ബിസിനസിന്‍റെ ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ മാതൃക

“ചെറിയ റീറ്റയില്‍ ഷോപ്പുകളൊക്കെ പതിയെ അടച്ചു പൂട്ടും. ഇനി കച്ചവടം ഓണ്‍ലൈനില്‍ മാത്രമാകും. ടെക്നോളജിയുടെ അതിവിപ്ലവത്തില്‍ ചെറുകിട വ്യാപാരങ്ങളൊക്കെ വിസ്മൃതിയിലാകും.”

സുഹൃത്തുകൂടിയായ കച്ചവടക്കാരന്‍റെ വാക്കുകളാണ്. മോശമായ അവസ്ഥയില്‍ അദ്ദേഹം നിരാശനും കൂടിയാണ്. അതിന്‍റെയൊക്കെ ബഹിസ്ഫുരണമാവാം ഇത്തരമൊരു ചിന്ത.

“ഇപ്പോള്‍ തന്നെ കണ്ടില്ലേ. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തന്നെയാണ് മികച്ചത് എന്ന് തെളിഞ്ഞു കഴിഞ്ഞു. ഇനി കുട്ടികള്‍ വീട്ടില്‍ തന്നെയിരുന്ന് പഠിച്ചാല്‍ പോരെ? സ്കൂളില്‍ പോകേണ്ട ആവശ്യമേയില്ല. ഇനിയുള്ള കാലഘട്ടം ഓണ്‍ലൈനിന്‍റെതാണ്. ഈ കടയുമൊക്കെ തുറന്നുവെച്ച് ഇരിക്കാമെന്ന് മാത്രം. ലോകം വല്ലാതെ മാറിക്കഴിഞ്ഞു. ഇനി കടയൊക്കെ അടച്ചുപൂട്ടി വല്ല ഓണ്‍ലൈന്‍ പരിപാടിയും നോക്കണം.” അദ്ദേഹം തുടരുകയാണ്.

ഇത് അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമല്ല. പലയിടങ്ങളിലും ഇത്തരം അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരെ നാം കണ്ടുമുട്ടുന്നു. നമ്മുടെ ചിന്തകള്‍ മാറുന്നു. കഷ്ട്ടതകളുടെ സമയം നമ്മെ മാറിച്ചിന്തിക്കാന്‍ പലപ്പോഴും പ്രേരിപ്പിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് ശരിയല്ല. ഇപ്പോള്‍ ബിസിനസിലേക്ക് കടന്നു വരുന്ന പുതിയ ആളുകള്‍ ഓണ്‍ലൈന്‍ ഉപയോഗിച്ച് നല്ല രീതിയില്‍ ബിസിനസ് ചെയ്യുന്നു. ഇനിയുള്ള സമയം ഓണ്‍ലൈന്‍ ബിസിനസിനു മാത്രമേ രക്ഷയുള്ളൂ എന്നൊക്കെ ചിന്തിച്ചു പോകുന്നു.

സുഹൃത്തായ കച്ചവടക്കാരനെ നോക്കി ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു “താങ്കളുടെ കുട്ടിക്ക് ഇനി താങ്കള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാത്രമേ നല്കുകയുള്ളോ? അതോ സ്കൂളില്‍ വിടുമോ?.

“മികച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം കിട്ടിയാല്‍ കുട്ടി എന്തിന് സ്കൂളില്‍ പോകണം? അദ്ദേഹം മറുചോദ്യം എറിയുകയാണ്.

“സുഹൃത്തേ, അറിവ് നേടുക മാത്രമല്ലല്ലോ വിദ്യാഭ്യാസത്തിന്‍റെ ലക്‌ഷ്യം. അത് മാത്രമാണെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. അറിവ് നേടി പരീക്ഷ എഴുതി പാസാകുവാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മതി. പക്ഷേ അവന്‍റെ വ്യക്തിത്വം രൂപം കൊള്ളുന്നത്‌ സ്കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നുമാണ്. നാളെ ജീവിതത്തിലേക്ക് അവന്‍ കടന്നു വരുമ്പോള്‍ ആവശ്യം വേണ്ട ജീവിത, സാമൂഹിക നിപുണതകള്‍ അവന്‍ സ്വാംശീകരിക്കുന്നത് അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും അവനോട് ഇടപെടുന്ന മറ്റ് വ്യക്തികളില്‍ നിന്നുമാണ്. വിദ്യാഭ്യാസം ഒരു സമൂലമായ ആശയവും പ്രവര്‍ത്തിയുമാണ്. കേവലം അറിവ് നേടുക എന്നതില്‍ മാത്രം അത് ഒതുങ്ങി നില്ക്കുന്നില്ല. ഒരു റോബോട്ട് ടീച്ചര്‍ ഒരു മനുഷ്യ ടീച്ചറിന് പകരമാകുന്നില്ല. എന്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നാലും സ്കൂളുകളും കോളേജുകളും നമുക്ക് വേണ്ടിവരും. എന്നാല്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മൂല്യവര്‍ദ്ധനവ് കൊണ്ടുവരാന്‍ ടെക്നോളജിക്ക് സാധ്യമാകും. രണ്ടും ഒരുമിച്ചുള്ള ഒരു മോഡല്‍ അല്ലേ നമുക്ക് നല്ലത്?

“അത് ശരിയാണ്” അദ്ദേഹം തലകുലുക്കി.

“ഷോപ്പുകളൊക്കെ അടച്ചുപൂട്ടി ഓണ്‍ലൈന്‍ കച്ചവടം മാത്രമാകും എന്നതും നമ്മുടെ വെറുമൊരു തോന്നല്‍ മാത്രമാണ്. ഉറങ്ങുമ്പോള്‍ കാണുന്ന ഒരു പേടിസ്വപ്നം പോലെ മാത്രം. ഓഫ്‌ലൈന്‍ ബിസിനസിനും ഓണ്‍ലൈന്‍ ബിസിനസിനും അതിന്‍റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇത് രണ്ടും ചേര്‍ന്നുള്ള മികച്ചൊരു മോഡല്‍ ആക്കി നിലവിലുള്ള ബിസിനസുകളെ മാറ്റുവാന്‍ കഴിഞ്ഞാല്‍ നമുക്ക് നിലനില്‍ക്കുവാനും വളരുവാനും കഴിയും.” ഞാന്‍ പറഞ്ഞു.

“അതെങ്ങിനെ” അദ്ദേഹം ചോദിച്ചു.

രണ്ടുതരം ഉപഭോക്താക്കള്‍

ഒന്നാമത്തെ തരം ഉപഭോക്താവിനെ നമുക്ക് പരിചയപ്പെടാം. അദ്ദേഹത്തിന് കടയില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങുന്നതാണ് താല്പ്പര്യം. തനിക്കാവശ്യമുള്ളവ നോക്കി പരിശോധിച്ച് സംശയങ്ങളൊക്കെ തീര്‍ത്ത്‌ വാങ്ങുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരാള്‍. അദ്ദേഹം കൂടുതലും വാങ്ങുന്നത് കടകളില്‍ നിന്നാണ്.

ഇനി രണ്ടാമത്തെ തരം ഉപഭോക്താവിനെ കാണാം. ഇദ്ദേഹത്തിന് ഓഫറുകളും ഡിസ്കൗണ്ടും നോക്കി ഏറ്റവും ലാഭകരമായി ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് താല്പ്പര്യം. കടകളില്‍ പോയി സമയം കളയുന്ന ഏര്‍പ്പാടുകള്‍ക്കൊന്നും നില്ക്കില്ല.

ഈ രണ്ടുതരം ഉപഭോക്താക്കളും നമ്മുടെ സമൂഹത്തിലുണ്ട്. ഓരോരുത്തരുടേയും മാനസിക വ്യാപാരങ്ങള്‍ക്കും ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ക്കുമനുസരിച്ചാണ് ഏത് രീതിയിലുള്ള വാങ്ങല്‍ രീതി വേണമെന്ന് അവര്‍ നിശ്ചയിക്കുന്നത്. ഇത്തരം രണ്ട് ഉപഭോക്താക്കളും അടങ്ങുന്ന ഒരു സമൂഹമാണ് നമ്മുടേത്‌.

കടകളുടെ ആവശ്യകത

ആദ്യ തരത്തിലുള്ള ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ കടകള്‍ കൂടിയേ തീരൂ. ഇത്തരം ഉപഭോക്താക്കളുടെ കൂറ് (Loyalty) ഇത്തരം കടകളോടാണ്. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഉപഭോക്താവിന്‍റെ കൂറ് സൃഷ്ട്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക കടകളെപ്പോലെ എളുപ്പമല്ല. ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനും (Retention) നിലനിര്‍ത്തുവാനുമുള്ള കൂടുതല്‍ ശക്തി കടകള്‍ക്കാണെന്ന് നമുക്ക് കാണുവാന്‍ കഴിയും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യവഹാരങ്ങളും സംവേദനങ്ങളും ആസ്വദിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത്തരം കടകളുടെ സാന്നിദ്ധ്യം കൂടിയേ തീരൂ.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌

കടകള്‍ക്ക് ഉപഭോക്താക്കളെ സേവിക്കാവുന്ന പരിധിക്ക് പരിമിതികളുണ്ട്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റിന് ആ പരിമിതികളില്ല. ലോകത്തെവിടെയും ഉപഭോക്താവിനെ സമീപിക്കുവാന്‍ അതിനാകും. ഒരു കടയും ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം ഇത് തന്നെയാണ്. ഇവിടെ അതിരുകള്‍ തകരുന്നു. ബിസിനസിനെ ഏത് തലം വരെയും വളര്‍ത്താവുന്ന അനന്തമായ സാദ്ധ്യതകള്‍ ഓണ്‍ലൈനിനുണ്ട്. കടകളുടെ കച്ചവടം ചില അതിരുകളില്‍ തളച്ചിടപ്പെടുമ്പോള്‍ ആഗോള തലത്തില്‍ വളരുവാനുള്ള അവസരമാണ് ഓണ്‍ലൈന്‍ ഒരുക്കുന്നത്.

ഒരു കട സ്ഥാപിക്കുന്നതിനെക്കാളും നടത്തുന്നതിനേക്കാളും ചെലവ് കുറവാണ് ഓണ്‍ലൈന്‍ കച്ചവടത്തിന്. ഒരു കടയുടെ കച്ചവട സമയം പരിമിതമാണ്. എന്നാല്‍ ഓണ്‍ലൈനില്‍ ഇത് 24 X 7 ആണ്. ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങും ആഗോള തലത്തില്‍ ചെയ്യുവാന്‍ സാദ്ധ്യമാകും. ഒരു കടക്കുള്ള പല പരിമിതികളും ഓണ്‍ലൈന്‍ ഇല്ലാതെയാക്കുന്നു.

കച്ചവടക്കാര്‍ എന്തിന് പേടിക്കണം?

നമ്മുടെ കട ഉപഭോക്താക്കളെ സേവിക്കുന്നത് അതിന്‍റെ ഭൂമിശാസ്ത്ര പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ടാണ്. അതിന് സേവിക്കുവാന്‍ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. നാം കണ്ട ആദ്യത്തെ തരം ഉപഭോക്താക്കളാണ് കടയില്‍ എത്തുന്നത്. ഇവരുടെ എണ്ണം ഒട്ടും കുറവല്ല. ഇവര്‍ കടയില്‍ എത്തും എന്ന കാര്യത്തില്‍ സംശയം ആവശ്യമില്ല. ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഉപഭോക്താക്കള്‍ തിരിച്ചു വരും. എങ്ങിനെ ഭംഗിയായി അവരെ കൂടുതല്‍ സേവിക്കുവാന്‍ സാധിക്കും എന്നതാണ് ഇപ്പോള്‍ കച്ചവടക്കാര്‍ ചിന്തിക്കേണ്ടത്.

നാം നേരത്തെ സ്കൂളിന്‍റെ കാര്യം ചിന്തിച്ചപോലെ കടകള്‍ നല്‍കുന്ന അനുഭവങ്ങള്‍ക്ക് പ്രത്വേകതകളുണ്ട്. മനുഷ്യന്‍റെ ജൈവപരമായ ചോദനകള്‍ അനുസരിച്ച് അവന്‍ ആസ്വദിക്കുന്ന ചില മാനസിക അനുഭൂതികളുണ്ട്. ഇവയില്‍ നിന്നും അകന്നു പോകാന്‍ അവന് കഴിയുകയില്ല. കടകള്‍ നല്‍കുന്ന അനുഭവങ്ങള്‍ ഒരിക്കലും ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് നല്‍കുവാന്‍ കഴിയുകയില്ല. തിരിച്ചും. ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം രണ്ടും രണ്ട് രീതിയിലുള്ള വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്

പുതിയ ചില കാഴ്ചപാടുകള്‍

നമ്മുടെ അനുഭവങ്ങള്‍ പുതിയ ചില കാഴ്ചപ്പാടുകള്‍ ഉടലെടുക്കാന്‍ സഹായകരമാകുന്നു. ഈ അവസരവും നാം അതുപോലെയാണ് കാണേണ്ടത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഭയങ്ങള്‍ ഉപേക്ഷിച്ച് സാഹചര്യം പഠിപ്പിച്ച പാഠങ്ങള്‍ എങ്ങിനെ ജീവിതത്തില്‍ പ്രയോഗിക്കാം എന്ന കാര്യം ആലോചിക്കുകയാണ് വേണ്ടത്. ഇവിടെ കടയുള്ള കച്ചവടക്കാര്‍ക്ക് അവസരങ്ങള്‍ കൂടുതലുണ്ട് എന്നതാണ് സത്യം. കടയില്ലാതെ ഒരു ഓണ്‍ലൈന്‍ സൈറ്റ് മാത്രമുള്ള കച്ചവടകാരെക്കാള്‍ മികച്ച അവസരങ്ങള്‍ നിലനില്‍ക്കുന്നത് അവര്‍ക്കാണ്.

ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ മാതൃക

നാം ചെയ്യേണ്ടത് ഒരു ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ മോഡല്‍ നമ്മുടെ കച്ചവടത്തില്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഓഫ്‌ലൈന്‍ കടപോലെ ഒരു ഓണ്‍ലൈന്‍ സാന്നിദ്ധ്യവും നമ്മുടെ കച്ചവടത്തിന് ഉണ്ടാവണം. കടയിലേക്ക് വരുന്ന ഉപഭോക്താക്കളെ കൂടാതെ മറ്റ് ഉപഭോക്താക്കളെക്കൂടി സേവിക്കുവാനുള്ള സംവിധാനം ഒരുക്കണം. എന്തുകൊണ്ട് നമ്മുടെ കടയിലെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചുകൂടാ? എന്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് അത് വാങ്ങുവാനുള്ള സൗകര്യം ഒരുക്കിക്കൂടാ? അങ്ങനെ ഓര്‍ഡര്‍ നല്‍കുന്ന ഉത്പന്നം എന്തുകൊണ്ട് അവര്‍ക്ക് എത്തിച്ചു നല്കിക്കൂടാ? നാം ചിന്തിച്ചു തുടങ്ങേണ്ട സമയമാണ്.

രണ്ട് സെയില്‍സ് ചാനലുകളുടെ സംയോജനമാണ് ഇവിടെ നടക്കുക. കൂടുതല്‍ ഉപഭോക്താക്കളുടെ അടുത്തേക്ക്‌ എത്തിച്ചേരുവാന്‍ നമുക്ക് സാധിക്കുന്നു. ഓഫ്‌ലൈന്‍ ഷോപ്പ് നല്‍കുന്ന വിശ്വാസ്യത കൂടുതലാണ്. അതും ഓണ്‍ലൈനുമായി സംയോജിപ്പിക്കുമ്പോള്‍ ബിസിനസിന്‍റെ ശക്തി വര്‍ദ്ധിക്കുന്നു. ഒരു സ്കൂള്‍ ഓഫ്‌ലൈന്‍ പഠന സംവിധാനവും ഓണ്‍ലൈന്‍ പഠന സംവിധാനവും സംയോജിപ്പിക്കും പോലെ. ഇത് യഥാര്‍ത്ഥത്തില്‍ പഠനത്തെ കൂടുതല്‍ എളുപ്പമാക്കുവാന്‍ സഹായിക്കുന്നു. നമ്മുടെ കടയില്‍ നേരത്തെ വന്ന ഒരു ഉപഭോക്താവിന് ഓണ്‍ലൈനില്‍ വാങ്ങുവാന്‍ കൂടി സൗകര്യമുണ്ട് എന്ന അറിവ് അയാളെ ഒരു സ്ഥിരം ഉപഭോക്താവാക്കി നിലനിര്‍ത്തും. രണ്ട് രീതിയിലുമുള്ള സൗകര്യം അയാള്‍ വിനിയോഗിക്കും.

പുതിയൊരു സെയില്‍സ് ചാനല്‍ കൂടി കൂട്ടിച്ചേര്‍ക്കുക

ഓണ്‍ലൈന്‍ എന്ന സെയില്‍സ് ചാനല്‍ കൂടി നമുക്ക് ബിസിനസിനൊപ്പം ചേര്‍ക്കാം. അത് ബിസിനസിനെ ശക്തിപ്പെടുത്തും. ഉപഭോക്താവിനെ സമീപിക്കുവാനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ബിസിനസിലേക്ക് നാം ഓരോ ഘട്ടത്തിലും കൊണ്ടു വരേണ്ടതുണ്ട്. ഒന്നിനെ നിരാകരിച്ചല്ല മറ്റേതിനെത്തേടി പോകേണ്ടത്. നാം എവിടെയാണോ അത് വീണ്ടും വീണ്ടും ശക്തിപ്പെടുത്തുക. ടെക്നോളജിയെ അതിനായി വിനിയോഗിക്കുക. ഡിജിറ്റല്‍ പ്ലാറ്റ്ഫോം നമ്മുടെ ഇന്നുള്ള ബിസിനസിന് മൂര്‍ച്ച കൂട്ടുവാന്‍ പറ്റിയ അതിശക്തമായ ആയുധമാണ്. അതിനെ ഭയന്ന് മാറിനില്‍ക്കുകയല്ല വേണ്ടത്.

ഒരു ചെറിയ പച്ചക്കറിക്കടയുടെ കഥ

കുറച്ച് യുവാക്കള്‍ കൂടി ഒരു പച്ചക്കറിക്കട തുടങ്ങി. നാല് മുളകള്‍ കുഴിച്ചിട്ട് അതില്‍ ഒരു ടര്‍പ്പായ വലിച്ചു കെട്ടി അവര്‍ കച്ചവടം ആരംഭിച്ചു. ഇവര്‍ ആദ്യം ചെയ്തത് പരിസരത്തുള്ള എല്ലാ വീടുകളും കയറി ഇറങ്ങുകയാണ്. ഓരോ വീട്ടിലേയും മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. അതിരാവിലെ ഇവര്‍ പച്ചക്കറിവില ഗ്രൂപ്പില്‍ ഇടും. വീട്ടുകാര്‍ അത് നോക്കി ഓര്‍ഡര്‍ ചെയ്യും. കൃത്യ സമയത്ത് ഇത് എത്തിച്ചു നല്കും. ടെക്നോളജി എങ്ങിനെ ലളിതമായി ഉപയോഗിക്കാം എന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണം. ഈ കുട്ടികളൊന്നും വലിയ വിദ്യാഭ്യാസമോ സാമ്പത്തികമോ ഉള്ളവരല്ല എന്നും നാം ഓര്‍ക്കണം.

വെറുമൊരു പച്ചക്കറിക്കടക്ക് ഇത് ചെയ്യാമെങ്കില്‍ നമുക്കുള്ള അവസരങ്ങള്‍ എന്തൊക്കെയായിരിക്കും? ചിന്താധാരയെ ശരിയായ ദിശയിലേക്ക് നയിക്കുക. ചിന്തിക്കുക. പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുക. വലിയൊരു അവസരം മുന്നിലുണ്ട്.

 

 

 

Leave a comment