പുതിയ കാലത്ത് ചെറുകിട ബിസിനസുകള്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍

കഴിഞ്ഞ ദിവസം വീടിന് തൊട്ടടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് നില്ക്കുകയാണ്. കുറച്ച് മാസങ്ങളായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ സാഹചര്യം ഇല്ലാതിരുന്നതിനാല്‍ മിക്കവാറും എല്ലാം ഇപ്പോള്‍ അടുത്തുള്ള ചെറിയ കടകളില്‍ നിന്നാണ് വാങ്ങുന്നത്. ഒരു ആപത്ഘട്ടം വന്നപ്പോള്‍ നമ്മെ സേവിക്കാന്‍ അവരാണ് ഉണ്ടായിരുന്നത് എന്ന സ്മരണയില്‍ ഇപ്പോഴും ആ ചെറിയ കടകളില്‍ നിന്ന് തന്നെയാണ് വീട്ടാവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

സാധനങ്ങള്‍ എടുത്തുകൊണ്ടിരിക്കുമ്പോള്‍ പലചരക്കുകടക്കാരന്‍ പറഞ്ഞു “മുന്‍ മാസങ്ങളില്‍ ഉണ്ടായിരുന്നതു പോലെ കച്ചവടം ഇല്ല. സൂപ്പര്‍ മാര്‍ക്കറ്റൊക്കെ വീണ്ടും തുറന്നതോടെ ആളുകള്‍ അവിടെപ്പോയി തുടങ്ങി. ഞങ്ങളെപ്പോലുള്ള ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്.”

അല്പ്പം ഫ്ലാഷ്ബാക്ക് ഇവിടെ ആവശ്യമുണ്ട്.

ലോക്ക്ഡൌണ്‍ കാലത്ത് ഒരിക്കല്‍ ഈ കടയില്‍ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

“ചേട്ടാ, കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടല്ലോ. വാട്ട്സ്ആപ്പും ഉണ്ട്. ഇവിടെ വരുന്ന കസ്റ്റമേഴ്സിന്‍റെ ഓര്‍ഡറുകള്‍ വാട്സ്ആപ്പില്‍ എടുത്താല്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി സാധനങ്ങള്‍ കൊടുക്കുവാന്‍ കഴിയില്ലേ. അവര്‍ക്ക് ഇങ്ങോട്ട് വരുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം ഈ ഘട്ടം കഴിഞ്ഞാല്‍ അവര്‍ ചേട്ടനെത്തന്നെ ആശ്രയിക്കുകയും ചെയ്യും. ചേട്ടന്‍റെ കടയുടെ ചുറ്റുപാടുമുള്ള നൂറോ ഇരുന്നൂറോ വീടുകളെ സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുകയും ചെയ്യാം”

വലിയൊരു ബിസിനസ് തന്ത്രം പറഞ്ഞ് കൊടുത്തു എന്ന അഹങ്കാരത്തില്‍ നെഞ്ചും വിരിച്ചുനിന്ന എന്നെ അന്ന് ചേട്ടന്‍ ഒരു അന്യഗൃഹ ജീവിയെപ്പോലെ നോക്കി. പുച്ഛത്തോടെ ചിരിച്ചു. മറുപടി ഒന്നും പറഞ്ഞില്ല.

നമുക്ക് തിരിച്ചു വരാം

ചേട്ടന്‍റെ സങ്കടകരമായ വാക്കുകള്‍ കേട്ടപ്പോള്‍ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നെനിക്ക് തോന്നി.

പണ്ടൊരിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ ബില്ലിങ്ങിലെ പെണ്‍കുട്ടി കുറച്ച് കൂപ്പണുകള്‍ തന്നു. “ഇത് പൂരിപ്പിച്ച് ആ പെട്ടിയില്‍ ഇട്ടോളൂ. ലക്കി ഡ്രോ ഉണ്ട്. നല്ല സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ട്.” കൂപ്പണുകള്‍ പൂരിപ്പിച്ച് പെട്ടിയില്‍ ഇടുമ്പോള്‍ അടുത്തുനിന്ന  മാനേജരോട് ചോദിച്ചു “നിങ്ങള്‍ ഈ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ടല്ലോ. നിങ്ങളുടെ സിസ്റ്റത്തില്‍ കസ്റ്റമേഴ്സിന്‍റെ എല്ലാ വിവരങ്ങളും ഉണ്ടാകും അല്ലേ?”

“ഞങ്ങള്‍ കസ്റ്റമേഴ്സിന്‍റെ വിവരങ്ങളൊന്നും രേഖപ്പെടുത്താറില്ല. ലക്കി ഡ്രോ കഴിഞ്ഞാല്‍ എല്ലാ കടലാസുകളും കത്തിച്ചു കളയും.” അദ്ദേഹം മറുപടി പറഞ്ഞു.

ഞാന്‍ ചിരിച്ച് യാത്ര പറഞ്ഞു.

അവസരങ്ങളായി കാണാം

ചെയ്യുന്ന ചില തെറ്റുകള്‍ നാം തിരിച്ചറിയാറില്ല. തിരിച്ചറിഞ്ഞാല്‍ തന്നെ നാമത് അംഗീകരിക്കാറില്ല. സാധാരണമട്ടില്‍ ഇതൊക്കെ അങ്ങനെയൊക്കെ നടക്കും എന്ന കാഴ്ചപ്പാട്. അവസരങ്ങള്‍ കണ്മുന്നില്‍ വന്നുപെട്ടാലും നാം കാണുന്നില്ല. കണ്ണുകള്‍ തുറപ്പിക്കുവാനുള്ള ഒരു വിപത്ത് എന്ന് കോവിഡിനെ വിശേഷിപ്പിക്കാം. തകര്‍ന്നുപോയി എന്ന് ചിന്തിച്ച് വിഷമിക്കുന്നതിനേക്കാള്‍ നല്ലത് എന്തുകൊണ്ട് ഇതൊരു അവസരമായിക്കണ്ട് കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തി മുന്നോട്ട് പോയ്ക്കൂടാ?

മുകളില്‍ ഞാന്‍ പറഞ്ഞ സംഭവങ്ങള്‍ ചില തിരിച്ചറിവുകള്‍ക്ക്‌ വേണ്ടിയാണ്. അത് സൂചിപ്പിച്ചില്ലെങ്കില്‍ ഇനി പറയുവാന്‍ പോകുന്നവ മനസിലാക്കുവാന്‍ അല്പ്പം ബുദ്ധിമുട്ടാകും. സൂഷ്മ, ചെറുകിട വ്യവസായങ്ങളും ചെറുകിട വ്യാപാരികളും സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സൂഷ്മതയോടെ, പുതിയ കാഴ്ചപ്പാടോടെ ഇനിയുള്ള കാലത്തെ വ്യാപാരി വ്യവസായി സമൂഹം അഭിമുഖീകരിക്കണം.

നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത് ഇനി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ്. മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ഒരു ഫോര്‍മുല നമുക്ക് പ്രയോഗിക്കാം. പരിവര്‍ത്തനത്തിന്‍റെ നാളുകളില്‍ പുതിയ സംസ്കാരവും രീതികളും ഉള്‍ക്കൊള്ളുക നിലനില്പ്പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

“C & D” എന്ന ഫോര്‍മുല

“സി & ഡി” എന്ന ഈ ഫോര്‍മുലയില്‍ “സി” കസ്റ്റമര്‍ (ഉപഭോക്താവ്) ആണ്. “ഡി” ഡിജിറ്റലും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ആദ്യം നമുക്ക് കസ്റ്റമറിലേക്ക് പോകാം.

കസ്റ്റമര്‍ (ഉപഭോക്താവ്)

ഒരു ബിസിനസിന്‍റെ നിലനില്പ്പും വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ നിശ്ചയിക്കുന്നത് കസ്റ്റമര്‍ (ഉപഭോക്താവ്) എന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. നമ്മുടെ ഉപഭോക്താക്കളെ നമുക്കടിമുടിയറിയാം എന്ന അമിതമായ ആത്മവിശ്വാസം നമുക്കുണ്ട്. എന്ത് സംഭവിച്ചാലും അവര്‍ നമ്മുടെ അടുത്തുതന്നെ വരുമെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ചില ധാരണകളും നാം പുലര്‍ത്തിപ്പോരുന്നുണ്ട്. തന്നെ നന്നായി സേവിക്കുന്ന ബിസിനസിനോട് കസ്റ്റമര്‍ക്ക് കൂറുണ്ടാകും (Loyalty). എന്നാല്‍ സേവനം എപ്പോള്‍ മോശമാകുന്നു ആ നിമിഷം കസ്റ്റമര്‍ ബിസിനസിനോട് വിട പറയുന്നു. കസ്റ്റമറെ ബിസിനസിനോട് ചേര്‍ത്തു പിടിക്കാന്‍ നാം എന്ത് ചെയ്യുന്നു എന്നത് ചിന്തനീയമാണ്.

ഓരോ ഉപഭോക്താവിന്‍റെയും വിവരങ്ങള്‍ ശേഖരിക്കുക

മുന്‍പ് സംസാരിച്ച സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ കഥയിലേക്ക് പോകാം. അവരുടെ കയ്യില്‍ അവിടെ വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ ഓരോ ഉപഭോക്താവിനെയും ബന്ധപ്പെട്ട് അവരില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിച്ച് സാധനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചു നല്കാന്‍ കഴിയുമായിരുന്നു. ഒരാള്‍ പോലും അവര്‍ക്ക് നഷ്ട്ടപ്പെടുമായിരുന്നില്ല. ഈ സമയത്ത് മിനിമം വില്പ്പനയെങ്കിലും ഉറപ്പുവരുത്താന്‍ കഴിയുമായിരുന്നു.

ഇതേ അവസ്ഥ തന്നെയാണ് ചെറുകിട വ്യവസായങ്ങളുടേതും വ്യാപാരികളുടേതും. തന്‍റെ സ്ഥാപനത്തില്‍ എത്തുന്ന ഒരാളെപ്പോലും ബന്ധപ്പെടാനുള്ള പ്രാഥമിക വിവരങ്ങള്‍ പലരും ശേഖരിക്കുന്നില്ല. കോവിഡ് പോലുള്ള അപ്രതീക്ഷിതങ്ങളായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ ബിസിനസും ഉപഭോക്താവും തമ്മില്‍ വലിയൊരു വിടവ് ഉടലെടുക്കുന്നു. ഇത് പഴയ ഊഷ്മളമായ ബന്ധത്തിലേക്ക് തിരികെയെത്താന്‍ ധാരാളം സമയമെടുക്കും. ഉപഭോക്താവ് ഈ സമയത്ത് കിട്ടാവുന്ന സ്രോതസുകളെയെല്ലാം ആശ്രയിക്കും. ഏത് പ്രശ്നങ്ങള്‍ക്കിടയിലും ബിസിനസും ഉപഭോക്താവും തമ്മില്‍ ബന്ധം നിലനിര്‍ത്തണമെങ്കില്‍ അവരുടെ വിവരങ്ങള്‍ ബിസിനസില്‍ ലഭ്യമാകണം.

നാം ആദ്യം കണ്ട കച്ചവടക്കാരന്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങി തന്‍റെ കടയില്‍ വരുന്ന ഉപഭോക്താക്കളെ അതിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍, ഓര്‍ഡര്‍ എടുത്ത് ആവശ്യമുള്ള സാധനങ്ങള്‍ അവരുടെ വീട്ടില്‍ എത്തിച്ചു നല്കിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ അദ്ദേഹത്തെ പിന്നീടും ആശ്രയിച്ച് മുന്നോട്ടു പോകുമായിരുന്നു. കടയിലെത്തുന്ന ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുവാന്‍ വാട്സ്ആപ്പ് ഗ്രൂപ്പ്‌ എന്ന ആശയം അദ്ദേഹത്തിന് സഹായകമായേനെ.

ഉപഭോക്താക്കളുടെ അടുത്തെത്തുക

നാം സൂപ്പര്‍, മെഗാ മാര്‍ട്ടുകളെ കുറ്റപ്പെടുത്തുന്നു. സ്വിഗ്ഗി, ഊബര്‍ ടാക്സി, ഓയോ പോലുള്ള സേവനങ്ങളെ കുറ്റപ്പെടുത്തുന്നു. നമുക്ക് ചുറ്റുമുള്ള നൂറ് വീടുകളെ നിരന്തരമായി സേവിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ? അവര്‍ക്ക് നമ്മുടെ കടയില്‍ എത്താതെ നമ്മെ ബന്ധപ്പെടുവാനുള്ള മാര്‍ഗ്ഗമെന്താണ്? അവരൊന്ന് ഫോണ്‍ ചെയ്‌താല്‍, മെസ്സേജ് അയച്ചാല്‍ സാധനം അവരുടെ വീട്ടുപടിക്കല്‍ എത്തുമോ?

നമുക്ക് ഉത്തരം പറയുവാന്‍ കഴിയണം. ഉപഭോക്താക്കള്‍ എന്നും അവരുടെ സൗകര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്നവരാണ്. സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ നല്കിയാല്‍ ഭക്ഷണം വീട്ടിലെത്തുമെങ്കില്‍ അവര്‍ ആ സേവനം വിനിയോഗിക്കും. ചിലപ്പോള്‍ തൊട്ടടുത്ത റസ്റ്റോറന്റിനെക്കാളും എളുപ്പം അവര്‍ക്ക് അതായിത്തോന്നാം. ചെറുകിടക്കാര്‍ക്ക് അത്തരം സേവനങ്ങള്‍ നല്‍കുവാന്‍ കഴിയണം. ഉത്തരവാദിത്വത്തോടെ അത് നിറവേറ്റുവാന്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ നമുക്കൊപ്പം നില്ക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കടയില്‍ പോയി പത്രം വാങ്ങി വായിക്കേണ്ട അവസ്ഥ വന്നാല്‍ നമ്മളില്‍ എത്രപേര്‍ അത് ചെയ്യും. പത്രം വീട്ടുപടിക്കല്‍ എത്തുന്നു. ഉപഭോക്താവ് ആ സേവനം ആസ്വദിക്കുന്നു. നമ്മുടെ കടയില്‍ വന്ന് അരമണിക്കൂര്‍ കാത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എക്കാലവും അവര്‍ തയ്യാറാകും എന്നത് നമ്മുടെ അബദ്ധധാരണയാണ്. ചെറുകിടക്കാരും HOME DELIVERY SERVICE ആരംഭിക്കട്ടെ. രാവിലെയും വൈകിട്ടും രണ്ട് സമയങ്ങളിലായി ഡെലിവറി ചെയ്യാം. വീടുകളില്‍ പോയി ഓര്‍ഡര്‍ എടുക്കാം അല്ലെങ്കില്‍ വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ഓര്‍ഡര്‍ എടുക്കാം. തന്‍റെ ചുറ്റുമുള്ള എല്ലാവരേയും തന്‍റെ കൂറുള്ള ഉപഭോക്താക്കളാക്കി മാറ്റാം.

ഉപഭോക്താക്കള്‍ക്ക് ഓഫറുകളും ഡിസ്കൌണ്ടുകളും നല്കുക

ഇത് നഷ്ട്ടമാണെന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാഗം ചെറുകിട വ്യവസായികളും വ്യാപാരികളും. ലാഭത്തില്‍ നഷ്ട്ടം നഷ്ട്ടമായി കണക്കുകൂട്ടുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ മടി വിചാരിക്കുന്നു. ഉപഭോക്താക്കളെ തങ്ങള്‍ എത്രമാത്രം വിലമതിക്കുന്നു എന്ന സന്ദേശമാണ് ഓഫറുകളും ഡിസ്കൌണ്ടുകളും നല്കുമ്പോള്‍ നമ്മള്‍ പങ്കുവെക്കുന്നത്.

പുതിയ ഉത്പന്നങ്ങള്‍ കടയില്‍ നാം പ്രദര്‍ശിപ്പിക്കുവാന്‍ (Display) തയ്യാറാകുമ്പോള്‍  ഓഫറുകളും ഡിസ്കൌണ്ടുകളും നല്കാന്‍ പലപ്പോഴും സപ്ലയേഴ്സ് ഒരുക്കമാണ്. അവ ഉപഭോക്താക്കളിലേക്ക് കൈമാറുവാന്‍ തയ്യാറാവണം. ഇത് വെളിപ്പെടുത്തുന്ന ബോര്‍ഡുകളും കടയില്‍ പ്രദര്‍ശിപ്പിക്കാം. ഒന്നോ രണ്ടോ സാധനങ്ങള്‍ക്ക് മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും കിട്ടുമ്പോള്‍ അവ മാത്രമല്ല ഉപഭോക്താക്കള്‍ വാങ്ങുന്നത്. തന്‍റെ മൊത്തത്തിലുള്ള വില്പന വര്‍ദ്ധിപ്പിക്കുവാന്‍ ഈ തന്ത്രം ബിസിനസുകാരനെ സഹായിക്കുന്നു.

ഉപഭോക്താക്കളുമായി നിരന്തരം സംവേദിക്കുക

തന്‍റെ സ്ഥാപനത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നിരന്തരം ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ബിസിനസുകാരന്‍ ബാധ്യസ്ഥനാണ്. ഓഫറുകളും ഡിസ്കൌണ്ടുകളും വാട്സ്ആപ്പ് ഗ്രൂപ്പ്‌, ഫേസ് ബുക്ക്‌ ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാം. മിക്കവാറും എല്ലാ ബിസിനസുകാരും തന്നെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് ഇവയെ ബിസിനസിന്‍റെ വളര്‍ച്ചക്കായി ഉപയോഗിച്ചുകൂടാ?

സാധനങ്ങളുടെ ദൈനംദിന വിലവിവരങ്ങള്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് പങ്കുവെക്കാം. പുതിയ ഉത്പന്നങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്താം. നമ്മുടെ ബിസിനസ് സ്ഥാപനവും ഉപഭോക്താക്കളും തമ്മില്‍ അദൃശ്യമായ ഒരു സംവേദനത്തിന്‍റെ ചരട് എപ്പോഴും ഉണ്ടാകും. ഏത് ഘട്ടത്തിലും അവര്‍ നമ്മെ ആശ്രയിക്കും. അതിലേക്ക് അവരെ നയിക്കേണ്ടത് നാം രൂപീകരിക്കുന്ന ഇത്തരം തന്ത്രങ്ങളിലൂടെയാണ്.

ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ നല്കുക.

ഉപഭോക്താക്കളുടെ അഭിരുചി (Taste) മനസ്സിലാക്കിയിരിക്കേണ്ട കടമ ബിസിനസുകാരനുണ്ട്. ഞാന്‍ നല്കുന്നത് നിങ്ങള്‍ വാങ്ങിയാല്‍ മതി എന്ന മനോഭാവം ഉപഭോക്താവിന് ദഹിക്കില്ല. തന്‍റെ ഉപഭോക്താക്കളുടെ അഭിരുചികള്‍ മനസിലാക്കി അതിന് യോജിച്ച ഉത്പന്നങ്ങള്‍ നല്കാന്‍ ബിസിനസുകാരന്‍ മുന്‍കൈയെടുക്കണം. ഒരു വലിയ ബിസിനസിലെപ്പോലെ ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ ചെറുകിടക്കാരന് ഒരിക്കലും സാധ്യമാവില്ല. പക്ഷേ തന്‍റെ കടയുടെ സേവനമെത്തുന്ന പരിധിയിലുള്ള ഉപഭോക്താക്കളുടെ അഭിരുചികളെങ്കിലും ബിസിനസുകാരന്‍ മനസിലാക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഒരു ഉത്പന്നത്തിന്‍റെ അഭാവം അത് ഇഷ്ട്ടപ്പെടുന്ന ഉപഭോക്താവിന് ആവശ്യമുള്ള മറ്റ് ഉത്പന്നങ്ങളുടെ കൂടി വലിയൊരു വില്പ്പന നഷ്ട്ടപ്പെടുത്താന്‍ ഇടയുണ്ട്. ബിസിനസുകാരന്‍റെ അതീവ ശ്രദ്ധ പതിയേണ്ട ഒരിടം കൂടിയാണിത്.

ഉപഭോക്താവ് സ്വീകരിക്കാത്തത് വിസമ്മതം കൂടാതെ തിരിച്ചെടുക്കുക

ഓണ്‍ലൈന്‍ വ്യാപാരങ്ങളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമുക്ക് മനസിലാകും. ഏറ്റവും ലളിതമായ തിരിച്ചെടുക്കല്‍ (Return) പോളിസി ഉള്ളവയെയാണ് ഉപഭോക്താക്കള്‍ക്ക് താല്പ്പര്യം. ഉത്പന്നം വാങ്ങിച്ച് അത് തങ്ങള്‍ക്ക് തൃപ്തികരമല്ല എന്ന് കണ്ടാല്‍ തിരിച്ചെടുക്കും എന്ന് ഓഫര്‍ നല്കുന്ന ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ ബിസിനസില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. നമ്മുടെ കടയില്‍ നിന്നും വാങ്ങിയ ഒരു സാധനം ഉപഭോക്താവ് തിരികെ കൊണ്ടുവന്നാല്‍ വിസമ്മതമില്ലാതെ, മുഖം കറുക്കാതെ അത് തിരികെ വാങ്ങുവാന്‍ നാം തയ്യാറാകുമോ?

ആവണം. ഒരു ചെറിയ നഷ്ട്ടം നമുക്ക് അതുകൊണ്ട് ചിലപ്പോള്‍ സംഭവിച്ചേക്കാം. പക്ഷേ നമ്മുടെ കടയില്‍ നിന്നും വാങ്ങിയ ഒരുത്പ്പന്നം തൃപ്തികരമല്ല എന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് തിരികെ കൊണ്ടുവരാം എന്ന വാഗ്ദാനം ഏത് ഉപഭോക്താവിനെയാണ് ആകര്‍ഷിക്കാതിരിക്കുക. അത് ഉപഭോക്താക്കളുടെ ബിസിനസിനോടുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. എത്രയെണ്ണം തിരികെ വരാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ഒന്നും തിരികെ വന്നുകൊള്ളണമെന്നുമില്ല. നമ്മള്‍ സപ്ലയേഴ്സുമായി ഇതിനൊരു കരാറുണ്ടെങ്കില്‍ നമുക്ക് യാതൊരു നഷ്ട്ടവും സംഭവിക്കുകയുമില്ല.

ഫോര്‍മുലയുടെ രണ്ടാം അക്ഷരം “D” (ഡി) ഡിജിറ്റല്‍

ആദ്യ അക്ഷരമായ “C” (സി) അഥവാ കസ്റ്റമര്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇനി ഡിജിറ്റല്‍ എന്ന അതിശക്തമായ സങ്കേതത്തെ നമുക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന ചിന്തയിലേക്ക് കടക്കാം.

ഉപഭോക്താക്കളെ ബിസിനസിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്ന തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ഡിജിറ്റല്‍ സങ്കേതത്തിന്‍റെ ശക്തി നാം തിരിച്ചറിഞ്ഞതാണ്. നമ്മുടെ വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ അതീവ ലളിതമായ എന്നാല്‍ അതിശക്തിമത്തായ വാട്സ് ആപ്പ്, ഫേസ് ബുക്ക്‌, ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവ മാധ്യമങ്ങള്‍ നമ്മള്‍ കണ്ടു. ഇത് നമുക്ക് അപരിചിതമായ ഒന്നല്ല. എന്നാല്‍ നാം ഇപ്പോള്‍ ഉപയോഗിക്കുന്ന  രീതിയില്‍ നിന്നും മാറി ബിസിനസിന്‍റെ വളര്‍ച്ചക്കായി അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ സാധ്യതകള്‍ പരമാവധി നമ്മുടെ ബിസിനസിന് പ്രയോജനപ്പെടുത്താന്‍ കഴിയണം. എന്‍റെ ബിസിനസ് ചെറുതാണ് അതിന് ഇത്തരം ഡിജിറ്റല്‍ സാധ്യതകളുടെ ഉപയോഗം ഇല്ല എന്നത് വികലമായ കാഴ്ചപ്പാടാണ്.

ബിസിനസ് ഓണ്‍ലൈനില്‍

നമ്മുടെ ബിസിനസും ഓണ്‍ലൈനില്‍ ഉണ്ടാവണം. ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുന്നതിന് വലിയ ചിലവൊന്നും വരികയില്ല. ബിസിനസിന്‍റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ എന്നിവ നമ്മുടെ ബിസിനസും ഉപഭോക്താക്കളും നമ്മളുമായുള്ള നിരന്തര സംവേദനം (Communication) ഉറപ്പുവരുത്തുന്നു.

ഏകദേശം 85%  ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍ തിരയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദൂരതയിലിരിക്കുന്ന ഉത്പന്നങ്ങളെ ഓണ്‍ലൈനില്‍ തിരഞ്ഞു കണ്ടെത്തുവാന്‍ കഴിയുന്ന ഉപഭോക്താവിന് തന്‍റെ തൊട്ടടുത്ത കടയില്‍ ഇതുണ്ട് എന്ന് കണ്ടെത്താന്‍ കഴിയാത്ത വിരോധാഭാസം നമ്മുടെ കച്ചവടത്തെ ബാധിക്കുന്നുണ്ട്. ശക്തമായ ഓണ്‍ലൈന്‍ സാന്നിദ്ധ്യം ഇനിയുള്ള കാലം ഏതൊരു പ്രസ്ഥാനത്തിനും ഒഴിച്ചുകൂടാനാവില്ല. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുവാന്‍ ബിസിനസുകാര്‍ക്ക് ഉപയോഗിക്കാം.

ടെക്നോളജിയെ തൊടാതെ മാറിനില്‍ക്കുന്നത് അത്യാപത്തിലേക്ക് നയിക്കും. ഇതൊക്കെ ബാലികേറാമലയാണെന്ന് വേണമെങ്കില്‍ വിശ്വസിക്കാം. സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങിയപ്പോള്‍ നാം വാങ്ങിയില്ലേ? ഒന്നുമറിയാതിരുന്ന നമ്മള്‍ ഇന്റര്‍നെറ്റ്‌ സര്‍ച്ച് ചെയ്യാന്‍ പഠിച്ചില്ലേ? വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിവ് നേടിയില്ലേ? എങ്ങിനെ എന്ന് ചിന്തിച്ചാല്‍ മുന്നോട്ടുള്ള വഴി തെളിയും.

ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം

എത്ര ചെറിയ കടയുമാകട്ടെ ഉപഭോക്താവിന് പണം അടക്കുവാന്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഗൂഗിള്‍ പേ ചെയ്യട്ടെ എന്ന് ഉപഭോക്താവ് പറയുമ്പോള്‍ ഇവിടെ അതില്ല എന്ന് പറയുന്നതിനേക്കാള്‍ എത്ര മനോഹരമാണ് ആ സൗകര്യം ഒരുക്കുക എന്നത്. വളരെ നിസാരമായി വീട്ടിലെ കുട്ടികള്‍ പോലും ചെയ്യുന്ന ഒരു കാര്യം ബിസിനസില്‍ നടപ്പിലാക്കുവാന്‍ പലരും ഇന്നും മടിക്കുന്നു. ഞാന്‍ ഇങ്ങനെയൊക്കെയാണ് വേണമെങ്കില്‍ മതി എന്ന മുരട്ടുവാദം വ്യത്യാസപ്പെടുന്നില്ലെങ്കില്‍ പരിതപിക്കുവാനും നമുക്ക് അവകാശമില്ല.

ഫോര്‍മുലയുടെ ശക്തി

“C & D” എന്ന ഫോര്‍മുലയുടെ ശക്തി നാം കണ്ടുകഴിഞ്ഞു. ഇനിയുള്ള കാലത്ത് ഇത് രണ്ടിലും ശ്രദ്ധ പതിപ്പിച്ചു തന്നെ ബിസിനസുകാരന്‍ മുന്നോട്ട് നീങ്ങണം. കണ്ണും കാതും തുറന്നിരിക്കണം. ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ക്ക് അതീതനാണ് ഞാന്‍ എന്ന തന്‍ഭാവം ഉപേക്ഷിക്കണം. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഈ കുത്തൊഴുക്കില്‍ പിന്തള്ളപ്പെടും എന്ന സത്യം തിരിച്ചറിയണം. ഉപഭോക്താക്കള്‍ക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ ധാരാളമുണ്ട്. അവര്‍ നമ്മെ സമീപിക്കണമെങ്കില്‍ അവര്‍ക്കും നമുക്കുമിടയില്‍ ഒരു പാലത്തിന്‍റെ സാന്നിദ്ധ്യം ആവശ്യമുണ്ട്.

മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച് പഠിക്കണം. അത് അതേരീതിയില്‍ തന്നെയല്ലെങ്കിലും എങ്ങിനെ തന്‍റെ ബിസിനസിലേക്ക് പകര്‍ത്താം എന്ന് ചിന്തിക്കണം. പുതിയ അനുഭവങ്ങള്‍ ഉപഭോക്താവിന് സമ്മാനിക്കുവാന്‍ നാം തയ്യാറാവണം. അവരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അത് വരുത്തണം. പുതിയ രൂപത്തിലേക്ക് കൂടുതല്‍ ശക്തമായ സാന്നിധ്യത്തിലേക്ക് ബിസിനസ് രൂപാന്തരപ്പെടണം.

ഇതൊന്നും നടക്കാത്ത കാര്യങ്ങളല്ല

മനസു വെച്ചാല്‍ എളുപ്പം പരിഹരിക്കാവുന്ന കാര്യങ്ങളാണ് നാം ചര്‍ച്ച ചെയ്തത്. അത് ബിസിനസില്‍ കൊണ്ടു വരുന്ന വ്യത്യാസം ആലോചിച്ചു നോക്കൂ. എന്ത് വേണം എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ്. ബിസിനസിന്‍റെ സംസ്കാരം തന്നെ മാറും. പുതിയൊരു ഊര്‍ജ്ജം പ്രസരിച്ചു തുടങ്ങും.

ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയത് ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രീകൃതമായി സംവേദിക്കുവാന്‍ മാത്രമാണ്. എല്ലാ ബിസിനസുകള്‍ക്കും ഇത് ബാധകമാണ്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇത് ഏതു ബിസിനസിലും പ്രായോഗികമാക്കാം. ഒരു ഇലക്ട്രിക്കല്‍ ഷോപ്പ് ആവട്ടെ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് ആവട്ടെ ജുവല്ലറി ആവട്ടെ ഉത്പാദനം നടത്തുന്ന ഫാക്ടറി ആവട്ടെ എല്ലായിടങ്ങളിലും ഇത് നടപ്പില്‍ വരുത്താം. താന്‍ ചെയ്യുന്ന ബിസിനസിന് അനുരൂപമായി തന്ത്രങ്ങള്‍ രൂപീകരിക്കണമെന്ന് മാത്രം. പുതിയ കാലത്ത് പഴയ വഴികള്‍ ലക്ഷ്യത്തിലേക്ക് നയിക്കുന്നില്ലായെങ്കില്‍ പുതിയ വഴികള്‍ വെട്ടുവാന്‍ നമുക്ക് കഴിയണം.   

 

 

 

  

 

 

 

 

 

 

 

 

 

Leave a comment