കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

വ്യാപാര സ്ഥാപനങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. കോവിഡ് അതിശക്തമായി സമൂഹത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. ഇത് കുറച്ചു നാള്‍ കൂടി നീണ്ടുപോകും എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നമ്മള്‍ ഇനിയും കാത്തിരിക്കണം.

കോവിഡിനൊപ്പം ജീവിക്കുക എന്നത് നമുക്ക് പരിചിതമായിത്തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ നാം അതിന് നിര്‍ബന്ധിതരായിരിക്കുന്നു. ഇനിയൊരു ഘട്ടം വരെ ഇങ്ങനെയൊക്കെ തന്നെയേ പോകുവാനൊക്കൂ എന്നുകൂടി തിരിച്ചറിയേണ്ട സമയമാണിത്. കോവിഡിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ തള്ളിക്കൊണ്ട് സമൂഹത്തിന് നിലനില്‍ക്കുവാനാകില്ല എന്ന തിരിച്ചറിവ് ഈ സന്ദര്‍ഭത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ചകളിലേക്ക് നമ്മെ നയിക്കുന്നു. ഒഴിവാക്കുവാനാകാത്ത പ്രശ്നങ്ങളെക്കുറിച്ചോര്‍ത്ത് നിരന്തരം പരിതപിക്കുന്നതിനു പകരം എങ്ങനെ അവയെ ബുദ്ധിപരമായി നേരിടാം എന്ന് ചിന്തിക്കുകയല്ലേ നല്ലത്.

ഇതിവിടം കൊണ്ടവസാനിക്കുന്നില്ല

ഈ സന്നിഗ്ദ്ധാവസ്ഥ കടന്നു പോകുവാന്‍ സമയമെടുക്കും. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടേ തീരൂ. എനിക്ക് ബിസിനസ് നടത്തണം. അതെങ്ങനെയെങ്കിലും നടത്തിയേ തീരൂ. എനിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ച് ബിസിനസ് നടത്തുവാന്‍ സാധിക്കില്ല. അങ്ങനെ ബിസിനസ് നടത്തിയാല്‍ അത് ബിസിനസിനെ വല്ലാതെ ബാധിക്കും. ശരിയാണ്. ഇത്തരം ചങ്ങലക്കെട്ടുകളില്‍ പൂട്ടിക്കെട്ടി ബിസിനസ് നടത്തിയാല്‍ അത് ബുദ്ധിമുട്ട് തന്നെയാണ്.

പക്ഷേ നമുക്ക് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. സമൂഹം മൊത്തം ഈ ചങ്ങലക്കെട്ടിലാണ്. നാം സ്വയം തീര്‍ക്കേണ്ട ഒരു പ്രതിരോധമായി അതിന് രൂപപരിണാമം സംഭവിച്ചു കഴിഞ്ഞു. സ്വയം രക്ഷിക്കുകയും സമൂഹത്തെ രക്ഷിക്കുകയും ചെയ്യുക എന്ന വലിയൊരു കടമ നമ്മുടെ തോളുകളില്‍ വീണു കഴിഞ്ഞു. ആരേയും കുറ്റപ്പെടുത്താനാവില്ല. ഈ ഘട്ടത്തിന്‍റെ അനിവാര്യതയായി അത് മാറിക്കഴിഞ്ഞു. യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണ മനസോടെ അംഗീകരിക്കേണ്ടി വരുന്നു.

കോവിഡും ബിസിനസ് അവസരമായി ഉപയോഗിക്കുക

നമുക്ക് ബുദ്ധിപരമായി ഇപ്പോള്‍ ചെയ്യാവുന്നത്ര ഈ കോവിഡ് നിയന്ത്രണങ്ങളെ ബിസിനസിനായി പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. നിയന്ത്രണങ്ങള്‍ ബിസിനസിനെ പ്രതികൂലമായി ബാധിക്കും എന്ന ചിന്ത ഉപേക്ഷിച്ച് അതിനെ ബിസിനസിന് ഗുണപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് നമുക്കൊന്ന് ആലോചിച്ചാലോ? ചിന്തയില്‍ മാറ്റം വരുമ്പോള്‍ അത് പുതിയ അവസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്നു.

ജനങ്ങള്‍ ഭയത്തിലാണ്

സമൂഹം വലിയൊരു ആശങ്കയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ആശങ്കയെ കണ്ടില്ല എന്നു നടിക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കാവില്ല. ജനങ്ങളുടെ ഭയത്തെ ദുരീകരിക്കുകയെന്നത് തികച്ചും ലളിതമായ ഒരു പ്രവര്‍ത്തിയല്ല. സമൂഹത്തിന്‍റെ നിലവിലുള്ള മാനസികാവസ്ഥയെ തങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ബിസിനസുകള്‍ക്ക് മുന്നിലുള്ള ഏക വഴി.

ബിസിനസുകാരന് മാറ്റം അത്യാവശ്യം

നമ്മുടെ ബിസിനസ് ഉപഭോക്താക്കളെ കോവിഡില്‍ നിന്നും സംരക്ഷിക്കുവാനുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുക. ഇതിനായി ഒരു സംസ്കാരം സ്ഥാപനത്തില്‍ സൃഷ്ട്ടിക്കേണ്ടതുണ്ട്. മറ്റുള്ളവരെ കാണിക്കുവാനോ അധികൃതരെ തൃപ്തിപ്പെടുത്താനോ അല്ല ഈ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടത്. തങ്ങളുടെ ജീവന് വിലകല്‍പ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് എന്ന ശക്തമായ തോന്നല്‍ ഉപഭോക്താക്കളില്‍ ഉടലെടുപ്പിക്കുവാന്‍ ഈ പുതിയ സംസ്കാരത്തിന് സാധിക്കണം. ഈ മാറ്റം പ്രതിഫലിക്കുന്ന രീതിയില്‍ വലിയൊരു മാറ്റം സ്ഥാപനത്തില്‍ കൊണ്ടുവേരേണ്ടത് സംരംഭകന്‍റെ ഉത്തരവാദിത്വമാണ്.

ജീവനക്കാരെ പരിശീലിപ്പിക്കുക

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കെണ്ടതെങ്ങിനെയെന്നും ഉപഭോക്താക്കളോട് ഇടപെടെണ്ടതെങ്ങിനെയെന്നും ജീവനക്കാരെ പരിശീലിപ്പിക്കണം. ഇത് നേരത്തെ അവര്‍ ശീലിച്ചതില്‍ നിന്നും വ്യത്യസ്തമാണ്. ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റ രീതിയില്‍ വിശ്വാസം കൊണ്ടുവരേണ്ടതുണ്ട്. മാറിയ സാഹചര്യത്തില്‍ ഉപഭോക്താക്കളോട് തന്മയത്വത്തോടെ ഇടപെടുന്നതെങ്ങിനെ എന്നവര്‍ക്ക് മനസിലാവേണ്ടതുണ്ട്.

എത്രമാത്രം കരുതലോടെയാണ് ജീവനക്കാര്‍ തങ്ങളോട് പെരുമാറുന്നത് എന്നത് ഉപഭോക്താക്കള്‍ തിരിച്ചറിയണം. മാസ്കും ഗ്ലൌസും ധരിച്ചത് കൊണ്ടു മാത്രം ഇത് സംവേദിക്കുവാന്‍ കഴിയണം എന്നില്ല. ഉപഭോക്താക്കള്‍ക്ക് ജീവനക്കാരുടെ കരുതല്‍ അനുഭവിച്ചറിയുവാന്‍ കഴിയണം. ജീവനക്കാരുടേയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രാധാന്യം എന്ന സന്ദേശം നല്‍കുവാന്‍ സംരംഭകര്‍ക്ക് സാധിക്കണം.

അകത്തളങ്ങളില്‍ മാറ്റങ്ങള്‍ വരട്ടെ

മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുവാനുള്ള മാറ്റങ്ങള്‍ സ്ഥാപനത്തിന്‍റെ ഉള്ളില്‍ നടപ്പിലാക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ ഷോപ്പിംഗ്‌ നടത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കണം. ഇത് കൃത്യമായി നടപ്പിലാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തണം. പഴയപോലെ തന്നെയേ ഞങ്ങള്‍ക്ക് വില്‍ക്കുവാന്‍ കഴിയൂ എന്ന മനോഭാവത്തിനിവിടെ പ്രസക്തിയില്ല. സുരക്ഷിതമായ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തും. അത്തരമൊരു വിശ്വാസ്യതയാണ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ കെട്ടിപ്പടുക്കേണ്ടത്. നിര്‍ഭയമായി ഷോപ്പിംഗ്‌ നടത്തുവാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കണം. പണ്ട് തിക്കും തിരക്കും കൂട്ടി ഷോപ്പിംഗ്‌ ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ല എന്ന് ഉപഭോക്താക്കള്‍ക്കറിയാം. അതുകൊണ്ടു തന്നെ അവരും മാനസികമായി അത് അംഗീകരിച്ചു കഴിഞ്ഞു.

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തിക്കും തിരക്കും ഒന്നോ രണ്ടോ ദിവസം കണ്ടേക്കാം. പിന്നീട് ഈ ചിന്താഗതി തിരിച്ചടിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരും. സുരക്ഷിതമല്ലാത്ത ഇടങ്ങള്‍ ജനങ്ങള്‍ തന്നെ സ്വയം ബഹിഷ്ക്കരിച്ചു തുടങ്ങും. വായ്മൊഴിയായി ഇത് സമൂഹത്തില്‍ പടരും. അതൊരു വികലതന്ത്രമായി മാറുകയും ചെയ്യും.

അതേസമയം സുരക്ഷിതമായ, ധൈര്യപൂര്‍വ്വം ഷോപ്പിംഗ്‌ നടത്തുവാന്‍ കഴിയുന്ന ഒരിടം നമുക്ക് നല്‍കാന്‍ കഴിഞ്ഞാലോ. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉപഭോക്താക്കളുടെ ജീവന് തങ്ങളുടെ ജീവന്‍ പോലെതന്നെ വില നല്‍കുന്ന ഒരു പ്രസ്ഥാനം എന്ന ഖ്യാതി സമൂഹത്തില്‍ പടര്‍ന്നാലോ. അത് വലിയൊരു അംഗീകാരമാകും. വായ്മൊഴിയായി അത് പടരുകയും ചെയ്യും.

ഉപഭോക്താക്കള്‍ കാത്തിരിക്കും

ഷോപ്പിംഗിനായി കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അവര്‍ക്ക് കാത്തിരിക്കുവാനും വിശ്രമിക്കുവാനും സൗകര്യങ്ങള്‍ നല്കാം. അവിടെ അവര്‍ക്കായി ഒരു ലൈബ്രറി ഒരുക്കുക. അവര്‍ക്കായി ദാഹജലം കരുതി വെക്കാം. സാമൂഹിക അകലം പാലിച്ച് കാത്തിരിക്കുവാന്‍ അവര്‍ തയ്യാറാകും. അവരെ നാം ശ്രദ്ധിക്കണം. അവരോട് കരുതലോടെയും സ്നേഹത്തോടെയും പെരുമാറാന്‍ ജീവനക്കാര്‍ക്ക് സാധിക്കണം. താങ്കള്‍ സ്ഥാപനത്തിന്‍റെ ഉടമസ്ഥനാണോ എങ്കില്‍ ഇടയ്ക്ക് കാത്തിരിക്കുന്ന ഉപഭോക്താക്കളെ സന്ദര്‍ശിക്കണം അവരോട് കുശലങ്ങള്‍ പറയണം.

മാസ്ക് ധരിക്കാത്തവര്‍ക്ക് മാസ്ക് നല്‍കുവാന്‍ നാം തയ്യാറാവണം. സാനിറ്റൈസര്‍ ഉപയോഗിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. കോവിഡിനെതിരായി സ്ഥാപനം സ്വീകരിച്ചിരിക്കുന്ന പ്രതിരോധങ്ങള്‍ അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. തങ്ങള്‍ ഉപഭോക്താക്കളുടെ കാര്യത്തില്‍ എത്രമാത്രം കരുതല്‍ കാണിക്കുന്നു എന്നവര്‍ക്ക് മനസിലാവണം. ഇവിടം സുരക്ഷിതമാണ് എന്ന തോന്നല്‍ ഉപഭോക്താക്കളില്‍ ജനിപ്പിക്കുവാന്‍ ഇത് സഹായകരമാകും.

വേഗതയില്‍ ഷോപ്പിംഗ്‌

ഷോപ്പിങ്ങിനായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് എത്രയും വേഗതയില്‍ അത് തീര്‍ത്ത്‌ മടങ്ങാന്‍ സാധിക്കുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ സ്ഥാപനത്തിനാകണം. എങ്കില്‍ മാത്രമേ കൂടുതല്‍ ഉപഭോക്താക്കളെക്കൊണ്ട് ഷോപ്പിംഗ്‌ നടത്തിക്കുവാന്‍ സ്ഥാപനത്തിന് സാധിക്കുകയുള്ളൂ. ഉപഭോക്താക്കള്‍ കുറവാണ് അതുകൊണ്ട് ജീവനക്കാര്‍ കുറച്ചു മതി എന്ന കണക്കുകൂട്ടല്‍ ഇവിടെ തെറ്റാം. ഉപഭോക്താക്കളുടെ കാത്തുനില്‍ക്കല്‍ സമയം കുറയ്ക്കുവാന്‍ സാധിച്ചാല്‍ അത് സ്ഥാപനത്തിന് ഗുണകരമാകും. ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനങ്ങളുള്‍പ്പെടെ ഇവിടെ പരീക്ഷിക്കാം.

ബിസിനസ് മാറിയേ തീരൂ

നാം സാധാരണ ബിസിനസ് ചെയ്യുന്ന കാഴ്ചപ്പാടില്‍ നിന്നും മാറിചിന്തിച്ചാലേ ഇവിടെ നമുക്ക് മുന്നോട്ടു പോകുവാന്‍ കഴിയൂ. പറ്റില്ല, എനിക്ക് പഴയപോലെ തന്നെയേ ചെയ്യാന്‍ കഴിയൂ എന്ന വാശി തിരിച്ചടിക്കും. സമൂഹത്തിന്‍റെ ആവശ്യകത മനസിലാക്കി അതിനനുസൃതമായി കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന ബിസിനസുകള്‍ക്കേ നിലനില്പ്പുള്ളൂ. യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുകയും ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

ഈ ഘട്ടത്തെ തരണം ചെയ്യാന്‍ ബിസിനസുകള്‍ ഒരുങ്ങട്ടെ. നിങ്ങള്‍ എന്‍റെ സ്ഥാപനത്തിലേക്ക് വരൂ. ഇവിടം സുരക്ഷിതമാണ്. നിങ്ങളാണ് ഞങ്ങളുടെ സമ്പത്ത്. നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പറയാന്‍ ബിസിനസുകാരന് കഴിയണം. ഞാന്‍ ലാഭം മാത്രം കൊതിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ഒരു ബിസിനസുകാരനല്ല മറിച്ച് എന്‍റെ ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് എന്‍റെ ലക്‌ഷ്യം എന്ന തുറന്നുകാട്ടല്‍ ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിന് മടിച്ചു നില്‍ക്കരുത്.

 

 

Leave a comment