നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നിഷേധാത്മക ചിന്തകള്‍ ഭ്രാന്തു പിടിപ്പിക്കുന്നുണ്ടോ? ഉണ്ടാവാം. ചിന്തകള്‍ കാടുകയറുമ്പോള്‍ അത് നമ്മെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകും. അതല്ലെങ്കില്‍ നാം വിഷാദത്തിനടിപ്പെടും. ചിന്തിക്കാന്‍ നാം പൂര്‍ണ്ണ സ്വതന്ത്രരാണ് എന്നത് ഗുണകരവും ദോഷകരവുമായ ചില പാതകളിലേക്ക് നമ്മെ നയിച്ചേക്കാം.

പ്രതികൂല സാഹചര്യങ്ങളില്‍, പ്രത്വേകിച്ചും ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന സാമൂഹ്യ, ആരോഗ്യ പ്രശ്‌നങ്ങളുടെ ഇടയില്‍ ചിന്തകള്‍ കൈവിട്ടുപോകുന്നത് സ്വാഭാവികം. നമ്മുടെ ജീവിത സ്വാതന്ത്ര്യത്തിന് വിലക്ക് വീണിരിക്കുന്നു. ഉപജീവനമാര്‍ഗ്ഗത്തിന് തടസ്സങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഇത് നമ്മെ ഭീതിതരും ഭാവിയെക്കുറിച്ച് ഉത്കണ്ടാകുലരും ആക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യം ഉയരുമ്പോള്‍ നാം ചകിതരാകുന്നു. അന്ധകാരത്തില്‍ ഒരു വനത്തില്‍ ഒറ്റപ്പെട്ട അവസ്ഥപോലെ നമുക്കനുഭവപ്പെടുന്നു. ചുറ്റുമുള്ള ഓരോ ചലനവും നമ്മെ ഭയപ്പെടുത്തുന്നു. ചിന്തകളുടെ കാടുകയറ്റത്തെ നിയന്ത്രിക്കുവാനാവാതെ കഠിനമായ മാനസിക സമ്മര്‍ദ്ദത്തിന് ധാരാളം പേര്‍ അടിപ്പെടുന്നു.

ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതില്ല

ചിന്തകളെ നിയന്ത്രിക്കുക ലളിതമായ ഒരു പ്രയത്‌നമല്ല. നാം അതിന് ശ്രമിച്ചാലും ചിന്തകള്‍ നമുക്ക് പിടി തരണമെന്നുമില്ല. ആ നിയന്ത്രണം തന്നെ ചിലപ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കാം. എങ്ങിനെ ചിന്തിക്കണം എന്നു പഠിച്ച് ചിന്തിക്കുന്നതും എളുപ്പമല്ല. കൂട്ടിലകപ്പെട്ട മൃഗത്തെപ്പോലെ ചിന്തകള്‍ വന്യമായി, അസ്വസ്ഥമായി വട്ടംകറങ്ങുകയാണ്.

ഇവിടെ ചെറിയൊരു മന്ത്രം നമുക്ക് പരീക്ഷിച്ചു നോക്കിയാലോ? ഈ മന്ത്രം നമുക്ക് തയ്യാറെടുക്കുവാനുള്ളതാണ്. വലിയൊരു പരിശ്രമത്തിലൂടെ ചിന്തകളെ മെരുക്കാന്‍ ഒരുങ്ങുന്നതിനു പകരം നമുക്കെന്തുകൊണ്ട് മറ്റൊരു മാര്‍ഗ്ഗം നോക്കിക്കൂടാ? നമുക്കാ മന്ത്രത്തെ ”ട്രിപ്പിള്‍ ആര്‍” (RRR) എന്ന് വിളിക്കാം.

ആദ്യത്തെ R യാഥാര്‍ത്ഥ്യമാണ് (REALITY)

യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക എന്നതാണ് ആദ്യം നാം ചെയ്യേണ്ടത്. ഇന്നത്തെ അവസ്ഥ ഇതാണ്. നമ്മുടെ നിയന്ത്രണത്തിലല്ല ഈ കാര്യങ്ങള്‍ എന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ മനസിലാക്കണം. നമ്മുടെ തെറ്റുകൊണ്ടല്ല ഇത്തരമൊരു അവസ്ഥ സംജാതമായിട്ടുള്ളതെന്നും ഇതിനെ മറികടക്കുവാന്‍ സമയമെടുക്കുമെന്നും പൂര്‍ണ്ണമായി മനസിനെ പറഞ്ഞു പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം. യാഥാര്‍ത്ഥ്യം അതേപോലെ അംഗീകരിക്കുവാന്‍ മടിക്കുന്ന അസാധാരണമായ ഒരു വ്യക്തിത്വം നമ്മുടെ മനസിനുണ്ട്. അത് കണ്ടെത്താനും ഇന്നത്തെ സ്ഥിതി ഇതാണ് എന്ന് മനസിനെ ബോധ്യപ്പെടുത്താനും നമുക്ക് കഴിയണം.

യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിച്ചാല്‍ മനസ് അലഞ്ഞുതിരിയും. അത് അസ്വസ്ഥമാകും. എന്ത് കൊണ്ട് എനിക്കിങ്ങനെ വരുന്നു എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കും. ഒരേ ചിന്ത നിരന്തരം കടന്നു വരുമ്പോള്‍ നിരാശയുടെ കുഴിയിലേക്ക് നാം മെല്ലെ ഇറങ്ങിപ്പോകുകയാണ്. മറിച്ച് യാഥാര്‍ത്ഥ്യം ഇതാണ് അതിനെ ഉള്‍ക്കൊണ്ടേ കഴിയൂ എന്ന സന്ദേശം മനസിനെ ശാന്തമാക്കുന്നു. തെളിഞ്ഞ ജലാശയത്തില്‍ അടിത്തട്ടിലെ കാഴ്ചകള്‍ നമുക്ക് വ്യക്തമായി കാണാം. അതുപോലെ യാഥാര്‍ത്ഥ്യ ബോധത്തിലേക്ക് വരുന്ന മനസ് കാഴ്ചകളെ കൂടുതല്‍ തെളിമയോടെ കാണുകയും വസ്തുതകളെ ശരിയായി മനസിലാക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ R വ്യതിചലനമാണ് (REDIRECTION)

അനുവാദം ചോദിക്കാതെ നമ്മില്‍ ഭീതിയുണര്‍ത്തി കയറി വരുന്ന ചിന്തകളെ വ്യതിചലിപ്പിച്ചാലോ? നാമവയെ തടുക്കാന്‍ ശ്രമിക്കുന്നില്ല. ചിന്തകളെ തടുക്കുന്നത് പ്രായോഗികമല്ല. പകരം അവയെ സ്വീകരിക്കുകയും ദിശ മാറ്റിവിടുകയും ചെയ്യുകയാണ് ബുദ്ധിപൂര്‍വ്വം ചിന്തകളെ കൈകാര്യം ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്ന വിദ്യ. അവയെ തടുക്കാന്‍ ശ്രമിച്ചാല്‍ അവ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും. നമുക്കവയുടെ സ്വഭാവം മെല്ലെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു നോക്കാം.

നിഷേധാത്മകമായ ചിന്തകള്‍ നമ്മെ വേട്ടയാടിത്തുടങ്ങുമ്പോള്‍ മെല്ലെ നമുക്കുള്ള പോസിറ്റീവ് ആയ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. മോശമായ കാലഘട്ടമാണെങ്കിലും ചുറ്റും ഇരുട്ടാണ് എന്ന് നമുക്ക് തോന്നുമെങ്കിലും വെളിച്ചം പകരുന്ന ചില കാര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ട്. അതിലേക്കു് ശ്രദ്ധ കൊണ്ടുവരാന്‍ നാം തുനിയണം. ഇതിന് ബോധപൂര്‍വ്വമായ ശ്രമം തന്നെ നടത്താം. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞതോടുകൂടി മനസും അതിനായി സജ്ജമായിക്കഴിഞ്ഞു. ഇനി ചിന്തകളെ ഒന്ന് ദിശമാറ്റി വിടേണ്ട ആവശ്യമേയുള്ളൂ.

നമ്മെ മുന്നോട്ടു നയിക്കുന്ന വഴികള്‍ തിരിച്ചറിയുകയും അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. നിഷേധാത്മക ചിന്തകള്‍ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം നശിപ്പിക്കും. അതേസമയം കനത്ത ഇരുട്ടിലും മിന്നാമിനുങ്ങുകളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മനസ് ആഹ്‌ളാദഭരിതമാകും. ആ മിന്നാമിനുങ്ങുകള്‍ക്ക് പിന്നാലെ അത് യാത്ര തുടങ്ങും. അതുമതി നമ്മുടെ ജീവിതത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുവാന്‍. ചിന്തകളെ വ്യതിചലിപ്പിക്കുക നമുക്കുള്ള അനുഗ്രഹങ്ങളിലേക്ക് മനസര്‍പ്പിക്കുക.

മൂന്നാമത്തെ R പുനരുജ്ജീവനമാണ് (REVIVAL)

ഈ പ്രക്രിയ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ആദ്യത്തെ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ നാം മനസിനെ യാഥാര്‍ത്ഥ്യവുമായി പോരുത്തപ്പെടുവാനും നമുക്കുള്ള ശക്തികളിലേക്കും അനുഗ്രഹങ്ങളിലേക്കും ശ്രദ്ധ നല്‍കുവാനും പരിശീലിപ്പിച്ചു. ഇനി വേണ്ടത് ഈ സന്ദര്‍ഭത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ എന്ത് ചെയ്യണം? എന്നതിന് ഉത്തരം കണ്ടെത്തുകയാണ്.

മുടങ്ങിക്കിടന്ന നമ്മുടെ പ്രവര്‍ത്തനങ്ങളെ പൂര്‍വ്വാധികം ശക്തിയായി പുനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കണം. പുതിയതായി എന്തെങ്കിലും പ്രവര്‍ത്തിയിലേക്ക് തിരിയണോ എന്നതും നമുക്ക് ഈ സന്ദര്‍ഭത്തില്‍ പരിഗണിക്കാം. ചിന്തകളുടെ കാടുകയറ്റത്തില്‍ നിന്നും നാം സ്വതന്ത്രരായിരിക്കുന്നു. ഇനി വേണ്ടത് ജീവിതം തിരികെപ്പിടിക്കുവാനുള്ള പ്രവര്‍ത്തികളാണ്. അതിനുള്ള ഊര്‍ജ്ജം സംഭരിക്കുക. തോല്‍വികളെ ഭയപ്പെടാതിരിക്കുക. പോരാടുക എന്നതാണ് പ്രധാനം. അതിനുള്ള ഒരു കളിത്തട്ട് നാം തയ്യാറാക്കിക്കഴിഞ്ഞു. ഇനി അതിനായി തയ്യാറെടുക്കുകയാണ് വേണ്ടത്.

പ്രശ്‌നങ്ങളെയൊക്കെ പിന്നില്‍ ഉപേക്ഷിച്ച് നമ്മുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുക. ഒട്ടും സമയം കളയാതെ അത് പ്രാവര്‍ത്തികമാക്കുക. ലക്ഷ്യപ്രാപ്തി കൈവരിക്കുകയാണ് ദൗത്യം. അതിന് നാം അലസരായിട്ടു കാര്യമില്ല. നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

പ്രവര്‍ത്തികളുടെ പുനരുജ്ജീവനം നടക്കട്ടെ. ബാക്കിയൊക്കെ അപ്രധാനമാണ്. നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. അതാണ് നമ്മെ വിജയത്തിലേക്കുള്ള പാത കാണിച്ചു തരുന്നത്. ഇരുട്ടിലും മിന്നാമിനുങ്ങുകള്‍ പ്രകാശം പരത്തട്ടെ.

Leave a comment