ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു മാന്ത്രിക ഫോര്‍മുല

കുട്ടിക്കാലത്ത് മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോകുന്നത് എന്ത് ഹരമായിരുന്നു. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം കാലുകള്‍ കൊണ്ടുയര്‍ത്തി പടക്കം പൊട്ടിച്ച്, ആകാശത്ത് നിന്നും ഊര്‍ന്നുവീഴുന്ന മഴത്തുള്ളികളുടെ കുളിര്‍മ്മ നാവില്‍ നുകര്‍ന്നുകൊണ്ടുള്ള ആ യാത്രകള്‍ നിറം മങ്ങിപ്പോകാത്ത ഓര്‍മ്മകളായി ഇന്നും നമുക്കുള്ളില്‍ ജീവിക്കുന്നുണ്ടാകാം. സന്തോഷിക്കാന്‍ ചെറിയ കാര്യങ്ങള്‍ മതി എന്ന് ഈ അനുഭവങ്ങള്‍ നമ്മെ ഇടക്കൊക്കെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജീവിതം മുഷിഞ്ഞ തുണിപോലെ മടുപ്പുളവാക്കുമ്പോള്‍ ഈ ഓര്‍മ്മകള്‍ വീണ്ടും വീണ്ടും നമ്മെ ഭ്രമിപ്പിക്കും.

ജീവിതം പുതുമയെ ആവശ്യപ്പെടുന്ന ചില ഘട്ടങ്ങളുണ്ട്. ആ നിമിഷങ്ങളെ നമുക്ക് തടുക്കുവാന്‍ കഴിയില്ല. വിരസമാകുന്ന നിമിഷങ്ങള്‍ നമ്മുടെ മനസിനെ പോറലുകളേല്‍പ്പിക്കും. വറ്റിവരണ്ട തൊണ്ടയിലേക്ക് ദാഹജലം ഊളിയിട്ടിറങ്ങുന്ന പോലുള്ള അനുഭൂതിക്കായി നാം കൊതിക്കും. ഒരേ പോലെ കുറെനാള്‍ പിന്തുടരുന്ന ചിന്തകളും പ്രവര്‍ത്തികളും നമ്മെ മടുപ്പിക്കും. ഒരു മാറ്റത്തിനായി നാം ആഗ്രഹിക്കും.

പുതുമയെ ജീവിതത്തിലേക്ക് ക്ഷണിക്കാന്‍ നമുക്ക് ഒരു ഫോര്‍മുല പ്രയോഗിച്ചാലോ?

ആ ഫോര്‍മുല നിരന്തരം നാം പിന്തുടരുന്ന ഒരു പ്രവര്‍ത്തിയായി പുതുമയെ രൂപാന്തരപ്പെടുത്തും. വിരസതയേയും മടുപ്പിനേയും അത് പുറംവാതിലിലൂടെ വലിച്ചെറിയും. പൂന്തോട്ടത്തില്‍ ഒരിക്കലും വാടാതെ നില്‍ക്കുന്ന പൂവുപോലെ പുതുമ ജീവിതത്തില്‍ സുഗന്ധം പരത്തും. ജീവിതത്തില്‍ ഒരു നവ വസന്തം വിടരും.

നാം മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ അത് സാധ്യമാകും. ഒരിക്കല്‍ മാത്രം ചെയ്യേണ്ടതല്ലവ മറിച്ച് മടുപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അത് പ്രയോഗിക്കണം. എങ്കിലേ പ്രയോജനപ്പെടൂ.

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം.

D എന്നാല്‍ നീക്കം ചെയ്യുക (Delete)

ജീവിതത്തില്‍ നാം ഉപേക്ഷിക്കേണ്ട, നീക്കം ചെയ്യേണ്ട പല ശീലങ്ങളും സ്വഭാവങ്ങളും നമുക്കുണ്ടാകാം. ജീവിതത്തില്‍ വിരസതയും മടുപ്പും അലസതയും സന്തോഷമില്ലായ്മയും ഇവ സൃഷ്ട്ടിക്കുന്നുണ്ടാകാം. മുന്നോട്ടുള്ള യാത്രയില്‍ ഇവ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നുണ്ടാകും. എന്നാല്‍ ഇതിനെക്കുറിച്ച് നാം ബോധാവാന്മാരായിക്കൊള്ളണം എന്നില്ല.

അനാവശ്യങ്ങളായ, വളര്‍ച്ചയെ തടുക്കുന്ന ഇത്തരം സ്വഭാവങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ബോധവാനാകുകയാണ് ആദ്യം വേണ്ടത്. നീക്കം ചെയ്യപ്പെടേണ്ടതെന്ത്? എന്ന് കണ്ടെത്തുവാന്‍ ഇത് അനിവാര്യമാണ്. ഇത്തരം സ്വഭാവങ്ങളും ശീലങ്ങളും ഇത്തിക്കണ്ണികള്‍ പോലെയാണ്. പടര്‍ന്നുകയറിയ ശരീരത്തേയും മനസിനേയും അവ പതിയെ നശിപ്പിക്കും. പുതുമയുടെ വരവിനെ തടുക്കുന്നതില്‍ ഇവര്‍ക്ക് കാര്യമായ പങ്കുണ്ട്. നാമറിയാതെ അതില്‍ അഭിരമിക്കുന്നു. ഒരു പൊത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വിഷസര്‍പ്പത്തെപ്പോലെ അത് നമുക്ക് പിടിതരുന്നില്ല. നമ്മെ മെല്ലെ നശിപ്പിക്കുന്ന ഇത്തരം സ്വഭാവങ്ങളും ശീലങ്ങളും തിരിച്ചറിയുക.

ഇങ്ങനെ കണ്ടെത്തുന്ന അത്തരം സ്വഭാവങ്ങളേയും ശീലങ്ങളേയും നിഷ്‌കരുണം നുള്ളിയെറിയുക. അടഞ്ഞു കിടക്കുന്ന മുറിയുടെ ജാലകങ്ങള്‍ തുറന്നിടുന്നതു പോലെ വെളിച്ചം ജീവിതത്തിലേക്ക് കടന്നുവരുന്നു. ജീവവായു വീണ്ടും ജീവിതത്തെ ഊര്‍ജ്ജസ്വലമാക്കുന്നു. അടിഞ്ഞുകിടന്ന അഴുക്കുകള്‍ നീക്കം ചെയ്ത് ശുദ്ധമാക്കിയ ജലം പോലെ ജീവിതം കൂടുതല്‍ തെളിമയുള്ളതായിത്തീരുന്നു.

പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ഞാന്‍ പുകവലിച്ചിരുന്നു. എന്തിനാണ് എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരു രസത്തിനു തുടങ്ങി പിന്നീട് അതൊരു ശീലമായി. പുകയില്ലാത്ത ദിനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കൂടി വയ്യ എന്ന അവസ്ഥ. ഒരിക്കല്‍ തോന്നി ഇത് എന്റെ ജീവിതം നശിപ്പിക്കും. ജീവിതത്തെ ഇല്ലാതാക്കുവാന്‍ പുകയെരിയുന്ന ഈ വെളുത്ത കുറ്റിക്ക് കഴിയും. അതൊരു തിരിച്ചറിവായിരുന്നു. പുതുമയുള്ള ഒരറിവ് അല്ലായിരുന്നു അത്. പക്ഷേ അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അന്ന് നിര്‍ത്തിയതാണ്. പിന്നീട് ഇന്നുവരെ തൊട്ടിട്ടില്ല. നുള്ളിയെറിഞ്ഞ ആ ഒരു ശീലം ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കി.

C എന്നാല്‍ മാറ്റം വരുത്തുക (Change)

പല പരിവര്‍ത്തനങ്ങളും ജീവിതത്തില്‍ ആവശ്യമാകാം. ഒരു പ്രവര്‍ത്തിയെ കൂടുതല്‍ പുതുമയുള്ളതായോ അല്ലെങ്കില്‍ മറ്റൊരു പ്രവര്‍ത്തിയായോ മാറ്റം വരുത്താം. നീക്കം ചെയ്യപ്പെടേണ്ടതല്ലാത്ത ഒരു സ്വഭാവമോ ശീലമോ പ്രവര്‍ത്തിയോ ആണെങ്കില്‍ക്കൂടി അവയില്‍ ചില മാറ്റങ്ങളോ പുതുമകളോ നമുക്ക് കൊണ്ടുവരാന്‍ കഴിയും. ഒരേ പ്രവര്‍ത്തി ഒരേ രീതിയില്‍ കാലങ്ങളായി തുടരുമ്പോള്‍ അത് മടുപ്പുളവാക്കും. ആ മടുപ്പിനെ മറികടക്കുവാന്‍ മാറ്റം നമ്മെ സഹായിക്കും.

മുന്‍പ് ഞായറാഴ്ചകള്‍ ഉറങ്ങിത്തീര്‍ക്കുകയായിരുന്നു പതിവ്. അവധി ദിവസമായതു കൊണ്ട് ഉണരുമ്പോള്‍ വൈകും. ഭക്ഷണമൊക്കെ കഴിച്ച് പിന്നെ നേരെ ടെലിവിഷന്റെ മുന്നിലേക്ക്. ഒട്ടുമേ ബോധവാനല്ലാതെ ഇതൊരു ശീലമായി മാറി. ഇത് മാറ്റിയേ തീരൂ. കാരണം അതും വിരസമായിത്തുടങ്ങി. ഇഷ്ട്ടപ്പെടുന്ന ചില കാര്യങ്ങള്‍ പോലും ചില സമയങ്ങളില്‍ വിരസമാകാം. അങ്ങനെ തോന്നിത്തുടങ്ങിയ ഒരു ദിനം പോയി തീയറ്റര്‍ വര്‍ക്ക്ഷോപ്പില്‍ ചേര്‍ന്നു. ഉറങ്ങിത്തീര്‍ത്തുകൊണ്ടിരുന്ന പ്രവര്‍ത്തിയിലെ മാറ്റം ദിവസത്തിന് ഒരു പുതുജീവന്‍ നല്കി. ഇപ്പോഴത്തെ ഞായറാഴ്ചകള്‍ക്ക് ഒരര്‍ത്ഥമുണ്ട്.

A എന്നാല്‍ കൂട്ടിച്ചേര്‍ക്കുക (Add)

ചെറുപ്പം മുതല്‍ നമുക്ക് ആഗ്രഹമുണ്ടായിരുന്ന എന്നാല്‍ പിന്തുടരാന്‍ സാധ്യമാകാതിരുന്ന ചില ഇഷ്ട്ടങ്ങളുണ്ടാകാം. അതിന് കഴിയുന്ന അവസരങ്ങളില്‍ എന്തുകൊണ്ട് ജീവിതത്തിലേക്കവ കൂട്ടിച്ചേര്‍ത്തുകൂടാ. ചില പ്രവര്‍ത്തികള്‍ നാം ഉപേക്ഷിക്കുമ്പോള്‍, മാറ്റം വരുത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി സമയം ലഭ്യമാകും. പുത്തന്‍ പ്രവര്‍ത്തി നമ്മെ അടിമുടി മാറ്റും. പുതിയൊരു ഉന്മേഷം അത് നല്കും. നാം കൂടുതല്‍ ഊര്‍ജ്ജസ്വലരും സന്തോഷവാന്മാരാകുകയും ചെയ്യും.

പുതിയ ആ പ്രവര്‍ത്തി വായനയാകാം, എഴുത്താകാം, സംഗീതമാകാം, നൃത്തമാകാം, ക്രിക്കറ്റാകാം, പൂന്തോട്ടത്തിന്റെ പരിപാലനമാകാം നമുക്കിഷ്ട്ടമുള്ളതെന്തുമാകാം. വിരസമാകുന്ന മണിക്കൂറുകളെ അത് പുതുമയുടെ കുളിരുള്ളതാക്കും. ആ പ്രവര്‍ത്തി തികച്ചും പുതുമയാര്‍ന്ന ഒരു നിപുണത (Skill) കൂടിയാണ് നമ്മിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. എത്രമാത്രം ആനന്ദകരമായ ഒന്നാണത്.

മകള്‍ ഗിറ്റാര്‍ പഠിക്കാന്‍ ചേരുകയാണ്. അവള്‍ ഒരു വെല്ലുവിളിപോലെ എന്നോട് ചോദിച്ചു അച്ഛന് ഡ്രംസ് പഠിക്കാന്‍ ചേര്‍ന്നുകൂടെ? വെല്ലുവിളി ഏറ്റെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി പഠിക്കുന്നു. സംഗീതം എന്നും അന്യമായിരുന്ന, എന്നാല്‍ ആഗ്രഹമുണ്ടായിരുന്ന ഒരു കളിസ്ഥലമാണ്. വെറുതെ ഒരു രസത്തിന് തുടങ്ങിയതാണ്. പക്ഷേ അത് ജീവിതത്തിന് നല്‍കിയ പുതുമ വളരെ വലുതാണ്. അതില്‍ വിദഗ്ദ്ധനാകുക എന്നതല്ല ലക്ഷ്യം. മറിച്ച് ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുക എന്നതാണ്. നമുക്കായി അല്‍പ്പസമയം മാറ്റിവെക്കുന്നത് എത്രമാത്രം സന്തോഷകരമാണ്.

ഈ മൂന്നുകാര്യങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. നീക്കം ചെയ്യലും മാറ്റം വരുത്തലും കൂട്ടിച്ചേര്‍ക്കലും ഒരു ശീലമാക്കുക. ജീവിതത്തെ അത് നവീകരിക്കും. വിരസമല്ലാത്ത ഒരു ലോകത്തേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടുപോകും. എപ്പോള്‍ ജീവിതം വിരസമാകുന്നു എന്ന തോന്നല്‍ വരുന്നുവോ അപ്പോള്‍ ഈ ഫോര്‍മുല പ്രയോഗിക്കൂ.

നാം നമ്മുടെ ജീവിതത്തെ നവീകരിക്കുകയാണ് (Innovating Life). അത് നിരന്തരം തുടര്‍ന്നു കൊണ്ടേയിരിക്കുക.

 

 

Leave a comment