“അനുഭവശാല”യുടെ വാതിലുകള്‍ തുറക്കുക

“കംഗാരു ബിസിനസ്” എന്ന കോണ്‍സെപ്റ്റ് മുന്‍പൊരിക്കല്‍ ഞാന്‍ എഴുതുകയുണ്ടായി. ബിസിനസുകള്‍ക്ക് സ്റ്റാര്‍ട്ട്‌ അപ്പുകളെ തങ്ങളുടെ തണലില്‍ നിര്‍ത്തി വലുതാക്കുവാന്‍ കഴിയുന്ന ഒരു ആശയമാണ് അതിലൂടെ പങ്കുവെച്ചത്. ഒരു കംഗാരു തന്‍റെ കുട്ടിയെ ഉദരസഞ്ചിയില്‍ പേറി നടക്കുന്നത് പോലെ വലിയ ബിസിനസുകള്‍ക്ക് തുടക്ക ബിസിനസുകളെ “സഹായിക്കുവാന്‍ കഴിയും. നവ ബിസിനസ് ആശയങ്ങളുമായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുന്ന മിടുക്കര്‍ക്ക് ബിസിനസ് ലോകത്തിലേക്കുള്ള വാതിലുകള്‍ തുറന്നു നല്‍കുവാന്‍ വിജയിച്ച സംരംഭകര്‍ക്ക് കഴിയും. സ്റ്റാര്‍ട്ട്‌ അപ്പുകളില്‍ നിക്ഷേപിക്കുന്നതിലുപരി അവര്‍ക്കാവശ്യമായ അന്തര്‍ഘടനാ (Infrastructure) സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഇത്തരം സംരംഭകര്‍ക്ക് കഴിയും.

വളക്കൂറുള്ള മണ്ണും നല്ല പ്രകൃതി സാഹചര്യങ്ങളും ഒത്തുവന്നാല്‍ മികച്ച വിളവ്‌ ലഭിക്കും. അതു പോലെതന്നെയാണ് നാം നവ സംരംഭങ്ങള്‍ക്കായി ഒരുക്കിക്കൊടുക്കുന്ന പരിതസ്ഥിതിയും. സംരംഭങ്ങളുടെ വളര്‍ച്ചക്ക് നാം സമൂഹത്തില്‍ സൃഷ്ട്ടിക്കുന്ന ആവാസവ്യവസ്ഥക്ക് അതീവ പ്രാധാന്യമുണ്ട്. ഓരോ ബിസിനസും സ്വയം നിലനില്ക്കുകയും മറ്റുള്ളവയ്ക്ക് താങ്ങാവുകയും ചെയ്യുമ്പോള്‍ അദൃശ്യമായ ഒരു ആത്മബന്ധം സംരംഭക സമൂഹത്തില്‍ ഉടലെടുക്കുന്നു. ഒരു ആവാസവ്യവസ്ഥയിലെ ജീവികള്‍ക്ക് അവ വ്യത്യസ്ത സ്പിഷീസുകളായാല്‍ പോലും ഇത്തരമൊരു സ്വയം തിരിച്ചറിയാത്ത, പ്രകൃതി ഇണക്കിച്ചേര്‍ക്കുന്ന ആത്മബന്ധമുണ്ട്.

സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം

ഒരു ബിസിനസുകാരന്‍ സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമായി ഇത് മാറണം. ഒരു നിയമത്തിനും ഒരു സാമൂഹ്യ വ്യവസ്ഥിതിക്കും ഇത് അടിച്ചേല്‍പ്പിക്കുവാന്‍ സാധിക്കുകയില്ല. ഒരാള്‍ മറ്റൊരാള്‍ക്ക്‌ തണലാകണമെങ്കില്‍ അയാള്‍ തന്നെ വിചാരിക്കേണ്ടതുണ്ട്. ഇതൊരു പരസ്പര വ്യവഹാരമാണ്. രണ്ടു കൂട്ടര്‍ക്കും ഗുണകരമായ ഒരു ഇടപാട്. ഹോം അപ്ലയന്‍സസ് വില്‍ക്കുന്ന ഒരു കച്ചവടക്കാരന്‍ തന്‍റെ ബിസിനസിന്‍റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു സ്റ്റാര്‍ട്ട്‌അപ്പിന് കൂടി ഉപയോഗിക്കുന്നുവെന്ന് കരുതുക. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ട്‌ അപ്പ്‌ എന്നത് അദ്ദേഹത്തിന് സ്വയം ആരംഭിക്കുവാന്‍ സാങ്കേതിക പരിജ്ഞാനമോ നിപുണതയോ ഉള്ള ഒരു മേഖല അല്ല. അത്തരമൊരു സ്റ്റാര്‍ട്ട്‌ അപ്പിന് അവസരമൊരുക്കുന്നതോടെ ഒരു ന്യൂ ജനറേഷന്‍ ബിസിനസിന്‍റെ ഭാഗമാകുവാന്‍ അവസരമൊരുങ്ങുന്നു. താന്‍ നല്‍കുന്ന സഹായങ്ങള്‍ ഓഹരിയാക്കി മാറ്റി ബിസിനസിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടക്കാന്‍ “കംഗാരു ബിസിനസ്” എന്ന കോണ്‍സെപ്റ്റ് ബിസിനസുകാരനെ സഹായിക്കുന്നു.

ഊരറിയുന്ന വഴികാട്ടി

അപരിചിതമായ പ്രദേശങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോള്‍ നാടും നാട്ടുവഴികളുമറിയുന്ന ഒരു വഴികാട്ടി നമുക്കൊപ്പമുണ്ടെങ്കില്‍ ആ യാത്ര കൂടുതല്‍ ആയാസരഹിതവും ഭയരഹിതവുമാകും. വഴികാട്ടിയുടെ അറിവും കഴിവും അനുഭവങ്ങളും നമ്മെ നയിക്കും. ജീവിതത്തിലും ഇത് പ്രാവര്‍ത്തികമാണ്. നമുക്ക് മുന്നേ പാത താണ്ടിയവര്‍ നമുക്കൊപ്പമുണ്ടെങ്കില്‍ അത് നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും മറ്റൊന്നാണ്. കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങളെ കാണുവാനും അപഗ്രഥിക്കുവാനും തീരുമാനങ്ങളെടുക്കുവാനും പരിചയസമ്പന്നരുടെ സാമീപ്യവും സഹായവും നിര്‍ദ്ദേശങ്ങളും നമ്മെ സഹായിക്കുന്നു.

ബിസിനസുകാരന്‍ ഒരു വഴികാട്ടിയാണ്

പിന്നാലെ കടന്നു വരുന്നവരുടെ മാര്‍ഗ്ഗദര്‍ശിയാണ് മുന്നേ നടന്നുപോയ ബിസിനസുകാരന്‍. പാതയിലെ ദുര്‍ഘടങ്ങളെ മറികടന്നയാള്‍. ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ നേരിട്ട് ലക്ഷ്യസ്ഥാനം പ്രാപിച്ചയാള്‍. അനുഭവങ്ങള്‍ ബിസിനസുകാരനെ അറിവിന്‍റെ അക്ഷയഖനിയാക്കി മാറ്റുന്നു. ഇതയാള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഇതൊരു യാഥാര്‍ത്ഥ്യമാണ്. ബിസിനസുകളിലേക്ക് കടന്നു വരുന്ന പുതുതലമുറക്ക്‌ വഴികാട്ടിയാകുവാന്‍ ഇത്തരം ഓരോരുത്തര്‍ക്കും കഴിയും. അനുഭവങ്ങളുടെ ആഴം  ഓരോ ബിസിനസുകാരനേയും മഴയും വെയിലുമേറ്റ് ദൃഡമായ ഒരു വൃക്ഷം പോലെയാക്കുന്നു.

ആയിരം പുസ്തകങ്ങള്‍

പ്രായോഗിക അനുഭവങ്ങളുള്ള ഒരു ബിസിനസുകാരന്‍ ആയിരം പുസ്തകങ്ങള്‍ക്ക് തുല്യമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സ്വാംശീകരിക്കപ്പെട്ട അനുഭവങ്ങള്‍ ബിസിനസുകാരനെ വിജ്ഞാനത്തിന്‍റെ ഖനിയാക്കുന്നു. അനന്തമായ അറിവിന്‍റെ ഈ സാഗരം ഓരോരുത്തരിലും വ്യത്യസ്തമാകുന്നു. നിങ്ങള്‍ ശ്രദ്ധിക്കൂ, ആ വ്യത്യസ്തത നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഓരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അനുഭവങ്ങള്‍ വ്യത്യസ്തമാണ്. കടന്നു പോന്ന പാതകള്‍ വ്യത്യസ്തമാണ്. ഒരേ കടലല്ല അവരോരോരുത്തരും നീന്തി കടന്നിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട ഒരു പരിണാമ പ്രക്രിയ നമുക്കിവിടെ ദര്‍ശിക്കാം. ജീവിതത്തിന്‍റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. ഒരു കാടിന്‍റെ വൈവിധ്യവും അത് നല്‍കുന്ന അനുഭവങ്ങളും നമുക്ക് ചിന്തിക്കാന്‍ കഴിയും. ബിസിനസിന്‍റെ വന്യതയും ദുര്‍ഘടങ്ങളും കുളിരും ഒക്കെ താണ്ടിയുള്ള ഒരു യാത്രയാണ് ബിസിനസുകാരന്‍റെതും.

അനുഭവശാല

ബിസിനസുകാരന്‍റെ അറിവുകളുടെ ഈ ജൈവസമാഹാരത്തെ “അനുഭവശാല” എന്നു വിളിക്കാന്‍ എനിക്കു തോന്നുന്നു. അറിവുകള്‍ നിറച്ചിരിക്കുന്ന പുസ്തകങ്ങള്‍ തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കുന്ന ഒരു വായനശാല (Library) പോലെ ഒരു “അനുഭവശാല” യാണ് ഓരോ ബിസിനസുകാരനും. വായനശാലയിലെ പുസ്തകങ്ങള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നു. അറിവുകള്‍ തലമുറകളായി പകര്‍ന്നു നല്കപ്പെടുന്നു. പക്ഷേ ഒരു ബിസിനസുകാരന്‍ സ്വാംശീകരിക്കുന്ന വിജ്ഞാനം ഒരിടത്തും സംഭരിക്കപ്പെടുന്നില്ല. പലപ്പോഴും അത് പകര്‍ന്നു നല്കപ്പെടുന്നുമില്ല. എത്രയോ തലമുറകള്‍ക്ക് വെളിച്ചമാകുവാന്‍ സാധിക്കുന്ന അറിവുകള്‍ മണ്മറഞ്ഞുപോകുന്നു. അനുഭവശാലകള്‍ അറിവുകള്‍ പകര്‍ന്നു നല്‍കുവാന്‍ തുടങ്ങുന്നതോടെ സാമ്പത്തിക സമൂഹം ശാക്തീകരിക്കപ്പെടുന്നു.

ബിസിനസ് മെന്റോറിംഗ്

ബിസിനസ് മെന്റോറിംഗിലൂടെ അനുഭവശാലകളിലെ അറിവ് നമുക്ക് മറ്റുള്ളവരിലേക്ക് പകര്‍ത്താം. നാം നേരത്തെ ചര്‍ച്ച ചെയ്തത് പോലെ ഓരോ ബിസിനസിനും മറ്റൊന്നിനെ തന്‍റെ ഉദരസഞ്ചിയില്‍ പേറാം. അതിന്‍റെ നിലനില്‍പ്പിനേയും വളര്‍ച്ചയേയും പിന്താങ്ങാം. ഇതു പോലെ ഓരോ ബിസിനസുകാരനും ഈ പുതിയ ഭൂമിയിലേക്ക്‌ കാലെടുത്തു വെക്കുന്ന നിരവധിപ്പേരെ ഒരു ദീപസ്തംഭത്തെ പോലെ വഴികാട്ടുവാന്‍ കഴിയും.

നിരന്തരമായ പരീക്ഷണഘട്ടങ്ങളിലൂടെയാണ് ബിസിനസുകാരന്‍ കടന്നു പോകുന്നത്. പുതിയതായി കടന്നു വരുന്നവര്‍ ഇറങ്ങുന്ന പുഴയുടെ ആഴത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. വെല്ലുവിളികളെ നേരിട്ട് ശീലമില്ലാത്തവരാണവര്‍. വലിയ സ്വപ്നങ്ങളുള്ളവര്‍ പക്ഷേ അനുഭവങ്ങളുടെ അഭാവമുള്ളവര്‍. പെട്ടെന്ന് തന്നെ അവര്‍ നിരാശക്ക് അടിമപ്പെടാം. തങ്ങള്‍ ചിന്തിച്ച ഒരു ലോകമല്ല ഇതെന്ന് ആശ്ചര്യപ്പെടാം. അപ്രതീക്ഷിതമായ തിരിച്ചടികളില്‍ തകര്‍ന്നു പോകാം. അനുഭവസമ്പന്നനായ ബിസിനസുകാരന്‍റെ മാനസികാവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ മാനസികാവസ്ഥയാണ് അവരുടേത്. ഈ ദൂരം കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

എന്താണ് ബിസിനസ് മെന്റോറിംഗ്?

അനുഭവസമ്പത്തുള്ള പരിചിതസമ്പന്നനായ ഒരു ബിസിനസുകാരന്‍ ബിസിനസില്‍ അനുഭവസമ്പത്തോ അറിവോ കുറവുള്ള മറ്റ് ബിസിനസുകാരെ അവരുടെ ലക്‌ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിക്കുന്നതിനെ ബിസിനസ് മെന്റോറിംഗ് എന്ന് നമുക്ക് വിവക്ഷിക്കാം.

ബിസിനസ് മെന്‍റ്റോര്‍ ഒരു “മാര്‍ഗ്ഗദര്‍ശി”യാണ്. മെന്റോറിംഗ് നടത്തുന്നയാളെ “മെന്‍റ്റോര്‍” (Mentor) എന്നും അതിനു വിധേയനാകുന്നയാളെ “മെന്റി” (Mentee) എന്നും വിളിക്കാം. ഉപദേശകന്‍ എന്ന് വിളിക്കുന്നതിലുപരി മാര്‍ഗ്ഗദര്‍ശി എന്ന പദം തന്നെയാണ് മികച്ചത്. കാരണം മെന്‍റ്റോര്‍ വെറുമൊരു ഉപദേശകന്‍ അല്ല മറിച്ച് ഒരു വ്യക്തിയെ അയാളുടെ വ്യക്തിത്വ വികസനത്തിനും ലക്ഷ്യസമ്പാദനത്തിനും മുന്നോട്ടു നയിക്കുന്ന അപൂര്‍വ്വ വ്യക്തിത്വമാണ്.

മെന്‍റ്റോര്‍ എന്ന വ്യക്തി

ആരാണ് മെന്‍റ്റോര്‍? എന്ന ചോദ്യം ഒരൊറ്റ വിശേഷണത്തില്‍ ഒതുക്കുവാന്‍ സാധിക്കുകയില്ല. മെന്‍റ്റോര്‍ വിശ്വസ്തനായ, അനുഭവസമ്പത്തുള്ള ഒരു മാര്‍ഗ്ഗദര്‍ശിയാണ്, ഒരു സുഹൃത്താണ്, ഒരു അദ്ധ്യാപകനാണ്, വിവേകവും യുക്തിബോധവുമുള്ള വ്യക്തിയാണ്. തന്‍റെ അറിവും അനുഭവങ്ങളുടെ കാമ്പും നേടിയ നിപുണതകളും പകര്‍ന്നു നല്കാന്‍ താല്പ്പര്യമുള്ള, തയ്യാറായ, കെല്പ്പുള്ള ഒരാളാവണം മെന്‍റ്റോര്‍.

ബിസിനസുകാരന്‍ മെന്‍റ്റോര്‍ ആകുമ്പോള്‍ ബിസിനസിലേക്ക് കടന്നു വരുന്ന ഒരു മെന്റിക്ക് അത് ആത്മധൈര്യം പകരുന്നു. ബിസിനസിനെ അനുഭവിക്കാതെ ഉപദേശങ്ങള്‍ നല്‍കുന്ന ഒരാളെപ്പോലെയല്ല ബിസിനസിനെ അറിഞ്ഞ ഒരാള്‍. അനുഭവശാല എന്ന്  പറഞ്ഞതിന്‍റെ പ്രസക്തി ഇവിടെ സൂചിപ്പിക്കുവാന്‍  ഞാന്‍ ആഗ്രഹിക്കുന്നു. അനുഭവമില്ലാത്ത ഒരാള്‍ പകര്‍ന്നു നല്കുന്നത് താന്‍ കേട്ടതും കണ്ടതും വായിച്ചതുമായ അറിവുകളാണ്. ഇതും അനുഭവങ്ങളിലൂടെ വേട്ടയാടിപ്പിടിച്ച അറിവും തമ്മില്‍ സൂര്യനും ഭൂമിയും തമ്മിലുള്ള അകലമുണ്ട്. കാട്ടില്‍ ജീവിച്ചവനുള്ള അറിവ് കാടിനെക്കുറിച്ച് കേട്ടവനുണ്ടാവില്ല.

മെന്‍റ്റോറിന്‍റെ കടമ

തന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം കാംക്ഷിച്ച് എത്തുന്ന വ്യക്തിയെ നേരായ പാതയിലൂടെ നയിക്കുക എന്ന വലിയൊരു കടമ മെന്‍റ്റോര്‍ക്കുണ്ട്. മെന്‍റ്റോറിംഗ് താത്കാലികമായ ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുകയല്ല. മെന്റിയുടെ വ്യക്തിത്വവികാസം മെന്‍റ്റോറിന്‍റെ വെല്ലുവിളിയാണ്. പ്രശ്നങ്ങളുടെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ മാത്രം മേന്റോറിനെ വിശേഷിപ്പിക്കുവാന്‍ കഴിയുകയില്ല. പ്രശ്നങ്ങളെ സ്വയം നേരിടാനും പരിഹരിക്കാനും മെന്റിക്ക് കഴിയുന്ന രീതിയില്‍ അയാളെ വളര്‍ത്തിയെടുക്കുക എന്ന കടമയാണ് മെന്‍റ്റോര്‍ക്കുള്ളത്.

ബിസിനസിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന മെന്റിയെ കൈപിടിച്ച് മുന്നോട്ട് കടത്തിവിടുക എന്ന അതീവ ശ്രമകരമായ ഒരു ദൗത്യം മെന്‍റ്റോര്‍ക്ക് മുന്നിലുണ്ട്. മെന്റിയെ പ്രചോദിപ്പിച്ച് പ്രയാണത്തില്‍ നിന്നും പിന്തിരിയാതെ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കേണ്ട കടമ മെന്‍റ്റോര്‍ നിര്‍വ്വഹിച്ചേ തീരൂ. മെന്റിയുടെ വൈകാരിക പ്രശ്നങ്ങളില്‍ പിന്തുണ നല്കുവാന്‍ മെന്‍റ്റോര്‍ക്ക് കഴിയേണ്ടതുണ്ട്. കഠിനമായ മാനസിക വിക്ഷോഭങ്ങള്‍ നേരിടേണ്ട ഘട്ടങ്ങളില്‍ മെന്‍റ്റോറിന്‍റെ ഇടപെടലുകള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.

മെന്‍റ്റോര്‍ മെന്റിക്ക് ഒരു മാതൃകാവ്യക്തിത്വമാണ് (Role Model). താന്‍ പറയുന്ന വാക്കുകള്‍ പിന്തുടരുന്ന ഒരാള്‍ക്ക്‌ മാത്രമേ യഥാര്‍ത്ഥ മാര്‍ഗ്ഗദര്‍ശിയാകുവാന്‍ കഴിയുകയുള്ളൂ. വാക്കും പ്രവര്‍ത്തിയും വിഭിന്നമായാല്‍ തുണ തേടി വരുന്നവര്‍ വിശ്വസിക്കുകയോ വാക്കുകള്‍ മുഖവിലക്കെടുക്കുകയോ ചെയ്യില്ല. മെന്‍റ്റോറിനെ റോള്‍ മോഡല്‍ ആയി അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അയാള്‍ പറയുന്നവ അവര്‍ അക്ഷരംപ്രതി അനുസരിക്കുവാന്‍ തുടങ്ങും. ഇത് മെന്‍റ്റോറുടെ ജോലി എളുപ്പമാക്കും.

യഥാര്‍ത്ഥത്തില്‍ മെന്‍റ്റോര്‍ മെന്റിയെ എങ്ങിനെ സഹായിക്കുന്നു

ഒരു ബിസിനസ് മെന്‍റ്റോര്‍ തന്‍റെ മെന്റിയെ എങ്ങിനെയൊക്കെയാണ് പിന്തുണക്കുകയും സഹായം നല്കുകയും ചെയ്യുന്നത്? താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം.

  • ആത്മവിശ്വാസം നേടാന്‍ സഹായിക്കുന്നു.
  • ബിസിനസിലേയും ജീവിതത്തിലേയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തനാക്കുന്നു.
  • വ്യക്തിത്വ വികസനത്തിന് സഹായിക്കുന്നു.
  • ലക്ഷ്യങ്ങള്‍ നേടാന്‍ ഒരുക്കുന്നു.
  • പുതിയ അറിവും നിപുണതകളും നേടാന്‍ സഹായിക്കുന്നു.
  • പ്രശ്നങ്ങളെ നേരിടുവാന്‍ ശക്തനാക്കുന്നു.
  • പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു.
  • ശരിയായ ദിശയില്‍ ചിന്തിക്കുവാന്‍ പഠിപ്പിക്കുന്നു.

നല്ല ഒരു മെന്‍റ്റോര്‍ തന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മെന്റിയെ ഒരിക്കലും കൈവിടുന്നില്ല. മുകളില്‍ നാം കണ്ട കാര്യങ്ങളൊന്നും ഒരു ചെറിയ കാലയളവില്‍ സംഭവിക്കുന്നതല്ല. മെന്‍റ്റോറിന്‍റെ ദീര്‍ഘകാലയളവിലുള്ള നിരന്തരമായ ഇടപെടലുകളാണ് അത് സാധ്യമാക്കുന്നത്. മെന്റി ഒരു പ്രശ്നം പങ്കുവെക്കുന്നു. ഉടനെ തന്നെ അതിന്‍റെ പരിഹാരം മെന്‍റ്റോര്‍ നിര്‍ദ്ദേശിക്കുന്നു. ഇതല്ല മെന്‍റ്റോറിന്‍റെ ധര്‍മ്മം. മറിച്ച് മെന്റിയെ തന്നെ ആ പ്രശ്നത്തിനുള്ള പരിഹാരം സ്വയം കണ്ടെത്താനും അത് പ്രായോഗികമായി നടപ്പിലാക്കുവാനും പ്രാപ്തനാക്കുക എന്നതാണ് മെന്‍റ്റോര്‍ ചെയ്യേണ്ടത്. തന്‍റെ പ്രശ്നപരിഹാരത്തിനുള്ള ഒരു യന്ത്രമല്ല മെന്‍റ്റോര്‍ എന്നത് മെന്റി മനസിലാക്കിയിരിക്കേണ്ട കാര്യമാണ്.

ലക്ഷ്യ നിര്‍ണ്ണയം

മെന്റിക്കൊരു ലക്ഷ്യമുണ്ടാവുക എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ലക്ഷ്യമില്ലാത്ത ഒരാളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുക എന്നത് കഠിനമായ പ്രവൃത്തിയാണ്. മെന്റിയുടെ ലക്ഷ്യത്തെ വ്യക്തമായി മെന്‍റ്റോര്‍ മനസിലാക്കിയിരിക്കണം. മെന്റിക്ക് ലക്ഷ്യമില്ലെങ്കില്‍ ഒരു ലക്ഷ്യത്തെ നിശ്ചയിക്കുവാന്‍ മെന്‍റ്റോര്‍ അയാളെ സഹായിക്കണം. യാത്ര എങ്ങോട്ടാണ് എന്ന് തീര്‍ച്ചപ്പെടുത്താത്ത ഒരാള്‍ക്ക്‌ വഴി പറഞ്ഞു നല്‍കുക സാധ്യമല്ല.

മെന്‍റ്റോര്‍ എന്ന വ്യക്തി

മറ്റൊരാളെ ലക്ഷ്യത്തിലേക്ക് നയിക്കുന്നയാള്‍ക്ക് ചില ഗുണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അത്തരം ഗുണങ്ങളുള്ള മെന്‍റ്റോര്‍ക്ക് മാത്രമേ തന്‍റെ അറിവില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പ്രായോഗികമായ ചിന്തകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും പകരുവാന്‍ സാധിക്കുകയുള്ളൂ. ഒരു മെന്‍റ്റോര്‍ ആകുവാനുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

  • വളരെയധികം ക്ഷമ ആവശ്യമാണ്‌.
  • നല്ലൊരു കേള്‍വിക്കാരനാവണം.
  • വിജ്ഞാനകുതുകി ആവണം.
  • അറിവും അനുഭവവും ഉള്ളയാളാവണം.
  • മുന്‍വിധികളില്ലാത്തയാളാവണം.
  • ഭിന്നാഭിപ്രായങ്ങളെ മാനിക്കുവാന്‍ കഴിയണം.
  • സമയം നീക്കിവെക്കുവാന്‍ സന്നദ്ധനാകണം.
  • ബന്ധങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കണം.

ഇവിടെ മെന്‍റ്റോര്‍ ആകുവാന്‍ മനസാ തയ്യാറായൊരാള്‍ തനിക്ക് ഈ ഗുണങ്ങളൊക്കെയുണ്ടോ എന്ന് സ്വയം വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

വരുന്ന തലമുറയെ വഴികാട്ടാം

ബിസിനസുകാര്‍ ചെയ്യേണ്ടത് ഇനി വരുന്ന തലമുറയ്ക്ക് തങ്ങളുടെ അനുഭവശാലകളില്‍ നിന്നും പാഠങ്ങള്‍ പകര്‍ന്നു നല്കുക എന്നതാണ്. അറിവും അനുഭവസമ്പത്തുമുള്ള ബിസിനസുകാര്‍ അതിനായി തയ്യാറാകണം. ബിസിനസുകാര്‍ ഇതിനായി തയ്യാറാകുമ്പോള്‍ സമൂഹത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധ്യമാകും. പരാജയപ്പെടുന്ന സംരംഭങ്ങളുടെ എണ്ണം കുറയ്ക്കുവാന്‍ മെന്‍റ്റോര്‍മാര്‍ക്ക് സാധിക്കും. ബിസിനസിലേക്ക് പിച്ചവെക്കുന്ന പുതിയ തലമുറയ്ക്ക് കൈത്താങ്ങായാല്‍ നേടിയ അറിവും അനുഭവങ്ങളും സാര്‍ത്ഥകമായിത്തീരും.

നിങ്ങള്‍ അല്‍പ്പസമയം മാറ്റിവെക്കുക. അനുഭവശാലയുടെ വാതിലുകള്‍ തുറന്നിടുക.

 

 

 

 

 

Leave a comment