ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന 4 മേഖലകള്‍

സാമൂഹ്യ സാമ്പത്തിക രംഗത്തെ ഈ അപഭ്രംശ സമയത്ത് ബിസിനസുകളുടെ ഭാവി എന്ത് എന്നത് സംരംഭകരേയും സംരംഭക ചിന്തകരേയും ചിന്താക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമാണ്. കേരളം പോലെ വ്യവസായ മുരടിപ്പ് വളരെ സ്പഷ്ട്ടമായി പ്രകടമാകുന്ന ഒരു സംസ്ഥാനത്ത് ഇനി വരും നാളുകളില്‍ ഇതെങ്ങിനെ പ്രതിഫലിക്കും എന്നത് ഉത്കണ്ടയുളവാക്കുന്നത് തന്നെയാണ്.

കേരളം അതിന്‍റെ സഹജമായ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഈ കാലഘട്ടത്തിനെതിരേ പൊരുതി മുന്നേറുമെന്നും വലിയൊരു വളര്‍ച്ച ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കുമെന്നും പോസിറ്റീവായി ചിന്തിക്കുവാനാണ് ഞാനിഷ്ട്ടപ്പെടുന്നത്. ലോകത്ത് തകര്‍ന്നടിഞ്ഞു പോയ പല വ്യവസായങ്ങളും ഈ കാലത്ത് നാം കണ്ടു. പക്ഷേ അത് എന്നെന്നേക്കുമായുള്ള ഒരു തകര്‍ച്ചയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നവ സാധാരണ തലത്തില്‍ നിന്നും സാധാരണ തലത്തിലേക്ക് സാവകാശമെങ്കിലും തിരികെയെത്തും. ആ യാത്രയില്‍ ഇപ്പോള്‍ മുതല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതായ നാല് പ്രധാന വ്യവസായങ്ങളിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്.

വിനോദസഞ്ചാര വ്യവസായം

ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട ഒന്നായി തന്നെ നമുക്ക് വിനോദസഞ്ചാര വ്യവസായത്തെ കാണാം. ഇനി പെട്ടെന്ന് കരകയറുക വളരെ ബുദ്ധിമുട്ടാണ് എന്ന് പലരും വിലയിരുത്തുന്നുമുണ്ട്. കാലഘട്ടത്തിന്‍റെ പെട്ടെന്നുണ്ടായ അപഭ്രംശത്തില്‍ സംഭവിച്ച താത്കാലികമായൊരു തിരിച്ചടി മാത്രമാണിത്. ടൂറിസം കൂടുതല്‍ ശക്തിയോടെ തിരികെയെത്തും.

കേരളത്തിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം കൊയ്യുവാനും തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുവാനും ടൂറിസം മേഖലയെ കൃത്യമായ രൂപരേഖയോടെ കെട്ടിപ്പടുത്താല്‍ സാധിക്കും. സാധാരണ തലത്തിലേക്ക് സമൂഹം തിരികെയെത്തിത്തുടങ്ങുന്ന സമയം അഭ്യന്തര ടൂറിസത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കാം. കൂടുതല്‍ സുരക്ഷിതമായ, മികച്ച ആരോഗ്യ പരിരക്ഷകള്‍ ലഭ്യമായ സ്ഥലങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിക്കും. അത്തരം സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുവാനായിരിക്കും ടൂറിസ്റ്റുകള്‍ താല്പ്പര്യപ്പെടുക. കേരളത്തിന്‍റെ അനുപമ സുന്ദരമായ പ്രകൃതിയും പാരമ്പര്യ കലകളും പാരമ്പര്യ വ്യവസായങ്ങളും ബുദ്ധിപൂര്‍വ്വം മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ടൂറിസം രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ നമുക്ക് സാധിക്കും.

ഈ രംഗത്ത് നിലനില്‍ക്കുന്നവര്‍ ഇപ്പോള്‍തന്നെ അതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണ് വേണ്ടത്. സാമ്പത്തിക തൃതീയ മേഖലയിലെ കേരളത്തിലെ എണ്ണപ്പെട്ട വ്യവസായങ്ങളിലൊന്നാണ്‌ ടൂറിസം. കൂടുതല്‍ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ട്. മാര്‍ക്കറ്റിംഗാണ് മറ്റു രംഗങ്ങളില്‍ എന്നതുപോലെതന്നെ ടൂറിസത്തിന്‍റെയും ബലഹീനത. ഇതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ ടൂറിസത്തെ ഒരു സ്വര്‍ണ്ണഖനിയാക്കുവാന്‍ കേരളത്തിന് സാധിക്കും. ധാരാളം അനുബന്ധ വ്യവസായങ്ങള്‍ക്ക് അത് ജീവശ്വാസമാകും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ ഇനിയും കാര്യക്ഷമമായി വിനിയോഗിക്കുവാന്‍ ഈ മേഖലക്ക് കഴിഞ്ഞിട്ടില്ല.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

കേരള യുവതയുടെ പ്രത്വേകതയാല്‍ ഇനി വരാന്‍ പോകുന്ന വിപ്ലവം ഐ ടി വ്യവസായത്തിലായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള പ്രദേശങ്ങളിലൊന്ന് കേരളമാണ്. ഐ ടി വ്യവസായത്തിന് വളര്‍ന്നു പന്തലിക്കുവാന്‍ സാധ്യമായ ഒരു ഡിജിറ്റല്‍ ഭാവിയിലേക്കാണ് ലോകം ചുവടുവെക്കുന്നത്. ഐ ടി വിദ്യാഭ്യാസം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഓഗ്മെന്‍റഡ് റിയാലിറ്റി, കമ്പ്യൂട്ടര്‍ വിഷന്‍ മേഖലകളില്‍ അസാധാരണമായ വികാസം പ്രതീക്ഷിക്കാം.

ഇതില്‍ പല മേഖലകളിലും നമ്മുടെ കുട്ടികള്‍ ഇതിനകം തന്നെ പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞ കാഴ്ച നാം കാണാതിരിക്കരുത്. വരുന്ന തലമുറയുടെ കര്‍മ്മശേഷി വിനിയോഗിക്കുവാന്‍ കഴിയുന്ന വ്യവസായങ്ങള്‍ ഉടലെടുക്കണം. അതിനുള്ള ആവാസവ്യവസ്ഥ കൂട്ടായ പരിശ്രമത്തിലൂടെ വേണം ഉയര്‍ന്നു വരാന്‍. സംരംഭകര്‍ക്ക് നിക്ഷേപിക്കുവാന്‍ പറ്റിയ മേഖലയായി ഐ ടി വ്യവസായം മാറിയിരിക്കുന്നു. ഇത് തിരിച്ചറിയുകയും ഈ മേഖലയിലേക്ക് കൂടുതല്‍ സംരംഭകര്‍ കടന്നു വരികയും വേണം. വന്‍ വ്യവസായങ്ങള്‍ ഒരു മരീചികയായ കേരളത്തിന് ആഗോള രംഗത്ത് വന്‍കുതിപ്പേകുവാന്‍ എന്തുകൊണ്ടും യോഗ്യമായ വ്യവസായമായി ഐ ടി ഇനി വരുന്ന സമയം മാറും.

മുംബൈയിലും ചെന്നൈയിലും ബാംഗ്ലൂരുമൊക്കെ രജിസ്റ്റര്‍ ചെയ്ത പല സ്റ്റാര്‍ട്ട്അപ്പ്‌ കമ്പനികളും കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടു എന്നത് കോവിഡ് കാലത്ത് സംഭവിച്ച പ്രതിഭാസം. കൂടുതല്‍ കമ്പനികള്‍ കേരളത്തിലെത്തും. വര്‍ക്ക്‌ ഫ്രം ഹോം സംസ്ക്കാരമായി മാറിയതോടെ കമ്പനികളുടെ കാഴ്ച്ചപ്പാടുകളിലും മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഒരു കാമ്പസില്‍ ഒതുങ്ങി നില്‍ക്കുന്ന സംസ്കാരത്തില്‍ നിന്നും സംഭവിച്ച വ്യതിചലനം ഐ ടി രംഗത്ത് കാതലായ വ്യതിയാനങ്ങള്‍ സൃഷ്ട്ടിക്കും എന്നുറപ്പ്.

എന്റര്‍ടെയിന്‍മെന്‍റ്

കൊച്ചി സിനിമാ വ്യവസായത്തിന്‍റെ ഹബ്ബായി മാറും. പ്രീ, പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി പുതിയ സംവിധാനങ്ങള്‍ പ്രാദേശികമായി തന്നെ ഒരുങ്ങും. ഇവിടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടും. സാങ്കേതികമായി മികച്ച സ്റ്റുഡിയോകളും എഡിറ്റ്‌ സ്യൂട്ടുകളും സ്ഥാപിക്കപ്പെടും. കൂടുതല്‍ മുതല്‍ മുടക്കാവശ്യമുള്ള എന്റര്‍ടെയിന്‍മെന്‍റ്

സംരംഭങ്ങള്‍ ഉയര്‍ന്നുവരും.

തീയേറ്ററുകളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നില്ല. സാങ്കേതികതയുടെ വളര്‍ച്ചക്കൊപ്പം തീയേറ്ററുകളും പരിഷ്ക്കരിക്കപ്പെടും. ഒ ടി ടി ഒരിക്കലും തീയേറ്ററുകള്‍ക്ക് പകരമാകുന്നില്ല. കാഴ്ചക്കാരന് അനുഭവങ്ങള്‍ പകരാന്‍ തീയേറ്ററുകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. 7 D പോലുള്ള ടെക്നോളജികള്‍ തീയേറ്ററുകളുടെ രസതന്ത്രം മാറ്റിയെഴുതും. കൂടുതല്‍ നിക്ഷേപങ്ങള്‍ തീയേറ്ററുകളില്‍ ആവശ്യമായി വരും. മിനി തീയേറ്ററുകള്‍ക്കുള്ള സാധ്യതകളും വര്‍ദ്ധിക്കും. കോവിഡ് സമയത്ത് ചൈനയില്‍ വീണ്ടും തുറന്ന തീയേറ്ററുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്റര്‍ടെയിന്‍മെന്‍റ് വ്യവസായം അതിശക്തിയായി തിരിച്ചെത്തിക്കഴിഞ്ഞു എന്നതാണ്. സിനിമ മാത്രമല്ല എന്റര്‍ടെയിന്‍മെന്‍റ് വ്യവസായത്തിലെ മറ്റ് മേഖലകളിലും ഈ ഉണര്‍വ്വ് വരും കാലത്ത് പ്രകടമാകും.

വെല്‍നെസ്സ് ടൂറിസം

ആഗോള തലത്തില്‍ കേരളത്തിന്‍റെ ആരോഗ്യരംഗം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിപ്പക്കെതിരെയും കോവിഡിനെതിരെയും നാം നടത്തിയ പോരാട്ടങ്ങള്‍ അന്താര്രാഷ്ട്ര സമൂഹത്തിന്‍റെ പ്രശംസക്ക് പാത്രമായിക്കഴിഞ്ഞു. ഇതൊരു അസുലഭമായ ബിസിനസ് അവസരമാണ്. കേരളത്തെ ശാരീരിക ആരോഗ്യത്തിന്റെയും ക്ഷമതയുടെയും ഒരു കേന്ദ്രമാക്കി മാറ്റുവാന്‍ ഈ സല്‍പ്പേര് നമ്മെ സഹായിക്കും. ഇതിനെ വിലപ്പെട്ട ഒരു ബിസിനസ് അവസരമായി തന്നെ സംരംഭകര്‍ കാണേണ്ടതുണ്ട്.

ഈ മേഖലയിലെ പാരമ്പര്യ ചെറുകിട വ്യവസായങ്ങളെ വരെ കൂട്ടിയിണക്കിയുള്ള ബൃഹത്തായ ഒരു പ്ലാന്‍ ഇതിനായി രൂപീകരിച്ചാല്‍ ബോധപൂര്‍വ്വമായ ശ്രമത്തോടെ ഇത് പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും. കേരളത്തെ കാത്തിരിക്കുന്ന വലിയൊരു ബിസിനസ് അവസരമാണ് വെല്‍നെസ്സ് ടൂറിസം. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തിമണ്ഡലത്തോട് ചേര്‍ത്തുവെക്കുവാന്‍ കഴിയുന്ന ഒന്നാണിത്. പുതിയ സംരംഭകര്‍ക്കും വെല്‍നെസ്സ് ടൂറിസം വിപുലമായ സാധ്യതകള്‍ തുറന്നിടുന്നു.

അവസരങ്ങള്‍ കണ്ടെത്തുകയും അതിനെ ഉപയോഗിക്കുകയും ചെയ്യുക സംരംഭകന്‍റെ കടമയാണ്. ശരിയായ വീക്ഷണകോണിലൂടെ കാഴ്ചകളെ കാണുവാന്‍ സാധിച്ചാല്‍ ഇപ്പോഴുള്ളത് താത്കാലികമായ ഒരു പ്രതിഭാസമാണെന്നും അതിന് പരിവര്‍ത്തനം സംഭവിക്കുമെന്നും സംരംഭകര്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ അപഭ്രംശം സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറന്നിട്ടിട്ടുണ്ട് അവ കണ്ടെത്താന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ക്ക്‌ കഴിയണമെന്ന് മാത്രം.

 

 

 

Leave a comment