വായനയിലെ അനുഭൂതിയുടെ തലങ്ങള്‍

”താങ്കള്‍ പറഞ്ഞിട്ടാണ് സാപിയന്‍സ് എന്ന പുസ്തകം ഞാന്‍ വാങ്ങിയത്. പക്ഷെ വായിച്ചു തുടങ്ങിയിട്ട് ഒരിഞ്ചു പോലും മുന്നോട്ട് പോകുവാന്‍ സാധിക്കുന്നില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളോ ഖസാക്കിന്റെ ഇതിഹാസമോ വായിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതി ഈ വായനയില്‍ നിന്നും ലഭിക്കുന്നില്ല. വരണ്ട ഭൂമിയിലൂടെയുള്ള ഒരു യാത്രയായി എനിക്കിത് തോന്നുന്നു. എന്തുകൊണ്ടാണത്?” മെസ്സഞ്ചറില്‍ ഈ ദുഃഖം അറിയിച്ചത് സുഹൃത്ത് അഷ്റഫാണ്.

നമ്മുടേയും ചോദ്യം

അഷ്റഫിന് മാത്രമല്ല നമുക്കും പലപ്പോഴും തോന്നിയിട്ടുള്ള ഒരു ചോദ്യമാണിത്. എല്ലാ വായനകളും ഒരേപോലെ നമ്മില്‍ അനുഭൂതി സൃഷ്ട്ടിക്കുന്നില്ല. ചില പുസ്തകങ്ങള്‍ വായിക്കാനെടുത്താല്‍ ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കും. മറ്റു ചിലവ എത്ര ശ്രമിച്ചിട്ടും എത്ര സമയമെടുത്തിട്ടും വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നില്ല. എന്താണ് തടസം എന്ന് നാം അത്ഭുതപ്പെടുന്നു. ഇത് എഴുത്തുകാരന്റെ കുഴപ്പമാണോ? അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ക്ക് നമ്മെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നില്ലേ? അല്ലെങ്കില്‍ ഇത് വായനക്കാരന്റെ തന്നെ പ്രശ്‌നമാണോ?

വായനക്കാരന്റെ ലക്ഷ്യം

”ഒരു സങ്കീര്‍ത്തനം പോലെ” വായിച്ചു തീര്‍ക്കുന്ന ലാഘവത്തോടെ എനിക്ക് ”മരുഭൂമികള്‍ ഉണ്ടാകുന്നത്” വായിച്ചു തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. ആടുജീവിതം ഒറ്റയിരുപ്പിന് ശ്വാസമടക്കിപ്പിടിച്ചിരുന്ന് വായിച്ചു തീര്‍ത്ത പുസ്തകമാണ്. പക്ഷെ അത്ര ലളിതമായി ആരാച്ചാര്‍ വായിക്കാന്‍ കഴിഞ്ഞില്ല. വായനക്കാരനില്‍ വായന രൂപപ്പെടുത്തുന്ന തലങ്ങള്‍ വ്യത്യസ്തമാണ്. എനിക്കു തോന്നുന്നു വായനക്കാരന്‍ സ്വയം രൂപീകരിക്കുന്ന അവന്റെ ലക്ഷ്യത്തിന് വായനയില്‍ വലിയൊരു പങ്കുണ്ട്.

ലക്ഷ്യവും പ്രവര്‍ത്തിയും

ഞാന്‍ ഓടുകയാണ്. ഓടുക എന്നത് ഒരു പ്രവര്‍ത്തിയാണ്. ഞാന്‍ ഓടുന്നതിന് ഒരു ലക്ഷ്യമുണ്ടാകണം. ഒരു സ്ഥലത്ത് പെട്ടെന്നെത്തിച്ചേരണം. എനിക്ക് ഓടിയേ തീരൂ. എന്നാല്‍ ഞാന്‍ ആരോഗ്യ പരിപാലത്തിനായാണ് ഓടുന്നതെങ്കില്‍ എന്റെ വേഗത ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. ലക്ഷ്യമാണ് എന്റെ വേഗത എന്തായിരിക്കണമെന്ന് നിര്‍ണ്ണയിക്കുന്നത്. മറ്റ് ചില ഘടകങ്ങള്‍ കൂടി ഇതില്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഓടുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി, എന്റെ ആരോഗ്യം, കാലാവസ്ഥ ഇങ്ങനെയുള്ള ഘടകങ്ങള്‍ കൂടി എന്റെ ഓട്ടത്തെ സ്വാധീനിക്കുന്നു.

നൂറു മീറ്റര്‍ സ്പ്രിന്റ് ഓടുന്ന പോലെയല്ല പത്ത് കിലോമീറ്റര്‍ മാരത്തോണ്‍ ഓടുന്നത് എന്ന് സാരം. ലക്ഷ്യമാണ് എന്റെ വേഗതയെ സാധൂകരിക്കുന്നത്. വായനയും അതുപോലുള്ള ഒരു പ്രവര്‍ത്തിയായി എനിക്ക് തോന്നുന്നു. എന്തിനാണ് വായിക്കുന്നത് എന്നതാണ് പ്രാധാന്യം. വായിക്കുക എന്ന പ്രവര്‍ത്തിയെ സാധൂകരിക്കേണ്ടത് അതിന്റെ ലക്ഷ്യം തന്നെയാണ്. ലക്ഷ്യം സുവ്യക്തമാണ് എങ്കില്‍ വായനക്കായി പുസ്തകം തിരഞ്ഞെടുക്കുന്നതിനെ അത് സ്വാധീനിക്കും.

പുസ്തകം നല്‍കുന്ന ആനന്ദം

എന്നെ ആഹ്‌ളാദിപ്പിക്കുകയും കേവലമായ അനുഭൂതി പ്രദാനം ചെയ്യുകയുമാണ് എല്ലാ പുസ്തകങ്ങളുടേയും ധര്‍മ്മമായി ഞാന്‍ കാണുന്നതെങ്കില്‍ എനിക്ക് തെറ്റുപറ്റും. ഓരോ പുസ്തകങ്ങള്‍ക്കും ഓരോ ഉദ്ദേശമുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഉദ്ദേശിക്കുന്ന അനുഭൂതി ഒരു പുസ്തകത്തിന് നല്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ വായനക്കാരന്‍ എന്ന നിലയില്‍ എനിക്കും അതില്‍ ഉത്തരവാദിത്വം ഉണ്ടാകാം. അനുഭൂതി ആനന്ദം മാത്രമല്ല അത് അസ്വസ്ഥതകളും കൂടിയാകാം. എന്റെ വികാരങ്ങളെ, ചിന്തകളെ സ്പര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്ന് എഴുത്തുകാരനോട് പറയുന്നതിന് മുന്‍പേ ഒരു ആത്മപരിശോധന ആവശ്യമായി വരുന്നു.

ഒരു കട്ടന്‍ചായയുമായി ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് വിശ്രമിച്ച് ഒരു ഹ്രസ്വവായന പകര്‍ന്നു നല്‍കുന്ന അനുഭവത്തിനായി ഞാന്‍ ആനന്ദിന്റെ ”മരുഭൂമികള്‍ ഉണ്ടാകുന്നത്” കയ്യിലെടുക്കുകയാണ് എന്നു കരുതുക. ഞാന്‍ ആഗ്രഹിച്ച അനുഭൂതിയെ ആ സന്ദര്‍ഭത്തില്‍, ആ മാനസികാവസ്ഥയില്‍ ആ പുസ്തകം എനിക്ക് നല്കുന്നില്ല. അങ്ങിനെ വായിക്കേണ്ട ഒന്നല്ല ആ പുസ്തകം എന്നത് തിരിച്ചറിയേണ്ട ഒന്നാകുന്നു. ഇവിടെ തെറ്റുപറ്റിയത് ഞാന്‍ എന്ന വായനക്കാരനാണ് എന്റെ തിരഞ്ഞെടുക്കലിനാണ്. മറ്റൊരു സന്ദര്‍ഭത്തില്‍, തികച്ചും വിഭിന്നമായ മറ്റൊരു മാനസികാവസ്ഥയില്‍ ആ പുസ്തകത്തിന് എന്നില്‍ അനുഭൂതികള്‍ നിറക്കുവാന്‍ ചിലപ്പോള്‍ സാധിക്കാം.

പുസ്തകത്തിന്റെ തിരഞ്ഞെടുപ്പ്

പ്രേമലേഖനത്തിനോ നാലുകെട്ടിനോ സൂസന്നയുടെ ഗ്രന്ഥപ്പുരക്കോ പ്രതി പൂവന്‍ കോഴിക്കോ ആ നിമിഷങ്ങളെ സുരഭിലമാക്കുവാന്‍ കഴിയും. പക്ഷേ അഷ്റഫിന്റെ ദുഃഖം പോലെ സാപിയന്‍സ് എന്ന പുസ്തകത്തിന് ആ ലക്ഷ്യത്തെ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. ഇവിടെ പുസ്തകത്തിന്റെ തിരഞ്ഞെടുക്കലിന് വായനക്കാരന്റെ ലക്ഷ്യത്തിനും ആസ്വാദനശേഷിക്കും വലിയൊരു പങ്കുണ്ട്.

ചരിത്രത്തേയും മാനവരാശിയുടെ പരിണാമത്തേയും നരവംശ ശാസ്ത്രത്തേയും ഇഷ്ട്ടപ്പെടുന്ന അത്തരം വായനയെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ഒരാളാണ് ഞാനെങ്കില്‍ സാപിയന്‍സ് എന്ന പുസ്തകത്തോടുള്ള എന്റെ സമീപനം വളരെ വ്യത്യസ്തമായിരിക്കും. എന്താണ് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് തീര്‍ച്ചയുണ്ട്. ആ ലക്ഷ്യം പ്രാപ്തമാക്കുന്ന പുസ്തകങ്ങളാണ് എന്റെ ലക്ഷ്യം. അങ്ങനെയുള്ള എന്നില്‍ അനുഭൂതി ഉണര്‍ത്താന്‍ സാപിയനസിനു കഴിയുന്നു. ഒരു സാധാരണ വായനക്കാരനില്‍ ”ടോട്ടോചാന്‍” പകരുന്ന അനിര്‍വ്വചനീയമായ ആനന്ദം ഇവിടെ എനിക്ക് സാപിയന്‍സ് നല്കുന്നു.

വായനയുടെ തലം

വായനയുടെ തലം ഉയര്‍ത്തുകയാണ് എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ മാരത്തോണ്‍ ഓടുന്ന സമീപനവും തന്ത്രവും സ്വീകരിക്കണം. അവിടെ ലളിതമായി മുന്നോട്ടു പോകുന്ന സുഗമമായ ഒരു പ്രവര്‍ത്തിയല്ല വായന. വായനയുടെ തലം ഉയര്‍ത്താന്‍ എനിക്കിന്നുവരെ പരിചിതമല്ലാത്ത തികച്ചും അന്യമായ ഒരു പ്രദേശം കടന്നു പോയേ തീരൂ. അത് അല്പ്പം സങ്കീര്‍ണ്ണമാണ്. തുടക്കത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന അനുഭവമോ അനുഭൂതിയോ വായന ഉളവാക്കണമെന്നില്ല. നിരന്തരമായ മടുപ്പുകള്‍ക്ക് ശേഷം കഠിനമായ പരിശ്രമങ്ങള്‍ക്ക് ശേഷം മാത്രമേ അനുഭൂതി എന്നെത്തേടി എത്തുകയുള്ളൂ.

എന്റെ ലക്ഷ്യമെന്താണ്?

വിശ്രമവേളകളില്‍ കൂട്ടിനായുള്ള പ്രിയ സുഹൃത്തുക്കള്‍ മാത്രമല്ല പുസ്തകങ്ങള്‍. തീഷ്ണമായ അനുഭവങ്ങള്‍ നമുക്കുള്ളിലേക്ക് ഉരുക്കിയൊഴിക്കാന്‍ അവയ്ക്ക് സാധിക്കും. നമ്മിലെ മനുഷ്യനെ രൂപപ്പെടുത്താനും രൂപാന്തരപ്പെടുത്താനും പുസ്തകങ്ങള്‍ക്ക് കഴിവുണ്ട്. ഓരോ വായനയും നല്‍കുന്ന അറിവും ആനന്ദവും ചിന്തകളിലെ സ്‌ഫോടനവും വ്യത്യസ്തമാണ്. എപ്പോഴും വായനക്കാരന്റെ പ്രതീക്ഷകള്‍ പോലെയാകണം അവ എന്നില്ല. ഞാന്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല എന്നത് ചിലപ്പോള്‍ എഴുത്തുകാരന്റെ കുറവല്ല. മറ്റ് ചില വായനക്കാരില്‍ അനുഭൂതി സൃഷ്ട്ടിക്കാന്‍ ആ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ടാകാം. എന്റെ ലക്ഷ്യവുമായി എന്റെ വായനകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ആ ബന്ധം കണ്ടെത്താന്‍ എനിക്ക് മാത്രമേ കഴിയൂ.

എന്റെ ലക്ഷ്യങ്ങളെ ഭേദിക്കുന്ന അസ്വസ്ഥതകള്‍ ചില വായനകള്‍ ഉളവാക്കുന്നുണ്ട്. ഈ അസ്വസ്ഥതകള്‍ എന്നെ പരിഭ്രമിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ അതെന്നെ ചകിതനാക്കുന്നു. പുസ്തകം ആനന്ദം മാത്രമല്ല നല്‍കുന്നത് എന്ന തിരിച്ചറിവ് എന്നെ പൊതിയുന്നു. വായന നമുക്കന്യമായ പ്രദേശങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാം. അപരിചിതമായ ആ യാത്രകള്‍ നമ്മില്‍ അസ്വസ്ഥതകള്‍ തീര്‍ക്കുന്നു. ലക്ഷ്യം പോലും ചില വായനകള്‍ ഭേദിക്കും. വായനക്കാരന്‍ ആനന്ദത്തേയും അസ്വസ്ഥതകളെയും സ്വീകരിക്കേണ്ടി വരും.

 

വായനയെ പിന്തുടരുക. വിസ്മയകരങ്ങളായ മാറ്റങ്ങള്‍ നമ്മില്‍ ഉടലെടുക്കും. ജീവശാസ്ത്രപരമായ പരിണാമം മാത്രം പൂര്‍ണ്ണനായ ഒരു മനുഷ്യനെ സൃഷ്ട്ടിക്കുന്നില്ല. അറിവും അനുഭവങ്ങളും പരിണാമത്തിന്റെ വിടവുകളെ ഇല്ലാതെയാക്കും. വായന നമ്മെ പുതിയ മനുഷ്യരാക്കട്ടെ.

 

 

 

Leave a comment