുഷ്യത്വം നമുക്ക് തെരുവീഥികളില്‍ കാണുവാന്‍ കഴിയും. അവിടെ പങ്കുവെക്കലുകളില്‍ വിവേചനമില്ല. തെരുവില്‍ ഞാനും നിങ്ങളും തുല്യരാകുന്നു.

തന്റെ വിശപ്പ് മാറ്റുവാന്‍ ഭിക്ഷയെടുക്കുന്ന ആ വൃദ്ധന്‍ തനിക്ക് ലഭിച്ച പണം മറ്റൊരു വയറിന്റെ വിശപ്പു മാറ്റുവാന്‍ നല്‍കുന്നു. തന്റെ വിശപ്പിനെക്കുറിച്ചയാള്‍ ചിന്തിക്കുന്നില്ല. തന്റെ സഹജീവിയുടെ ദൈന്യത ഒരു വാക്കിന്റെ പോലും സഞ്ചാരമില്ലാതെ മനസില്‍ നിന്നും ഒപ്പിയെടുത്ത് അതിനെ തഴുകുവാന്‍ കാണിച്ച മനുഷ്യത്വം നമുക്കു ചുറ്റും കണ്ടെത്തുക അപൂര്‍വ്വമാണ്.

കഴിഞ്ഞൊരു ദിവസം തെരുവോരത്ത് നിന്നും ഒരു അമ്മച്ചി എനിക്ക് നേരെ ലോട്ടറി ടിക്കറ്റ് നീട്ടി. സ്‌നേഹപൂര്‍വ്വം അത് നിരസിച്ച് ഞാന്‍ മുന്നോട്ട് പോയി. ദിവസവും കാപ്പി കുടിക്കുന്ന കടയില്‍ കയറി കാപ്പിക്ക് ഓര്‍ഡര്‍ നല്കിയപ്പോള്‍ ആ അമ്മച്ചി പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു. അവര്‍ എനിക്ക് നേരെ നീട്ടിയ ആ ലോട്ടറി ടിക്കറ്റിന് ഒന്നോ രണ്ടോ കാപ്പിയുടെ വിലയേ ഉള്ളൂ. പക്ഷേ അത് അവരുടെ വീട്ടില്‍ തീ പുകയ്ക്കും. ലോട്ടറി ടിക്കറ്റിനെ നിരാകരിച്ചപ്പോള്‍ അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന വിശക്കുന്ന വയറുകളെ ഞാന്‍ മറന്നു. കാപ്പി പിന്നെ മതി എന്നു പറഞ്ഞ് ഞാനിറങ്ങി. അവരുടെ അടുത്ത് ചെന്ന് ടിക്കറ്റ് വാങ്ങിയപ്പോഴേ മനസ് അടങ്ങിയുള്ളൂ.

അതേ എന്നിലെ മനുഷ്യത്വം ഉണര്‍ത്താന്‍ ആ വൃദ്ധന്‍ വേണ്ടി വന്നു. ചിലരങ്ങിനെയാണ് നമ്മുടെ പാതയില്‍ വന്നു കയറും ചിലതൊക്കെ നിശബ്ദമായ് പറഞ്ഞു തന്നിട്ട് ഇറങ്ങിപ്പോകും. പിന്നീട് പലപ്പോഴും ആ വൃദ്ധനെ എന്റെ കണ്ണുകള്‍ അമ്പല പരിസരത്ത് തേടി നടന്നു. അയാള്‍ എവിടേക്കോ പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി ആ വൃദ്ധനെ ഞാന്‍ കണ്ടുമുട്ടില്ലായിരിക്കാം. പക്ഷേ ആ നരച്ച താടിയും കണ്ണുകളിലെ വാത്സല്യവും എങ്ങിനെ മറക്കാന്‍.

 

 

Leave a comment