ബിസിനസില്‍ പണം നിലനിര്‍ത്താന്‍ ഒരു തന്ത്രം

മാത്യൂസ് വളരെ നന്നായി ബിസിനസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരാളാണ്. വളരെ വര്‍ഷങ്ങളായി ഉത്പാദന രംഗത്തുള്ള സംരംഭകന്‍. ഇലക്ട്രിക്കല്‍ ഗുഡ്സ് നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് അദ്ദേഹത്തിന്‍റേത്. കേരളത്തിന് അകത്തും പുറത്തും തന്‍റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാത്യൂസിന് സാധിക്കുന്നു.

അദ്ദേഹത്തിന്‍റെ ക്ഷണപ്രകാരം ഒരിക്കല്‍ ഫാക്ടറി സന്ദര്‍ശിക്കാന്‍ എനിക്ക് പോകേണ്ടി വന്നു. വലിയ ഫാക്ടറി. ആര്‍ക്കും അസൂയ തോന്നുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നു. ചിട്ടയായി ജോലി ചെയ്യുന്ന ജീവനക്കാര്‍. ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും സ്റ്റോക്ക്‌ ചെയ്യുന്നതൊക്കെ മാത്യൂസ് കാണിച്ചും വിശദീകരിച്ചും തന്നു.

സംസാരിക്കുന്നതിനിടെ മാത്യൂസ് പറഞ്ഞു “കാണുമ്പോള്‍ വലിയ സെറ്റ്അപ്പും ബിസിനസുമൊക്കെയാണ് എന്നാല്‍ ഏത് നേരം നോക്കിയാലും പണത്തിന്‍റെ ടൈറ്റ് ആണ്. കച്ചവടമുണ്ട്‌ എല്ലാ വര്‍ഷവും വളര്‍ച്ചയുമുണ്ട്. എന്നാല്‍ ബിസിനസിലേക്കുള്ള പണത്തിന്‍റെ ഒഴുക്ക് വളരെ കുറവാണ്. കാരണം മനസിലാവുന്നതേയില്ല.”

ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ വലുപ്പം മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണോ? ഒരിക്കലുമല്ല. ശരീരത്തിന്‍റെ വലുപ്പവും ആരോഗ്യവും തമ്മില്‍ ബന്ധമൊന്നുമില്ല. അതുപോലെ തന്നെയാണ് ഓര്‍ഗനൈസേഷന്‍റെ വലുപ്പവും അതിന്‍റെ ആരോഗ്യവും. ഒരു ഓര്‍ഗനൈസേഷന്‍ വലുതായത് കൊണ്ടോ മികച്ച വില്പന നടക്കുന്നത് കൊണ്ടോ അത് ശക്തമായ ഒരു പ്രസ്ഥാനമാകണമെന്നില്ല.

മാത്യൂസിന്‍റെ ബിസിനസില്‍ നല്ല വില്പനയുണ്ട് വര്‍ഷം തോറും വളര്‍ച്ചയുമുണ്ട്. എന്നാല്‍ പണത്തിന്‍റെ ഒഴുക്ക് സുഗമമല്ല. ബിസിനസില്‍ ലാഭം കുമിയുമ്പോഴും അത് പണത്തിന്‍റെ രൂപത്തില്‍ കാണുന്നില്ല. ലാഭ നഷ്ട കണക്കില്‍ ലാഭം വരുന്നുണ്ട് അതിന് ആദായനികുതിയും നല്കുന്നുണ്ട്. എന്നാല്‍ പണം എവിടെ പോകുന്നു. ബിസിനസിനകത്ത് പണത്തിന് എന്താണ് സംഭവിക്കുന്നത്‌? ഇത് ബിസിനസുകാര്‍ക്ക് പലപ്പോഴും പിടുത്തം കിട്ടാത്ത പ്രഹേളികയായി മാറുന്നു.

പണത്തിന്‍റെ പരിക്രമം

ബിസിനസിനെ കുറിച്ച് ലളിതമായി ചിന്തിച്ചാല്‍ പണത്തിന്‍റെ പരിക്രമമാണ് ബിസിനസ് എന്ന് പറയാം. പണം ബിസിനസില്‍ കിടന്ന് കറങ്ങുന്നു. കറങ്ങുന്തോറും പണത്തിന്‍റെ വലുപ്പം (Quantity) വര്‍ദ്ധിക്കുന്നു. ലാഭം കൊണ്ടാണ് പണത്തിന്‍റെ വലുപ്പത്തിന് വ്യത്യാസം സംഭവിക്കുന്നത്‌. നഷ്ടമാണെങ്കില്‍ പണത്തിന് വലുപ്പം കുറയും. അത് ശുഷ്കമാകും. ക്രമേണ അത് ബിസിനസില്‍ നിന്നും അപ്രത്യക്ഷമാകും.

ലാഭകരമായ ബിസിനസില്‍ പണത്തിന് വലുപ്പം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അതായത് ചെലവഴിക്കപ്പെടുന്ന പണത്തിനെക്കാള്‍ കൂടുതല്‍ ബിസിനസിനകത്തേക്ക് പ്രവഹിച്ചു കൊണ്ടിരിക്കും. എന്നാല്‍ ബിസിനസില്‍ ഈ പ്രവാഹം കൃത്യമായി നടക്കുന്നില്ല എന്ന് കരുതുക ലാഭം കടലാസില്‍ കാണുകയും ചെയ്യും എന്നാല്‍ ആവശ്യത്തിന് പണം ലഭ്യമല്ലാതെ വരികയും ചെയ്യും.

ബിസിനസില്‍ പണത്തിന്‍റെ യാത്ര

പണത്തിന്‍റെ ഈ കറങ്ങല്‍ എങ്ങിനെയാണ് എന്നൊന്ന് പരിശോധിച്ചാലോ? ഒരു സ്ഥാനത്ത് നിന്ന് പണം യാത്ര ആരംഭിക്കുകയും അതേ സ്ഥാനത്തേക്ക് തന്നെ എത്തിപ്പെടുകയും ചെയ്യുകയാണ്. അതായത് ഒരു ചക്രം കറങ്ങുന്ന പോലെ പണം ബിസിനസില്‍ കറങ്ങികൊണ്ടിരിക്കുകയാണ്. പണം യാത്ര ആരംഭിക്കുമ്പോള്‍ ഉള്ള വലുപ്പത്തിലല്ല അത് ഒരു ഭ്രമണം പൂര്‍ത്തിയാകുമ്പോള്‍ തിരിച്ചെത്തിച്ചേരുക. അതിന്‍റെ വലുപ്പത്തില്‍ മാറ്റം വരുന്നു. ബിസിനസിലൂടെയുള്ള പണത്തിന്‍റെ ഈ ഭ്രമണം നമുക്കൊന്ന് കാണാം.

  1. പണം അസംസ്കൃത വസ്തുക്കളായി മാറുന്നു.
  2. മറ്റ് ഉത്പാദന ചെലവുകള്‍ക്കായി (വേതനം, മറ്റ് നേരിട്ടുള്ള ചെലവുകള്‍) അത് വിനിയോഗിക്കപ്പെടുന്നു.
  3. പണം ഉത്പന്നമായി രൂപാന്തരപ്പെടുന്നു.
  4. ഉത്പന്നം വില്ക്കപ്പെടുന്നു പണം ഇപ്പോള്‍ ഡെബ്റ്റേഴ്സ് ആയി മാറിയിരിക്കുന്നു.
  5. ഡെബ്റ്റേഴ്സില്‍ നിന്നും പണം കളകട് ചെയ്യുന്നു. ഇവിടെ ഒരു ചക്രം (Cycle) പൂര്‍ത്തിയാകുന്നു.

പണം യാത്ര ആരംഭിച്ച് വിവിധ രൂപങ്ങളായി മാറി വീണ്ടും പണമായി രൂപാന്തരത്വം പ്രാപിക്കുന്നു. പണത്തിന്‍റെ ഒരു വട്ടം ഭ്രമണമായി നമുക്കിതിനെ കണക്കിലാക്കാം.

പണത്തിന്‍റെ വലുപ്പം (Quantity) കൂടുന്നു

ഈ ചക്രം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ പണത്തിന്‍റെ വലുപ്പം മാറിയിരിക്കുന്നു. അതായത് യാത്ര തുടങ്ങിയ പണത്തിന്‍റെ അതേ വലുപ്പമല്ല യാത്ര അവസാനിപ്പിച്ചപ്പോള്‍. ഈ ചക്രം ഇങ്ങിനെ കറങ്ങിക്കൊണ്ടിരിക്കും.

നിങ്ങള്‍ പണം മുടക്കി അസംസ്കൃത വസ്തുക്കള്‍ വാങ്ങി അത് ഉത്പന്നമാക്കി മാറ്റുകയാണ്. ഉത്പാദന ചെലവ് 1 ലക്ഷം രൂപയാണ് എന്ന് കരുതുക. ഈ ഉത്പന്നങ്ങള്‍ നിങ്ങള്‍ വില്‍ക്കുന്നത് 20% ലാഭത്തിനാണ്. അപ്പോള്‍ ഉത്പന്നങ്ങളുടെ വില്പന വില 120000/- രൂപയാകുന്നു. അതായത് പണമുപയോഗിച്ച് ഉത്പന്നം നിര്‍മ്മിച്ച്‌ അത് വിറ്റ് പണം തിരികെയെത്തുമ്പോള്‍ 1 ലക്ഷം രൂപ 1.20 ലക്ഷമായി വളര്‍ന്നിരിക്കുന്നു.

പ്രവര്‍ത്തന ചക്രം (Operating Cycle)

പണത്തിന്‍റെ ഈ പരിക്രമത്തെ നമുക്ക് ബിസിനസിന്‍റെ പ്രവര്‍ത്തന ചക്രം (Operating Cycle) എന്ന് വിശേഷിപ്പിക്കാം. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് മുതല്‍ വില്പന നടന്ന് പണം കളക്റ്റ് ചെയ്യുന്നത് വരെയുള്ള കാലയളവാണ് ഒരു പ്രവര്‍ത്തന ചക്രം.

ഈ കാലയളവ്‌ ഒന്ന് പരിശോധിച്ചാലോ?

ഇത് കണ്ടെത്താന്‍ 3 പ്രധാനപ്പെട്ട കാര്യങ്ങള്‍ കണക്കുകൂട്ടേണ്ടതുണ്ട്. ഒരു വര്‍ഷത്തെ ഡാറ്റ നിങ്ങള്‍ എടുക്കുകയാണ്.

 

ഇനം ഓപ്പണിംഗ് (A)

ലക്ഷത്തില്‍

ക്ലോസിംഗ് (B)

ലക്ഷത്തില്‍

ശരാശരി (Average)

(A+B / 2)

ലക്ഷത്തില്‍

ഇന്‍വെന്‍ററി (Inventory) 96 102 99
ഡെബ്റ്റേഴ്സ് (വില്പനയില്‍ നിന്നും ലഭിക്കുവാനുള്ള പണം) 86 90 88
ക്രെഡിറ്റേഴ്സ് (അസംസ്കൃത വസ്തുക്കള്‍ വാങ്ങിയ പണം കൊടുക്കുവാനുള്ളത്‌) 56 60 58

 

ഇനം തുക (ലക്ഷത്തില്‍)

(A)

ഒരു ദിവസത്തെ ഡാറ്റ

(A / 365)

ഒരു വര്‍ഷത്തെ വില്പന 800 2.19 (D)
ഒരു വര്‍ഷം വിറ്റ ഉത്പന്നങ്ങളുടെ ചെലവ് (വില്പനയില്‍ നിന്ന് ലാഭം മാറ്റിയാല്‍ ഇത് ലഭിക്കും) 720 1.97 (E)
  1. ഇന്‍വെന്‍ററി പീരീഡ്‌ (Inventory Period)

ഇത് കണ്ടെത്താന്‍ ശരാശരി ഇന്‍വെന്‍ററിയെ E കൊണ്ട് ഹരിച്ചാല്‍ മതി.

ഇന്‍വെന്‍ററി പീരീഡ്‌       =    99 / 1.97               =             50 ദിവസങ്ങള്‍

  1. അക്കൗണ്ട്‌സ് റിസീവബിള്‍ പീരീഡ്‌ (Accounts Receivable Period)

ഇത് കണ്ടെത്താന്‍ ശരാശരി ഡെബ്റ്റേഴ്സിനെ D കൊണ്ട് ഹരിച്ചാല്‍ മതി.

അക്കൗണ്ട്‌സ് റിസീവബിള്‍ പീരീഡ്‌ = 88 / 2.19 = 40 ദിവസങ്ങള്‍

  1. അക്കൗണ്ട്‌സ് പേയബിള്‍ പീരീഡ്‌ (Accounts Payable Period)

ഇത് കണ്ടെത്താന്‍ ശരാശരി ക്രെഡിറ്റേഴ്സിനെ E കൊണ്ട് ഹരിച്ചാല്‍ മതി.

അക്കൗണ്ട്‌സ് പേയബിള്‍ പീരീഡ്‌ = 58 / 1.97 = 29 ദിവസങ്ങള്‍

ഇപ്പോള്‍ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട 3 കാര്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇനിയാണ് നിങ്ങള്‍ ബിസിനസിന്‍റെ പ്രവര്‍ത്തന ചക്രം (Operating Cycle) കണക്കുകൂട്ടുവാന്‍ പോകുന്നത്.

പ്രവര്‍ത്തന ചക്രം = ഇന്‍വെന്‍ററി പീരീഡ്‌ + അക്കൗണ്ട്‌സ് റിസീവബിള്‍ പീരീഡ്‌

 

 

പ്രവര്‍ത്തന ചക്രം      =   50 + 40                  =             90 ദിവസങ്ങള്‍

നിങ്ങളുടെ ബിസിനസില്‍ പണം അസംസ്കൃത വസ്തുവും ഉത്പന്നവുമായി മാറി വില്പന നടന്ന് പണം തിരികെ എത്തുമ്പോള്‍ 90 ദിവസങ്ങള്‍ എടുക്കും. നേരത്തെ കണ്ട 1 ലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ അത് ലാഭവും കൂടി തിരികെ എത്തുവാന്‍ 90 ദിവസങ്ങള്‍ എടുക്കുന്നു എന്ന് സാരം.

കാഷ് സൈക്കിള്‍ (Cash Cycle or Cash Conversion Cycle)

വില്പന ഉണ്ടെങ്കിലും എന്തുകൊണ്ട് പണം ബിസിനസിലേക്ക് കൃത്യമായി എത്തുന്നില്ല എന്നുള്ളതിന്‍റെ ഉത്തരം കാഷ് സൈക്കിള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. ബിസിനസിലെ പണത്തിന്‍റെ പരിക്രമത്തിനായി എത്ര ദിവസങ്ങള്‍ എടുക്കുന്നു എന്ന് നിങ്ങള്‍ ഇനി കണക്കാക്കുവാന്‍ പോകുകയാണ്.

അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതിന് പണം നല്കുന്നത് മുതല്‍ വില്പനയുടെ പണം ലഭിക്കുന്നത് വരെയുള്ള സമയമാണ് കാഷ് സൈക്കിള്‍.

പ്രവര്‍ത്തന ചക്രവുമായി ഇതിനുള്ള വ്യത്യാസം അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത് മുതല്‍ പ്രവര്‍ത്തന ചക്രം കണക്കാക്കുന്നു. എന്നാല്‍ ഇവിടെ വാങ്ങിയതിന് പണം നല്കുന്നത് മുതലാണ്‌ കാഷ് സൈക്കിള്‍ കണക്കാക്കുക.

പണത്തിന്‍റെ ബിസിനസിലെ പരിക്രമം നമുക്കിവിടെ കണ്ടെത്താന്‍ കഴിയും. പണം ചെലവാകുന്നതും പണം ലഭിക്കുന്നതും തമ്മിലുള്ള ദൂരം അളക്കാന്‍ കാഷ് സൈക്കിള്‍ സഹായിക്കും.

നേരത്തെ കണ്ട ഉദാഹരണത്തില്‍ കാഷ് സൈക്കിള്‍ കാണാം.

കാഷ് സൈക്കിള്‍ = പ്രവര്‍ത്തന ചക്രം – അക്കൗണ്ട്‌സ് പേയബിള്‍ പീരീഡ്‌

 

 

കാഷ് സൈക്കിള്‍    =   90 – 29                  =             61 ദിവസങ്ങള്‍

നിങ്ങളുടെ പണം കറങ്ങിയെത്താന്‍ 61 ദിവസങ്ങള്‍ എടുക്കുന്നു. ബിസിനസിലേക്ക് പണം നിക്ഷേപിച്ച് കഴിഞ്ഞാല്‍ അത് 61 ദിവസങ്ങള്‍ക്ക് ശേഷമേ തിരികെയെത്തുന്നുള്ളൂ എന്ന് കാഷ് സൈക്കിള്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നു.

കാഷ് സൈക്കിള്‍ കൂടിയാല്‍

 കാഷ് സൈക്കിള്‍ കൂടുതലാണെങ്കില്‍ എന്ത് സംഭവിക്കും? ബിസിനസില്‍ പണം തിരികെ എത്തുന്നത് വൈകും. വില്പന കൂടിയാലും പണം സമയത്തിന് എത്തണമെന്നില്ല. ഈ സമയം ബിസിനസ് നടത്തിക്കൊണ്ട് പോകുവാന്‍ പണം കണ്ടെത്തേണ്ടി വരും.

കാഷ് സൈക്കിള്‍ കൂടുവാനുള്ള കാരണങ്ങള്‍

  • അനാവശ്യമായി കൂടുതല്‍ പണം സ്റ്റോക്കില്‍ നിക്ഷേപിക്കുന്നത്.
  • വില്പനയില്‍ കൂടുതല്‍ ക്രെഡിറ്റ്‌ പീരീഡ്‌ നല്കുന്നത്.
  • കുറഞ്ഞ ക്രെഡിറ്റ്‌ പീരീഡില്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നത്.
  • കൃത്യമായി പണം കളക്റ്റ് ചെയ്യുന്നതില്‍ വരുന്ന വീഴ്ച.

നിങ്ങള്‍ക്ക് രണ്ട് കാര്യങ്ങള്‍ ഇപ്പോള്‍ മനസിലാകും.

  1. കാഷ് സൈക്കിള്‍ കൂടിയാല്‍ ബിസിനസ് രോഗാവസ്ഥയിലാണ്
  2. കാഷ് സൈക്കിള്‍ കുറഞ്ഞാല്‍ ബിസിനസ് ആരോഗ്യമുള്ളതാണ്.

മുകളില്‍ നിങ്ങള്‍ കണ്ട കാഷ് സൈക്കിള്‍ 40 ദിവസമായിരുന്നെങ്കില്‍ അതിനര്‍ത്ഥം 40 ദിവസം മതി നിങ്ങളുടെ പണം കറങ്ങിത്തിരിഞ്ഞ് തിരിച്ചെത്താന്‍. എന്നാല്‍ ഇവിടെ 61 ദിവസങ്ങളെടുക്കുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിക്കും.

നിങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ക്രെഡിറ്റ്‌ കൊടുക്കുകയും നിങ്ങള്‍ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് വളരെ പെട്ടെന്ന് പേയ്മെന്‍റ് നല്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണോ? അങ്ങനെയെങ്കില്‍ നിങ്ങളുടെ കാഷ് സൈക്കിള്‍ കൂടുതലായിരിക്കും. രണ്ടിലും നിയന്ത്രണം ആവശ്യമാണ്‌.

വില്പന കൂടട്ടെ പക്ഷെ ശ്രദ്ധ വേണം

വില്പന കൂടുന്നതിനൊപ്പം കാഷ് സൈക്കിള്‍ ശ്രദ്ധിക്കണം. കൂടുതല്‍ വില്പനക്കായി കൂടുതല്‍ കടം കൊടുക്കുകയും അത് തിരികെ കിട്ടുവാന്‍ വൈകുകയും ചെയ്‌താല്‍ ബിസിനസ് പ്രശ്നങ്ങളിലേക്ക് പോകും. വില്പന കൂടുമ്പോള്‍ ഉത്പാദനം കൂടണം. ഉത്പാദനം കൂടുമ്പോള്‍ ചെലവുകള്‍ വര്‍ദ്ധിക്കും. കൂടുതല്‍ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരും. സ്റ്റോക്കില്‍ കൃത്യമായ നിയന്ത്രണമില്ലെങ്കില്‍ കാഷ് സൈക്കിള്‍ വര്‍ദ്ധിക്കും. വില്പന വര്‍ദ്ധിച്ചാലും ബിസിനസ് പണത്തിനായി ഞെരുങ്ങും.

പണത്തിന്‍റെ ഒഴുക്കാണ് മുഖ്യം

ബിസിനസില്‍ പണത്തിന്‍റെ ഒഴുക്ക് സുഗമമാക്കുക. അതിനായിട്ടാവണം ബിസിനസിലെ നയങ്ങള്‍ (Policies) രൂപീകരിക്കേണ്ടത്. പണത്തിന്‍റെ യാത്രയുടെ വേഗത വര്‍ദ്ധിപ്പിക്കുകയാവണം ബിസിനസുകാരന്‍റെ ലക്‌ഷ്യം. എത്ര വേഗതയില്‍ പണം തിരികെ എത്തുന്നുവോ അത്രയും ആരോഗ്യമുള്ളതായി ബിസിനസ് മാറും. പ്രവര്‍ത്തന മൂലധനത്തിനായി അത്തരം ബിസിനസുകള്‍ ബുദ്ധിമുട്ടുകയില്ല.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍.

  • ക്രെഡിറ്റ്‌ കൊടുക്കുവാനും വാങ്ങുവാനും കൃത്യമായ നയങ്ങള്‍ രൂപീകരിക്കുക.
  • ആവശ്യമായ സ്റ്റോക്ക്‌ മാത്രമാണോ സൂക്ഷിക്കുന്നത് എന്ന് സമയാസമയങ്ങളില്‍ പരിശോധിക്കുക.
  • കൊടുത്തിരിക്കുന്ന ക്രെഡിറ്റ്‌ പീരീഡിനുള്ളില്‍ തന്നെ പണം കളക്റ്റ് ചെയ്യുക.
  • ബിസിനസിന്‍റെ കാഷ് സൈക്കിള്‍ കൃത്യമായ ഇടവേളകളില്‍ കണക്കാക്കുക. അതിനനുസരിച്ച് തന്ത്രങ്ങള്‍ രൂപീകരിക്കുക.
  • വില്പന വര്‍ദ്ധിപ്പിക്കുവാന്‍ അനിയന്ത്രിതമായി കടം കൊടുക്കുന്ന സ്വഭാവം ഉപേക്ഷിക്കുക.
  • നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ കൂടുതല്‍ കാലം സ്റ്റോക്കില്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കളക്ഷന്‍ പ്രോത്സാഹിപ്പിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

ബിസിനസില്‍ പണത്തിന്‍റെ ഞെരുക്കം വരാന്‍ കാത്ത് നില്ക്കേണ്ടതില്ല. കാഷ് സൈക്കിള്‍ ഒന്ന് ഇപ്പോള്‍ തന്നെ കണക്കുകൂട്ടി നോക്കുക. അപ്പോള്‍ മനസിലാകും ബിസിനസ് എവിടെ നില്ക്കുന്നുവെന്ന്. കാഷ് സൈക്കിള്‍ കൂടുതലാണോ? എങ്കില്‍ മൊത്തം ഒരു അഴിച്ചു പണിയുടെ ആവശ്യമുണ്ട്.

 

Leave a comment