സംരംഭകര്‍ക്കുള്ള രുചിയുള്ള പാഥേയം

എന്‍ട്രപ്രണര്‍ഷിപ്പിന് ക്യത്യമായ, പൂര്‍ണ്ണമായ അര്‍ത്ഥം സംവേദിക്കാവുന്ന മലയാളം വാക്കില്ല. സംരംഭകന്‍ എന്നതാണ് ഒരു ഒഴുക്കന്‍ മട്ടില്‍ മൊഴിമാറ്റം അന്വേഷിച്ചാല്‍ നമുക്കു ലഭിക്കുന്നത്. ഒരു പുതിയ സ്ഥാപനം, ഉല്‍പ്പന്നമോ സേവനമോ എന്‍ഡ് പ്രോഡക്റ്റാകുന്ന വ്യവസായവാണിജ്യയൂണിറ്റ് ആരംഭിച്ച് സ്വന്തം റിസ്‌ക്കില്‍ നടത്താന്‍ ശ്രമിക്കുന്ന വ്യക്തികള്‍ കേരളീയ സമൂഹത്തിലെ കര്‍ശനമായ കുലത്തൊഴില്‍ സംസ്‌കാരത്തില്‍ അധിഷ്ഠിതമായിരുന്ന മുന്‍തലമുറകളില്‍ ഇല്ലായിരുന്നു. അതു കാരണമായിരിക്കണം മലയാളഭാഷയില്‍ എന്‍ട്രപ്രണര്‍ എന്നതിന് വാക്കില്ലാതിരുന്നത്. വ്യാപാരം കുലത്തൊഴിലായ വൈശ്യന്‍ എന്ന ഉത്തരേന്ത്യന്‍ ഹൈന്ദവ സമൂഹത്തിലെ എണ്ണത്തിലും വണ്ണത്തിലും പ്രബലമായ ജാതിയും സമാന്തരമായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളും കേരളത്തിന് അജ്ഞാതമായിരുന്നു. നമ്മുടെ ഈ തൊഴില്‍ മേഖലയിലെ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ് കുലത്തൊഴിലിന്റെ ചങ്ങല പൊട്ടിച്ച് യുവാക്കള്‍ പുറത്തു ചാടിയതും സമൂഹത്തില്‍ അന്നുവരെ കച്ചവടമോ സേവനവ്യവസായമോ കുലത്തൊഴിലായി നടത്തിയിരുന്നവര്‍ക്ക് ലഭിക്കാതിരുന്ന ഒരു പൊതു തൊഴില്‍ മാന്യത ലഭിച്ചതും. അതു മാത്രവുമല്ല, അപ്പോഴേക്കും കണ്‍സ്യൂമറിസത്തിന്റെ കടന്നാക്രമണത്തില്‍ ടെക്‌നോളജി പരക്കെ സഹായിച്ച് അനവധി നൂതന നിര്‍മ്മാണ സേവന മേഖലകള്‍ ഒരു കുലത്തൊഴിലിന്റെ പശ്ചാത്തലമില്ലാതെ ഉയര്‍ന്നു വന്നതും അവയിലെല്ലാം വിദ്യാഭ്യാസ സൗകര്യങ്ങള്‍ ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും കിട്ടിത്തുടങ്ങിയതും ശരിക്കും ഒരു സാമൂഹ്യ വിപ്ലവം ഇന്ത്യയിലാകെ സ്യഷ്ടിക്കുകയുണ്ടായി.

കേരളത്തിലും ചെറുപ്പക്കാരുടെ ഇടയില്‍ ഇത് ഇളക്കം ഉണ്ടാക്കിയെങ്കിലും വേഗത കുറവായിരുന്നു. സ്വന്തമായി സംരംഭകരാകാന്‍ ശ്രമിച്ച കൂട്ടര്‍ നേരിടേണ്ടി വന്ന കടമ്പകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ നമ്മുടേതായ വിവിധ കാരണങ്ങളാല്‍ വളരെ കൂടുതലായിരുന്നു.

സംരംഭകന്‍, എന്‍ട്രപ്രണര്‍ ലീഡറാണ്. നയിക്കുന്നവന്‍. ഒരു ആശയത്തിനെ പ്രായോഗികമാക്കുക. അതിലൂടെ സമൂഹത്തിന് അവര്‍ക്കു വേണ്ട ഉല്‍പ്പന്നവും സേവനവും നല്‍കുക, ഈ പ്രക്രിയയില്‍ സഹായികളായ ആള്‍ക്കാര്‍ക്ക് പുതിയ ഉപജീവനമാര്‍ഗം സ്യഷ്ടിക്കുക. അവരുടെ ഭൗതികമായ വളര്‍ച്ചയോടൊപ്പം മാനസികസംതൃപ്തിക്കും സന്തോഷത്തിനും കളമൊരുക്കുക. അങ്ങിനെ പൊതുവെ സമൂഹത്തിന്റെ പുരോഗതി്ക്ക് കാരണമാകുക. ഇതാണ് സംരംഭകന്‍ ചെയ്യുന്നത്. അതിന് അവന്റെ ചാലകശക്തി ലാഭവും.

ഈ സംരംഭകനുള്ള അറിവ് നല്‍കുകയാണ് മാനേജ്‌മെന്റ് എന്ന പുതിയ പഠനവിഷയം. മാനേജ്‌മെന്റ് ഇന്ന് ലോകമാകെ യുവാക്കളുടെ പഠനവിഷയങ്ങളിലെ പ്രമുഖനാണ്. മാനേജ്‌മെന്റിനെ സംബന്ധിച്ച പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ഇക്കാലത്ത് നിരന്തരം വായനക്കാരുടെ മുന്നിലെത്തുന്നുണ്ട്. ലോകത്താകെ പുറത്തിറങ്ങുന്ന ഇത്തരം പുസ്തകങ്ങളില്‍ ഒരു നല്ല ശതമാനം ഇംഗ്ലീഷിലാണ്. ഇന്ത്യയിലാണെങ്കില്‍ മറ്റെല്ലാ നാട്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയുടെ ആകെ എണ്ണത്തെക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇവിടെ പത്തു ശതമാനം പോലും ആള്‍ക്കാര്‍ കൈകാര്യം ചെയ്യാത്ത ഇംഗ്ലീഷിലാണ് പുറത്തു വരുന്നത്. ഇവയ്‌ക്കെല്ലാം സ്വാഭാവികമായും ഒരു പൊതു ട്രെന്‍ഡാണുള്ളത്. പക്ഷെ കേരളത്തിലെ സംരംഭകന്‍ നേരിടുന്ന വ്യത്യസ്തമായ അനുഭവം ഇവയിലൊന്നും കാര്യമായി ഗണിക്കപ്പെട്ടിട്ടില്ല എന്നത് വെറും സത്യമാണ്. ഇവിടെയാണ് സുധീര്‍ ബാബു എന്ന പ്രതിഭാധനനായ കൊച്ചിക്കാരന്‍ മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ തന്റെ ഈ രചനയിലൂടെ ലളിതമായ ശൈലിയില്‍ അസൂയാവഹമായ അപഗ്രഥനപാടവം കാട്ടി മാനേജ്‌മെന്റ് ആശയങ്ങളും നിഗമനങ്ങളും നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

താങ്കളുടെ ബിസിനസ് രംഗത്തെ വിജയത്തിന്റെ രഹസ്യമെന്താണ്? വികാരമായിരുന്നോ വിചാരമായിരുന്നോ താങ്കളെ ബിസിനസിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നയിച്ചിരുന്നത്? താങ്കളുടെ കുടുംബവും, മറ്റു അടുപ്പമുള്ള വ്യക്തികളും താങ്കളുടെ ബിസിനസ് വിജയത്തിന് എത്രത്തോളം സഹായകമായിരുന്നു?

കേരളം ബിസിനസിനും വ്യവസായത്തിനും പറ്റിയ മണ്ണല്ലെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. സ്വന്തമായി എന്തു ബിസിനസ് തുടങ്ങുന്നവനെയും ഒരു തൊഴിലാളിയെ മാത്രം വച്ച് പെട്ടിക്കട നടത്തുന്നവനെപ്പോലും വര്‍ഗ്ഗശത്രുവായ ഭീകരമുതലാളിയായി കാണുന്ന സൈക്കേ നമ്മുടെ സ്വകാര്യസന്തോഷമായിരുന്നു. സ്വതന്ത്രസംരംഭം തുടങ്ങി ആകെ നശിച്ച് നാറാണക്കല്ലുമായി കടക്കാരെയും പൊലീസിനെയും ബന്ധുക്കളെയും കാണാന്‍ ഭയപ്പെട്ട് മുങ്ങിയ അനവധി പേരുടെ കഥകള്‍ നമുക്കെല്ലാമറിയാം. ഇടയ്ക്ക് ചില വിജയകഥകളും ഉണ്ടായിരുന്നു. പ്രവാസികളോ മറുനാടനോ അല്ലാത്ത കേരളത്തിന് പുറത്ത് പോകാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുത്ത മേഖലയില്‍ ഇതേ കേരളമണ്ണില്‍ വിജയക്കൊടി പറത്തിയവര്‍. എന്താണ് ഇവരുടെ വിജയരഹസ്യം? എവിടെയാണ് തോറ്റവര്‍ക്ക് തെറ്റു പറ്റിയത്? ഈ രംഗത്തേക്ക് ഇറങ്ങുന്നവരില്‍ മിക്കവരും ബിസിനസ് പാരമ്പര്യമോ വലിയ ധനസ്ഥിതിയോ ഉള്ളവരല്ല. ഉയര്‍ന്ന ടെക്‌നിക്കല്‍ പഠനം ലഭിച്ചവരും ആയിരിക്കണമെന്നില്ല. കഠിനാദ്ധ്വാനം, കര്‍മ്മനിരത, ബുദ്ധി, ആത്മാര്‍ത്ഥത, ദീര്‍ഘവീക്ഷണം, ദൈവവിശ്വാസം. ഇവയെല്ലാം ഉള്ളവരായിരുന്നു മിക്കവരും.

മലയാളി വ്യത്യസ്തനാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, ജീവിതശൈലിയിലും വാണിജ്യത്തിലും വ്യവസായത്തിലും എല്ലാം. ബില്‍ മാക്ഗിബണ്‍ എന്ന സുപ്രസിദ്ധ സാമ്പത്തികപരിസ്ഥിതി വിദഗ്ദ്ധന്‍ കേരളത്തിന്റെ അതിവിചിത്രമായ സാമൂഹ്യസാമ്പത്തിക ഡെമോഗ്രഫിക്ക് അവസ്ഥയെക്കുറിച്ച് പറഞ്ഞത് ശരിയാണ്. ഇന്ത്യയിലെ കേരളം എന്ന ഭൂവിഭാഗം അര്‍ദ്ധവികസിത രാഷ്ട്രങ്ങളിലെ ഒരു വിലക്ഷണമായ അത്ഭുതമാണ്. മൂന്നാം ലോകത്തിന് മാര്‍ഗ്ഗദര്‍ശിയായ സമൂഹമാണ് അവിടുത്തേത്. മേരിലാന്റിന്റെ വിസ്തൃതി, കാലിഫോര്‍ണിയായുടെ ജനസംഖ്യ, വാര്‍ഷിക പ്രതിശീര്‍ഷവരുമാനം 300 ഡോളറില്‍ താഴെ. എന്നിട്ടും ഇവിടം ബാലമരണം ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രദേശമാണ്. സാക്ഷരത ഏറ്റവും കൂടുതല്‍. ജനപ്പെരുപ്പ ഗ്രാഫ് തീരെ താഴെ. ഇവിടെ ആയുര്‍ദൈര്‍ഘ്യം ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളെ വെല്ലുന്നതാണ്. എടുത്തു പറയാന്‍ പോലും വിസ്തൃതിയില്ലാത്ത നെല്‍പ്പാടങ്ങളിലും വീട്ടു പറമ്പുകളിലെ ചെടികളിലും ഒതുങ്ങി നില്‍ക്കുന്ന കാര്‍ഷിക മേഖല മാത്രമുള്ള ഈ പ്രദേശം സാമൂഹ്യ വികസനത്തിന്റെ എവറസ്റ്റ് കൊടുമുടിയാണ്. ഇതുപോലെ ഒരിടം വേറെങ്ങുമില്ല.

ഇന്ത്യന്‍ വ്യവസായവും ഇന്ത്യന്‍ സാമ്പത്തികമേഖലയുടെ നിയന്ത്രണവും കൊളോണിയല്‍ കാലത്തെ പരമ്പരാഗത വ്യാപാരിസമൂഹത്തിന്റെ കൈവശമാണ് ഇന്നും. കേരളത്തില്‍ സമാനമായ ഒരു സംരംഭക സമൂഹവുമില്ല. അതി മനോഹരമായ പ്രകൃതിയും ആതിഥേയ മനസ്സും ഒരു വരത്തരുടേയും അടിമത്തത്തില്‍ കഴിയാനിട വരാത്ത ചരിത്രവുമാണ് കേരളത്തിന്റെ മൂലധനം. മഹാബലിയുടെ ഗൃഹാതുരത്വവും അദ്ദേഹത്തിനെ സ്വീകരിക്കാന്‍ നാം ആഘോഷിക്കുന്ന ഓണവും നമ്മുടെ സ്വന്തമാണ്. അതു കാരണം മണിയോര്‍ഡര്‍ ഇക്കോണമിയും ഉപഭോക്തൃസംസ്‌ക്കാരവും നമ്മുടെ ഭാഗമാണ്.

ഈ പ്രത്യേകതകളിലൂടെ വളരുന്ന കേരളീയ സമൂഹത്തിന്റെ വാണിജ്യ വ്യവസായ സാമ്പത്തികമേഖലകളിലെ ആരും ശ്രദ്ധിക്കാത്ത, കണ്‍മുന്നില്‍ ഉണ്ടെങ്കിലും നോക്കാത്തതു കാരണം കാണാന്‍ പറ്റാത്ത രസകരമായ, പക്ഷെ ഗൗരവമേറിയ മാനേജ്‌മെന്റ് പ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളും തേടുകയാണ് ഈ ലേഖനങ്ങളിലൂടെ സൂധീര്‍ ബാബു ചെയ്യുന്നത്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സ് എന്ന എറണാകുളത്തെ പ്രസിദ്ധ മനേജ്‌മെന്റ് പഠനസഹായകകേന്ദ്രത്തിന്റെ മാനേജിംഗ് ഡയറക്റ്ററായി സേവനമനുഷ്ഠിക്കുന്ന ഗ്രന്ഥകര്‍ത്താവ് സംരംഭകരംഗത്തെ നൂറായിരം പ്രതിഭകളുടെയും സാധാരണ പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കി തന്റേതായ കേരളീയ രുചിഭേദം നമ്മുടെ മുന്നില്‍ വിളമ്പുകയാണ് ഈ ലേഖനങ്ങളില്‍ ചെയ്യുന്നത്. ഇന്ന് വിദ്യാര്‍ത്ഥികളുടെ പഠനരംഗത്തെ ആവശ്യം എന്താണെന്നതിനെ ക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളില്‍ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിടവ് അനുദിനം വലുതാകുകയാണ്. സംരംഭക പ്രതിഭകളായി മാറാവുന്ന വരുംതലമുറയിലെ ഒരു വലിയ വിഭാഗം കുട്ടികള്‍ ഇന്ന് ഈ വിടവിന്റെ ആഴം കാരണം അവരുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരാന്‍ നിവൃത്തിയില്ലാതെ ഉഴലുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ നാടിന്റെ പുരോഗതിയുടെ ഏറ്റവും പ്രധാന മൂലധനനിക്ഷേപം സംരംഭകരായി വരേണ്ട മിടുക്കരായ കുട്ടികളാണ്. അവരുടെ മൂല്യങ്ങള്‍ക്ക് ഈ കാഴ്ച്ചപ്പാടുകളിലെ വ്യത്യാസം കാരണം വന്നു കൊണ്ടിരിക്കുന്ന വിലയിടിവ് എന്ന ദേശീയ നഷ്ടത്തിന്റെ ആഴം കുറയ്ക്കാനുള്ള മൈന്‍ഡ് സെറ്റ് ചെറിയ തോതിലെങ്കിലും രക്ഷകര്‍ത്താക്കളിലും അദ്ധ്യാപകരിലും സ്യഷ്ടിക്കാന്‍ ഈ പുസ്തകം സഹായകമാകും എന്നെനിക്കുറപ്പുണ്ട്.

സംരംഭകന്റെ വിജയം ലാഭം മാത്രമാണോ എന്ന വെറും സാധാരണ ചോദ്യത്തില്‍ നിന്ന് അനവധി ഉദാഹരണങ്ങളിലൂടെയും സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങളെ സ്വായത്തമാക്കി വെറും കോമണ്‍സെന്‍സ് ക്യത്യമായി ഉപയോഗിച്ച അഡാപ്‌റ്റേഷനുകളിലൂടെ വിജയം നേടിയ അനവധി ഉന്നതരുടെ സത്യകഥകളിലൂടെയും ഈ സമാഹാരത്തിലെ ലേഖനങ്ങള്‍ വായനക്കാരന് ഒരു പുതിയ വെളിച്ചവും കാഴ്ച്ചപ്പാടും നല്‍കുകയാണ്.

ബിസിനസ് ആദായകരമായിരിക്കണം, നിലനില്‍പ്പിന് ശേഷിയുണ്ടാകണം, വളരാനുള്ള പ്രാപ്തി വേണം, ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തെക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്‍കുന്ന ബിസിനസിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിവുണ്ടാകുകയുള്ളു എന്ന അടിസ്ഥാന വിശ്വാസം സുധീര്‍ ബാബുവിന്റെ ചിന്തകളുടെ കടച്ചിലൂടെ നമുക്കു ലഭിക്കുന്ന സത്തയാണ്.

തന്റെ കഴിവുകളെക്കാള്‍ കഴിവില്ലായ്മയെ അറിയുക, അതിന് പരിഹാരം കാണുക, വിഭവവിനിയോഗം, കാണാച്ചെലവുകള്‍, ബ്രാന്‍ഡിംഗ്, സ്ത്രീ ശാക്തീകരണം, വിപണനകല, ആസൂത്രണ നിര്‍വഹണ തന്ത്രങ്ങള്‍, ആശയവിനിമയം, ഒറ്റയും കൂട്ടായ്മയും തമ്മിലുള്ള ഗുണദോഷങ്ങള്‍, ആസൂത്രണം, ഏണിപ്പടികളിലെ തെന്നല്‍, എന്നു വേണ്ട, ഒരു സംരംഭകന്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന ഒട്ടു മിക്ക പ്രശ്‌നങ്ങളെയും ഒരു പോസിറ്റിവ് സമീപനത്തിലൂടെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരു അധ്യാപകന്റെ കരവിരുതോടെ ഊ പുസ്തകം വഴി സുധീര്‍ബാബു വായനക്കാരന് നല്‍കുന്നുണ്ട്. അനവധി യുവമനസ്സുകള്‍ ഇന്ന് ഇത്തരം അറിവുകള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

പ്രായമായവരെ അനുസരിക്കാന്‍ കൂട്ടാക്കാത്ത ഇന്നത്തെ തലമുറയെ, ഇന്നത്തെ കുട്ടികളെ, നാം എങ്ങിനെയാണ് കാണുന്നത് ? ദുര്‍ബലരായവര്‍, പൊരുത്തമില്ലാത്തവര്‍, വിപ്ലവകാരികള്‍, ഉപദ്രവികള്‍, അപകടകാരികള്‍, ചതുരക്കുഴിയിലെ ഗോളങ്ങള്‍, കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നവര്‍. അവര്‍ക്ക് നിയമങ്ങളോട് പ്രേമമോ വാത്സല്യമോ ഇല്ല, അവര്‍ക്ക് സ്റ്റാറ്റസ്‌ക്വോയോട്, ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും സ്ഥിതിവിശേഷങ്ങളോട് ബഹുമാനമില്ല. പക്ഷെ നമ്മുടെ കുട്ടികളാണവര്‍. നമുക്കു ലഭിക്കാതിരുന്ന അനവധി ആപ്പുകള്‍, ആപ്ലിക്കേഷനുകള്‍, മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമായ കണ്ണ്, മൂക്ക്, ചെവി, നാക്ക്, വിരല്‍ ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ സഹായങ്ങള്‍ നല്‍കുന്നവ, ഇവര്‍ക്കു ലഭിക്കുന്നുണ്ട്. എന്നുമെന്നപോലെ പുതിയ കണ്ടുപിടുത്തങ്ങള്‍ വരുന്നുമുണ്ട്. നമുക്ക് അവരുടെ ജല്‍പ്പനങ്ങളെ ഉദ്ധരിക്കാം, എതിര്‍ക്കാം, അവയോട് വിയോജിക്കാം, അവയെ പുകഴ്ത്താം, കളിയാക്കാം, പുഛിക്കാം. പക്ഷെ ഒരു കാര്യം നമുക്ക് ഇനിയുള്ള കാലത്ത് അവരെ അവഗണിക്കാന്‍ പറ്റുകില്ല. എന്തെന്നാല്‍ വളരെ ലളിതമായി പറഞ്ഞാല്‍ അത്തരം കുട്ടികളാണ് മാറ്റങ്ങള്‍ വരുത്തുന്നത്.
അവരാണ് മനുഷ്യരാശിയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ചിലര്‍ അവരെ ഭ്രാന്തന്മാരാണെന്നു വിളിക്കും, ചിലര്‍ അവരെ പ്രതിഭകളെന്നും ക്രാന്തദര്‍ശികളെന്നും വിളിക്കും. വാസ്തവത്തില്‍ ലോകത്തെ മാറ്റാമെന്നു വിശ്വസിക്കുന്ന അത്തരം ഭ്രാന്തന്മാരാണ് ഈ ലോകത്തെ ഇന്നു വരെയുള്ള പുരോഗതിയുടെയും കാരണക്കാര്‍.

ഈ തലമുറയ്ക്ക് അവരുടെ ലക്ഷ്യം തേടിയുള്ള യാത്രയില്‍ വിശപ്പും ദാഹവും തീര്‍ക്കാന്‍ സഹായകമാകുന്ന ഒരു രുചിയുള്ള പാഥേയമാണ് അനുഭവപാഠങ്ങളിലൂടെ തയാറാക്കിയ ഈ പുസ്തകം.

സുധീര്‍ ബാബുവിന് തന്റെ അറിവും വികാരവും വിചാരവും ലളിതമായി വായനക്കാരനിലേക്കെത്തിക്കാനുള്ള കഴിവ് ഒരു വാശിയോടെയുള്ള സാധനയിലൂടെ വരുംകാലങ്ങളിലും ശക്തമായി വളരട്ടെ എന്നും അങ്ങിനെ ഇനിയും മലയാളികളെ മാനേജ്‌മെന്റ് രംഗത്ത് വിജ്ഞരാക്കാന്‍ കഴിയട്ടെ എന്നുമുള്ള ആശംസകളോടെ അനല്‍പ്പമായ സന്തോഷത്തോടും അഭിമാനത്തോടും കൂടി ഞാന്‍ സഹ്യദയരായ വായനക്കാരുടെയും വാണിജ്യ-വ്യവസായ മേഖലയിലെ സംരംഭകരായി വളരാന്‍ വെമ്പുന്ന യുവസമൂഹത്തിന്റെയും മുന്നില്‍ ഈ ലേഖനസമാഹാരം സമര്‍പ്പിക്കുകയാണ്.

 

Leave a comment