യഥാര്‍ത്ഥ വായനക്കാരന്‍റെ പിറവിയും വളര്‍ച്ചയും

ഒരു വിത്ത്‌ മണ്ണിന്‍റെ മാറിലേക്ക്‌ വീഴുകയാണ്. അവിടെക്കിടന്ന് അതിന് മെല്ലെ മുളപൊട്ടുന്നു. വിത്തിനുള്ളില്‍ പുറത്തേക്ക് വരാനായി വീര്‍പ്പുമുട്ടുന്ന ഒരു ജീവനുണ്ടായിരുന്നു.. വിത്തിന്‍റെ പുറംതോട് പിളര്‍ന്ന് ആ ജീവന്‍റെ നാമ്പ് പുറംലോകത്തേക്ക് തല നീട്ടുന്നു. വിത്തിനുള്ളില്‍ നിന്നും വെളിയിലേക്കുള്ള ഈ യാത്ര അസ്വസ്ഥതയുടെതാണ്. അതിനായി ജീവന്‍റെ പിടച്ചിലുണ്ട്. വിത്തിന്‍റെ പുറംതോട് ഭേദിക്കാതെ ഈ പ്രയത്നം സഫലമാവുകയില്ല.

ചില വായനകള്‍ അസ്വസ്ഥതയുടെ വിത്തുകള്‍ നമ്മുടെ മനസിലേക്ക് വലിച്ചെറിയാറുണ്ട്. ഈ വിത്തുകള്‍ അവിടെക്കിടന്ന് മുളക്കും. അസ്വസ്ഥതയുടെ പുതുനാമ്പുകള്‍ പുറത്തേക്ക് വിടരും. മെല്ലെ അവ വളരും. വളര്‍ന്നൊരു വടവൃക്ഷമായി അസ്വസ്ഥതയുടെ വേരുകള്‍ നമ്മെയാകെ പുണരും. അക്ഷരങ്ങള്‍ വന്യമൃഗങ്ങളെപ്പോലെ നമ്മെ വേട്ടയാടിത്തുടങ്ങും.

എല്ലാ വായനയും ഈ അസ്വസ്ഥത നമ്മില്‍ ജനിപ്പിക്കുന്നില്ല. അസ്വസ്ഥതകള്‍ ഉണര്‍ത്താത്ത വായനയെ നാം കൂടുതല്‍ സ്നേഹിക്കുന്നു. കാരണം അത് ആയാസരഹിതമാണ്. വായിക്കുകയും ആനന്ദിക്കുകയും ചെയ്യുക എന്നത് നമുക്കിഷ്ട്ടമുള്ള ഒരു പ്രവൃത്തിയാണ്‌. അല്ലെങ്കില്‍ ആനന്ദിക്കുവാനാണ് വായിക്കുന്നത് എന്ന് നാം കരുതുന്നു. സന്തോഷത്തിന്‍റെ വിത്തുകള്‍ക്കായി നാം വീണ്ടും വീണ്ടും വായനയെ തേടുന്നു.

ആനന്ദവും അസ്വസ്ഥതയും വായനയുടെ ഇടയില്‍ ഏത് സമയത്ത് നമ്മെ തേടിയെത്തും എന്ന് പറയുവാനാകില്ല. ആനന്ദം ചിലപ്പോള്‍ പെട്ടെന്ന് അസ്വസ്ഥതക്ക് വഴിമാറാം. തിരിച്ചും സംഭവിക്കാം. ആനന്ദത്തിന്‍റെ വിത്തുകളുടെ പുറംതോടുകള്‍ മൃദുലങ്ങളാണ്. അവ പിളര്‍ത്താന്‍ വലിയ പ്രയത്നം ആവശ്യമില്ല. എന്നാല്‍ അസ്വസ്ഥതകളുടെ പുറംതോടുകള്‍ കാഠിന്യമുള്ളതാണ്. ഇതിന്‍റെ മുളപൊട്ടല്‍ അസഹനീയമായ പേറ്റുനോവായി മാറുന്നു.

ആനന്ദത്തിനായുള്ള വായന സ്വാഭാവികമായ ഒന്നായി മാറുന്നു. വായന നല്കുന്ന ആനന്ദത്തില്‍ മനസ്സ് അഭിരമിക്കുന്നു. ഇവിടെ വായന നമ്മെ നയിച്ചു കൊണ്ടുപോകുന്നത് സുഖകരമായ തലത്തിലേക്കാണ്. എന്തുകൊണ്ട് ഞാന്‍ ആനന്ദിക്കുന്നു എന്നോര്‍ത്ത് ആരും തലപുകക്കാറില്ല. ആനന്ദം അത്തരമൊരു ചിന്തയെ നമ്മിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സിനിമ കാണുന്നു. ഫലിതം കേട്ട് നാം പൊട്ടിച്ചിരിക്കുന്നു. എന്തുകൊണ്ട് ആ ഫലിതം നമ്മെ ചിരിപ്പിച്ചു എന്ന ചോദ്യം മനസില്‍ ഉടലെടുക്കുന്നതേയില്ല.

അസ്വസ്ഥതകള്‍ നേരെ മറിച്ചാണ്. അത് നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട് മനസ് കലുഷിതമാകുന്നു എന്ന് നാം അത്ഭുതപ്പെടുന്നു. കാരണം കണ്ടെത്താന്‍ നാം പരിശ്രമിക്കുന്നു. ആനന്ദത്തിന്‍റെ കാരണം അറിയേണ്ടതില്ല എന്നാല്‍ അസ്വസ്ഥതയുടെ കാരണം നമുക്കാവശ്യമാകുന്നു. അത് സ്വാഭാവികമായ ഒരു പ്രക്രിയയേയല്ല. ആനന്ദത്തിന്‍റെ നേരെ എതിര്‍രൂപമാകുന്നു. എന്തുകൊണ്ട് ഖസാക്കിലെ രവി എന്നില്‍ അസ്വസ്ഥത പടര്‍ത്തി? ഈ ചോദ്യം എന്നെ പിന്തുടരുന്നു. അസ്വസ്ഥത എന്നെ ആകുലനാക്കുന്നു. കഥാപാത്രം വായനക്കാരനോടൊപ്പം നടക്കുന്നു.

“എന്നെ നീ പിന്തുടരരുത്” എന്ന് കഥാപാത്രത്തോട് പറയാന്‍ വായനക്കാരന്‍ അശക്തനാകുന്നു. അസ്വസ്ഥതയുടെ വിത്ത്‌ മനസിന്‍റെ മണ്ണിലേക്ക് വലിച്ചെറിഞ്ഞിട്ടു കഴിഞ്ഞു. “നീയെന്നെ ആനന്ദിപ്പിക്കരുത്” എന്ന് വായനക്കാരന്‍ കഥാപാത്രത്തോട് ഒരിക്കലും പറയില്ല. എന്നാല്‍ അസ്വസ്ഥതകളില്‍ “നീയെന്നെ വിട്ടുപോകൂ” എന്ന് ആത്മസംഘര്‍ഷത്തോടെ കൈകള്‍ കൂപ്പി വായനക്കാരന്‍ കഥാപാത്രത്തോട് അപേക്ഷിക്കുന്നു. അസ്വസ്ഥത വായനക്കാരന്‍റെ ഉറക്കം കെടുത്തുന്നു. ആനന്ദം അവനെ ശാന്തതയോടെ ഉറക്കത്തിലേക്ക് നയിക്കുന്നു.

ആനന്ദത്തിനായുള്ള വായന അവനെ ഒരു വേശ്യയെപ്പോലെ പ്രലോഭിപ്പിക്കും. ഓരോ വായനയും തന്നെ ആനന്ദിപ്പിക്കണം എന്ന ലക്ഷ്യത്തിലേക്കവന്‍ എത്തിച്ചേരുന്നു. ഇതൊരു കെണിയാണ്‌. തന്‍റെ മനസ്സിന്‍റെ പൂന്തോട്ടത്തില്‍ ആനന്ദത്തിന്‍റെ വിത്തുകള്‍ മാത്രം മതി എന്നവന്‍ തീരുമാനിക്കുന്നു. അസ്വസ്ഥതകളില്‍ നിന്നും അകന്നുനിക്കാന്‍ ഇതവനെ പ്രേരിപ്പിക്കുന്നു. അവന്‍റെ വായനയെ ഇത് സ്വാധീനിക്കുന്നു.

വായനക്കാരന്‍റെ വളര്‍ച്ച ഇവിടെ മുരടിക്കുകയാണ്. ഒരു ബോണ്‍സായ് വൃക്ഷം പോലെ വായനക്കാരന്‍ പരിണമിക്കുന്നു. കേവലാനന്ദത്തില്‍ മാത്രമായി വായന ചുറ്റിത്തിരിഞ്ഞു നില്ക്കുന്നു. “എന്നെ നീ അസ്വസ്ഥനാക്കരുത്” എന്നവന്‍ കഥാപാത്രങ്ങളോട് ആവശ്യപ്പെടുന്നു. തന്നെ നിരന്തരം ആനന്ദിപ്പിക്കുന്ന പാവകളെപ്പോലെ അവന്‍ കഥാപാത്രങ്ങളെ കരുതുന്നു. വായന ആനന്ദത്തിനുള്ള ഉപാധി മാത്രമായി മാറുന്നു. എന്തിന് വായനയിലൂടെ അസ്വസ്ഥതകളുടെ ഗര്‍ഭം താന്‍ പേറണം? എന്തിന് ആ വേദന സഹിക്കണം? അവന്‍റെ ചിന്തകള്‍ ലളിതവും മനസിലാക്കുവാന്‍ വളരെ എളുപ്പവുമാണ്.

അസ്വസ്ഥത വായനക്കാരനെ ഭ്രാന്തനാക്കുന്നു. ആടുജീവിതത്തിലെ നജീബിനേയും ഖസാക്കിലെ രവിയേയും അവന് മനസ്സില്‍ നിന്നും അത്രയെളുപ്പം ഇറക്കിവിടുവാന്‍ കഴിയുന്നില്ല. സ്വയം നജീബായും രവിയായും അവന്‍ സങ്കല്‍പ്പിക്കുന്നു. അവര്‍ നടന്ന വഴിയിലൂടെ അവന്‍ നടന്നു നോക്കുന്നു. അനുഭവങ്ങള്‍ അവനെ പൊള്ളിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുന്നു. കടമ്മനിട്ടയുടെ വരികള്‍ അവനില്‍ ആത്മസംഘര്‍ഷം നിറക്കുന്നു. രോഷാകുലനാക്കുന്നു. അസ്വസ്ഥതകള്‍ അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ആനന്ദം ഇതുവരെ തുറക്കാത്ത അനുഭവങ്ങളുടെ പുതുകവാടങ്ങള്‍ അസ്വസ്ഥതകള്‍ അവനു മുന്നില്‍ തുറന്നിടുന്നു. ജീവിതത്തെ പുതിയൊരു ഉള്‍ക്കാഴ്ചയോടെ അവന്‍ സമീപിച്ചു തുടങ്ങുന്നു.  

വായനക്കാരനില്‍ ഉരുണ്ടുകൂടുന്ന അസ്വസ്ഥതയുടെ കാര്‍മേഘങ്ങളാണ് അവനില്‍ പരിവര്‍ത്തനത്തിന്‍റെ മഴ പെയ്യിക്കുന്നത്. അസ്വസ്ഥതകളെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങുന്നതോടെ വായനക്കാരന്‍റെ വളര്‍ച്ച ത്വരിതപ്പെടുന്നു. അസ്വസ്ഥതകളെ തടുക്കാന്‍ ശ്രമിച്ചാലോ അവനൊരു കൂട്ടില്‍ അകപ്പെടുന്നു പോകുന്നു. എന്നാല്‍ അസ്വസ്ഥതകള്‍ അവനെ ആ കൂട്ടില്‍ നിന്നും മോചിപ്പിക്കുന്നു. വായനക്കാരനെന്ന നിലയില്‍ എന്തുകൊണ്ട് ഞാന്‍ വളരുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ അസ്വസ്ഥതകളെ സ്വീകരിക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. സ്വനിര്‍മ്മിത തടവറ പൊളിക്കുകയും സ്വതന്ത്രനാവുകയും ചെയ്യുക. യഥാര്‍ത്ഥ വായനക്കാരന്‍റെ പിറവിയും വളര്‍ച്ചയും അവിടെ തുടങ്ങുന്നു.

 

 

Leave a comment