തുടങ്ങുക എന്നതാണ് പ്രധാനം

 

രാവിലെ എഴുന്നേറ്റ് കണ്ണും തിരുമ്മി വരുമ്പോള്‍ കണ്ടു അമ്മ വെറുതെ നിസാരമായി സൂചിയില്‍ നൂല് കോര്‍ക്കുന്നു.

സാധാരണ അരമണിക്കൂര്‍ പണിയാണ്. പലപ്പോഴും കീഴടങ്ങി ഞങ്ങളെ എല്പ്പിക്കുകയാണ് പതിവ്.

ഇന്നിതാ യാതൊരു ബുദ്ധിമുട്ടും കൂടാതെ അമ്മ സൂചിയില്‍ നൂല് കോര്‍ത്തിരിക്കുന്നു. നിന്നെയൊന്നും ഇനി ഇതിനായി ആവശ്യമില്ല എന്നൊരു പുച്ഛം മുഖത്ത്.

ഇതെങ്ങിനെ സാധിച്ചു? എന്റെ ചോദ്യം.

അമ്മ ഡൈനിങ്ങ് ടേബിളില്‍ നിന്നും ചെറിയൊരു ഉപകരണം എടുത്തു. അറ്റം വളച്ചെടുത്ത ഒരു കഷണം കമ്പി ഒരു പ്ലാസ്റ്റിക് കഷ്ണത്തില്‍ പിടിപ്പിച്ചിരിക്കുന്നു.

അതേ, സൂചിയില്‍ നൂല് കോര്‍ക്കാനും ഒരു ഉപായം കണ്ടെത്തിയിരിക്കുന്നു. അതിനായുള്ള ഒരു ഉത്പന്നം മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നു.

വര്‍ഷങ്ങളായുള്ള അമ്മയുടെ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. അമ്മയുടെ മാത്രമല്ല എത്രയോ ആളുകളുടെ.

ആ പ്രശ്‌നത്തെ ആരോ ബിസിനസാക്കി മാറ്റിയിരിക്കുന്നു.

എന്ത് ബിസിനസ് ചെയ്യണം എന്നത് ഒരു പ്രഹേളിക ആകുന്നുണ്ടോ?

ചുറ്റും നോക്കുക. പരിഹരിക്കാത്ത പ്രശ്‌നങ്ങളെ കണ്ടെത്തുക. ബിസിനസാക്കി മാറ്റുക.

വീട്ടിലെ അടുപ്പ് പുകയാന്‍ അത് മതി (ബില്‍ ഗേറ്റ്‌സ് ആകുന്നത് പിന്നീട് ചിന്തിക്കാം). ചുറ്റും ബിസിനസ് അവസരങ്ങളുണ്ട്. ചെറുതില്‍ തുടങ്ങുക. വലുതായിക്കൊള്ളും.

വീട്ടില്‍ അമ്മയുണ്ടാക്കുന്ന നാവില്‍ വെള്ളമൂറുന്ന പലഹാരങ്ങളുണ്ടോ? ഉണ്ടാക്കി കവറിലാക്കി പുറത്തേക്കിറങ്ങൂ. ബിസിനസ് തുടങ്ങാം.

തുടങ്ങുക എന്നതാണ് പ്രധാനം.

 

 

Leave a comment