സുധീര്‍ ബാബുവിന്‍റെ “സംരംഭങ്ങള്‍ വിജയിപ്പിക്കാം”,  സംരംഭകര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകം

 

ഒരു ചൈനീസ് പഴമൊഴിയുണ്ട്. ‘നിങ്ങള്‍ക്ക് ചിരിക്കാനറിയില്ലെങ്കില്‍, ഒരിക്കലും നിങ്ങള്‍ ഒരു കട തുറക്കരുത്.’ സമാനമായ മറ്റൊരു ചൊല്ലുണ്ട്. ‘ബിസിനസിന്റെ അടിസ്ഥാന പാഠങ്ങളും കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങളും അറിയില്ലെങ്കില്‍ കേരളത്തില്‍ ഒരു ബിസിനസ് ആരംഭിക്കരുത്.’ ഇതിന് വളരൈയധികം പ്രസക്തി ഉണ്ട് ഇപ്പോള്‍. അതിന് ഒട്ടനവധി കാരണങ്ങളുമുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ്, ബിസിനസുകളുടെയും ബിസിനസ്സുകാരുടെയും മൃതഭൂമിയായിരുന്നു കേരളം. വര്‍ഷങ്ങളോളം ബിസിനസുകാരെ സമൂഹം അവജ്ഞയോടെയാണ് നോക്കിയിരുന്നത്. ലാഭം എന്നത് വളരെ മോശമായ ഒരു പദവുമായിരുന്നു. രാഷ്ട്രീയക്കാരും തൊഴിലാളി യൂണിയനുകളും ബിസിനസ് വിരുദ്ധ മനോഭാവമാണ് വെച്ചു പുലര്‍ത്തിയിരുന്നത്. ബ്യൂറോക്രാറ്റുകളും പൊതു സമൂഹവും അങ്ങേയറ്റം ഇക്കാര്യത്തില്‍ ഉദാസീനരുമായിരുന്നു. ഭാഗ്യവശാല്‍, പിന്നീട് ഈ സാഹചര്യങ്ങള്‍ ഏറെ മാറി. ബിസിനസ് വിരുദ്ധതയില്‍ നിന്ന് ബിസിനസ് അനുകൂല മനസ്ഥിതിയിലേയ്ക്കും ബിസിനസുകളുടെ വക്താക്കളുമായി മാറ്റം നടക്കുന്നു. യുവാക്കള്‍, പ്രൊഫഷണലുകള്‍, ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവരും ബിസിനസിലേക്ക് ഇറങ്ങുന്ന കാഴ്ചക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. നല്ല ബിസിനസുകാരെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്തിനേറെ മാതാപിതാക്കള്‍ പോലും മക്കളെ ബിസിനസുകാരാകാന്‍ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിന്റെ ഭാവി വികസനം വ്യാവസായിക വികസനവും സംരംഭകത്വമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം സംസ്ഥാനവും രാഷ്ടീയക്കാര്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹവും ഉള്‍ക്കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും, ഇതൊരു സ്വാഗതാര്‍ഹമായ മാറ്റമാണ്!

അതേസമയം കേരളത്തിലെ ബിസിനസ് സാരഥികള്‍ അടിസ്ഥാനപരമായ ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. പലരും ആദ്യ തലമുറ ബിസിനസുകാരാണ്. അതുപോലെതന്നെ പുതുതലമുറ ബിസിനസുകളുടെ സങ്കീര്‍ണ്ണതകളെയും വെല്ലുവിളികളെയും കുറിച്ച് പലര്‍ക്കും വേണ്ടത്ര അവബോധമില്ല. പ്രവാസജീവിതത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ പലരും ബിസിനസുകള്‍ തുടങ്ങുന്നത് അവര്‍ക്കെന്തെങ്കിലും വ്യാപൃതരായിക്കാന്‍ വേണ്ടി മാത്രമാണ്. ഭൂരിഭാഗം പേര്‍ക്കും ഒരു സംരംഭകന് അത്യാവശ്യം ഉണ്ടായിരിക്കേണ്ട പാഷനോ ഉള്ളിന്റെ ഉള്ളിലെ തീയോ കാണില്ല. സാമാന്യം നല്ല ഒരു ബിസിനസ് സ്ഥാപിച്ചാല്‍ അതിന്റെ ഭാവി ശോഭനമായിരിക്കുമെന്നവര്‍ പ്രത്യാശിക്കുന്നു. പക്ഷേ ഭൂരിഭാഗവും പരാജയപ്പെടുന്നു.

ആഗോളതലത്തില്‍ തന്നെ ബിസിനസുകള്‍ അങ്ങേയറ്റം വെല്ലുവിളികള്‍ നേരിടുന്ന സമയമാണിപ്പോള്‍. ആഗോളതലത്തിലെ പല പഠനങ്ങളും വെളിപ്പെടുത്തുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ശതമാനം വെറും പത്തു ശതമാനമാണെന്നാണ്. കേരളത്തില്‍, ഇവിടുത്തെ സവിശേഷ സാഹചര്യങ്ങളില്‍ ഈ നിരക്ക് ഒരു പക്ഷേ അഞ്ചു ശതമാനമായിരിക്കും. ഇനി മറ്റൊരു കണക്കിലേക്ക്. 75 ശതമാനം കുടുംബ ബിസിനസുകളും മൂന്നാം തലമുറയോടെ തകരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബിസിനസുകള്‍ തകരാതെ പിടിച്ചു നിര്‍ത്തുന്നതും സുസ്ഥിരമാക്കുന്നതും ഇന്ന് അത്ര ലളിതമായ കാര്യമല്ല.

വിഖ്യാത എഴുത്തുകാരനും ഗുഡ് ടു ഗ്രേറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ജെയിംസ് കോളിന്‍സിന്റെ ഒരു പഠനത്തിന് ഇപ്പോള്‍ പ്രസക്തിയേറെയാണ്. 2001 ല്‍ അദ്ദേഹം വിശദമായ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ ഏറ്റവും വിജയകരമായ 1400 കമ്പനികളുടെ ചുരുക്കപട്ടിക തയ്യാറാക്കി. ഇതില്‍ തന്നെ അങ്ങേയറ്റം നല്ല രീതിയില്‍ മാനേജ് ചെയ്യുന്ന 11 കമ്പനികളെയും തെരഞ്ഞെടുത്തു. 2018 ഓടെ ഇതില്‍ അഞ്ചെണ്ണം പാപ്പരായി! രാജ്യാന്തര തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന, മികച്ച രീതിയില്‍ മാനേജ് ചെയ്യപ്പെടുന്ന കമ്പനികളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാണെന്ന് ഇത് തെളിയിക്കുന്നു. അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത് ലോകത്തിലെ ടോപ് 10 കമ്പനികളുടെ ശരാശരി പ്രായം 20 വര്‍ഷത്തില്‍ താഴെയാണെന്നാണ്. അതുകൊണ്ട് , സര്‍ക്കാരും പൊതു സമൂഹവും എത്രമാത്രം ബിസിനസ് അനുകൂലമായാലും പുതിയ കാലത്ത് ബിസിനസ് നടത്തിപ്പും സുസ്ഥിരമാക്കി നിര്‍ത്തലും സുഖദമായ കാര്യമല്ല.

ഈ സാഹചര്യത്തിലാണ് സുധീര്‍ ബാബുവിന്റെ പുസ്തകം അങ്ങേയറ്റം പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നത്. ബിസിനസുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളെയും ലളിതവും ആകര്‍ഷകവുമായ ഭാഷയില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നു. ഒട്ടനവധി ഉദാഹരണങ്ങളുടെയും റിയല്‍ ലൈഫ് സ്റ്റോറികളുടെയും പശ്ചാത്തലത്തില്‍ ആഴത്തിലുള്ള വിശകലനമാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യവും.

ബിസിനസ് നടത്തുന്നവരും ബിസിനസിലേക്ക് ഇറങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി ഇതിനെ മാറ്റുന്ന ഘടകങ്ങള്‍ നിരവധിയാണ്. ലാഭകരമായ ഒരു ബിസിനസിന്റെ ആശയം എങ്ങനെ കണ്ടെത്താം? ബിസിനസ് നടത്തിപ്പിനു വേണ്ട ഫണ്ട് എങ്ങനെ സമാഹരിക്കാം? പുതിയൊരു ബിസിനസിന് എങ്ങനെ തുടക്കമിടാം? എങ്ങനെ ഒരു ബിസിനസിനെ മുന്നോട്ടു നയിക്കാം, വളര്‍ത്താം? മുതലായ ഒട്ടനവധി കാര്യങ്ങളാണ് ഇതിലെ അധ്യായങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . എങ്ങനെ ഒരു ബ്രാന്‍ഡ്  കെട്ടിപ്പടുത്ത് വര്‍ഷങ്ങളോളം സുസ്ഥിരമായി നിലനിര്‍ത്താം, സാമ്പത്തിക മാന്ദ്യവും മറ്റ് പ്രതിസന്ധികളും എങ്ങനെ നേരിടാം, ഭാവി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാതെ തന്നെ എങ്ങനെ ചെലവുകള്‍ വെട്ടിച്ചുരുക്കാം തുടങ്ങിയവ യഥാര്‍ത്ഥ അനുഭവ കഥകളുടെ പശ്ചാത്തലത്തില്‍ സുധീര്‍ ബാബു വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, പുതിയ ബിസിനസിന് എങ്ങനെ ആശയം കണ്ടെത്താം? സുധീര്‍ ബാബുവിന് ലളിതമായ മറുപടിയുണ്ട്. സംരംഭകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആശയങ്ങളിലല്ല, മറിച്ച് പ്രശ്‌നങ്ങളിലാണ്. നിലവിലുള്ള ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനാണ് അയാള്‍ ശ്രദ്ധിക്കേണ്ടത്. പ്രശ്‌നങ്ങള്‍ ആശയങ്ങള്‍ക്ക് ജന്മം നല്‍കും. ആ ആശയങ്ങള്‍ പിന്നീട് ബിസിനസ്സുകളാക്കാന്‍ സാധിക്കും. ഗതാഗത സൗകര്യമില്ലാത്ത ഒരിടത്തേക്ക് പുതിയ റോഡ് പണിയുന്നതിന് സമാനമാണിത് .

കേരളത്തില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം പറയുന്നത് ”കേരളത്തിലേക്ക് എന്തുകൊണ്ട് വ്യവസായങ്ങള്‍ വരുന്നില്ല എന്ന് ചോദിക്കുന്നതിന് പകരം എന്തുകൊണ്ട് ഐ ടി, ടൂറിസം, ആയുര്‍വേദ, ചെറുകിട വ്യവസായങ്ങള്‍, ഇലക്ട്രോണിക്‌സ് പോലെ കേരളത്തിന് അനുയോജ്യമായവ കൊണ്ടു വരുന്നില്ല എന്ന് ചോദിക്കുക.”

വെല്ലുവിളികള്‍ നിറഞ്ഞ നാളുകള്‍ എങ്ങനെ അതിജീവിക്കാം എന്ന അധ്യായം സമകാലിക സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുള്ളതാണ്. ഏതെങ്കിലും കുറച്ച് മേഖലകള്‍ മാത്രം പ്രതിസന്ധിയിലാകുന്ന മുന്‍ കാലങ്ങളില്‍ നിന്ന് ഭിന്നമായി ഇന്ന് അത് എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളും ബിസിനസിലെ ബൂം പിരീഡും സംരംഭകര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വിലയേറിയ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

ഒരു കമ്പനിക്ക് തീര്‍ച്ചയായും ഒരു എലിവേറ്റര്‍ പിച്ച് വേണമെന്ന് സുധീര്‍ പറയുന്നു. ഒരു ബിസിനസ് സാരഥി 2030 സെക്കന്റുകള്‍ കൊണ്ട് തങ്ങളുടെ കമ്പനിയെകുറിച്ച് കൃത്യമായ ചിത്രം നല്‍കാന്‍ പഠിച്ചിരിക്കണം. ഫണ്ട് സമാഹരിക്കാനും, നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും, അപ്രതീക്ഷിത കസ്റ്റമേഴ്‌സുമായി പുതിയൊരു ബന്ധം സ്ഥാപിക്കാനും ഇതേറെ സഹായകരമാകും.

ഭാവിയില്‍ ബിസിനസുകളില്‍ ടെക്‌നോളജി സൃഷ്ടിച്ചേക്കാവുന്ന സ്വാധീനത്തെ കുറിച്ച് നാമേവരും ബോധവാന്മാരാണ്. നിര്‍മിത ബുദ്ധി (Artificial Intelligence), ഡിസൈന്‍ തിങ്കിംഗ് (Design Thinking), ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി (Blue Ocean strategy) മുതലായ അധ്യായങ്ങള്‍ അതിവേഗ മാറ്റത്തിന് വിധേയമാകുന്ന ടെക്‌നോളജിയെയും മറ്റു വികാസ പരിണാമങ്ങളെയും പറ്റി ഉള്‍ക്കാഴ്ച നല്‍കുന്നു.

ബിസിനസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും അതിനു ശേഷവും എല്ലാ മലയാളികളും തീര്‍ച്ചയായും സുധീര്‍ ബാബു രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ”സംരംഭങ്ങള്‍ വിജയിപ്പിക്കാം” ഈ ഗ്രന്ഥം വായിച്ചിരിക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നതും അതുകൊണ്ടാണ്.

 

Leave a comment