സ്റ്റാര്‍ട്ട്‌ വിത്ത്‌ സ്റ്റാര്‍ട്ടപ്പ്

ഫാഷനബിളും ഉപരിപ്ലവവുമായ ഏതോ ഒരു വാക്ക് പോലെ സ്റ്റാര്‍ട്ട്‌അപ്പിനെ കണ്ടിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. കേരളത്തിന്‍റെ സംരംഭ ആവാസവ്യവസ്ഥയിലേക്ക് പെട്ടെന്ന് കടന്നുകയറ്റം നടത്തിയ ഒരു അന്യജീവിയായി സ്റ്റാര്‍ട്ട്‌അപ്പ് നിലകൊണ്ടു. സ്റ്റാര്‍ട്ട്‌അപ്പുകളുടെ ആശയവും പ്രകൃതവും സ്വഭാവവും ബിസിനസ് രീതികളുമൊക്കെ പരമ്പരാഗത സംരംഭകത്വ വ്യവസ്ഥിതിയില്‍ നിന്നൊക്കെ വളരെ വിഭിന്നമായിരുന്നു. സ്റ്റാര്‍ട്ട്‌അപ്പ് എന്ന കോണ്‍സെപ്റ്റ് ദഹിക്കാന്‍ കുറച്ചധികം സമയം തന്നെ നമുക്ക് വേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഇന്ന് സ്റ്റാര്‍ട്ട്‌അപ്പ് എന്ന പദം മലയാളിയുടെ നാവില്‍ നിരന്തരം തത്തിക്കളിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കേരളത്തിന്‍റെ ബിസിനസ് ലോകത്ത് മാറ്റി നിര്‍ത്താന്‍ കഴിയാത്ത അതിശക്തമായ സാന്നിധ്യമായി സ്റ്റാര്‍ട്ട്‌അപ്പുകള്‍ മാറിക്കഴിഞ്ഞു. നാം ശീലിച്ചുപോന്ന ബിസിനസ് ശൈലികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അതിവേഗ വളര്‍ച്ചാ സാധ്യതയും പരിമിതകളില്ലാത്ത ബിസിനസ് സാമ്രാജ്യം സൃഷ്ടിക്കുവാന്‍ കെല്‍പ്പുള്ളതുമായ സ്റ്റാര്‍ട്ട്‌അപ്പ് കോണ്‍സെപ്റ്റിന്‍റെ അപരിമേയ ആന്തരിക ശക്തി നാം തിരിച്ചറിഞ്ഞ് കഴിഞ്ഞു.

നവ യുവസംരംഭകര്‍ മാത്രമല്ല പരമ്പരാഗത ശൈലിയില്‍ ബിസിനസ് ചെയ്തു വന്ന, അതാണ്‌ യഥാര്‍ത്ഥ ബിസിനസ് രീതി എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സീസണ്‍ഡ് ബിസിനസുകാര്‍ വരെ സ്റ്റാര്‍ട്ട്‌അപ്പിന്‍റെ ആരാധകരായി മാറി. പിച്ച്ഡെക്ക്, എലിവേറ്റര്‍ പിച്ച്, ഇന്‍വെസ്റ്റര്‍ പിച്ച്‌, ഇന്നൊവേഷന്‍, ഇന്‍കുബേറ്റര്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്‍റ്, വെഞ്ച്വര്‍ കാപിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങി ഇന്ന് വരെ അത്ര സുപരിചിതമല്ലാതിരുന്ന പുതിയ കുറേ വാക്കുകളൊക്കെ മലയാളിയുടെ ബിസിനസ് ഡിക്ഷണറിയിലേക്ക് പടി ചവിട്ടിക്കയറി.

ബിസിനസിലേക്ക് നിക്ഷേപിക്കുകയും ലാഭം തിരിച്ചെടുക്കുകയും ചെയ്യുക എന്ന രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ബിസിനസ് തന്ത്രങ്ങള്‍ക്കും സ്റ്റാര്‍ട്ട്‌അപ്പുകള്‍ ഏറെ മാറ്റം കൊണ്ടുവന്നു. പെട്ടെന്ന് ലഭ്യമാകുന്ന ലാഭത്തിനേക്കാളേറെ ബിസിനസിന്‍റെ മൂല്യം എങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്ന് സംരംഭകര്‍ ചിന്തിച്ചു തുടങ്ങി. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ നിക്ഷേപിക്കുകയും ലാഭത്തില്‍ കണ്ണു വെക്കുകയും ചെയ്യുക എന്ന പരമ്പരാഗത കാഴ്ചപ്പാടില്‍ നിന്നും ഭാവി സാധ്യതകളുള്ള സ്റ്റാര്‍ട്ട്‌അപ്പുകള്‍ കണ്ടെത്തുകയും അവയില്‍ നിക്ഷേപിക്കുകയും ബിസിനസിന്‍റെ മൂല്യം വര്‍ദ്ധിക്കുന്ന സമയം ഓഹരികളുടെ വിലയില്‍ വരുന്ന വര്‍ദ്ധനവില്‍ ലാഭമെടുക്കുകയും ചെയ്യുക എന്ന തന്ത്രം നിക്ഷേപകരുടെ ഉള്ളില്‍ പതിഞ്ഞു. ഇവിടെ കേരളത്തിന് ഇന്നുവരെ തീരെ പരിചിതമല്ലാത്ത ഒരു ആവാസവ്യവസ്ഥ രൂപം കൊള്ളുകയായിരുന്നു.

ആശയങ്ങളില്‍ നിന്ന് നവീനങ്ങളായ ഉത്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തുകയും അനന്തമായ വളര്‍ച്ചാ സാധ്യതകളുള്ള ഒരു ബിസിനസ് മോഡലുമായി അതിനെ ബന്ധപ്പെടുത്തി ധാരാളം തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കുക എന്ന അടിസ്ഥാന തത്വമാണ് സ്റ്റാര്‍ട്ട്‌അപ്പുകളെ നയിക്കുന്നത്. കേരളത്തിലെ യുവ സംരംഭകര്‍ ഇതിനെ നെഞ്ചേറ്റുകയും ആ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങുകയും ലോകം അത്ഭുതപ്പെടുന്ന ബിസിനസ് മോഡലുകള്‍ക്ക് രൂപം നല്കുകയും ചെയ്യുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കൂടുതല്‍ യുവ സംരംഭകര്‍ സ്റ്റാര്‍ട്ട്‌അപ്പുകളുമായി കടന്നു വരികയും പരിണിതപ്രഞ്ജരായ ബിസിനസുകാര്‍ അതിനെ പിന്താങ്ങുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് നമ്മുടെ നാട്ടിലെ ബിസിനസ് ലോകം ഇപ്പോള്‍ വളര്‍ന്നു കഴിഞ്ഞു.

സ്റ്റാര്‍ട്ട്‌അപ്പുകളുടെ കടന്നുവരവ് പരമ്പരാഗതമായി അടിയുറച്ച പല വിശ്വാസ പ്രമാണങ്ങളേയും കടപുഴക്കിയെറിഞ്ഞു. പുതിയ ആശയങ്ങളെയും വീക്ഷണങ്ങളെയും സ്വീകരിക്കുവാന്‍ അത് നമ്മെ നിര്‍ബന്ധിതരാക്കി. ഒരു ആശയം എന്നതിലുപരി ആഗോള തലത്തില്‍ കെട്ടിപ്പടുത്ത, വളര്‍ന്ന പ്രസ്ഥാനങ്ങളെ മൂര്‍ത്ത രൂപത്തില്‍ തന്നെ നാം കണ്ടു. കേരളത്തിലെ ബിസിനസ് രംഗത്ത് പുതിയൊരു സംസ്കാരം ഉദയം കൊണ്ടു. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ലോകം മുഴുവന്‍ പടരുന്ന സംരംഭങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്ന് നമുക്ക് ബോധ്യമായി. ബിസിനസ് രംഗത്തെ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് സാധിച്ചു.

സംരംഭകത്വ ലോകത്തെ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നാം അവസാനിപ്പിക്കുന്നതേയില്ല. സ്വന്തമായി ഒരു ഓഫീസ് വേണം എന്ന ധാരണ തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. വിര്‍ച്വല്‍ ഓഫീസുകള്‍ പ്രത്യക്ഷപ്പെട്ടു. കോ-വര്‍ക്കിംഗ് സ്പേസുകള്‍ ഉടലെടുത്തു തുടങ്ങി. സംരംഭം ആരംഭിക്കാന്‍ വലിയൊരു മൂലധനം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മുടക്കേണ്ടതില്ല എന്ന സ്ഥിതി സംജാതമായി. ബിസിനസിന് ആവശ്യമായ എല്ലാ പശ്ചാത്തല സൗകര്യങ്ങളോടും കൂടിയ പോക്കറ്റിനൊതുങ്ങുന്ന ഓഫീസുകള്‍ ഇന്ന് ലഭ്യമാണ്. ഒരു സീറ്റ്‌ മതിയെങ്കില്‍ അതിനുള്ള വാടക മാത്രം നല്‍കിയാല്‍ മതി. അതിവേഗതയിലുള്ള ഇന്‍റര്‍നെറ്റ്‌, ടെലിഫോണ്‍, എയര്‍ കണ്ടീഷണര്‍, റിസപ്ഷനിസ്റ്റ് ഉള്‍പ്പെടെ എല്ലാം റെഡി. സ്ഥിരമായൊരു സ്പേസ് വേണ്ട ക്ലൈന്‍റ് മീറ്റിംഗിനായി ഒരു മണിക്കൂര്‍ മീറ്റിംഗ് റൂം മതിയെങ്കില്‍ അതും റെഡി. മനസിലൊരു സ്വപ്നമുണ്ടെങ്കില്‍ അത് സാക്ഷാത്കരിക്കുവാന്‍ ഒന്നും ഒരു തടസമാവില്ല എന്ന് ഇവയൊക്കെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

കാലഘട്ടത്തിന്‍റെ സമര്‍ദ്ദത്തില്‍ വര്‍ക്ക്‌-ഫ്രം-ഹോം രീതിയും നാം പരിചയപ്പെട്ടു. പല കമ്പനികളും വലിയ ഓഫീസുകള്‍ ഉപേക്ഷിച്ചു. ചെലവുകള്‍ വെട്ടിച്ചുരുക്കി വിജയകരമായി ഈ സംസ്കാരത്തെ ഉള്‍ക്കൊണ്ടു. എവിടെ ഇരുന്ന് വേണമെങ്കിലും ജോലി ചെയ്തോളൂ റിസള്‍ട്ട്‌ കിട്ടിയാല്‍ മതി എന്നായി മനോഭാവം. തൊഴിലിടങ്ങളില്‍ കൂടുതല്‍ സൗഹൃദാന്തരീക്ഷം ഉടലെടുത്തു. വര്‍ക്ക്‌ സ്റ്റേഷന്‍ എന്ന സങ്കല്‍പ്പം മാറി. ബീന്‍ ബാഗുകള്‍ ഓഫീസുകളില്‍ സ്ഥാനം പിടിച്ചു. എങ്ങിനെ ജോലി ചെയ്യുന്നു എന്നതിനേക്കാള്‍ എന്ത് ഫലം ലഭ്യമാകുന്നു എന്ന് കേരളത്തിലെ തനത് കമ്പനികളും ചിന്തിച്ചു തുടങ്ങി. ഗിഗ് ഇക്കോണമിയെക്കുറിച്ചും നാം ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്തു തുടങ്ങി.

സംരംഭകത്വ രംഗം അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ്. കണ്ടതൊന്നുമല്ല ഇനി കാണുവാന്‍ പോകുന്നത് എന്ന രീതിയിലാണ് മാറ്റങ്ങളുടെ പോക്ക്. കൂടുതല്‍ പ്രതീക്ഷകളോടെ ഭാവിയെ നോക്കിക്കാണുവാന്‍ ഈ മാറ്റങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു, പ്രചോദിപ്പിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment