കുട്ടികളെ ബിസിനസ് പഠിപ്പിക്കാം

ഒരു ശനിയാഴ്ച ദിവസം യാത്രക്കിടയില്‍ സുഹൃത്തിന്‍റെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ വെറുതെയൊന്ന് കയറി. കുറച്ചധികം നാളുകളായി പരസ്പരം കണ്ടിട്ട്. അല്പം കുശലമൊക്കെ പറഞ്ഞിട്ട് പോകാമെന്ന് കരുതി.

വര്‍ത്തമാനമൊക്കെ പറഞ്ഞ് അവിടെയിരിക്കുമ്പോള്‍ ശ്രദ്ധിച്ചു. ജീവനക്കാരുടെ കൂട്ടത്തില്‍ വില്പന നടത്തുന്നൊരാള്‍ സുഹൃത്തിന്‍റെ മകനാണ്. അയാള്‍ കസ്റ്റമേഴ്സുമായി സംസാരിക്കുന്നു, ഓര്‍ഡര്‍ സ്വീകരിക്കുന്നു, സാധനങ്ങള്‍ എടുത്ത് പായ്ക്ക് ചെയ്ത് കൊടുക്കുന്നു, ബില്ലെഴുതുന്നു അങ്ങനെ ഒരു ജീവനക്കാരന്‍ ചെയ്യുന്ന പണിയൊക്കെ അയാള്‍ ചെയ്യുന്നുണ്ട്.

ചോദ്യ ഭാവത്തിലുള്ള എന്‍റെ നോട്ടം കണ്ട് സുഹൃത്ത് പറഞ്ഞു “എല്ലാ ശനിയാഴ്ചയും അവന്‍റെ ഡ്യൂട്ടി ഇവിടെയാണ്‌. പണിയൊക്കെ ചെയ്ത് പഠിക്കട്ടെ.” അയാള്‍ ചിരിച്ചു.

അവന്‍ പഠിക്കുന്നത് ഒന്‍പതാം ക്ലാസിലാണ്. എല്ലാ ശനിയാഴ്ചയും രാവിലെ കടയിലെത്തും. ഒരു ജീവനക്കാരനെപ്പോലെ ജോലിയെടുക്കും. കടയടക്കുമ്പോള്‍ തിരികെ വീട്ടിലേക്ക് പോകും. ഒരു ദിവസത്തെ വേതനം സുഹൃത്ത് മകന് കൊടുക്കും. വേറെ പോക്കറ്റ്‌ മണിയൊന്നുമില്ല. ജോലിചെയ്ത് കിട്ടുന്ന പണം കൊണ്ട്  സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊള്ളണം. അതാണ്‌ സുഹൃത്തിന്‍റെ നയം.

അവിടെയുള്ള മറ്റ് ജീവനക്കാരെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യമൊന്നും അവനില്ല. ഒരിക്കലും കാഷ് കൗണ്ടറില്‍ ഇരിക്കാന്‍ അവനെ അനുവദിച്ചിട്ടില്ല. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ക്രമേണ അതൊക്കെ മാറി ആളിപ്പോള്‍ നല്ല രീതിയില്‍ മെച്ചപ്പെട്ടു കഴിഞ്ഞു. കസ്റ്റമേഴ്സിനോട് ഇടപെടാനും, നന്നായി സംസാരിക്കുവാനും, ഉത്പന്നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുമൊക്കെ അവന്‍ അറിവ് നേടിക്കഴിഞ്ഞു.

എന്തുകൊണ്ട് നമുക്ക് കുട്ടികളെ സംരംഭകത്വം പരിശീലിപ്പിച്ചു തുടങ്ങിക്കൂടാ?

നാം ചിന്തിക്കേണ്ട വിഷയമാണിത്. സംരംഭകര്‍ക്ക് മേല്‍പ്പറഞ്ഞത്‌ മാതൃകയായി എടുക്കാം. തങ്ങളുടെ കുട്ടികളില്‍ സംരംഭകത്വ ശേഷി വളര്‍ത്താന്‍ സംരംഭകര്‍ ശ്രമിക്കണം. തങ്ങളുടെ പ്രസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുട്ടികള്‍ക്ക് പരിശീലനം നല്കുവാന്‍ സംരംഭകര്‍ക്ക് സാധിച്ചാല്‍ കുട്ടികളില്‍ സംരംഭകത്വത്തില്‍ അറിവും ആവശ്യമായ നിപുണതകളും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും.

നാളെ ബിസിനസ് കൈമാറേണ്ട ഘട്ടത്തില്‍ അവര്‍ അത് ഏറ്റെടുക്കുവാന്‍ തയ്യാറായിക്കഴിയും. ഒരു ദിവസം പെട്ടെന്ന് ബിസിനസിലേക്ക് കടന്നു വരുന്നതിലും നല്ലത് സാധാരണ ജീവനക്കാരനെപ്പോലെ പണിയെടുത്ത് കാര്യങ്ങള്‍ ഏറ്റവും താഴെ തട്ടില്‍ നിന്നും പഠിച്ച് മെല്ലെ വളര്‍ന്നു വരുന്നതാണ്. ഇത് അവരില്‍ യാഥാര്‍ത്ഥ്യ ബോധം നിറയ്ക്കും.  കസ്റ്റമേഴ്സുമായി ഇടപെട്ട് പഠിച്ച ഒരാള്‍ക്ക്‌ അവരുടെ പള്‍സ്‌ വായിച്ചെടുക്കുവാന്‍ സാധിക്കും. അവരില്‍ നിറയുന്ന അറിവും (Knowledge) നിപുണതകളും (Skills) ഭാവിയില്‍ അവരെ മികച്ച ബിസിനസുകാരാക്കും.

മക്കള്‍ക്ക്‌ വേണ്ടി ഒരു പ്ലാന്‍ തയ്യാറാക്കുക

കുട്ടികളില്‍ സംരംഭകന് വേണ്ട ഗുണങ്ങള്‍ ജന്മനാ ഉണ്ടാവണമെന്നില്ല. എന്നാല്‍ ഇത് വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. പഠനമൊക്കെ കഴിഞ്ഞ് പെട്ടെന്നൊരു നാള്‍ ബിസിനസിലേക്ക് കടന്നു വരുമ്പോഴുണ്ടാകുന്ന അമ്പരപ്പ് പരിശീലനം ലഭിച്ചവരില്‍ ഉണ്ടാവില്ല. ചെറിയ കാര്യങ്ങള്‍ പഠിപ്പിച്ച് സാവധാനം കുട്ടികളില്‍ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കും. അവരെ ഉള്‍ക്കൊള്ളാനും ക്ഷമയോടെ ഇടപെടാനും സംരംഭകന് കഴിയണമെന്ന് മാത്രം.

തന്‍റെ കുട്ടികളെ എങ്ങനെ ബിസിനസ് പരിശീലിപ്പിക്കണമെന്ന വ്യക്തമായ പ്ലാനിന് സംരംഭകന്‍ രൂപം നല്കണം. അവരുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ബുദ്ധിപരമായി ചെറിയ കാര്യങ്ങളില്‍ അവരെ ഇടപെടുത്തിത്തുടങ്ങാം. എന്‍റെ സുഹൃത്ത് ചെയ്ത രീതിയില്‍ ചെറിയൊരു വേതനവും നല്കാം. ഇത് പണിയെടുക്കുന്നതില്‍ അവരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കും. വെറുതെയല്ല തന്‍റെ സമയം ചെലവഴിക്കുന്നതെന്ന തോന്നല്‍ സമയത്തോടുള്ള അവരുടെ സമീപനത്തിലും മാറ്റം വരുത്തും.

എവിടെ നിന്ന് ആരംഭിക്കാം?

കുട്ടികളുടെ റോളും അവര്‍ ചെയ്യേണ്ടത് എന്താണെന്നും നിശ്ചയിക്കുകയാണ് ആദ്യത്തെ ഘട്ടം. അവരെ വെറുതെ ബിസിനസില്‍ ഇടപെടുത്തുക എന്നതിലുപരി അവരുടെ വളര്‍ച്ചയ്ക്ക് അതെങ്ങനെ സഹായകമാകണം എന്ന ലക്ഷ്യത്തിലൂന്നിയാവണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. അതിനായി താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് സംരംഭകന്‍ ഉത്തരം കണ്ടെത്തണം.

  1. എന്തിനാണ് അവരെ ബിസിനസില്‍ ഇടപെടുത്തുന്നത്?
  2. എന്തൊക്കെ കഴിവുകളാണ് അവരില്‍ വളര്‍ത്തേണ്ടത്?
  3. ബിസിനസിന്‍റെ ബാലപാഠങ്ങള്‍ മനസിലാക്കുവാന്‍ ഏതൊക്കെ കാര്യങ്ങളിലാണ് അവരെ പരിശീലിപ്പിക്കേണ്ടത്?
  4. ഏതൊക്കെ ദിവസം അവര്‍ സ്ഥാപനത്തില്‍ വരണം?
  5. എത്ര സമയം അവരുടെ സേവനം വിനിയോഗിക്കണം?
  6. എന്തൊക്കെ ചുമതലകളാണ് അവര്‍ നിര്‍വ്വഹിക്കേണ്ടത്?
  7. എങ്ങനെയാണ് അവരില്‍ ഉത്സാഹം നിലനിര്‍ത്തേണ്ടത്?

ആഴ്ചയില്‍ ഒരു ദിവസം മതി

വളരെ സാവധാനം സംരംഭക നിപുണതകള്‍ അവരില്‍ ഉള്‍ച്ചേര്‍ക്കുകയാണ് ലക്‌ഷ്യം. ഒട്ടും തന്നെ ധൃതി കൂട്ടേണ്ട ആവശ്യമില്ല. ആഴ്ചയില്‍ ഒരു ദിവസം കൃത്യ സമയത്ത് എത്തുവാനും അന്നത്തെ ബിസിനസ് കഴിയുന്നത്‌ വരെ സംരംഭത്തില്‍ ചിലവഴിക്കാനും അവരോട് ആവശ്യപ്പെടാം. കുട്ടികള്‍ എന്ന നിലയില്‍ ഇതില്‍ ചിലപ്പോഴൊക്കെ പാളിച്ചകള്‍ അവരുടെ ഭാഗത്തു നിന്നും സംഭവിക്കാം. അതിനെ തന്മയത്തത്തോടെ കൈകാര്യം ചെയ്യണം.

ബിസിനസിലെ മുതലാളിയല്ല ജീവനക്കാരന്‍ മാത്രം

സംരംഭത്തില്‍ എത്തുന്ന ദിവസങ്ങളില്‍ അവര്‍ ജീവനക്കാര്‍ മാത്രമാണ്. ഉടമസ്ഥന്‍ ചെയ്യേണ്ട യാതൊരു ജോലികളും അവരെ ഏല്‍പ്പിക്കേണ്ടതില്ല. യാതൊരു അധികാരവും അവര്‍ക്ക് നല്കരുത്. മറ്റ് ജീവനക്കാരെ നിയന്ത്രിക്കുവാനോ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇടപെടുവാനോ അവരെ അനുവദിക്കേണ്ടതില്ല. സംരംഭത്തിലെ ഒരു ജീവനക്കാരനെപ്പോലെ മാത്രമേ അവരെ കണക്കിലെടുക്കൂ എന്നത് വളരെ കൃത്യമായി അവരെ ധരിപ്പിക്കുക.

അവര്‍ക്കായി നിര്‍വ്വചിക്കപ്പെട്ട ജോലി മാത്രം ചെയ്യിപ്പിക്കുക. സ്ഥാപനത്തിലെ ഏതെങ്കിലും സൂപ്പര്‍വൈസറുടെയോ സീനിയര്‍ ജീവനക്കാരന്‍റെയോ കീഴില്‍ ഇവരെ പരിശീലിപ്പിക്കാവുന്നതാണ്. മറ്റ് ജീവനക്കാര്‍ക്ക് എന്ത് സ്വാതന്ത്ര്യമുണ്ടോ അത് മാത്രമേ അവര്‍ക്കും അനുവദിക്കാവൂ. യാതൊരുവിധ വിശേഷാധികാരവും അവര്‍ക്കില്ല എന്ന സന്ദേശം വ്യക്തമായി അവര്‍ക്ക് നല്കേണ്ടതുണ്ട്.

എന്തിന് ബിസിനസില്‍ നിങ്ങളെ ഇടപെടുത്തുന്നു?

സംരംഭകന്‍ കുട്ടികള്‍ക്ക് ശരിയായ ധാരണ ഇതിനെക്കുറിച്ച് പകര്‍ന്നു നല്‍കേണ്ടതുണ്ട്. സംരംഭകന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം.

  1. ബിസിനസില്‍ അറിവും അത് നയിക്കുവാനുമുള്ള കഴിവുകളും സാവധാനം വളര്‍ത്തുവാനുള്ള ഒരു അവസരമാണ് നല്‍കുന്നത്.
  2. സാധാരണ ഒരു ജീവനക്കാരന്‍ എങ്ങനെയാണോ കാര്യങ്ങള്‍ പഠിക്കുന്നത് അതുപോലെ തന്നെ കാര്യങ്ങള്‍ പഠിച്ചെടുക്കുക.
  3. ഒരു ജീവനക്കാരനെപ്പോലെ മാത്രമേ കണക്കിലെടുക്കൂ. ആരുടെ കീഴിലാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.
  4. ഏല്‍പ്പിക്കുന്ന പണി മാത്രം ചെയ്യുക. മറ്റ് കാര്യങ്ങളില്‍ അനാവശ്യമായി കൈകടത്താതിരിക്കുക.
  5. ജോലിക്കുള്ള വേതനം ബാങ്കില്‍ ഇട്ടു നല്കും. സ്വന്തം കാര്യങ്ങള്‍ അതുപയോഗിച്ച് നടത്തുക.
  6. സ്ഥാപനത്തിലെ നിയമങ്ങള്‍ അനുസരിക്കുക. അച്ചടക്കം പാലിക്കുക.

നിരീക്ഷിക്കുക ഉപദേശങ്ങള്‍ നല്കുക

അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യാം. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അവരെ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ഒഴിവാക്കണം. അവര്‍ പക്വത വന്ന മുതിര്‍ന്നവരല്ല എന്ന ബോധത്തോടെയാവണം അവരെ കൈകാര്യം ചെയ്യേണ്ടത്. സാവധാനം അവര്‍ കാര്യങ്ങള്‍ പഠിക്കുകയും അതിനനുസരിച്ച് പെരുമാറിത്തുടങ്ങുകയും ചെയ്യും.

അപരിചിതത്വം അവസാനിപ്പിക്കപ്പെടും

ബിസിനസിനോടുള്ള അവരുടെ അപരിചിതത്വം അവസാനിക്കുവാന്‍ ഈ തന്ത്രം വഴിയൊരുക്കും. ബിസിനസിനെ അവര്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. സാവധാനം അതില്‍ താല്പര്യം ഉണരും. അവര്‍ ബിസിനസ് ഏറ്റെടുക്കാന്‍ പാകമാകുമ്പോള്‍ സംരംഭകന് ഭയമൊന്നും കൂടാതെ അടുത്ത തലമുറയിലേക്ക് ബിസിനസ് കൈമാറുവാന്‍ സാധിക്കും. സാധ്യമെങ്കില്‍ എന്തുകൊണ്ട്  ഈ മാര്‍ഗ്ഗം അവലംബിച്ചുകൂടാ?  

 

 

 

 

 

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment