പുതിയ കാലത്തെ സംരംഭങ്ങള്‍ വിജയിക്കുവാന്‍ പുതിയ ശീലങ്ങള്‍

അവര്‍ നാലു പേരുണ്ടായിരുന്നു. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. നാലുപേരും എഞ്ചിനീയര്‍മാര്‍, സഹപാഠികള്‍. കോഴിക്കോട് നിന്നായിരുന്നു അവര്‍ എന്നെ കാണാന്‍ എറണാകുളത്ത് എത്തിച്ചേര്‍ന്നത്.

കോളേജ് പഠനം കഴിഞ്ഞയുടനെ നാലുപേരും കൂടി ഒരു സംരംഭം ആരംഭിച്ചു. തികച്ചും നൂതനമായ, വിജയ സാധ്യതയുള്ള ആശയവുമായിട്ടായിരുന്നു തുടക്കം. വീട്ടില്‍ നിന്നും ലഭിച്ച പിന്തുണയും ബാങ്ക് ലോണുമൊക്കെയായി മൂലധനം സംഘടിപ്പിച്ചു. വലിയ സ്വപ്നങ്ങളുമായി അവര്‍ വളരെയധികം ഉത്സാഹിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി അടച്ചുപൂട്ടേണ്ട ഗതികേടിലേക്കെത്തി.

“എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?” ഞാന്‍ ചോദിച്ചു.

“നല്ലൊരു ആശയമായിരുന്നു ഞങ്ങളുടേത്. പക്ഷേ ധൃതി അല്‍പ്പം കൂടിപ്പോയി. തുടങ്ങുകയും പിന്നീട് കാര്യങ്ങള്‍ പഠിച്ച് മുന്നോട്ടു പോകാമെന്നും കരുതി. എന്നാല്‍ തുടക്കത്തില്‍ തന്നെ ഒരുപാട് പാളിച്ചകള്‍ ഉണ്ടായി. അവയൊന്നും തിരുത്തുക അത്ര എളുപ്പമായിരുന്നില്ല. ഞങ്ങള്‍ക്ക് ചിലപ്പോള്‍ കുറച്ചുകൂടി അനുഭവസമ്പത്തും അറിവും ഉണ്ടായിരുന്നെങ്കില്‍ പല മണ്ടത്തരങ്ങളും ഒഴിവാക്കാമായിരുന്നു. പലതും തിരിച്ചറിഞ്ഞപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ധാരാളം പണം വെറുതെ പാഴായി.” അവരിലൊരാള്‍ പറഞ്ഞു.

അതേ, ഇത് ചിലരുടെ മാത്രം കഥയല്ല. സംരംഭകരാകാന്‍ ഇറങ്ങിത്തിരിക്കുന്ന ഭൂരിഭാഗം പേരുടെയും കഥയാണ്. ഞങ്ങള്‍ പഠിക്കേണ്ടതായിരുന്നു എന്ന് ചിലര്‍ മാത്രം അംഗീകരിക്കും. മറ്റു ചിലര്‍ അത് തിരിച്ചറിഞ്ഞാലും തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

പുതിയ കാലത്ത് സംരംഭകത്വത്തില്‍ സംഭവിച്ച മാറ്റങ്ങള്‍

സംരംഭകത്വം എന്നും ഒരേപോലെ തന്നെയാണ് എന്ന ഉറച്ച ധാരണയാണ് നാം പുലര്‍ത്തിപ്പോരുന്നത്. സംരംഭകത്വത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ അതേപോലെ തന്നെ നിലനില്‍ക്കുന്നുവെങ്കിലും പ്രവര്‍ത്തന തലങ്ങളില്‍ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. ഇത് തിരിച്ചറിയാതെ പോകുന്നതു കൊണ്ടാണ് നാം പഴയ മാനസിക ബോധത്തില്‍ നിന്നുകൊണ്ട് മിക്കപ്പോഴും പെരുമാറുന്നത്.

എഴുപതുകളിലും എണ്‍പതുകളിലുമുണ്ടായിരുന്ന സംരംഭകത്വ സംസ്കാരത്തിന് തൊണ്ണൂറുകളില്‍ എത്തിയപ്പോഴേക്കും വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കടന്നു വരവും എല്ലാ മേഖലകളിലേക്കുള്ള അതിന്‍റെ വ്യാപനവും വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. ശാസ്ത്രത്തിലും കലയിലും വിദ്യാഭ്യാസത്തിലും എന്നല്ല ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സാങ്കേതിക വിദ്യ കൊണ്ടു വന്ന പരിവര്‍ത്തനം സംരംഭകത്വത്തിലും പ്രതിഫലിച്ചു. പ്രവൃത്തികളുടെ വേഗത പതിന്മടങ്ങായി. അറിവ് സാര്‍വത്രികമായി ജനാധിപത്യവത്കരിക്കപ്പെട്ടു.

മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന അതേ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടുക ആധുനിക യുഗത്തില്‍ അസാദ്ധ്യമാകുന്നു. എത്രയും വേഗതയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുക എന്നതു പോലെതന്നെ പ്രധാനപ്പെട്ടതാകുന്നു ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുക എന്നതും. വിപണി ശക്തമായ മത്സരത്തിന്‍റെ വേദിയാകുന്നു. സംരംഭകത്വത്തിലേക്ക് കടന്ന് മെല്ലെ മെല്ലെ കാര്യങ്ങള്‍ പഠിച്ച് തെറ്റുകള്‍ വരുത്തുകയും തിരുത്തുകയും ചെയ്തു കൊണ്ട് വലിയൊരു സമയമെടുത്ത് വിജയിക്കാം എന്ന തന്ത്രം ആധുനിക യുഗത്തില്‍ അപ്രസക്തമാകുന്നു.

പുതിയ കാലത്തെ സംരംഭകന്‍ എങ്ങിനെയാവണം?

“എന്‍റെ കയ്യില്‍ പുതിയൊരു ആശയമുണ്ട്. എത്രയും വേഗം അത് നടപ്പിലാക്കിയില്ലെങ്കില്‍ മാറ്റാരെങ്കിലും അത് നടപ്പിലാക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് വിപണിയിലേക്ക് പ്രവേശിക്കണം.”

പലപ്പോഴും നാം കേള്‍ക്കുന്ന വാക്കുകളാണ്. ആശയമുണ്ടെങ്കില്‍ എടുത്തുചാടി അത് നടപ്പിലാക്കുകയാണ് സംരംഭകത്വത്തിന്‍റെ വിജയത്തെ നിര്‍ണ്ണയിക്കുന്നതെന്ന അബദ്ധധാരണ കുറേപ്പേരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ട്. എത്രയും വേഗം നടപ്പിലാക്കുക എന്ന് പറയുമ്പോള്‍ കാര്യമായ പഠനമോ തയ്യാറെടുപ്പോ ആവശ്യമില്ല ഉടനെതന്നെ ചെയ്യുക എന്നതാണോ അര്‍ത്ഥമാക്കുന്നത്?

ഒരിക്കലും അത്തരമൊരു ചിന്താഗതിയല്ല പുതിയ കാലത്തെ സംരംഭകര്‍ക്ക് ഉണ്ടാകേണ്ടത്. മുന്‍കാലങ്ങളെക്കാള്‍ വളരെ വേഗതയില്‍ അറിവ് നേടാനും തയ്യാറെടുപ്പുകള്‍ നടത്തുവാനും ഇന്നത്തെ കാലഘട്ടത്തില്‍ സാധിക്കും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വിജയ സാധ്യത കൂടുതലാണെന്നതു പോലെ റിസ്ക്കും കൂടുതലാണ് എന്നത് നാം ഓര്‍ക്കേണ്ടതാണ്. സംരംഭകത്വത്തിന്‍റെ വിജയം നിര്‍ണ്ണയിക്കുന്നത് വികാരമല്ല വിവേകമാണ് എന്ന് സംരംഭകന്‍ മനസിലാക്കേണ്ടതുണ്ട്.

ആശയത്തെ വേഗതയില്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്‌ഷ്യം നിറവേറ്റണമെങ്കില്‍ സംരംഭകന്‍ വേഗതയില്‍ നടത്തേണ്ട ചില തയ്യറെടുപ്പുകളുണ്ട്. ഇവ സംരംഭം ആരംഭിച്ചതിനു ശേഷം ചെയ്യുക ആത്മഹത്യാപരമാകും. നാം ആദ്യം കണ്ട ചെറുപ്പക്കാര്‍ക്ക് സംഭവിച്ചതു പോലെ. തിരുത്താനാവാത്ത അബദ്ധങ്ങള്‍ സംരംഭത്തെ നശിപ്പിക്കും. വേഗതയെന്നാല്‍ എടുത്തുചാടുക എന്നതല്ല വേഗതയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കുക എന്നതാണ്.

സംരംഭത്തെ വിജയത്തിലേക്ക് നയിക്കുവാന്‍ സംരംഭകന്‍ അത് തുടങ്ങുന്നതിനു മുന്‍പേ ചില മേഖലകളില്‍ സ്വയം പരിശീലിപ്പിക്കേണ്ടതുണ്ട്. കൊണ്ടറിഞ്ഞു പഠിക്കുക സംരംഭകത്വത്തില്‍ അത്ര സുഖകരമായ ഏര്‍പ്പാടല്ല. സംരംഭത്തെ വിജയത്തിലേക്ക് നയിക്കുവാന്‍ സംരംഭകന്‍ എങ്ങിനെയാണ് തയ്യാറെടുക്കേണ്ടത് എന്ന് നമുക്ക് കാണാം.

  1. ചെയ്യാന്‍ പോകുന്നതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുക.

സംരംഭകന് തന്‍റെ മനസ്സിലെ ആശയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകാം. അതിനെക്കുറിച്ചൊന്നും യാതൊരു തര്‍ക്കവുമില്ല. പക്ഷേ സംരംഭം പ്രാവര്‍ത്തികമാക്കുവാന്‍ ആ ധാരണ മാത്രം മതിയോ? നാം കണ്ട ചെറുപ്പക്കാരുടേയും വിശ്വാസം അങ്ങിനെയൊക്കെ തന്നെയായിരുന്നു. അവര്‍ ആശയത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്തു. അവരുടേതായ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു. എന്നാല്‍ പിന്നീട് പ്രതീക്ഷിക്കാതിരുന്ന പല ദുര്‍ഘടങ്ങളേയും അഭിമുഖീകരിക്കേണ്ടി വന്നു.

ഇതൊഴിവാക്കാന്‍ എന്ത് ചെയ്യണം? ഇവിടെ വേണ്ടത് വിദഗ്ദ്ധരായ വ്യക്തികളുടെ സഹായമാണ്. എന്താണോ ആശയം അതില്‍ അനുഭവ സമ്പത്തുള്ള, വൈദഗ്ദ്യമുള്ള ആളുകളെ കണ്ടെത്തുക. അവരുമായി ആശയം ചര്‍ച്ച ചെയ്യുക. അതിന്‍റെ പ്രാവര്‍ത്തിക തലങ്ങള്‍ മനസ്സിലാക്കുക. വരാന്‍ പോകുന്ന പ്രശ്നങ്ങളും അവയെ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളും പഠിക്കുക. വിദഗ്ദ്ധരുടെ സഹായത്തോടെ മികച്ചൊരു ഉല്‍പ്പന്നത്തെ നിര്‍മ്മിക്കുക, അത് പരീക്ഷിക്കുക, മെച്ചപ്പെടുത്തുക.

ഒരിക്കലും പരീക്ഷണത്തിനായല്ല വിപണിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നത്‌. വിപണിയിലേക്ക് അവതരിപ്പിക്കുന്ന ഉല്‍പ്പന്നം തന്നെ ഉപഭോക്താവിന്‍റെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിവുള്ളതാവണം. നമ്മള്‍ കണ്ട ചെറുപ്പക്കാര്‍ ആദ്യം ഇറക്കിയ ഉല്‍പ്പന്നം തന്നെ വലിയൊരു പരാജയമായി. അവരുടേതായ ചിന്തകള്‍ക്കനുസരിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം സൃഷ്ടിച്ചില്ല. പിന്നീട് അത് മെച്ചപ്പെടുത്താന്‍ ധാരാളം സമയം അവര്‍ക്ക് ചെലവഴിക്കേണ്ടി വന്നു. ഇത് സംരംഭത്തെ പരാജയത്തിലേക്ക് നയിച്ചു.

ഉല്‍പ്പന്നത്തിന്‍റെ വലുപ്പ ചെറുപ്പങ്ങള്‍ ഇവിടെ പ്രശ്നമല്ല. ഉല്‍പ്പന്നം മികച്ചതാവുക എന്നതാവണം ലക്‌ഷ്യം. സംരംഭകന് തന്‍റെ ബുദ്ധിയില്‍ വിശ്വസിക്കാം അതില്‍ അഭിമാനം കൊള്ളാം. എന്നാല്‍ ആശയം ഉല്‍പ്പന്നമാകുമ്പോള്‍ അവിടെ വിദഗ്ദ്ധരുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഒഴിവാക്കുവാനാകില്ല. ഉല്‍പ്പന്നം വിപണിയില്‍ ആദ്യം സൃഷ്ടിക്കുന്ന ഒരു പ്രഭാവമുണ്ടല്ലോ അതാണ്‌ ബിസിനസിന്‍റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. അവിടെ തോല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. മികച്ചൊരു ഉല്‍പ്പന്നം തന്നെ വിപണിയില്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുക.

  1. സംരംഭം മാനേജ് ചെയ്യുന്നത് മനസ്സിലാക്കുക

എന്‍റെ ഇഷ്ടത്തിനനുസരിച്ച്, സൗകര്യത്തിനനുസരിച്ചാണ് ഞാന്‍ എന്‍റെ ബിസിനസ് മാനേജ് ചെയ്യാന്‍ പോകുന്നത്. എം ബി എ പഠിച്ചാലേ ബിസിനസ് ചെയ്യാന്‍ പറ്റൂ എന്നുണ്ടോ?

ഇല്ലല്ലോ. ബിസിനസ് മാനേജ് ചെയ്യാന്‍ അതിനെ നയിക്കാന്‍ സംരംഭകന്‍ എം ബി എ പഠിക്കേണ്ടതുണ്ടോ? തീര്‍ച്ചയായും വേണ്ട. എന്നാല്‍ പ്രാഥമികമായ അറിവെങ്കിലും വേണ്ടതല്ലേ? നാം നേരത്തെ ചര്‍ച്ച ചെയ്ത പോലെ കാലഘട്ടം മാറിയിരിക്കുന്നു. ഇവിടെ വ്യത്യസ്തങ്ങളായ അറിവും തന്ത്രങ്ങളും സംരംഭകന്‍ കരസ്ഥമാക്കിയേ പറ്റൂ.

ഒരു ബിസിനസ് എങ്ങിനെ മാനേജ് ചെയ്യണം എന്നതിനെക്കുറിച്ച് വളരെ ആഴത്തിലല്ലെങ്കില്‍ പോലും കുറെയേറെ കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിരിക്കുവാന്‍ സംരംഭകന്‍ ശ്രമിക്കണം. സംരംഭം കെട്ടിപ്പടുക്കുന്നതിന് ഈ പഠനം സഹായിക്കും. തന്‍റെ സ്ഥാപനത്തില്‍ ഏതൊക്കെ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ വേണം, അവയുടെ ആവശ്യകത എന്താണ്, ഏതൊക്കെ സ്ഥാനങ്ങളില്‍ ജീവനക്കാര്‍ ആവശ്യമാണ്, അവരുടെ ചുമതലകള്‍ എന്തൊക്കെയാണ്, അവര്‍ക്ക് എത്രമാത്രം വേതനം നല്‍കണം, ഉല്‍പ്പാദനക്ഷമത ഉറപ്പു വരുത്താന്‍ ഞാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, മീറ്റിങ്ങുകള്‍ ഏതൊക്കെ, എങ്ങിനെയാണ് നടത്തേണ്ടത്, റിപ്പോര്‍ട്ടുകള്‍ ഏതൊക്കെ വേണം, ചെലവുകള്‍ നിയന്ത്രിക്കുവാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, സംരംഭത്തിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ മാനേജ് ചെയ്യണം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രാഥമിക അറിവെങ്കിലും സംരംഭകന്‍ നേടിയിരിക്കണം.

സംരംഭം പരാജയപ്പെട്ട സംരംഭകര്‍ പറയുന്ന ഒരു വാചകം വളരെ സാധാരണമാണ്. അഞ്ച് ജീവനക്കാര്‍ മാത്രം ആവശ്യമുണ്ടായിരുന്ന സ്ഥാനത്ത് ഞാന്‍ ഇരുപതു പേരെയാണ് നിയമിച്ചിരുന്നത്. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? അനുഭവസമ്പത്തുള്ളവരുടെ ഉപദേശങ്ങള്‍ സംരംഭകര്‍ക്ക് പ്രയോജനകരമാകും. വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ തേടാം. പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് ഇതൊക്കെ എങ്ങിനെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം. പുസ്തകങ്ങള്‍ വായിച്ച് അറിവ് നേടാം.

എം ബി എ ഒന്നും പഠിക്കേണ്ട. പക്ഷേ സംരംഭം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകണം എന്ന വ്യക്തമായ ധാരണ ഉണ്ടാക്കുവാന്‍ ആവശ്യമായ പഠനം നടത്തണം. കാര്യങ്ങള്‍ മനസ്സിലാക്കണം. മൂലധനം അനാവശ്യമായി ചെലവിടാതിരിക്കുവാന്‍ അത് തുണയാകും. ലാഭം ഉണ്ടാക്കുവാനും വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. തന്‍റെ അറിവുകേടാണ് ഇത്തരം പാളിച്ചകള്‍ക്ക് കാരണമെന്ന് സംരംഭകന്‍ മനസ്സിലാക്കുന്ന നിമിഷം തിരിച്ചറിവ് ഉണ്ടാകും, പഠിക്കാന്‍ തുടങ്ങും.

  1. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് പഠിക്കുക

വ്യക്തിപരമായ സാമ്പത്തികം കൈകാര്യം ചെയ്യുന്നതു പോലെയല്ല സംരംഭത്തിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂലധനം ആവിയായിപ്പോകുവാന്‍ മണിക്കൂറുകള്‍ മതിയാകും. തെറ്റായ ഒരു തീരുമാനം മൂലധനം ശോഷിപ്പിക്കും. സംരംഭത്തിലെ ഓരോ തീരുമാനത്തിനും സാമ്പത്തികമായ വശം കൂടി ഉണ്ടായിരിക്കും. ഒരു ജീവനക്കാരനെ നിയമിക്കുവാന്‍ എടുക്കുന്ന തീരുമാനത്തില്‍, ഒരു യന്ത്രം മാറ്റി മറ്റൊന്ന് സ്ഥാപിക്കുവാനുള്ള തീരുമാനത്തില്‍, ഒരു പരസ്യം നല്‍കുവാനുള്ള തീരുമാനത്തില്‍ എല്ലാം തന്നെ സാമ്പത്തികമായ വശം കൂടി വരുന്നുണ്ട്. ഇവയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സംരംഭകന് കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് ഊഹിക്കുവാന്‍ നമുക്ക് സാധിക്കും.

ബിസിനസിന്‍റെ അക്കൗണ്ട്‌സ് എങ്ങിനെ സൂക്ഷിക്കണമെന്ന് സംരംഭകന്‍ പഠിക്കണം എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ബിസിനസിലെ പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് പഠിക്കണമെന്നാണ്. രണ്ടും വ്യത്യസ്തങ്ങളായ നിപുണതകളാണ്. ബജറ്റ് ഉപയോഗിച്ച് എങ്ങിനെ പണത്തിന്‍റെ ഉപഭോഗം നിയന്ത്രിക്കാം, ക്യാഷ്ഫ്ലോ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം, സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, അനാവശ്യ ചെലവുകളെ എങ്ങിനെ നിയന്ത്രിക്കാം, ഉല്‍പ്പാദനക്ഷമതയില്ലാത്ത ചെലവുകള്‍ എങ്ങിനെ തിരിച്ചറിയാം സംരംഭകന്‍ അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

  1. വിപണിയെക്കുറിച്ച് പഠിക്കുക

ഉല്‍പ്പന്നവുമായി വിപണിയിലേക്കെത്തുമ്പോള്‍ ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണ്. വിപണിയെ പഠിച്ച സംരംഭകന് മാത്രമേ വിപണിയുടെ പള്‍സ്‌ അറിയുവാന്‍ കഴിയുകയുള്ളൂ. സംരംഭകന് സാധാരണ ശക്തമായ തിരിച്ചടി കിട്ടുന്ന ഇടമാണ് പരിചിതമല്ലാത്ത വിപണി. പഠിക്കാത്ത, അറിയാത്ത ഓരോ വിപണിയിടവും അപരിചിതമായ യുദ്ധഭൂമിയാണ്‌. വിപണിയെ പഠിക്കുക ലാഘവബുദ്ധിയോടെ കാണേണ്ട ഒന്നല്ല. പണ്ടും ഇപ്പോഴും അതൊരു അനിവാര്യതയാണ്.

സംരംഭകന്‍ താന്‍ ലക്‌ഷ്യം വെക്കുന്ന വിപണിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുക, എതിരാളികളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കുക, വില്‍പ്പന ഉണ്ടാക്കുവാനും ഉയര്‍ത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍ തേടുക, ഉപഭോക്താക്കളുടെ അഭിരുചികള്‍ കണ്ടെത്തുക, തന്‍റെ ഉല്‍പ്പന്നത്തിന്‍റെ ശക്തികളും ദൗര്‍ബല്യങ്ങളും അറിയുക തുടങ്ങി വിപണിയുടെ ഓരോ മുക്കിലും മൂലയിലും സംരംഭകന്‍റെ കണ്ണും കാതും എത്തണം.

ഉല്‍പ്പന്നം വിപണിയിലേക്കിറക്കി പിന്നീട് വിപണിയുടെ അടികിട്ടിയല്ല വിപണിയെ പഠിക്കാന്‍ തുടങ്ങേണ്ടത്. വിപണി കരുതി വെക്കുന്ന ധാരാളം വെല്ലുവിളികളെ നേരിടാന്‍ വിപണിയെക്കുറിച്ചുള്ള മുന്‍‌കൂര്‍ പഠനം സംരംഭകനെ പ്രാപ്തനാക്കും. ഉല്‍പ്പന്നം ഗവേഷണം ചെയ്യുന്ന, നിര്‍മ്മിക്കുന്ന അതേ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ആവണം വിപണിയേയും സമീപിക്കേണ്ടത്. ബിസിനസില്‍ വിജയിക്കുവാന്‍ നല്ല ഉല്‍പ്പന്നം മാത്രം പോര അതെങ്ങിനെ വില്‍ക്കുമെന്നും കൂടി അറിഞ്ഞിരിക്കണം.

സംരംഭകന്‍ എത്രമാത്രം ബുദ്ധിമാനായിരുന്നാലും, അച്ചടക്കമുള്ളവനായിരുന്നാലും, ദീര്‍ഘവീക്ഷണമുള്ളവനായിരുന്നാലും, ഏത് വെല്ലുവിളികളെ നേരിടാന്‍ മാനസിക ശക്തിയുള്ളവനായിരുന്നാലും ഈ ആധുനിക യുഗത്തില്‍ അതു മാത്രം പോര വിജയിക്കുവാന്‍. എതിരാളികളും ഇത്തരം സ്വഭാവ സവിശേഷതകള്‍ ഉള്ളവരൊക്കെ തന്നെയാവും എന്ന് മനസ്സിലാക്കുക. സംരംഭകന്‍റെ അറിവാണ് അയാളെ മുന്നോട്ടുള്ള യാത്രയില്‍ തുണയ്ക്കുന്നത് എന്ന് തിരിച്ചറിയുക. നിരന്തരം സ്വയം മെച്ചപ്പെടുത്തുവാന്‍ സംരംഭകന്‍ തയ്യാറാവുക. ആധുനിക കാലത്തെ സംരംഭകത്വം പുതിയ വെല്ലുവിളികള്‍ കൂടി ഉയര്‍ത്തുന്നുണ്ട്. പഴയ മാനസിക കെണിയില്‍ നിന്നും പുറത്തു കടക്കുക. പുതിയ കാലത്തെ വൈജ്ഞാനിക സംരംഭകനായി (Knowledge Entrepreneur) സ്വയം മാറാന്‍ തയ്യാറെടുക്കുക.

 

 

 

 

 

 

 

Leave a comment