സംരംഭകത്വത്തിലേക്കുള്ള പതിനാറ് പടവുകള്‍

“ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യണം” നീതുവിന്‍റെ ആവശ്യമാണ്‌. ആള്‍ ഒരു ബിസിനസ് തുടങ്ങാന്‍ പോകുന്നു. അതിനുള്ള മുന്നൊരുക്കങ്ങളിലാണ്.

“എന്ത് ബിസിനസാണ്?” ഞാന്‍ ചോദിച്ചു.

“ഇല്ല, ധാരണയായിട്ടില്ല. നല്ലൊരു ആശയം കണ്ടെത്തണം. അതിന്‍റെ ആദ്യ പടിയായിട്ടാണ് കമ്പനി രൂപീകരണം. കമ്പനിയുടെ പേരൊക്കെ കണ്ടെത്തിക്കഴിഞ്ഞു അത് രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണം.” നീതുവിന്‍റെ അഭ്യര്‍ത്ഥന.

നീതുവിനെപ്പോലെ എത്രയോപേരെ നമ്മുടെ പാതയില്‍കണ്ടുമുട്ടിയിരിക്കുന്നു. ബിസിനസ് തുടങ്ങാന്‍ അദമ്യമായ അഭിനിവേശവും ആവേശവുമായി നടക്കുന്നവര്‍. പക്ഷെ എവിടെ തുടങ്ങണം എന്നറിയാതെ ഉഴലുന്നവര്‍. അല്ലെങ്കില്‍ തുടങ്ങേണ്ടടുത്തു നിന്നും ചെയ്തു തുടങ്ങാത്തവര്‍. ഇത് മനപ്പൂര്‍വ്വം സംഭവിക്കുന്ന തെറ്റല്ല. എവിടെ നിന്ന് ആരംഭിക്കണമെന്നും എവിടെ കൊണ്ടെത്തിക്കണമെന്നും വ്യക്തമായ ധാരണ ബിസിനസ് തുടങ്ങാന്‍ പോകുന്ന ഒരാള്‍ക്ക്‌ ആവശ്യമുണ്ട് എന്നത് മനസിലാക്കുവാന്‍ ശ്രമിക്കുന്നില്ല.

എന്ത് ബിസിനസ് ചെയ്യണമെന്ന് നിശ്ചയിക്കുന്നതിന് മുന്‍പേ അത് കമ്പനിയായി തുടങ്ങണമെന്ന് നിശ്ചയിക്കുകയാണ്. എന്തിനാണ് കമ്പനിയായി തുടങ്ങുന്നതെന്നോ ഏതാണ് തനിക്ക് യോജിച്ച ബിസിനസ് ഉടമസ്ഥാവകാശരൂപം എന്നോ യാതൊരു ധാരണയും ഉണ്ടാകാതെയിരിക്കുക. അങ്ങിനെ തുടങ്ങുമ്പോള്‍ ഭാവിയില്‍ ഉണ്ടാകുവാനിടയുള്ള മറ്റ് പ്രശ്നങ്ങളെക്കുറിച്ചോ സങ്കീര്‍ണ്ണതകളെക്കുറിച്ചോ അറിവില്ലാതെയിരിക്കുക. ഇതൊക്കെ സാധാരണ സംഭവിക്കുന്ന ചില പിശകുകളാണ്. ബിസിനസ് ആരംഭിക്കുമ്പോള്‍ ഏതൊക്കെ പ്രക്രിയകളിലൂടെ ഘട്ടം ഘട്ടമായി കടന്നുപോയാല്‍ തുടക്കം എങ്ങിനെ ഭംഗിയാക്കാമെന്നും വിജയ മാതൃകയാകുവാന്‍ കഴിയുന്ന ഒരു ബിസിനസിന് എങ്ങിനെ നല്ലൊരു അടിത്തറ കെട്ടിപ്പടുക്കാമെന്നും അറിഞ്ഞിരിക്കുന്നത് ഗുണകരമാകും. നാം ചര്‍ച്ച ചെയ്യുന്ന പതിനാറ് പടവുകള്‍ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്ന ഓരോരുത്തര്‍ക്കും പ്രയോജനകരമാകും.

പടവ് 1

ഇഷ്ട്ടപ്പെടുന്ന / യോജിച്ച ആശയങ്ങള്‍ കണ്ടെത്തുക

നമ്മുടെ കഴിവിനും അഭിനിവേശത്തിനും അഭിരുചിക്കും യോജിച്ച ബിസിനസ് ആശയങ്ങള്‍ കണ്ടെത്തുകയാണ് ഒന്നാമത്തെ പടവിന്‍റെ ലക്‌ഷ്യം. ഇവിടെ നമ്മള്‍ ഒരാശയം മാത്രമല്ല മറിച്ച് ഒന്നില്‍ കൂടുതല്‍ ആശയങ്ങളാണ് കണ്ടെത്തുന്നത്. നമ്മുടെ അറിവിന്‍റെയും അനുഭവത്തിന്‍റെയും പഠനത്തിന്‍റെയും വെളിച്ചത്തിലാണ് ആശയങ്ങളെ കണ്ടെത്തേണ്ടത്‌. തനിക്ക് ചെയ്യുവാന്‍ കഴിയുമെന്നും തന്‍റെ പോക്കറ്റിന് യോജിച്ചതെന്നും ബോദ്ധ്യമാകുന്ന ആശയങ്ങളെ ഇവിടെ കണ്ടെത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുക.

പടവ് 2

ആശയങ്ങളെയെല്ലാം പ്രാഥമിക പഠനത്തിന് വിധേയമാക്കുക

തിരഞ്ഞെടുത്ത ആശയങ്ങളെ പ്രാഥമികമായ ഒരു ഗവേഷണത്തിന് വിധേയമാക്കുകയാണ് ഇവിടെ നാം ചെയ്യുന്നത്. ഓരോ ആശയത്തേയും കുറിച്ച് വിശദമായ പഠനം ആവശ്യമുണ്ട്. എല്ലാ ആശയങ്ങളേയും നമുക്ക് സ്വീകരിക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്യുക പ്രായോഗികമല്ല. അതുകൊണ്ട് ആദ്യ പടവില്‍ തിരഞ്ഞെടുത്തതില്‍ നിന്നും മികച്ച ആശയങ്ങളെ അരിച്ചെടുക്കുകയാണ് ഈ പഠനത്തിന്‍റെ ലക്‌ഷ്യം.

നാം തിരഞ്ഞെടുത്ത ആശയങ്ങളുടെ വിജയ മാതൃകകള്‍ നിലവിലുണ്ടെങ്കില്‍ അവ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കണം. ഓരോ ആശയത്തെക്കുറിച്ചും അതാത് മേഖലകളിലുള്ള വിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ തേടണം. ഓരോ ബിസിനസിനും ആവശ്യമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ എന്തൊക്കെയാണ്, യന്ത്രങ്ങള്‍ ഏതൊക്കെയാണ് ആവശ്യം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഉത്പന്നങ്ങളുടെ വിപണി ഏതാണ്, അതിന്‍റെ സാധ്യതകളും വിപണിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങളും എന്തൊക്കെയാണ്, വിപണിയിലെ എതിരാളികള്‍ ആരൊക്കെയാണ്, ഉത്പാദന പ്രക്രിയ എന്താണ്, ആവശ്യമായി വരുന്ന മൂലധനം എത്രയാണ്  എന്നൊക്കെ വ്യക്തമായി മനസിലാക്കണം.

ഈ പടവിലൂടെയുള്ള ആഴത്തിലുള്ള, അര്‍ത്ഥവത്തായ യാത്രയാണ് പിന്നീട് നമ്മുടെ ബിസിനസ് വിജയത്തിന്‍റെ മൂലക്കല്ലായി മാറുന്നത്.

പടവ് 3

ആശയങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക

രണ്ടാമത്തെ പടവിലൂടെയുള്ള യാത്ര നമുക്ക് വലിയൊരു ഉള്‍ക്കാഴ്ച പ്രദാനം ചെയ്തിരിക്കുന്നു. ഓരോ ആശയത്തെക്കുറിച്ചും ഏകദേശ ധാരണ വന്നുകഴിഞ്ഞു. ചില ആശയങ്ങള്‍ ഇപ്പോള്‍ അത്ര ആകര്‍ഷകമല്ലാതെയായി മാറിയിരിക്കാം. ചിലത് കൂടുതല്‍ ആകര്‍ഷകമായി തോന്നാം. നമ്മുടെ പഠനത്തിന്‍റെ പിന്‍ബലത്തില്‍ ആശയങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. ചില ആശയങ്ങള്‍ ഇപ്പോള്‍ ഒഴിവായിരിക്കുന്നു. ഒന്നാമത്തെ പടവില്‍ നാം കണ്ടെത്തിയ ആശയങ്ങളുടെ എണ്ണം ചുരുങ്ങിക്കഴിഞ്ഞു. ഇനി ഈ പട്ടികയുമായാണ് നാം അടുത്ത പടവിലേക്ക് നീങ്ങുന്നത്‌.

പടവ് 4

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആശയങ്ങളുടെ വിലയിരുത്തല്‍

നാം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആശയങ്ങളെ ആഴത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ഓരോ ആശയത്തിന്‍റെയും മൂന്ന് വിവിധ അതീവ പ്രാധാന്യമുള്ള ഘടകങ്ങളെ നാം പഠിക്കുകയും വിശകലനം ചെയ്യേണ്ടതുമുണ്ട്‌. അവ എന്തൊക്കെയെന്ന് നോക്കാം.

  1. Desirability
  2. Feasibility
  3. Viability

ഓരോ ആശയത്തിന്‍റെയും മുകളില്‍ പറഞ്ഞ മൂന്ന് ഘടകങ്ങളേയും മാറ്റി നിര്‍ത്തി വിലയിരുത്തേണ്ടതുണ്ട്. ഓരോന്നും ഓരോ ബിസിനസിലും വ്യത്യസ്തമായിരിക്കും. ഉത്പാദിപ്പിക്കുവാന്‍ പോകുന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതാണോ? (Desirability). ബിസിനസ് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്ന സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാണോ? (Feasibility). സാമ്പത്തികമായി ബിസിനസ് വിജയിക്കുമോ? (Viability). എന്ന ഏറ്റവും കാതലായ ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം ലഭിക്കുന്നു. ഈ പടവില്‍ വിദഗ്ധരുടെ സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്.

പടവ് 5

ഏറ്റവും മികച്ച ആശയത്തെ തിരഞ്ഞെടുക്കുന്നു

നാലാമത്തെ പടവ് നമുക്കുള്ളിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നമ്മുടെ പട്ടികയിലെ ഓരോ ആശയവും കൈവെള്ള പോലെ നമുക്ക് സുപരിചിതമായിരിക്കുന്നു. നമ്മള്‍ തുടങ്ങിയിടത്തു നിന്നും കുറെയേറെ മുന്നിലേക്ക്‌ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. അടിത്തട്ട് കാണാവുന്ന തെളിഞ്ഞ ജലാശയം പോലെ തെളിമയുള്ളതായി നമ്മുടെ അറിവ് മാറിയിരിക്കുന്നു. ഏത് ബിസിനസ് വേണം എന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

ഏറ്റവും മികച്ച, വിജയ സാധ്യതയുള്ള ഒരു ആശയത്തെ മാത്രം നാലാമത്തെ പടവ് നല്‍കിയ അകകണ്ണുമായി നാം തിരഞ്ഞെടുക്കുകയാണ്. ഇതാണ് നമ്മുടെ ബിസിനസ്. ഇതുമായി മുന്നോട്ട് പോവുകയാണ്. ആശയങ്ങളില്‍ വ്യക്തത വന്നു കഴിഞ്ഞു. ഒന്നാമത്തെ പടവില്‍ നാം കണ്ടെത്തിയ പല ആശയങ്ങളില്‍ നിന്ന് നമ്മളിപ്പോള്‍ ഏറ്റവും മികച്ച ഒരേയൊരു ആശയത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നു.

പടവ് 6

ബിസിനസ് പ്ലാന്‍ തയ്യാറാക്കാം

കഴിഞ്ഞ പടവില്‍ തിരഞ്ഞെടുത്ത ആശയത്തിന്‍റെ വിശദമായ ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുവാന്‍ പോകുകയാണ്. ഒരാശയം തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. ഇനി അതുമായി ഉടനെ ചാടിയിറങ്ങുകയല്ല വേണ്ടത്. കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായ ഒരു ചട്ടക്കൂടിലേക്ക്‌ ഒതുക്കേണ്ടതുണ്ട്. നമ്മള്‍ പഠിച്ച, വിശകലനം ചെയ്ത, വിലയിരുത്തിയ വസ്തുതകള്‍ ഒരു ബിസിനസ് പ്ലാനാക്കി പരിവര്‍ത്തനം ചെയ്യുകയാണ് ഇവിടെ. ഇനി പറയുന്ന കാര്യങ്ങള്‍ ബിസിനസ് പ്ലാനില്‍ ഉള്‍പ്പെടുത്താം.

  1. ബിസിനസ് അഭിസംബോധന ചെയ്യുന്ന ഉപഭോക്താവിന്‍റെ പ്രശ്നം (The Problem).
  2. ബിസിനസ് ആശയം മുന്നോട്ടു വെക്കുന്ന പരിഹാരം (The Solution).
  3. ലക്‌ഷ്യം വെക്കുന്ന ഉപഭോക്താക്കള്‍ (Targeted Audience).
  4. വിപണിയുടെ വലുപ്പവും അവസരങ്ങളും (Market Size & Opportunities).
  5. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ (Marketing Strategies).
  6. എതിരാളികള്‍ (Competitors).
  7. ബിസിനസ് മാതൃക (Business Model).
  8. വരുമാന മാതൃക (Revenue Model).
  9. സാമ്പത്തിക ബജറ്റ് (Budget).

ആറാമത്തെ പടവ് കഴിയുന്നതോടെ നാം തിരഞ്ഞെടുത്ത ആശയത്തിന്‍റെ ബിസിനസ് രൂപം ഏകദേശം പൂര്‍ണ്ണതയില്‍ എത്തിക്കഴിഞ്ഞു. ബിസിനസിന് വ്യക്തമായ ഒരു ആകൃതി രൂപപ്പെട്ടിരിക്കുന്നു. ബിസിനസിന്‍റെ പാതയില്‍ കടന്നു വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ കുറെയൊക്കെ തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നു. സ്ഥിര മൂലധനവും പ്രവര്‍ത്തന മൂലധനവും അവയുടെ സ്രോതസുമൊക്കെ കണക്കു കൂട്ടിയിരിക്കുന്നു. ഇത് മുന്നോട്ടുള്ള പ്രയാണത്തില്‍ ദീപസ്തംഭമായി വര്‍ത്തിക്കും.

പടവ് 7

പദ്ധതിക്ക് ലഭിക്കുന്ന ധന സഹായങ്ങള്‍, സബ്സിഡി മുതലായവ

ബിസിനസിന്‍റെ പ്രകൃതത്തിനനുസരിച്ച് ലഭ്യമാകുന്ന വായ്പ്പകള്‍, സബ്സിഡി, പലിശയും തിരിച്ചടവും, അവ ലഭ്യമാകുന്നതിനായുള്ള ആവശ്യകതകള്‍, അതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ എന്നിവയാണ് ഈ പടവില്‍ നാം മനസിലാക്കേണ്ടത്. നിലവിലുള്ള ധനസഹായ പദ്ധതികളില്‍ നിന്നും യുക്തമായ, പ്രയോജനകരമായ ഒന്നിനെ കണ്ടെത്തുകയാണ് ലക്‌ഷ്യം. ഇതിനായി ധനകാര്യ സ്ഥാപനങ്ങളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും സമീപിക്കാം. ബിസിനസിന് അനുരൂപമായ ധനസഹായ പദ്ധതികള്‍ തിരഞ്ഞെടുക്കുവാന്‍ അവര്‍ സഹായിക്കും.

പടവ് 8

വിദഗ്ദ്ധരുടേയും സ്ഥാപനങ്ങളുടേയും പട്ടിക

ബിസിനസ് യാത്രയില്‍ നമുക്ക് പിന്തുണ നല്കാന്‍ കഴിയുന്ന വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുടേയും സ്ഥാപനങ്ങളുടേയും ഒരു പട്ടിക തയ്യാറാക്കുകയാണ് ഈ പടവില്‍ നാം ചെയ്യുന്നത്. നാം നേരത്തെ കടന്നുപോന്ന പടവുകളിലൂടെ ഇതിനുള്ള അറിവുകള്‍ നമ്മള്‍ ശേഖരിച്ചിട്ടുണ്ടാകും. ഇത്തരം വിവരങ്ങള്‍ സമാഹരിച്ച് ഏത് സമയത്തും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു കോണ്ടാക്റ്റ് ലിസ്റ്റ് ആക്കി മാറ്റണം. യന്ത്രങ്ങള്‍, അസംസ്കൃത വസ്തുക്കള്‍, സാങ്കേതിക സഹായം നല്‍കുന്നവര്‍, ധനകാര്യ സ്ഥാപനങ്ങള്‍, അവിടെ ബന്ധപ്പെടേണ്ട വ്യക്തികള്‍, വ്യവസായ വിദഗ്ധര്‍, ധനകാര്യ വിദഗ്ധര്‍ തുടങ്ങി ബിസിനസില്‍ ആവശ്യം വരുന്നവരുന്ന എല്ലാവരുടേയും വിവരങ്ങള്‍ ശേഖരിച്ച് ഒരു പട്ടികയാക്കി സൂക്ഷിക്കാം.

പടവ് 9

മൂലധന ഘടന (Capital Structure) തയ്യാറാക്കുക

ആവശ്യമായി വരുന്ന സ്ഥിര, പ്രവര്‍ത്തന മൂലധനത്തിനെക്കുറിച്ച് നമുക്കിപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. പദ്ധതിക്ക് ലഭ്യമാകുന്ന ധനസഹായ പദ്ധതികളും നാം മനസിലാക്കി. ഇനി നമ്മുടെ ബിസിനസിന്‍റെ മൂലധന ഘടന തയ്യാറാക്കുക എന്നതാണ് ഈ പടവില്‍ ചെയ്യേണ്ടത്. സംരംഭകന്‍ എത്ര മൂലധനം നിക്ഷേപിക്കണം, എത്ര വായ്പ്പ എടുക്കണം എന്നൊക്കെ ഈ ഘട്ടത്തില്‍ തീരുമാനിക്കാം. ബിസിനസിന് അനുയുക്തമായ ഒരു മൂലധന ഘടന തിരഞ്ഞെടുക്കുവാന്‍ ധനകാര്യ വിദഗ്ദ്ധരുടെ സഹായം ആവശ്യമെങ്കില്‍ തേടാവുന്നതാണ്. ബിസിനസ് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ നാം രൂപീകരിച്ച ഘടന പുതിയ അറിവുകളുടെ വെളിച്ചത്തില്‍ പുനക്രമീകരിക്കാവുന്നതാണ്.

പടവ് 10

അനുമതികളും രജിസ്ട്രേഷനുകളും

ബിസിനസിന് ആവശ്യമായ അനുമതികളും രജിസ്ട്രേഷനുകളും മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കണം. ഭാവിയെക്കൂടി മുന്നില്‍ കണ്ട് ആവശ്യമായ എല്ലാ നിയമാനുസൃത ഔപചാരിതകളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ബിസിനസ് ദീര്‍ഘകാലം നിലനില്‍ക്കേണ്ടതാണ്. നിയമപ്രശ്നങ്ങള്‍ ഉടലെടുത്താല്‍ അത് ബിസിനസിനെ ദോഷകരമായി ബാധിക്കും എന്ന ദീര്‍ഘ ദര്‍ശിത്വം ഉണ്ടാവണം. പിന്നീടാകാം എന്ന നിലപാട് സംരംഭകന്‍ ഒരിക്കലും സ്വീകരിക്കുവാന്‍ പാടുള്ളതല്ല. അതുകൊണ്ട് തന്നെ നിസാരമെന്നു തോന്നുന്ന അനുമതികള്‍ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തണം.

പടവ് 11

ബിസിനസിന്‍റെ ഉടമസ്ഥാവകാശ രൂപം (Form of Business Ownership)

ഈ പടവില്‍ മാത്രമേ നമ്മള്‍ ബിസിനസിന്‍റെ ഉടമസ്ഥാവകാശ രൂപത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ. ധനസഹായ പദ്ധതികളും സബ്സിഡികളും പ്രത്യക്ഷ പരോക്ഷ നികുതികളുമെല്ലാം ഈ തീരുമാനത്തെ സ്വാധീനിക്കും. എടുത്തുചാടി ആദ്യമേ തന്നെ രജിസ്റ്റര്‍ ചെയ്യുന്നത് പല ഗുണപരമായ ആനുകൂല്യങ്ങളും ലഭ്യമാകുന്നതിന് വിലങ്ങുതടിയാകും. മുന്‍പടവുകളിലൂടെ കടന്നു പോരുമ്പോള്‍ ഏതുതരം ഉടമസ്ഥാവകാശ രൂപമാണ് അനുയോജ്യമെന്ന് തിരിച്ചറിയാന്‍ സംരംഭകന് സാധിക്കുന്നു. പ്രൊപ്രൈറ്റര്‍ഷിപ്പ് വേണോ, പാര്‍ട്ട്ണര്‍ഷിപ്പ് വേണോ, എല്‍ എല്‍ പി വേണോ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വേണോ എന്നത് ചിന്തിച്ച് ആധികാരികമായി വിദഗ്ധോപദേശത്തോടുകൂടി കൈക്കൊള്ളേണ്ട തീരുമാനമാണ്.

പടവ് 12

പേര് (വ്യാപാര നാമം) തിരഞ്ഞെടുക്കല്‍

ഒരു പേരിന്‍റെ ആവശ്യം ഇവിടെയാണ്‌ വരുന്നത്. കമ്പനിക്കും ഉത്പന്നത്തിനും ഒരേ പേര് വേണമോ അതോ വ്യത്യസ്തമാകണോ എന്നൊക്കെ ചര്‍ച്ച ചെയ്ത് അനുയോജ്യമായ പേരുകള്‍ തിരഞ്ഞെടുക്കാം. ലോകം ഇന്ന് ഒരൊറ്റ വിപണിയാണ് എന്ന കാഴ്ചപ്പാട് പേര് തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാവണം. ലോകം മുഴുവന്‍ അറിയപ്പെടേണ്ട ഒരു ബ്രാന്‍ഡ് ആയി മാറാന്‍ കഴിയും എന്ന ആത്മവിശ്വാസത്തില്‍ തന്നെ പേരിടല്‍ കര്‍മ്മം നിര്‍വ്വഹിക്കണം. ബിസിനസിന്‍റെ പാതയില്‍ പിന്നീട് ഒരു നാമ മാറ്റം അത്ര എളുപ്പമാവില്ല എന്നത് ഈ ഘട്ടത്തില്‍ ഓര്‍മ്മയുണ്ടാവണം.

പടവ് 13

പേരും  ബൗദ്ധിക സ്വത്തുക്കളും സുരക്ഷിതമാക്കുക

വ്യാപാര നാമവും വ്യാപാര ചിഹ്നവും (Logo) സുരക്ഷിതമാക്കുകയാണ് അടുത്ത പ്രവൃത്തി. പേരും ലോഗോയും മറ്റു ബൗദ്ധിക സ്വത്തുക്കളും (Patent, Design, Copyright etc) സുരക്ഷിതമായി രജിസ്റ്റര്‍ ചെയ്യണം. നമ്മള്‍ വളരുന്ന ഘട്ടത്തില്‍ മറ്റുള്ളവര്‍ നമ്മുടെ പേരും ലോഗോയും കവര്‍ന്നെടുത്താല്‍ അത് ബിസിനസിനെ ദോഷകരമായി ബാധിക്കും. അനുകരണങ്ങളെ തടുക്കുവാനും നിയമ പരിരക്ഷ ഉറപ്പാക്കുവാനും ഈ രജിസ്ട്രേഷന്‍ വഴി നമുക്ക് കഴിയും. ഈ പടവില്‍ അതാണ്‌ നാം പൂര്‍ത്തീകരിക്കേണ്ടത്‌. സ്വന്തം കണ്ടുപിടുത്തമാണ് സംരംഭമാക്കി മാറ്റുവാന്‍ പോകുന്നതെങ്കില്‍ ആ കണ്ടുപിടുത്തത്തിനും ഡിസൈനുമൊക്കെ ആദ്യമേ തന്നെ എത്രയും പെട്ടെന്ന് പേറ്റന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് മാത്രമേ തങ്ങളുടെ ആശയത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുവാന്‍ പാടുള്ളൂ (ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പടവിന്‍റെ മുന്‍ഗണനാക്രമത്തില്‍ വ്യത്യാസം വരാം).  

പടവ് 14

സ്ഥാനം (Location) നിശ്ചയിക്കുക

ഈ പടവില്‍ നമ്മള്‍ ബിസിനസിന്‍റെ സ്ഥാനം (എവിടെയാണ് സ്ഥാപിക്കേണ്ട സ്ഥലം) നിശ്ചയിക്കുകയാണ്. ബിസിനസിന്‍റെ പ്രകൃതവും സ്വഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയുമൊക്കെ കണക്കിലെടുത്താവണം ബിസിനസിന്‍റെ സ്ഥാനം തീരുമാനിക്കേണ്ടത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ ധാരാളം ആവശ്യകതകള്‍ പരിഗണിച്ചേ തീരൂ. അനുയോജ്യമായ സ്ഥാനം ബിസിനസിന്‍റെ വിജയത്തിനും വളര്‍ച്ചയ്ക്കും വളരെ നിര്‍ണ്ണായകമാണ്. ബാധകമായ വിവിധ ഘടകങ്ങളെ വിശകലനം ചെയ്ത് ഏറ്റവും യോഗ്യമായ സ്ഥാനം ഈ പടവില്‍ കണ്ടെത്താം.

പടവ് 15

നിയമപരമായ എല്ലാ അനുമതികളും നേടുക

പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിരിക്കണം. നാം ഇതെല്ലാം നേരത്തെ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കേണ്ട സമയമായി. ഓരോ അനുമതിയും  രജിസ്ട്രേഷനും കൃത്യമായ സമയത്ത് നേടണം. ഇതില്‍ യാതൊരു വിധ ഉപേക്ഷയും സംരംഭകന്‍ വിചാരിക്കരുത്. ഇതില്‍ സംഭവിക്കുന്ന പാളിച്ചകള്‍ ചിലപ്പോള്‍ ബിസിനസിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് അതീവ സൂഷ്മതയോടെ തന്നെ ഇത് കൈകാര്യം ചെയ്യണം.

പടവ് 16

സംരംഭം പ്രാവര്‍ത്തികമാക്കുന്നു

ഈ പടവിലാണ് സംരംഭകന്‍ യഥാര്‍ത്ഥത്തില്‍ ബിസിനസിന്‍റെ മൂര്‍ത്തമായ രൂപം നടപ്പിലാക്കിത്തുടങ്ങുന്നത്. എന്താണ് ചെയ്യേണ്ടത് എന്ന വ്യക്തമായ പ്ലാന്‍ കൈപ്പിടിയിലായിക്കഴിഞ്ഞു. ഇനി അത് നടപ്പിലാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കൃത്യമായ ഒരു സമയപരിധി നിശ്ചയിച്ച് അതിന് തുടക്കം കുറിക്കാം.

നാം ചര്‍ച്ച ചെയ്ത പതിനാറ് പടവുകളിലൂടെ കടന്നു പോരുന്ന ഒരു സംരംഭകന് വരാന്‍ പോകുന്ന ധാരാളം വെല്ലുവിളികളെ മുന്‍കൂട്ടി കാണുവാന്‍ കഴിയുന്ന ദീര്‍ഘ ദര്‍ശിത്വവും അതിനെ നേരിടുവാനുള്ള ഉപായങ്ങളും തന്ത്രങ്ങളും സ്വയാര്‍ജ്ജിത അറിവിലൂടെ ലഭിക്കും എന്നതില്‍ സംശയമില്ല. ബിസിനസിന്‍റെ പില്‍ക്കാല വിജയത്തിനുള്ള ആണിക്കല്ലായി ഈ ജ്ഞാനം മാറും. എന്തെങ്കിലും എങ്ങനെയൊക്കെയെങ്കിലും ചെയ്യുക എന്ന സ്വാഭാവിക മാനസികാവസ്ഥയില്‍ നിന്നും കാര്യങ്ങളെ കുറേക്കൂടി ഗൗരവത്തോടെയും പക്വതയോടെയും സംരംഭകന്‍ സമീപിച്ചു തുടങ്ങും.

മുന്നോട്ട് വരുന്ന സംരംഭകര്‍ക്ക് ഈ പടവുകള്‍ ഒരു വഴികാട്ടിയായിത്തീരട്ടെ.

 

 

  

 

 

 

 

Leave a comment