ഈ പ്രപഞ്ചത്തിലെ ഏറ്റവും രുചികരമായ വിഷം

അരവിന്ദ് സൈക്യാട്രിസ്റ്റിനെ സമീപിച്ചത് വിചിത്രമായ ഒരാവശ്യവുമായാണ്. ”ഞാന്‍ ഭാര്യയെ അങ്ങയുടെ അടുക്കല്‍ കൊണ്ടുവരാം അവളുടെ വളരെ അടുത്ത സുഹൃത്ത് ഒരാളുണ്ട് അയാളുമായുള്ള സൗഹൃദം ഒന്ന് അവസാനിപ്പിച്ചു തരണം.”

ഈ സുഹൃത്ത് പുരുഷനായിരിക്കും സൈക്യാട്രിസ്റ്റ് അനുമാനിച്ചു. അല്ലെങ്കില്‍ പ്രശ്‌നം ഉണ്ടാവേണ്ട ആവശ്യമില്ലല്ലോ. എങ്കിലും ഒന്ന് ചോദിച്ചു കളയാം. ”ഈ സുഹൃത്ത് ആണാണോ പെണ്ണാണോ” സൈക്യാട്രിസ്റ്റ് അരവിന്ദിനോട് ചോദിച്ചു.

”പെണ്‍ സുഹൃത്ത് തന്നെയാണ്” അരവിന്ദ് മറുപടി പറഞ്ഞു. ”പിന്നെയെന്താണ് പ്രശ്‌നം. അവര്‍ തമ്മില്‍ അരുതാത്ത എന്തെങ്കിലും അടുപ്പം?” സൈക്യാട്രിസ്റ്റ് വീണ്ടും ആഴത്തിലേക്ക് ഇറങ്ങി.

”അയ്യോ, അങ്ങനെയൊന്നുമില്ല. ആ സുഹൃത്ത് അതിമധുരമായി സംസാരിക്കും. ആ ഒരു കുഴപ്പമേ ഉള്ളൂ.” അരവിന്ദ് പറഞ്ഞു.

”മധുരമായി സംസാരിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ട്ടമില്ലാത്തത്. താങ്കളുടെ ഭാര്യ അവരെ ഇഷ്ട്ടപ്പെടുന്നതില്‍ അതിശയം ഒന്നുമില്ല. അത്തരമൊരു സുഹൃത്ത് ഓരോ വ്യക്തിയുടേയും ഭാഗ്യമല്ലേ? പിന്നെന്തിനാണ് നിങ്ങള്‍ അവരെ തമ്മില്‍ പിരിയിക്കുവാന്‍ ശ്രമിക്കുന്നത്?” സൈക്യാട്രിസ്റ്റ് കണ്ണുകള്‍ അല്പം ഇറുക്കിയടച്ചു കൊണ്ട് ചോദിച്ചു.

”ശരിയാണ്, മധുരമായി സംസാരിക്കുന്നവരെ ആരും ഇഷ്ട്ടപ്പെടും. അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കും. അവരുമായി കൂടുതല്‍ സംസാരിക്കുവാന്‍ മനസ് തുടിച്ചു കൊണ്ടിരിക്കും. കാലക്രമേണ അവര്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് കരുതിത്തുടങ്ങും. അവര്‍ നിഷ്‌കളങ്കരും തന്റെ നന്മ മാത്രമാണ് അവരുടെ ലക്ഷ്യം എന്നും നാം കരുതിത്തുടങ്ങും. തേന്‍ പുരട്ടിയ വാക്കുകള്‍ വിഷം പുരട്ടിയതാണെന്ന് മനസിലാക്കുവാനുള്ള വിവേകം നമുക്ക് നഷ്ട്ടപ്പെടും. ഇത് ജീവിതത്തെ പ്രതിസന്ധിയിലാക്കും.” അരവിന്ദ് ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

സൈക്യാട്രിസ്റ്റിന്റെ മനസിലേക്ക് ഷേക്‌സ്പിയറുടെ കഥാപാത്രമായ ക്ലിയോപാട്രയുടെ വാക്കുകള്‍ കടന്നു വന്നു.

ഭാഷണമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും രുചികരമായ വിഷം.

മറ്റൊന്നും ഇത്രമാത്രം ശക്തിമത്തല്ല, ആപ്ത്കരമല്ല. ഇത്ര രുചികരമായ വിഷം ഈ പ്രപഞ്ചത്തില്‍ മറ്റൊന്നില്ല. അത് നാം കോരി കോരി കുടിക്കും. അതിന്റെ രുചി മറ്റൊന്നിനും നല്‍കുവാന്‍ കഴിയുകയുമില്ല. അവരുടെ ഹൃദയം ഒരു തേന്‍കൂടും വാക്കുകള്‍ തേന്‍ തുളുമ്പുന്ന മഞ്ഞുകണങ്ങളുമാണെന്ന് നാം കരുതും. വിഷം പുരട്ടിയ, മധുരം പൊതിഞ്ഞ വാക്കുകളാല്‍ അവര്‍ നമ്മുടെ ജീവിതം തകര്‍ക്കും.

ഇവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് എത്ര നിഷ്‌കളങ്കരായിട്ടാണ്. അവര്‍ നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും ഒരകലം പാലിക്കും. ഭവ്യതയുടെ ശരീരഭാഷയായിരിക്കും അവര്‍ക്കുണ്ടാകുക. ഈ അകലവും ഭവ്യതയും നമ്മുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും. അവര്‍ മനോഹരമായി സംസാരിക്കും. മാസ്മരികമായ ആ വാചാലതയില്‍ നാം ലയിക്കും. അവര്‍ നമ്മെ പ്രകീര്‍ത്തിക്കും. നമ്മുടെ ഗുണങ്ങളും സ്വഭാവസവിശേഷതകളും അവര്‍ എണ്ണിയെണ്ണി പറയും. ആര്‍ക്കാണ് മുഖസ്തുതി ഇഷ്ട്ടമല്ലാത്തത്.

ഇത് ആദ്യത്തെ പടിയാണ്. നാം അവരുടെ സാമീപ്യം ഇഷ്ട്ടപ്പെട്ടു തുടങ്ങും. അല്ല, അതിനായി നാം കൊതിച്ചു തുടങ്ങും എന്നതാണ് യാഥാര്‍ത്ഥ്യം. സാവധാനം അവര്‍ നമുക്ക് ഈ പ്രപഞ്ചത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന ആളായി രൂപാന്തരപ്പെടുന്നു. മറ്റുള്ളവരെ ബഹുമാനിക്കുന്ന, ഭവ്യതയുള്ള, ഹൃദയം മുഴുവന്‍ സ്‌നേഹം തുളുമ്പി നില്‍ക്കുന്ന ആ സുഹൃത്ത് ഇതാ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും നിറയുന്നു.

ഇനിയാണ് യാഥാര്‍ത്ഥ്യ പണി ആരംഭിക്കുന്നത്. നമുക്ക് ചുറ്റുമുള്ളവരെ ഇവര്‍ പഠിക്കും. തനിക്ക് ശത്രുക്കളാകുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്വേക മിടുക്കുണ്ട്. നമ്മളുമായി കൂടുതല്‍ ചങ്ങാത്തം പുലര്‍ത്തുന്നവരെ ആദ്യം ലക്ഷ്യം വെക്കും. അവരുടെ ഓരോ ചലനവും നിരീക്ഷിക്കും. പിന്നീട് ചെറിയ അളവില്‍ വിഷം പ്രയോഗിച്ചു തുടങ്ങും.

എത്ര മനോഹരമായിട്ടാണ്, ബുദ്ധിപരമായിട്ടാണ് ഓരോ പ്ലോട്ടും അവര്‍ സൃഷ്ട്ടിക്കുക. ഒരു നാടകം ഡിസൈന്‍ ചെയ്യുന്നത് പോലെ അവര്‍ ഓരോ സീനും ഡിസൈന്‍ ചെയ്യും. നാം അറിയാതെ നമ്മുടെ നല്ല സുഹൃത്തുക്കള്‍ നമ്മളില്‍ നിന്ന് അകലും. ഓ, അത് നമുക്കൊരു വിഷയമേയല്ല. കാരണം ഈ പ്രപഞ്ചത്തിലെ നമ്മുടെ ഏറ്റവും വിലപിടിച്ച സൗഹൃദം നമ്മുടെ അടുത്തുള്ളപ്പോള്‍ മറ്റൊന്നും ഒരു പ്രശ്‌നമേയല്ല. നാമറിയാതെ നമുക്ക് ചുറ്റും അവര്‍ വേറൊരു ലോകം തീര്‍ക്കും.

നമ്മുടെ ജീവിതത്തില്‍ ഇവര്‍ ഒരു അദൃശ്യ വലയം തുന്നുകയാണ്. നാം അതിനുള്ളിലാണ്. അതൊരു മാന്ത്രിക വലയമാണ്. മധുരം പുരട്ടിയ വിഷം കിനിയുന്ന വാക്കുകളാല്‍ തീര്‍ത്ത മാന്ത്രിക വലയം. അതിന്റെ മനോഹാരിതയാല്‍, മാസ്മരികതയാല്‍ നാം എല്ലാം വിസ്മരിക്കുന്നു. ജീവിതത്തിന്റെ ഓരോ ചുവടും ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത് അവരുടെ വാക്കുകളാണ്.

ഒരഗ്‌നിപര്‍വ്വതമായി നമ്മുടെ ജീവിതം മാറാന്‍ അധികം സമയം ആവശ്യമില്ല. ഇവര്‍ നമ്മുടെ ജീവിതത്തില്‍ സര്‍ഗ്ഗാത്മകമായി വാരിവിതറിയ ദുരന്തങ്ങള്‍ നമ്മെ തേടി ഇതാ എത്തിത്തുടങ്ങി. മാന്ത്രിക വലയം ഭേദിക്കപ്പെടും. നമ്മള്‍ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങും. വിസ്മയങ്ങളും അത്ഭുതങ്ങളും അപ്രത്യക്ഷമാകും. പക്ഷെ അപ്പോഴേക്കും ചിലപ്പോള്‍ ജീവിതം കൈവിട്ട് ഒഴുകി തുടങ്ങിയിരിക്കാം.

 

 

Leave a comment