സത്യത്തിന്റെ വെളിച്ചം പൂക്കുന്ന കവിതകള്‍

സാമുവെല്‍ ബെക്കറ്റിന്റെ വിശ്വപ്രസിദ്ധമായ ”ഗോദോയെ കാത്ത്” എന്ന നാടകത്തില്‍ രണ്ടു പേജു നീളവും നിരര്‍ത്ഥപദങ്ങളുടെയും അക്ഷരങ്ങളുടെയും യാന്ത്രികമായ ആവര്‍ത്തനവുമുള്ള ഒരു വാക്യം അടിമയെപ്പോലെ പഠിപ്പും പത്രാസുകളുമില്ലാത്ത, ഉടമയുടെ അടികൊള്ളാനും ഉടലൊടിയാനും വിധിക്കപ്പെട്ട, ഒരു കഥാപാത്രം റെക്കോഡു വെച്ചപോലെ ഉച്ചരിച്ചു തീര്‍ക്കുന്നു. അത് അവന്റെ ”ചിന്തിത”മാണെന്നാണ് വെപ്പ്. ഒരു സ്വനഗ്രാഹിയന്ത്രം, രേഖപ്പെടുത്തപ്പെട്ട ശബ്ദങ്ങള്‍ ഈഷല്‍ഭേദമില്ലാതെ ‘വിസര്‍ജി’ക്കുന്നതു പോലെയാണ് വ്യാപാരി – വ്യവസായി അച്ചുതണ്ട് പതിവായി ഉപയോഗിച്ചു പോരുന്ന ”മാനേജ്‌മെന്റ് ഭാഷ”യോടു അത്യന്ത സദൃശമായ പദഘടനയുള്ള ആ നീണ്ട നിരര്‍ത്ഥവാക്യം യാന്ത്രികമായി ഉച്ചരിക്കപ്പെടുന്നത്. ഭാരം ചുമക്കാന്‍ മാത്രം വിധിക്കപ്പെട്ട അടിയാളരുടെയും കഠിനാധ്വാന-ത്തൊഴിലാളികളുടെയും വര്‍ഗം, മേലാളരുടെ വര്‍ഗം പഠിപ്പിച്ചതുമാത്രം തത്ത പറയുംപോലെ ആവര്‍ത്തിക്കാനല്ലാതെ, സ്വന്തം ബുദ്ധിയുപയോഗിച്ച് ചിന്തിച്ച്, സ്വന്തം ഭാഷയില്‍ സ്വന്തം മനസ്സിന്റെ ചിന്തിതങ്ങള്‍ ഇടിവെട്ടും പോലെ ഗര്‍ജിച്ച്, മേലാളരെ വിറപ്പിക്കാനും വിളര്‍പ്പിക്കാനും വിയര്‍പ്പിക്കാനും ശക്തരാകുന്നില്ല എന്ന ധ്വനിയുണ്ട് ആ നീണ്ടവാക്യത്തിന്. കരബലവും വരബലവും അധികാരബലവും ആയുധബലവുമില്ലാത്ത അടിയാളരെ അവയെല്ലാം കയ്യാളുന്ന ഉടമവര്‍ഗം വാക്കിലും നാക്കിലും നോക്കിലുമെല്ലാം കടിഞ്ഞാണിട്ട് തെളിച്ചുകൊണ്ടുപോകുന്നു. സത്യങ്ങള്‍ പറയാന്‍ വാക്കുകള്‍ക്ക് ഒടുങ്ങാത്ത നീളവും വക്രതകളും ആവശ്യമില്ലെന്നും ഋജുവായ കുറുവാക്യങ്ങള്‍ മതിയെന്നും കൂടി നല്ല കാര്‍ട്ടൂണുകള്‍ക്കുള്ള മൂര്‍ച്ചയോടെയും തീര്‍ച്ചയോടെയും ആ കഥാപാത്രത്തിന്റെ ചിത്രം വ്യംഗ്യഭാഷയില്‍ നമ്മോടു പറയുന്നു. ഇത് ‘സനാതനം’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വസ്തുതയാണ്. ഉള്ളില്‍ ശരിക്കും ‘ഉള്ളത്’ എന്നു പറയാവുന്ന സത്യങ്ങള്‍ ഊന്നിപ്പറയാന്‍ കുന്നിക്കുരു പ്രായത്തിലുള്ള ചുരുക്കം വാക്കുകള്‍ മതി. ഇല്ലാത്തതും അറിയാത്തതും അറിയാനാവാത്തതും പറഞ്ഞൊപ്പിക്കാനാണ് ഏറെ വാക്കുകള്‍ ദുര്‍വ്യയം ചെയ്യേണ്ടി വരുന്നത്.

കവിതയുടെ മൂല്യം വാക്യത്തിന്റെ ദൈര്‍ഘ്യം കൊണ്ടുമാത്രമോ, ഋജുതയെ ഒഴിവാക്കുന്ന വക്രതകള്‍ കൊണ്ടുമാത്രമോ അല്ല അളക്കേണ്ടതെന്ന തത്ത്വം നമ്മുടെ നാട്ടില്‍ പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ‘കാവ്യജീവിത’ത്തെ നിര്‍വചിക്കാന്‍ വക്രോക്തിപദം ഉപയോഗിച്ചവരും, നടക്കുന്നതിലെ പദം വെക്കലും നൃത്തം ചെയ്യുന്നതിലെ പദം വെക്കലും പോലുള്ള വിന്യാസഭേദങ്ങളെയാണ് സൂചിപ്പിച്ചത്. ഹിരണ്മയപാത്രം കൊണ്ടെന്ന പോലെ, അര്‍ത്ഥത്തെ കൂടുന്നതിനാല്‍ ഉളവാകുന്ന അജ്ഞേയതയോളമെത്തുന്ന അപാവരണക്ലേശത്തെയല്ല. രസാത്മകമായാല്‍ ഒറ്റവാക്യവും കവിതയാവും എന്ന വ്യാഖ്യാനവും വാക്യം രസാത്മകം കാവ്യമെന്ന നിര്‍വചന സ്വഭാവമനുസരിച്ച് പ്രസക്തം തന്നെ. വൈദിക കാലഘട്ടത്തില്‍ വാക്യങ്ങളില്‍ വിന്യസ്തമായ പ്രതീകാത്മകത രസഭാവവസ്തു ധ്വനികളെ ലക്ഷ്യമാക്കുന്നവയാണ്. അജ്ഞേയതയെ ആരും ലക്ഷ്യമാക്കാനിടയില്ല. ജ്ഞേയമായാല്‍ മാത്രമേ രസഭാവവസ്തു ധ്വനികള്‍ അനുഭൂതമാവൂ എന്നതു തന്നെ ഹേതു. കാലം പോകപ്പോകെ രചനാകാലത്ത് വാക്കുകള്‍ക്കു നിലവിലുണ്ടായിരുന്ന അര്‍ത്ഥവ്യാപ്തികള്‍ മാഞ്ഞുപോയതാണ് പില്ക്കാലത്ത് ചില വാക്യങ്ങളെ പ്രഹേളികാ തുല്യമാക്കി മാറ്റിത്തീര്‍തെന്ന് ഊഹിക്കാം.
‘ഗോദോ’ – നാടകത്തിലെ നെടുനീളമുള്ള വാക്യം നിരര്‍ത്ഥപദസംഘാത മാണെങ്കിലും അത് അങ്ങനെയായിരിക്കുക എന്ന അവസ്ഥകൊണ്ടുതന്നെ നിലവിലുള്ള പല ജല്പനങ്ങളെയും വിപരീതലക്ഷണയിലൂടെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിലൂടെ ഹാസ്യരസധ്വനനം നിര്‍വഹിക്കുന്നുണ്ട്.

മലയാളത്തിലെ ഒരു ചെറുകവിതാ സഞ്ചയത്തിന്റെ പ്രകൃതത്തില്‍ ഈ വിദേശീയ നാടകകഥയ്‌ക്കെന്തു പ്രസക്തി? പ്രസക്തിയുണ്ട്. അക്ഷരവ്യക്തിയോ, അര്‍ത്ഥോപപത്തിയോ, വൃത്തവ്യവസ്ഥയോ, കൂടാതെ സവിശേഷപദസഞ്ചയം നെടുനീളം നിരത്തിയാല്‍ കവിതയാകുമെന്ന ധാരണയുടെ ഉത്പന്നങ്ങളായ മുദ്രിതകള്ളനോട്ടുകള്‍ സാഹിത്യവിപണിയില്‍ മൂല്യവത്തായവയോടൊപ്പം പ്രചരിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. വിപരീതലക്ഷണയെന്ന ശബ്ദവ്യാപാരവും ഇപ്രകാരം, രത്‌നങ്ങളും കൃത്രിമമണികളുംപോലെ, പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് സൂക്ഷ്മദൃഷ്ടിയോടെയുള്ള വിവേചനം വേണമെന്നാണ് സൂചിപ്പിക്കുന്നത്.
ഈ കവിതാ സഞ്ചയത്തില്‍ പദങ്ങളെ നെടുനീളം നിരത്തി ഒടിച്ചു മടക്കുന്ന പ്രക്രിയ തീരെയില്ല. എല്ലാം കുറും കവിതകളാണ്. രൂപത്തില്‍ കുറുകിയവ; ആശയത്തില്‍ കുറുക്കിയെടുത്തവ. പലതും മൊഴിമുത്തികള്‍ എന്നു വിശേഷിപ്പിക്കാവുന്ന രീതിയില്‍ ധ്വനി മുഴുക്കുന്നവ. ദൈവം, ഗുരുവിന്റെ ചോദ്യം, അവകാശസമരങ്ങള്‍, യൂദാസ്, കര്‍ത്താവിന്റെ തിരോധാനം, പഠനം, ശവം, തുരുത്തുകള്‍, സാത്താന്റെ ആയുധം, നവമനുഷ്യന്‍, മറന്ന പാതകള്‍, ലിവിംഗ് ടുഗെതര്‍, എന്റെ വിപ്ലവം, കര്‍മം, ലക്ഷ്യം, മൂന്നാമത്തെ വാക്ക്, ഈ നിമിഷം, ഈ ഭൂമി എത്ര മാറി…, മൂല്യമുള്ള വസ്തു, വിളക്കുമരങ്ങള്‍…. ഇപ്രകാരം പലതും ജഗത്തിലെ വസ്തുക്കളോ, വസ്തുതകളോ ആയിരിക്കെത്തന്നെ മുമ്പെങ്ങും അവയെ കണ്ടിട്ടില്ലാത്തവിധത്തില്‍ അവ പുതിയ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നു. ഇല്ലാത്തതിനെ മൂര്‍ത്തിമത്തായും ദീപ്തിചൊരിയുന്നവയായും കാണുക; ഉള്ളതിനെ തമോഗര്‍ത്തത്തിലാണ്ടു പോയെന്ന പോലെ കാണാതിരിക്കുക – മര്‍ത്യാസ്തിത്വത്തിന്റെ ഈ വ്യാപ്തിയും പരിമിതിയും ആണ് മര്‍ത്യന്റെ സൃഷ്ടികള്‍ക്കുള്ള വ്യാപ്തിയും പരിമിതിയും നിയമിക്കുന്നത്; എമ്പാടും പ്രഹേളികകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പ്രഹേളികകളും വൈരുദ്ധ്യങ്ങളും ആണ് ഈ കവിതാസഞ്ചയത്തിലെ ഭൂരിപക്ഷം രചനകളിലെ വസ്തുക്കളും വസ്തുതകളും. അവയില്‍ കാലഘട്ടത്തോടു ബന്ധപ്പെട്ട അവസ്ഥാവിശേഷങ്ങളാണ് ഭൂരിഭാഗം – ഗണ്യമായ ഒരു വിഭാഗം മാനവചരിത്രത്തില്‍ സമീപകാലത്ത് വികസിച്ച ചില പ്രവണതകളാണ്.

ബോധോദയം എന്ന സ്‌ഫോടനാത്മകമായ പരിണാമം മനുഷ്യമനസ്സില്‍ സംഭവിച്ചതിനുശേഷം എങ്ങിനെ എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍ ഉയരുകയും കാരണകാര്യബന്ധം വിശ്വവ്യാപകമായ ഒരു പ്രതിഭാസമാണെന്നും ആദികാരണമായി ഒരു സത്തയുടെ സാന്നിധ്യം അനിവാര്യമാണെന്നും ഉള്ള വിശ്വാസത്തിന്നു വേരുറച്ചു. മനുഷ്യന്റെ നിയന്ത്രണത്തിന്നതീതമായ ആധിഭൗതികവും ആധിദൈവീകവുമായ (ഭൂവിനോടും ദ്യോവിനോടും ബന്ധപ്പെട്ടവ) ശക്തികളെ ആരാധിച്ചാല്‍ അവ മൂലമുണ്ടാകുന്ന ആപത്തുകളില്‍ നിന്നു മോചനം ലഭിക്കുമെന്ന പ്രത്യാശനാമ്പിടുകയും ആ ശക്തികളോടുള്ള പ്രണമ്രത – വിധേയത – ഭക്തി മാനവമനസ്സിലെ മൗലികവൈകാരിക പ്രവണതകളിലൊന്നായിത്തീരുകയും ചെയ്തു. സാമാന്യരില്‍ നിന്നു വ്യത്യസ്തരായ, അമാനുഷമെന്നു സാമാന്യരില്‍ അവ ബോധമുളവാക്കിയ ചില വ്യക്തികള്‍ ഈ ശക്തികളുടെ പ്രവക്താക്കളും പ്രതിനിധികളുമായി വിവിധ മാനുഷഗണങ്ങളെ നയിക്കുന്ന നായകന്മാരായി ഭവിക്കുകയെന്നത് ചരിത്രപരമായ ഒരു സ്വാഭാവിക പരിണാമം മാത്രമാണ്. സര്‍വശക്തനായ ഏക നിയന്താവിന്റെ സന്ദേശവാഹകര്‍ മാത്രമാണ് തങ്ങളെന്ന് പ്രഖ്യാപിക്കുവാനും മനുഷ്യരെ അന്യോന്യം അടുപ്പിക്കുവാനും അവര്‍ ശ്രദ്ധിച്ചിരുന്നു. അന്യോന്യം അടുപ്പിക്കുന്ന സ്‌നേഹസഹകരണ കാരുണ്യാദികള്‍ മനുഷ്യമനസ്സില്‍ വികസിപ്പിക്കാന്‍ ശ്രമിച്ച അവര്‍ അവയുടെ കേവലരൂപമായ ഭക്തിയെ മനുഷ്യര്‍ തമ്മില്‍ അടിപ്പിക്കാനുള്ള ഒരു വികാരമായി വിഭാവനം ചെയ്യുകയുണ്ടായിട്ടില്ല. എങ്കിലും അനുയായികള്‍ അന്യോന്യം അടിക്കാനുള്ള ഹേതുവായി. 
മതങ്ങളുടെ പേരിലുള്ള ദ്രോഹവിചാരണകളും, ഘോരപീഢനങ്ങളും യുദ്ധങ്ങളും വര്‍ണഭേദത്തിന്റെയും വര്‍ഗഭേദത്തിന്റെയും ഭൂസ്ഥിതിപരമായ സ്വത്വ (രാജ്യം)ത്തിന്റെയും പേരിലുണ്ടായവയേക്കാള്‍ ഒട്ടും കുറവല്ല. ഭൗതികശാസ്ത്രങ്ങളും യുക്തിവിചാരവും വികസിച്ച ആധുനികയുഗത്തില്‍ വിശ്വാസത്തിന്‍ പേരിലുള്ള ശത്രുതകളും യുദ്ധങ്ങളും കുറഞ്ഞുകുറഞ്ഞു വരേണ്ടതാണ്. എന്നാല്‍ കുറയുന്നതല്ല, കൂടിക്കൂടി വരുന്നതാണ് നമ്മുടെ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യം – അതിനെ ആധാരമാക്കിയുള്ള വിപരീതലക്ഷണാ വ്യാപാരബദ്ധമായ നിരീക്ഷണങ്ങള്‍ ഈ സഞ്ചയത്തിലെ വലിയൊരു വിഭാഗമാണ്. സാത്താന്റെ ആയുധം, നവമനുഷ്യന്‍, ബാക്കിയായവര്‍, ദിശാസൂചിക, ഈ ഭൂമി എത്ര മാറി, മതമൊരു നുണയല്ല, സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നവര്‍…. മുതലായവ മതത്തിന്റെ പേരിലുള്ള വൈരുദ്ധ്യത്തിന്റെ നേര്‍ക്ക് എയ്തുവിടുന്ന വാക്ശരങ്ങളാണ്. 

നിര്‍ലക്ഷ്യമായ നിരര്‍ത്ഥപദങ്ങള്‍ നെടുനീളം നിരത്തി നിഷ്ഫലതയിലെ അഭ്യാസമായി വാങ്മയത്തെ നയിക്കുന്ന പ്രക്രിയയെ കവിതയെന്നു വിളിച്ച് കവിയെന്ന മേല്‍വിലാസം നേടാനുള്ള ഉദ്യമങ്ങള്‍ ഇവിടെ കാണുന്നില്ല – സാമൂഹികമാനങ്ങളുള്ള ഇത്തരം വൈരുദ്ധ്യങ്ങള്‍ക്കു പുറമെ വ്യക്തിഗതങ്ങളായ അല്പത്തങ്ങളും വൈരുദ്ധ്യങ്ങളും ചികഞ്ഞെടുത്ത് അവയുടെ പിറവി മുഹൂര്‍ത്തത്തിലെ നഗ്നയാഥാര്‍ത്ഥ്യ സ്വരൂപത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലാളിത്യം കൊണ്ടും സത്യദീപ്തികൊണ്ടും ഹൃദയംഗമമാകുന്നതോടൊപ്പം മാഞ്ഞുപോകാത്ത അനുഭവരേഖകള്‍ കൊത്തിവെക്കയും രുഗ്ണത ബാധിക്കാതിരിക്കാനുള്ള ഔഷധകണങ്ങള്‍ കുത്തിവെക്കയും ചെയ്യുന്നു.

അകമേ പരിണാമം വരുത്തി സ്വാസ്ഥ്യം നരര്‍-

ക്കരുളാന്‍ കവിതപോല്‍ മറ്റുണ്ടോ ശുശ്രൂഷിക? (സാവിത്രി വൈലോപ്പിള്ളി)

എന്ന് ഉറക്കെ ച്ചോദിച്ച കവി. കവിതയ്ക്കു സൗന്ദര്യമൂല്യം തികയുന്നത് മാനവചേതസ്സിനെ ഉത്കര്‍ഷത്തിലേക്കുയര്‍ത്താന്‍ ശക്തമാവുമ്പോഴാണെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുക കൂടി ചെയ്യുന്നു. താദൃശ ഗുരുകവികളെ പിന്‍ ചെല്ലുമ്പോഴാണ് കവിതകള്‍ ദീപസ്തംഭങ്ങളാവുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്നായ വിശപ്പും അതു ശമിപ്പിക്കാനനുവദിക്കാത്ത ദാരിദ്ര്യവും അനുഭവിക്കുന്ന നിസ്വവര്‍ഗത്തിന്റെയും, മൂന്നുവാക്കുച്ചരിച്ച് പൊടി തട്ടി ഇറങ്ങിപ്പോകുന്നവന്‍ മൂന്നാം വാക്കോടെ ഇറക്കി വിടുന്ന നിരാലംബവര്‍ഗത്തിന്റെയും, അമ്മ-പെങ്ങള്‍-മകള്‍ തുടങ്ങിയ സ്വത്വങ്ങള്‍ നഷ്ടപ്പെട്ട് വെറും ‘ഇര’യായി മാറുന്ന പീഡിതവര്‍ഗത്തിന്റെയും വക്താവാകുമ്പോള്‍ വൈരുദ്ധ്യങ്ങളെ കണ്ണീരിന്റെ ഉറവയാക്കുന്നതിലുള്ള ഉത്കണ്ഠയിലും കവി പിന്‍ ചെല്ലുന്നത് കവിതയെ ശുശ്രൂഷികയായി അഭിദര്‍ശിച്ച കവിയെതന്നെ പ്രായേണ വൈരുദ്ധ്യങ്ങളെ ഉപഹാസത്തിനോ അപഹാസത്തിനോ കരുക്കളാക്കുന്ന രീതിക്ക് ഈ കവിതാഗണത്തില്‍ മുന്‍കയ്യുണ്ടെങ്കിലും ദാരുണസത്യങ്ങളെ ലഘൂകരിക്കുന്ന ഉത്താനത രചനകളെ ബാധിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ കൊലയ്ക്കിരയാവുന്ന വ്യക്തിയുടെ കണ്ണില്‍ ആദ്യം തെളിയുന്ന മുഖം ഓമനക്കുഞ്ഞിന്റേതാണെന്ന നിരീക്ഷണം രക്തസാക്ഷികളെ പാര്‍ട്ടി വളര്‍ത്താനുള്ള ഉപകരണങ്ങളായി കാണുന്നവരുടെ കണ്ണു തുറപ്പിക്കാനുതകിയില്ലെന്നു വരാമെങ്കിലും, സത്യത്തിന്റെ വെളിച്ചമാണ് ആ നീരിക്ഷണത്തില്‍ പൂക്കുന്നത്.

”ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍

ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി” (നക്ഷത്രഗീതം ജി.)

എന്ന് ധന്യത കൊള്ളുന്ന നക്ഷത്രം പോലെയാണ്, ‘കര്‍മ്മ’മെന്ന കവിതയിലെ മരത്തിന്റെ കര്‍മയോഗാനുഷ്ഠാനം. തൊലി ചെത്തിയ കുട്ടികള്‍ക്കും പോടുണ്ടാക്കി ദേഹത്തെ വ്രണപ്പെടുത്തിയ കിളികള്‍ക്കും കല്ലെറിഞ്ഞു പരിക്കേല്പിച്ചവര്‍ക്കുമെല്ലാം വേണ്ടി മരം തളിര്‍ക്കുന്നു, പൂക്കുന്നു, കായ്ക്കുന്നു – തണല്‍ കൊണ്ടു തളര്‍ച്ച തീര്‍ത്തു കൊടുക്കുന്നു. കൂടുകെട്ടാനിടം കൊടുക്കുന്നു – വിശപ്പകറ്റാന്‍ ഫലങ്ങള്‍ വിളമ്പി കൊടുക്കുന്നു – ജീവനുള്ള മരങ്ങളെപ്പോലെ തന്നെ, മരിച്ചു കഴിഞ്ഞതിനുശേഷവും, വെളിച്ചം തൂകുന്ന വിളക്കുകള്‍ക്ക് ആധാരമായി കാറ്റും മഴയും മഞ്ഞുമേറ്റും കൊണ്ട് വെളിച്ചം പൂക്കുന്ന ചിരി തൂകിക്കൊണ്ടു വിളക്കു മരങ്ങള്‍ നില്ക്കുന്നു. ഇത്തരം ബിംബകല്പനകള്‍ കൊണ്ട് സമൃദ്ധവും ധന്യവുമായിത്തീരുന്ന ഈ കവിതാപാദപങ്ങളും ”വെളിച്ചം പൂക്കുന്ന’വ തന്നെ.

 

 

Leave a comment