ബിസിനസ് തിരിച്ചു വരും, പൂര്‍വ്വാധികം ശക്തിയോടെ

പ്രവചനങ്ങളുടെ ചില കുത്തൊഴുക്കുകള്‍ നമ്മെ ചിന്താക്കുഴപ്പത്തില്‍ അകപ്പെടുത്തുകയാണ്. ചില ബിസിനസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിമാറുകയും ചിലവ ഇല്ലതെയാകുകയും ചരിത്രം രേഖപ്പെടുത്തും വിധം വലിയൊരു ബിസിനസ് പരിവര്‍ത്തന വിപ്ലവം സംഭവിക്കുമെന്നൊക്കെ അഭിപ്രായങ്ങള്‍ വരുന്നു. ഇതൊക്കെ കേട്ട് സാധാരണ കച്ചവടക്കാരും വ്യവസായികളുമൊക്കെ പേടിച്ചിരിക്കുകയാണ്. ഒട്ടുംതന്നെ പരിചിതമല്ലാത്ത, ഇന്നുവരെ ഈ തലമുറ അനുഭവിക്കാത്ത ദുരിതത്തിലൂടെയാണ് നാമെല്ലാവരും കടന്നു പോകുന്നത്. നിഷേധാത്മകമായ പ്രവചനങ്ങളുടെ ചെറിയൊരു അനക്കം പോലും ഭയാനതകളുടേയും ദുസ്വപ്നങ്ങളുടെയും കൊടുംകാട്ടില്‍ ഭീകരമായ ഇടിമുഴക്കമായി അനുഭവപ്പെടുന്നു.

ഒന്ന് തിരിഞ്ഞു നോക്കുക

ലോകത്തെ അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത രോഗമായിരുന്നു സ്പാനിഷ് ഫ്‌ലൂ. ഇത് ഔദ്യോഗിക കണക്കാണ്. അനൌദ്യോഗികമായി ഇത് പത്ത് കോടി കവിയും എന്നാണ് പറയപ്പെടുന്നത്. ഏകദേശം അഞ്ച് മില്യണ്‍ ജനങ്ങളെ ബാധിച്ച മഹാമാരി. 1918 ലാണ് സ്പാനിഷ് ഫ്‌ലൂ പൊട്ടിപ്പുറപ്പെടുന്നത്. 1918 – 19 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ പടര്‍ന്നു. ഒന്നാലോചിച്ചു നോക്കുക അഞ്ചു കോടി ജനങ്ങളുടെ മരണം. ലോകമൊരു ശവപ്പറമ്പായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ച ഈ ദുരന്തം മനുഷ്യകുലത്തിനെ ഇല്ലാതെയാക്കിയോ? ലോകരാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നുപോയോ? സമൂഹത്തിന്റെ മൂല്യങ്ങളും സംസ്‌കാരങ്ങളും നശിച്ചു പോയോ? വ്യവസായങ്ങള്‍ അപ്രത്യക്ഷമായോ? ഒന്നും ചെയ്യുവാനില്ലാത്തവണ്ണം രാജ്യങ്ങള്‍ മുരടിക്കപ്പെട്ടുവോ? സാമ്പത്തികവും മാനസികവുമായി തകര്‍ന്ന ജനത ഇനിയൊരിക്കലും തിരിച്ചു വരാത്തവിധം കുഴിച്ചുമൂടപ്പെട്ടോ?

ഒന്നും സംഭവിച്ചില്ല

ഇതൊന്നും സംഭവിച്ചില്ല. നമ്മള്‍ ലോകജനത പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു. ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്നത് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓരോ ദുരന്തങ്ങളും നമ്മെ കരുത്തരാക്കുന്നു. മനുഷ്യന്‍ കീഴടക്കുകയും വരുതിയിലാക്കുകയും ചെയ്ത വെല്ലുവിളികളെ മനുഷ്യന്റെ പരിണാമ വഴികള്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നുണ്ട്. ഓരോന്നും അതാത് സമയത്ത് നമ്മെ പരിഭ്രമിപ്പിച്ചിട്ടുണ്ട്, ഭയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ നാം നേരിടാതിരുന്നിട്ടില്ല, അതിനോടൊന്നും തോറ്റുപോയിട്ടില്ല.

തിരിച്ചടിക്ക് ശേഷമുള്ള കാലം

ഭൂതകാലത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ നാം ഏറ്റവും കൂടുതല്‍ ആധുനിക (നവീന) പരിവര്‍ത്തനത്തിന് വിധേയമായ കാലം സ്പാനിഷ് ഫ്‌ലൂവിന് ശേഷമുള്ള ഘട്ടമായിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെ അതിജീവിച്ചതിന് ശേഷവും നാം തളര്‍ന്നിരുന്നില്ല. ഇരുപതാം നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ പുതുജീവന്‍ കൈക്കൊണ്ടു. സാങ്കേതികവിദ്യയുടെ വളര്‍ച്ച കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മെ നയിച്ചു. പുതിയ കണ്ടുപിടിത്തങ്ങള്‍ മനുഷ്യ ജീവിതത്തെ കൂടുതല്‍ സുഖകരവും ലളിതവും എളുപ്പമുള്ളതുമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം ഇല്ലാതെയായി. ലോകം ഒരൊറ്റ വിപണിയായി മാറി. വ്യവസായങ്ങള്‍ തഴച്ചുവളര്‍ന്നു.

സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം

ഒന്നും ഇല്ലാതെയായില്ല. ബിസിനസുകള്‍ കൂടുതല്‍ നവീകരിക്കപ്പെട്ടു. പുതിയ ആശയങ്ങളും നവീനതയും ആധുനിക മാനേജ്മെന്റും പുതുതലമുറയും ബിസിനസുകളുടെ അലകും പിടിയും മാറ്റിമറിച്ചു. സാങ്കേതികത നമ്മുടെ കളിത്തോഴനായി. അത് ആരും കരുതുകപോലും ചെയ്യാത്ത വഴികളിലേക്കും ഉയരങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോയി. ഒരു രൂപത്തില്‍ നിന്നും ബിസിനസ് മറ്റൊരു രൂപത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകാം. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും കടന്നു വന്നിട്ടുണ്ടാകാം. ഒരിക്കലും ഒരു പ്രത്വേക വ്യവസായ സമൂഹം ഇല്ലാതെയാവുകയില്ല. താത്കാലിക തിരിച്ചടികള്‍ വേഗത കുറയ്ക്കാം. എന്നാല്‍ വ്യവസ്ഥിതി വീണ്ടും പൂര്‍വ്വാവസ്ഥയിലേക്ക് എത്തുകയും വേഗം കൂടുകയും ചെയ്യും.

എല്ലാം തിരിച്ചു വരും

ഒന്നും ഇല്ലാതെയായി പോകുന്നില്ല. നാം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തും. എല്ലാം പഴയപോലെ പുനസ്ഥാപിക്കപ്പെടും. പുതിയ അവസരങ്ങള്‍ തുറക്കപ്പെടും. അഞ്ചു കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്‌ലൂവിനെക്കുറിച്ചുള്ള ചരിത്രം നാം വായിക്കുന്നതു പോലെ ഒരിക്കല്‍ നാം കോവിഡിനെക്കുറിച്ച് വായിക്കും. അന്ന് ഈ ഭീതി നമുക്കുണ്ടാകില്ല. രോഗ സമയത്ത് നിഷേധാത്മക ചിന്തകള്‍ ഉടലെടുക്കുന്നത് സ്വാഭാവികം. അതൊരു മാനസിക വിക്ഷോഭമായി മാറുകയോ നമ്മെ ഭ്രാന്തു പിടിപ്പിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. ഇത് താത്കാലിക പ്രതിസന്ധിയാണ് അതിനെ മറികടന്നേ തീരൂ.

ഒരുദാഹരണം നോക്കാം

നമ്മുടെ കുട്ടികളുടെ പഠനം ഇപ്പോള്‍ ഓണ്‍ലൈനില്‍ ആണ്. സാഹചര്യം ഇപ്പോള്‍ അതിന് മാത്രമേ നമ്മെ അനുവദിക്കുന്നുള്ളൂ. കുട്ടികള്‍ക്കും സൗകര്യപ്രദമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇനി കൂടുതല്‍ ശക്തമാകുമെന്നും ഭാവി അതിനാണ് എന്നുമൊക്കെ പ്രവചനങ്ങള്‍ നാം കേള്‍ക്കുന്നു.

കുട്ടികള്‍ വീട്ടിലിരുന്ന് പഠിക്കുന്നുണ്ട്. നല്ലത് തന്നെ, എന്നാല്‍ അവര്‍ അസ്വസ്ഥരാണ്. സമൂഹത്തില്‍ അവര്‍ക്ക് കിട്ടേണ്ട അനുഭവങ്ങള്‍ നഷ്ട്ടമാകുന്നു. അവരുടെ സ്വഭാവം തേച്ചുമിനുക്കിയെടുക്കേണ്ടത് സമൂഹത്തിലെ വ്യവഹാരങ്ങളിലൂടെയാണ്. അദ്ധ്യാപകരും കുട്ടിയുമായുള്ള ബന്ധം, കുട്ടികള്‍ തമ്മിലുള്ള ബന്ധവും ഇടപെടലുകളും, വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അവര്‍ക്ക് ലഭ്യമാകുന്ന അറിവും നിപുണതകളും, സാമൂഹിക ഇടപാടുകളിലൂടെ കൈക്കൊള്ളേണ്ട മാനസിക വളര്‍ച്ച, സ്വഭാവ രൂപീകരണം ഇതൊക്കെ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും നല്‍കുവാന്‍ സാധിക്കുകയില്ല. മനുഷ്യബന്ധങ്ങള്‍ക്ക് സൃഷ്ട്ടിക്കുവാന്‍ മാത്രം കഴിയുന്ന ചില നൈസര്‍ഗ്ഗിക സ്വഭാവ പരിണാമങ്ങളുണ്ട്. അതൊഴിവാക്കിക്കൊണ്ട് ഇനി സ്‌കൂളുകള്‍ വേണ്ട കുട്ടികള്‍ ഓണ്‍ലൈന്‍ വഴി മാത്രം പഠിക്കട്ടേ എന്ന് നമുക്ക് ചിന്തിക്കുവാന്‍ സാധിക്കുമോ?

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഈ രംഗത്ത് രണ്ട് രൂപങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം. മൂര്‍ത്തവും അമൂര്‍ത്തവുമായ രൂപങ്ങള്‍. ഇവ രണ്ടും ഇനിയുള്ള കാലത്ത് ഒഴിവാക്കുവാനാകില്ല. രണ്ടിന്റെയും ഏറ്റവും അനുരൂപമായ ഒരു മിശ്രിത രൂപം നാം സ്വീകരിക്കേണ്ടി വരും. അതൊരു നവീനമായ മാറ്റമാണ്. അതിനു പകരം ഇപ്പോഴത്തെ വിദ്യാഭ്യാസരീതി പൂര്‍ണ്ണമായി ഓണ്‍ലൈന്‍ ആവുകയാണെങ്കിലോ? അത് സമൂഹത്തില്‍ വരുത്തുന്ന വിനാശം എന്തുമാത്രമായിരിക്കും എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഒരു റോബോട്ടിക് ടീച്ചര്‍ മനുഷ്യ അദ്ധ്യാപകന് പകരമാകുന്നില്ല എന്നാല്‍ അദ്ധ്യാപകന്റെ പ്രവൃത്തിയില്‍ സഹായിക്കുവാന്‍ അതിനാവും.

ഓരോന്നിനും രണ്ട് വശങ്ങളുണ്ട്

ഓരോ പ്രവൃത്തിക്കും രണ്ട് വശങ്ങളുണ്ട്. അത് രണ്ടും തൂക്കി നോക്കി വിലയിരുത്തി ഏറ്റവും ഗുണകരമായ, അനുയോജ്യമായ ഒരു തീരുമാനത്തിലേക്ക് നമുക്ക് എത്തേണ്ടി വരും. അത് ഒന്നിനെ ഇല്ലാതെയാക്കി മറ്റൊന്നിനെ സ്വീകരിക്കുകയല്ല മറിച്ച് രണ്ടിന്റെയും നല്ല വശങ്ങള്‍ നോക്കി മികച്ച ഒരു മിശ്രിത രൂപം ഉണ്ടാക്കിയെടുക്കണം. ഇവിടെ ചില മാറ്റങ്ങള്‍ നിലവിലുള്ള രീതികള്‍ക്ക് സംഭവിക്കാം. ഈ മാറുന്ന രീതികളെ യഥാസമയം അവലംബിക്കാന്‍ നമുക്ക് സാധിച്ചാല്‍ തീര്‍ച്ചയായും ഭയപ്പെടാന്‍ ഒന്നുമില്ല.

വ്യവസായങ്ങളും സമൂഹവും പഴയനിലയിലേക്ക് തിരികെയെത്തും

ഒരു കേടുപാടും കൂടാതെ വ്യവസായങ്ങളും സമൂഹവും തിരിച്ചു വരും. ആര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നില്ല. ഇത് പ്രത്യാശാനിര്‍ഭരമായ ഒരു തോന്നല്‍ മാത്രമല്ല. ചരിത്രം തെളിയിക്കുന്നത് അതാണ്. കൊടിയ യുദ്ധങ്ങള്‍ക്കും, പ്രകൃതിക്ഷോഭങ്ങള്‍ക്കും മഹാരോഗങ്ങള്‍ക്കും മുന്നില്‍ നാം നെഞ്ചും വിരിച്ചു നിന്ന് പോരാടിയിട്ടുണ്ട്. താത്കാലിക നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും ഈ ലോകവും ജനതയും മുന്നോട്ടു തന്നെയാണ് പോകുന്നത്.

ക്ഷമയോടെ കാത്തിരിക്കുക. എടുത്തുചാടാതെയിരിക്കുക. കൂടുതല്‍ ടെന്‍ഷന്‍ അടിക്കാതിരിക്കുക. പ്രതീക്ഷകള്‍ അണയാതെ സൂക്ഷിക്കുക. കണ്ണുകള്‍ തുറന്നിരിക്കട്ടെ. മാറ്റങ്ങളെ സ്വീകരിക്കുക. പരിണാമം ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിന് വിധേയമാകേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതും ഒരു പരിണാമ ദശയാണ്. അതിനെ പുണരുക. വ്യവസായങ്ങളും ഈ നമ്മളടങ്ങുന്ന സമൂഹവും അതിശക്തമായി തിരിച്ചുവരും. നാമെല്ലാവരും ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

 

 

Leave a comment